UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നമ്മുടെ വിദ്യാര്‍ഥികളെയും സര്‍വകലാശാലകളെയും സ്വതന്ത്രമാക്കുക; സുഗത ബോസ് എംപിയുടെ പ്രസംഗത്തിന്‍റെ പൂര്‍ണ്ണരൂപം

Avatar

സുഗത ബോസ് (തൃണമൂല്‍ കോണ്‍ഗ്രസ് എംപി) 

ഒരു മാസം മുമ്പാണ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ദളിത് ഗവേഷണ വിദ്യാര്‍ത്ഥിയായ രോഹിത് വെമുല ദാരുണമായി തന്റെ ജീവിതം അവസാനിപ്പിച്ചത്. ഇന്ത്യന്‍ സര്‍വകലാശാലകളെ സംബന്ധിച്ചിടത്തോളം മികവുറ്റ ഒരു ദളിത് വിദ്യാര്‍ത്ഥിയുടെ മരണം പുതിയ സംഭവമൊന്നുമല്ല. രാജ്യത്തെ മുന്‍നിര സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ വര്‍ധിച്ചു വരുന്നത് അന്വേഷിക്കാന്‍ 2007-ല്‍ നിയോഗിക്കപ്പെട്ട തൊറാട്ട് കമ്മിറ്റിയുടെ കണ്ടെത്തല്‍ ഇതിനു തെളിവാണ്. 23 ആത്മഹത്യകളില്‍ 19 വിദ്യാര്‍ത്ഥികളും ദളിതരായിരുന്നു. ബാക്കിയുള്ളവരില്‍ രണ്ടുപേര്‍ ആദിവാസി വിദ്യാര്‍ത്ഥികളും ഒരാള്‍ മുസ്ലിമും. നമ്മുടെ രാജ്യം ഗൗരവമായി പര്യാലോചനകള്‍ നടത്തേണ്ട അക്കാദമിക നീതിയും സ്വാതന്ത്ര്യവും സംബന്ധിച്ച പല ചോദ്യങ്ങളും ഈ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ ഉയര്‍ത്തേണ്ടതായിരുന്നു.

അനീതി നിറഞ്ഞ ഈ ലോകം ഉപേക്ഷിച്ചു പോകുമ്പോള്‍ രോഹിത് വെമുല നീറ്റലുണ്ടാക്കുന്ന ഒരു സന്ദേശം നമുക്ക് വേണ്ടി ബാക്കി വച്ചു: ‘ഒരു എഴുത്തുകാരനാകുക എന്നായിരുന്നു എന്റെ എക്കാലത്തേയും ആഗ്രഹം. കാള്‍ സാഗനെ പോലെ ഒരു ശാസ്ത്ര എഴുത്തുകാരന്‍. ശാസ്ത്രത്തേയും നക്ഷത്രങ്ങളേയും എനിക്ക് അത്രമേല്‍ ഇഷ്ടമായിരുന്നു.’

രോഹിത് ഇന്ന് മരിച്ചിട്ടില്ല. ഏറ്റവും പവിത്രമായ ഒരു വര്‍ഗത്തില്‍പ്പെട്ട നക്ഷത്രമായി, ഭാവിതലമുറയ്ക്ക് ഒരു വഴിവെളിച്ചമാകാന്‍ തക്ക തെളിമയോടെ അവന്‍ സ്വര്‍ഗത്തില്‍ ജീവിക്കുന്നു. രോഹിതിന്റെ ദുരന്തം നമ്മുടെ സമൂഹ മനസ്സാക്ഷിയേയും സര്‍ക്കാരിന്റെ മനസ്സാക്ഷിയേയും ഇളക്കിമറിക്കേണ്ടതായിരുന്നു.

