UPDATES

സയന്‍സ്/ടെക്നോളജി

പഞ്ചസാര മുതലാളിമാര്‍ക്കെന്താ ദന്ത ഗവേഷണത്തില്‍ കാര്യം?

Avatar

റോബര്‍ട്ട്‌ എ ഫെര്‍ദ്മന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അമേരിക്കന്‍ സര്‍ക്കാര്‍ ആരോഗ്യ രംഗത്ത്, പ്രതേകിച്ച് പല്ലുകളുടെ ആരോഗ്യത്തെ കുറിച്ച് നടത്തുന്ന ഗവേഷണങ്ങളും, അമേരിക്കയുടെ പഞ്ചസാര ഉത്പാദനവും തമ്മില്‍ അഭേദ്യമായ ബന്ധം ഉണ്ടെന്നാണ് രേഖകള്‍ പറയുന്നത്. ഇതിലൂടെ അമേരിക്കയുടെ ഭക്ഷണ സമ്പ്രദായത്തെ വരെ ഈ “ബന്ധം” സ്വാധീനിക്കുന്നുണ്ടത്രെ.

അധികം പഞ്ചസാര തിന്നാല്‍ പല്ല് കേടുവരും എന്ന് നമുക്കെല്ലാം അറിയാം. അതുകൊണ്ട് തന്നെ, ജനതയെ പഞ്ചസാര കഴിക്കുന്നതില്‍ നിന്ന് വിലക്കരുത് എന്ന ആവശ്യവുമായി പഞ്ചസാര ഉത്പാദന കമ്പനികള്‍ സര്‍ക്കാര്‍ ഉപദേശകസമിതിയെ സമീപിച്ചു എന്നാണ് സാന്‍ഫ്രാന്‍സിസ്കോ കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയിലെ ഗവേഷകര്‍ യൂനിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസ് ശേഖരിച്ചു  വച്ച 1950കളിലെ നയരേഖകള്‍ പരിശോധിച്ചു കണ്ടെത്തിയത്. അതുമാത്രമല്ല, എആ നിര്‍ദേശം അന്നത്തെ സര്‍ക്കാര്‍ സ്വീകരിച്ചു എന്നും, പി എല്‍ ഒ എസ് മെഡിസിന്‍ മാസികയില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

പല്ല് ദ്രവിക്കുന്നത് തടയാന്‍ ദേശീയ തലത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ 1960കളില്‍ അമേരിക്കന്‍ ഗവര്‍ന്മെന്റ് ശ്രമിച്ചിരുന്നു.  എന്‍ സി പി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ പദ്ധതിയില്‍ 1970 ആകുമ്പോഴേക്കും, പല്ല്ദ്രവിക്കല്‍ പ്രശ്നം തുടച്ചുനീക്കാന്‍ ആണ് ലക്ഷ്യം വച്ചിരുന്നത്.

എന്നാല്‍ ഇതിനു സഹായകമായി ജനങ്ങളോട് മധുരം കുറച്ചു ഉപയോഗിക്കാന്‍ പറയുന്നതിന് പകരം, സര്‍ക്കാര്‍, പഞ്ചസാര ഉത്പാദകരുടെ താല്പര്യം സംരക്ഷിച്ചുകൊണ്ട് ജനങ്ങളോട് പല്ല് ദ്രവിക്കുന്നതിന് എതിരെ വാക്സിനുകളും മറ്റു മരുന്നുകളും ഉപയോഗിക്കാനും ആവിശ്യപെട്ടതായാണ് മുന്നൂറിലേറെ വരുന്ന രഹസ്യ രേഖകള്‍ (കത്തുകളും വിവിധ യോഗങ്ങളുടെ  വിശദാംശങ്ങളും) കാണിക്കുന്നത്.

എങ്ങനെയാണ്‌ ഈ പഞ്ചസാര കുത്തക മുതലാളിമാര്‍ക്ക്  ഇത്ര അധികാരം ലഭിച്ചത്?