ദൗര്‍ഭാഗ്യവശാല്‍ നമ്മുടേത് ഒരു ഹൃദയമില്ലാത്ത സര്‍ക്കാരായിപ്പോയി. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരില്‍ നിന്നുയരുന്ന നിരാശയുടെ നിലവിളികള്‍ക്ക് ചെവികൊടുക്കാത്ത ഒരു സര്‍ക്കാര്‍. എല്ലാവര്‍ക്കും സാമൂഹികനീതി ഉറപ്പാക്കുന്നതിനു പകരം ഭരിക്കുന്ന പാര്‍ട്ടി കണക്കുകൂട്ടന്നത് നമ്മുടെ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ ഉപയോഗിച്ച് ദേശീയതയ്ക്കുമേല്‍ ഒരു കുത്തക വാദിച്ചെടുക്കുകയും തങ്ങളെ വിമര്‍ശിക്കുന്ന എല്ലാ വിഭാഗക്കാരേയും ദേശവിരുദ്ധതയുടെ ടാര്‍ പൂശിവിടുകയും ചെയ്യാമെന്നാണ്.

മാഡം സ്പീക്കര്‍, ഞാനൊരു കമ്മ്യൂണിസ്റ്റുകാരനല്ല. വാസ്തവത്തില്‍, ഒരു പ്രമുഖ കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് ഞാന്‍ ലോക്‌സഭയിലെത്തിയത്. എന്നാല്‍ ഇന്നെന്റെ പിന്തുണ മാര്‍ക്‌സിനേയും അംബേദ്കറേയും പോലുള്ളവരാല്‍ പ്രചോദിതരായ യുവ വിദ്യാര്‍ത്ഥികളുടെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്.

മാഡം സ്പീക്കര്‍, ഞാനൊരു ദേശീയവാദിയാണ്. ജനങ്ങള്‍ക്കിടയില്‍ നിസ്വാര്‍ത്ഥ സേവന തല്‍പ്പരതയുണ്ടാക്കുന്ന, ക്രിയാത്മകമായ ശ്രമങ്ങള്‍ക്ക് പ്രചോദനമാകുന്ന തരത്തിലുള്ള ദേശീയതയിലാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നാല്‍ ദേശീയത തീര്‍ത്തും വിരുദ്ധമായ രണ്ടുമുഖങ്ങളുള്ള ഒരു സംജ്ഞയാണെന്നും ഞാന്‍ മനസ്സിലാക്കുകയും ചില സഭാംഗങ്ങള്‍ തുറന്നു കാട്ടിയ തരത്തിലുള്ള സ്വാര്‍ത്ഥവും ഇടുങ്ങിയതും ധാര്‍ഷ്ട്യവും നിറഞ്ഞ ദേശീയവാദത്തെ ഞാന്‍ അപലപിക്കുകയും ചെയ്യുന്നു.

ഹൈദരാബാദിലെ പ്രതിഷേധങ്ങളെ തുടര്‍ന്ന് ജെഎന്‍യുവിലും ചില സംഭവങ്ങളുണ്ടായി. ഈ മാസം ആദ്യത്തില്‍ ക്യാമ്പസിലുണ്ടായ ഒന്നു രണ്ടു സംഭവങ്ങളില്‍ വളരെ അസ്വസ്ഥയുണ്ടാക്കുന്ന മുദ്രാവാക്യങ്ങള്‍ ഉയരുകയും പ്രശ്‌നമുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയുമുണ്ടായി. ഈ മുദ്രാവാക്യങ്ങളേയും പോസ്റ്ററുകളേയും ഞങ്ങള്‍ അസന്ദിഗ്ദ്ധമായി അപലപിക്കുന്നു.

അതേസമയം തന്നെ ഒരു സര്‍വകലാശാലയെ മൊത്തത്തില്‍ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളേയും അക്കാദമിക സ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള ഭരണകൂട കയ്യേറ്റത്തേയും ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു. പട്യാല ഹൗസ് കോടതി വളപ്പിലിട്ട് വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും മാധ്യമപ്രവര്‍ത്തകരേയും ആക്രമിക്കുന്നതിന് ഭീതിയോടെയാണ് ഞങ്ങള്‍ സാക്ഷികളായത്. മാഡം സ്പീക്കര്‍, ഭരണകക്ഷിയുമായി ബന്ധമുള്ള കറുത്ത കോട്ടണിഞ്ഞ പടയാളികളായിരുന്നു ഭാരത മാതാവിന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്തുകയും പങ്കിലമാക്കുകയും ചെയ്തത്, വിദ്യാര്‍ത്ഥികളായിരുന്നില്ല.

ജെഎന്‍യു സംഭവങ്ങളുടെ അനുരണനങ്ങള്‍ എന്റെ സംസ്ഥാനത്തു പോലും ഉണ്ടായി. പ്രത്യേകിച്ച് ജാദവ്പൂര്‍ സര്‍വകലാശാലയില്‍. അവിടേയും കാമ്പസിനു ചുറ്റുമുള്ള തെരുവുകളില്‍ ദൗര്‍ഭാഗ്യകരമായ മുദ്രാവാക്യങ്ങള്‍ കേട്ടിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ സംഭവിച്ചതിന് വിരുദ്ധമായി ഈ പ്രശ്‌നത്തെ കൈകാര്യം ചെയ്യാനും അനാവശ്യ പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ നീങ്ങാതിരിക്കാനും എന്തുചെയ്യണമെന്ന് മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാരിനും സര്‍വകലാശാല അധികാരികള്‍ക്കും അറിയാമായിരുന്നു.

എല്ലാത്തിലുമുപരി, ഇന്ത്യ എന്ന ആശയം ഏതാനും ചില മുദ്രാവാക്യങ്ങളുടെ പ്രതിധ്വനിയില്‍ മുങ്ങാന്‍ മാത്രം ലോലമായ ഒന്നല്ല. സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്നവര്‍ക്ക് ഒരു യഥാര്‍ത്ഥ ദേശീയവാദിയാകാന്‍ കഴിയില്ല. ജാതി അടിച്ചമര്‍ത്തലുകളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും ലിംഗ വിവേചനങ്ങളില്‍ നിന്നും സ്വാതന്ത്ര്യം തേടുന്നത് ഒരു കുറ്റമല്ല.

നമ്മുടെ യുവസമൂഹത്തിനും വിദ്യാര്‍ത്ഥികള്‍ക്കും ചിന്തിക്കാനുള്ള സ്വാതന്ത്ര്യം വകവച്ചു കൊടുത്തേ മതിയാകൂ. ആദര്‍ശവാദികളാകാനുള്ള സ്വാതന്ത്ര്യവും പിഴവുകള്‍ വരുത്താനും അതില്‍ നിന്നു പഠിക്കാനുമുള്ള സ്വാതന്ത്ര്യവും അനുവദിച്ചു കൊടുക്കേണ്ടതുണ്ട്. എന്തു വിലകൊടുത്തും തടയേണ്ടത് എതിര്‍പ്പുകളെ കുറ്റകരമാക്കുന്ന നടപടികളെയാണ്.

കനയ്യ കുമാര്‍ നടത്തിയ പ്രസംഗം യുട്യൂബില്‍ ഞാന്‍ കേട്ടു. കനയ്യ പറഞ്ഞ പല കാര്യങ്ങളോടും ഞാന്‍ യോജിക്കുന്നു, ചില കാര്യങ്ങളോട് വിയോജിക്കുകയും ചെയ്യുന്നു. ഭരണഘടനാവകാശങ്ങളോടും ഭരണഘടനാ ധര്‍മ്മത്തോടുമുള്ള അംബേദ്കറുടെ പ്രതിബദ്ധതയെ കനയ്യ പ്രശംസിക്കുന്നത് ഞാന്‍ അംഗീകരിക്കുന്നു. നമ്മുടെ നാലു വിപ്ലവകാരികളായ ഭഗത് സിംഗ്, അഷ്ഫാഖുല്ല, സുഖ്‌ദേവ്, രാജ്ഗുരു എന്നിവരോട് കനയ്യ പ്രകടിപ്പിച്ച ബഹുമാനത്തെയും ഞാന്‍ അംഗീകരിക്കുന്നു.