ഒന്നാമതായി, രാജ്യത്ത് നടക്കുന്ന ഗവേഷണങ്ങള്‍ എന്തൊക്കെ, അല്ലെങ്കില്‍ ഏതൊക്കെ വിഷയങ്ങളില്‍ ആകും നടക്കുക എന്ന് തീരുമാനിക്കുന്ന കമ്മറ്റിയില്‍ ഭൂരിപക്ഷവും ഈ മുതലാളിമാരും അവരുടെ പ്രതിനിധികളും ആണ്. ഇത്തരം കുത്തക മുതലാളിമാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അവരുടെ വാലാട്ടിപട്ടികളായ ഡോക്ടര്‍മാരും, മറ്റു ഗവേഷകരുമാണ് ഇത്തരം സമിതികളുടെ  തലപ്പത്തിരിക്കുന്നവര്‍. പഞ്ചസാര ഉത്പാദന മുതലാളിമാര്‍ രൂപം കൊടുത്ത  ഗവേഷണ ഫൌണ്ടേഷന്‍റെ കമ്മിറ്റിയിലും  ഇതേ ആളുകള്‍ തന്നെ ആണ് അംഗങ്ങള്‍.

വെറും മൂന്നു ആളുകള്‍ മാത്രമാണ് അതില്‍ നിന്നും വ്യത്യസ്തമായി നിന്നിരുന്നത്. താഴെ തന്നിരിക്കുന്ന പട്ടിക നോക്കുക. ഇതുകൊണ്ടുതന്നെയാണ് സര്‍ക്കാരിന്റെ നടപടികള്‍ കുത്തക മുതലാളിമാരുടെ ചൊല്‍പ്പടിക്ക് നടക്കുന്നത്. കുത്തക കമ്പനികള്‍ സമര്‍പ്പിച്ച 80 ശതമാനം ആവിശ്യങ്ങളും അവര്‍ അംഗീകരിച്ചു. കമ്പനികള്‍ക്ക് ദോഷമായേക്കാവുന്ന ഗവേഷണങ്ങള്‍ ഒരിക്കലും വെളിച്ചം കണ്ടില്ല. എന്തിനധികം, ആ റിപ്പോര്‍ട്ടിലെ നാല്‍പതു ശതമാനം എഴുതിയത് തന്നെ കുത്തക മുതലാളികളുടെ ഗവേഷണ ഫൌണ്ടേഷന്‍ തന്നെ.

സ്വന്തം ജനങ്ങളോട് പഞ്ചസാര കുറച്ചു കഴിച്ചാല്‍ മതി എന്ന് പറയുന്നതിനു പകരം, സര്‍ക്കാര്‍  സഹായത്തോടെ നടത്തുന്ന മിക്ക ഗവേഷണങ്ങളും  നൂതന വിദ്യയിലൂടെ പല്ലിന്റെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കാന്‍ സാധിക്കും എന്നാണ് പഠിക്കുന്നത്. വിവിധ രീതിയില്‍ പല്ല് വൃത്തിയാക്കുന്ന ഉപകരണങ്ങള്‍, പല്ലിനു ബലം കൂട്ടുന്ന ചില മരുന്നുകള്‍ എന്നിവ ജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്തുക എന്ന കര്‍ത്തവ്യം ആണ് ഇവര്‍ നിര്‍വഹിച്ചത്. ജനങ്ങളെ കൂടുതല്‍ മധുരം ഉപയോഗിക്കുന്നതില്‍ നിന്ന് തടയുന്നത് അപ്രയോഗികമെന്നാണ് ഇവര്‍ വാദിച്ചത്.