ആര്‍എസ്എസ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് കനയ്യ പറഞ്ഞു. അതും ശരിയാണ്. എന്നാല്‍ ഒരു അധ്യാപകന്‍ എന്ന നിലയില്‍ ചരിത്രത്തെക്കുറിച്ച് അദ്ദേഹവുമായി ഒരു ചര്‍ച്ച ഞാന്‍ ആഗ്രഹിക്കുന്നു. യഥാര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റുകളും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും സുപ്രധാന സാഹചര്യങ്ങളില്‍ സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ചിട്ടുണ്ടെന്നും ആ ചര്‍ച്ചയില്‍ ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു. 1942-ലും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ആസാദ് ഹിന്ദ് മുന്നേറ്റത്തിലുമായിരുന്നു അത്.

ഒരു ഭയത്തിന്റെ കാര്‍മേഘം പടര്‍ത്തുന്ന തരത്തിലുള്ള രാജ്യത്തിന്റെ സ്വയംപ്രഖ്യാപിത സംരക്ഷകരുടെ ജാഗ്രതാ പ്രവര്‍ത്തനങ്ങളേയും ഞാന്‍ അപലപിക്കുന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും സര്‍വകലാശാല ഉദ്യോഗസ്ഥരും മറ്റെല്ലാവരും ഭയമില്ലാതെ, സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് വിരുദ്ധമാണെങ്കില്‍പ്പോലും സ്വതന്ത്രമായി അഭിപ്രായ പ്രടകനം നടത്താന്‍ അനുവദിക്കപ്പെടണം.

ദേശദ്രോഹികള്‍ക്കു വേണ്ടിയുള്ള ഈ വേട്ടയും സര്‍വകാശാലാ വിദ്യാര്‍ത്ഥികളെ ബലിയാടാക്കുന്ന നാണംകെട്ട ഏര്‍പ്പാടും സര്‍ക്കാര്‍ അവസാനിപ്പിക്കണം. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ദാരിദ്ര്യ നിര്‍മ്മാര്‍ജനം പോലുള്ള രാജ്യത്തിന്റെ വികസനാവശ്യങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമമായാണ് ഈ വേട്ടയെ ഞങ്ങള്‍ മനസ്സിലാക്കുന്നത്. ഇന്ത്യന്‍ സമൂഹത്തിനുള്ളിലോ അല്ലെങ്കില്‍ പുറത്തോ ഉള്ള ഒരു സംഘടനയും രാജ്യത്തിന്റെ ഏകസ്വരമുള്ള വക്താക്കളല്ലെന്ന് ഞങ്ങള്‍ ഊന്നിപ്പറയുന്നു.

ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത, അല്ലെങ്കില്‍ ഭരണകൂടം അഴിച്ചുവിട്ട ദേശവിരുദ്ധര്‍ക്കെതിരായ നടപടികള്‍ ജനാധിപത്യ മൂല്യങ്ങളെ തകര്‍ത്ത് ഏകാധിപത്യ ഭരണത്തിന് വഴിയൊരുക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് ചരിത്രം നമുക്ക് കാണിച്ചു തരുന്നുണ്ട്. സര്‍വകലാശാലകളും വിദ്യാര്‍ത്ഥികളും ആക്രമിക്കപ്പെട്ടാല്‍ അത് കോളോണിയല്‍ വിരുദ്ധ സ്വാതന്ത്ര്യ സമരത്തിന്റേയും ജനാധിപത്യ പുനര്‍നിര്‍മ്മാണത്തിന്റേയും പാരമ്പര്യത്തെ ഗുരുതരമായി അട്ടിമറിക്കപ്പെടുന്നുവെന്ന് സാരം.

മാഡം സ്പീക്കര്‍, മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ മഹാനേതാക്കളില്‍ നിന്നാണ് ഞങ്ങള്‍ ദേശീയതയുടെ പാഠങ്ങള്‍ പഠിച്ചിട്ടുള്ളത്. ഞങ്ങള്‍ ബംഗാളില്‍ നിന്നുള്ളവര്‍, സ്വാമി വിവേകാനന്ദ, രബീന്ദ്രനാഥ ടാഗോര്‍, ബിപിന്‍ ചന്ദ്രപാല്‍, ദേശബന്ധു ചിത്തരഞ്ജന്‍ ദാസ്, അരവിന്ദോ ഘോഷ് തുടങ്ങിയവരുടെ ദേശസ്‌നേഹ പാഠങ്ങളാലും പ്രചോദിതരായിരിക്കും.

ദേശീയതയ്ക്ക് ആര് നല്‍കിയ നിര്‍വചനമാണ് ഭരണപക്ഷത്തുള്ള എന്റെ സുഹൃത്തുക്കള്‍ക്ക് സ്വീകാര്യം എന്നാലോചിച്ച് ആശ്ചര്യപ്പെടുകയാണ് ഞാന്‍.

സഭയുടെ മറുപക്ഷം പറഞ്ഞു കൊണ്ടിരിക്കുന്ന ദേശീയത കേന്ദ്രീകൃത സ്വേച്ഛാധിപത്യത്തെ പ്രതിനിധീകരിക്കുന്നതാണ്. അവര്‍ സംസാരിക്കുന്നത് വഴങ്ങാത്ത ഒരു സാമ്രാജ്യ ഭരണകൂടത്തെക്കുറിച്ചാണ്.

ഞാന്‍ നേരത്തെ പരാമര്‍ശിച്ച ടാഗോറാണ് നമ്മുടെ ദേശീയഗാനം രചിച്ചത്. അദ്ദേഹവും ദേശീയതയുടെ ഒരു നല്ല വിമര്‍ശകനായിരുന്നു. ദേശീയത ഒരു അനുഗ്രഹവും ശാപവുമാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. സ്വദേശി മുന്നേറ്റ കാലത്ത് മനോഹരമായ ദേശഭക്തി ഗാനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അതേ സമയം തന്നെ യൂറോപ്പിലെ ഒന്നാം ലോക യുദ്ധകാലത്ത് ദേശീയത ഒരു സംഹാരാത്മകമായ യുദ്ധത്തിലേക്ക് നയിക്കുന്നതും അദ്ദേഹം കണ്ടു. അതുകൊണ്ടാണ് 1916-ല്‍ അദ്ദേഹം ലോകയാത്ര ആരംഭിച്ചപ്പോള്‍ ആദ്യം ജപ്പാനും പിന്നീട് അമേരിക്കയും സന്ദര്‍ശിച്ച് ദേശീയതയെ കുറിച്ച് പ്രഭാഷങ്ങള്‍ നടത്തിയത്. അത് ദേശീയതയുടെ ശക്തമായ വിമര്‍ശനമായിരുന്നു. പിന്നീട് ഇവ നാഷണലിസം എന്ന പേരില്‍ മാക്മില്ലന്‍ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു.

ദേശീയതയെ വളരെ ഇടുങ്ങിയ ഒന്നായി നിര്‍വചിക്കുന്നവര്‍, നമ്മുടേ ദേശീയഗാനം എഴുതിയ ടാഗോറിനെ ഒരു ദേശവിരുദ്ധനായി ബ്രാന്‍ഡ് ചെയ്‌തേക്കാമെന്ന് പലപ്പോഴും ഞാന്‍ ഭയപ്പെടാറുണ്ട്.