ഇത്തരത്തില്‍ കുത്തക മുതലാളികളും വിപണിയും ഗവേഷണങ്ങളെ സ്വാധീനിക്കാന്‍ തുടങ്ങിയതോടെ, ഫലപ്രദമല്ലാത്ത പല “പോംവഴികളും” ജനങ്ങള്‍ക്കായി നിര്‍ദ്ദേശിക്കപ്പെട്ടു. ഉദാഹരണത്തിന്, പഞ്ചസാരക്ക് പകരം ഉപയോഗിക്കാവുന്ന ഫ്രക്ടോസ്, ഗ്ലുകോസ് ഉത്പന്നങ്ങള്‍ വിപണിയിലെത്തി ഒരു ദശകത്തിനു ശേഷമാണ് ഇവ തീര്‍ത്തും അപ്രായോഗികമാണെന്ന് കണ്ടെത്തിയത്. പഞ്ചസാരയില്‍  പല്ലിനു കേടുവരുത്തുന്ന ഘടകത്തെ നിര്‍ജ്ജീവമാക്കുന്ന ഒരു വസ്തുവിനെ കുറിച്ച് ഒരുപാടു കാലം ഗവേഷണം നടത്തിയെങ്കിലും, പിന്നീടു ആ ശ്രമം ഉപേക്ഷിച്ചു.

ഈ രേഖകള്‍ ഉണ്ടാക്കിയ കാലത്തേ പോലെ അത്ര തന്നെ ശക്തമായ മേല്‍കൈ ഇപ്പോള്‍ ഈ മുതലാളികള്‍ക്കു സര്‍ക്കാരിന്  മേല്‍ ഇല്ലെങ്കിലും, ഇന്നും സര്‍ക്കാര്‍ നയങ്ങളെ ഇവ വലിയ തോതില്‍ സ്വാധീനിക്കുന്നുണ്ട്.

2009തിലെ കാര്യം തന്നെ എടുക്കാം. മധുരപാനീയങ്ങള്‍ക്കുമേല്‍ നികുതി ചുമത്താന്‍ ഒരുങ്ങിയ സര്‍ക്കാരിനെ അതില്‍ നിന്നും പിന്തിരിരിപ്പിക്കാന്‍, കൊക്കോകോളയും, പെപ്സിയും, അമേരിക്കന്‍ ബിവറേജസ് അസോസിയേഷനും ഏകദേശം നാല്‍പ്പതു മില്യണ്‍ ഡോളര്‍ ആണ് ചിലവാക്കിയത്. എന്നിട്ടും ആ നികുതി ചുമത്തപ്പെടുക തന്നെ ചെയ്തു.

ഈ അടുത്ത കാലത്ത്, ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന വിവിധ ഘടകങ്ങളുടെ മാത്ര കൃത്യമായി കൊടുത്തിരിക്കണം എന്ന നിയമം വന്നു. ഇതിലൂടെ ഓരോ ഭക്ഷണത്തിലും ഇത്ര ശതമാനം കൊഴുപ്പ്, മധുരം എന്നിവ അടങ്ങിയിട്ടുണ്ട് എന്ന് പറയേണ്ടി വരും. ഇതേ തുടര്‍ന്ന് ഇതില്‍ ‘പൂരിത മധുരം’ അടങ്ങിയിട്ടുണ്ട് എന്ന് ചേര്‍ക്കണമോ വേണ്ടയോ എന്നതിനെ ചൊല്ലി ഏറെ തര്‍ക്കങ്ങള്‍ നടന്നിരുന്നു. കുത്തക മുതലികള്‍ ഇതിനെ നഖശിഖാന്തം എതിര്‍ത്തു. ഈ നടപടികള്‍ പുന:പരിശോധിക്കണം എന്നാവശ്യപ്പെട്ട്; അമേരിക്കന്‍ ബേക്കേഴ്സ് അസോസിയേഷന്‍,  അമേരിക്കന്‍ ബിവറേജസ് അസോസിയേഷന്‍, അമേരിക്കന്‍ ഫ്രോസന്‍ ഫുഡ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്, കോണ്‍ റിഫിനെഴ്സ് അസോസിയേഷന്‍, ഇന്റര്‍നാഷണല്‍ ഡയറി ഫുഡ്സ് അസോസിയേഷന്‍, എന്നീ സംഘടനകള്‍ ഫുഡ്‌ ഡെവലപ്പ്മെന്റ് അസോസിയേഷന് പരാതി നല്‍കി.  

“നിങ്ങള്‍ ഈ വിപണിയെ എന്തെങ്കിലും തരത്തില്‍ “ശല്യപ്പെടുത്താന്‍” തുനിഞ്ഞാല്‍, അത് മൊത്തം രാഷ്ട്രീയ, സാമ്പത്തിക സമവാക്യങ്ങളെ ബാധിക്കും.” എന്ന് 2007ല്‍  ഇല്ലിനോയിസിലെ മാര്‍ക്ക്‌ സ്റ്റീവന്‍ കിര്‍ക്ക് അഭിപ്രായപ്പെട്ടു.

പഞ്ചസാര വിപണിക്ക് സര്‍ക്കാരിനു മുകളിലുള്ള സ്വാധീനത്തെ കുറിച്ച് വന്ന റിപ്പോര്‍ട്ടിനെ കുറിച്ച് പഞ്ചസാര ഉത്പാദക അസോസിയേഷന്‍  പ്രതിനിധി ടോന്യ അലന്‍ ഇങ്ങനെ പറയുന്നു. ” ഇപ്പോള്‍ സംഘടനാ ചുമതല വഹിക്കുന്ന, പുതിയ വ്യക്തികളോട് ഇക്കാര്യങ്ങളെ കുറിച്ച് ചോദിക്കുന്നതില്‍ അര്‍ഥം ഇല്ല. ഇതൊക്കെ നിക്സന്റെ ഭരണസമയത്തെ  കാര്യങ്ങളാണ്. ഞങ്ങള്‍ അതൊക്കെ കഴിഞ്ഞു ഈ രംഗത്തേക്ക് വന്നവരാണ്. നമ്മുടെ അമ്മമാരും മുത്തശ്ശിമാരും ഇതേ പഞ്ചസാര കാലങ്ങളായി ഉപയോഗിക്കുന്നു. അവര്‍ക്കൊന്നും ഒരു പ്രശ്നവും ഉണ്ടായതായി അറിവില്ല.” 

പല്ലിന്റെ പല പ്രശ്ങ്ങളും നമുക്ക് എളുപ്പത്തില്‍ പരിഹരിക്കാം എന്നുണ്ടെങ്കിലും അമേരിക്കയുടെ പലഭാഗത്തും ഇതൊരു പ്രശ്നം തന്നെ ആയി നിലനില്‍ക്കുന്നു. കൗമാരക്കര്‍ക്കിടയിലും, കുട്ടികള്‍ക്കിടയിലും ഏറ്റവും അധികം പ്രശ്നങ്ങള്‍ ഇതുമൂലമാണ് ഉണ്ടാകുന്നത് എന്ന് രോഗ പ്രതിരോധ-നിവാരണ കേന്ദ്രം പറയുന്നു. ഇത് മുതിര്‍ന്നവര്‍ക്കും ഒരു ശല്യമായി മാറുന്ന രോഗമാണ്.  1960ല്‍ സ്വപ്നം കണ്ടപോലെ ഇവ തീര്‍ത്തും ഇല്ലാതാക്കുക എന്നത് പ്രയാസം തന്നെ. എന്നാല്‍ സര്‍ക്കാര്‍ മുതലാളിമാരുടെ വലയില്‍ വീഴാതെ അല്പം കൂടി ശ്രദ്ധ ചെലുത്തിയിരുന്നെങ്കില്‍  അതിനെ കുറിച്ച്  സ്വച്ഛമായി സ്വപ്നം കാണുകയെങ്കിലും ചെയ്യാമായിരുന്നു.

(റോബര്‍ട്ട്‌ എ ഫെര്‍ദ്മന്‍ ഭക്ഷണം സാമ്പത്തിക ശാസ്ത്രം വിദേശകാര്യം എന്നിവ കൈകാര്യം ചെയുന്ന വോന്ക് ബ്ലോഗിലെ എഴുത്തുകാരനാണ്.  അദ്ദേഹം മുന്‍പ് ക്വാര്‍ട്സിലെ റിപ്പോര്‍ട്ടര്‍ ആയിരുന്നു.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