രാഷ്ട്രത്തെ കുറിച്ച് നമുക്ക് എല്ലായ്‌പ്പോഴും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു. ഞാനിവിടെ പറഞ്ഞ വലിയ നേതാക്കളുടെ ആദര്‍ശങ്ങളെ ജീവസ്സുറ്റതാക്കിയ ഐക്യ ഇന്ത്യയെ ഒരുമിപ്പിക്കുന്ന ആദര്‍ശം ഏതായിരിക്കണമെന്നത് ഒരു ചര്‍ച്ചാ വിഷയമാണ്. ചിത്തരഞ്ജന്‍ ദാസ് ഈ വിഷയത്തില്‍ ടാഗോറുമായി വാദപ്രതിവാദം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇരുവരും പരസ്പരം ബഹുമാനിച്ചു. സ്വന്തം ദേശമായ ബംഗാളിനെ കുറിച്ച് അഭിമാനം കൊള്ളുകയും എന്നാല്‍ ഇന്ത്യന്‍ ദേശീയവാദിയായി അഭിമാനം കൊള്ളാന്‍ കഴിയുകയും ചെയ്യുന്നതരം ദേശീയതയെ കുറിച്ച് ചിത്തരഞ്ജന്‍ ദാസ് പറഞ്ഞിട്ടുണ്ട്. ഇവയെല്ലാം തീര്‍ച്ചയായും അന്തര്‍ദേശീയതയുടെ പൂന്തോട്ടത്തില്‍ പുഷ്പിക്കേണ്ടവയാണ്.

കഴിഞ്ഞ ദിവസം രാഷ്ട്രപതി പ്രസംഗത്തില്‍ സൂചിപ്പിച്ചത് ഈ സര്‍ക്കാര്‍ കാലപ്പഴക്കം വന്ന പല നിയമങ്ങളും പിന്‍വലിക്കാനുള്ള ശ്രമം നടത്തുന്നുവെന്നാണ്. കൊളോണിയല്‍ കാലത്ത് നിലവില്‍ വന്ന ഒഴിവാക്കേണ്ട പല നിയമങ്ങളും നമ്മുടെ നിയമപുസ്തകത്തിലുണ്ട്. ഇവയിലൊന്നാണ് രാജ്യദ്രോഹം ചുമത്താനുപയോഗിക്കുന്ന നിയമം എന്നു ഞാന്‍ വിളിച്ചു പറയുന്നു.

നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളെ പീഡിപ്പിക്കാന്‍ ഉപയോഗിച്ച നിയമമായിരുന്നു ഇത്. നമ്മുടെ മക്കളോടും നമ്മുടെ വിദ്യാര്‍ത്ഥികളോടും നമ്മുടെ യുവജനങ്ങളോടും ഒരു ചര്‍ച്ച നടത്താന്‍ നാം ബാധ്യസ്ഥരാണ്. കൃത്രിമം കാണിച്ച ദൃശ്യങ്ങള്‍ തെളിവായെടുത്ത് രാജ്യദ്രോഹത്തിന്റെ കള്ളക്കുറ്റങ്ങള്‍ അവര്‍ക്കുമേല്‍ ചുമത്തപ്പെടാതിരിക്കാന്‍ വഴിയൊരുക്കേണ്ടതും നമ്മുടെ കടമയാണ്. നമ്മുടെ വിദ്യാര്‍ത്ഥികളോടും യുവജനങ്ങളോടും ഇന്ന് ഇതൊക്കെ ചെയ്യാതിരിക്കാനും നാം ബാധ്യസ്ഥരാണ്.

ഞാന്‍ പറയാനാഗ്രഹിച്ച കാര്യങ്ങള്‍ പറഞ്ഞു. അക്കാദമിക് സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുമ്പോള്‍ എല്ലായ്‌പ്പോഴും സുദീര്‍ഘമായ ഒരു പ്രസംഗത്തിന്റെ ആവശ്യമില്ല. നമ്മുടെ സര്‍വകലാശാലകളെ സ്വതന്ത്രമാക്കുക. നമ്മുടെ വിദ്യാര്‍ത്ഥികളെ സ്വതന്ത്രമാക്കുക. നമ്മുടെ യുവജനങ്ങളെ രാജ്യത്തിന്റെ മഹത്തായ ഭാവിക്കുവേണ്ടി സ്വപ്‌നം കാണാന്‍ അനുവദിക്കുക.

ടാഗോറിന്റെ നാഷണലിസം എന്ന പേരിലുള്ള മനോഹരമായൊരു ചെറു പുസ്തകത്തെ ഞാനിവിടെ പരാമര്‍ശിച്ചിരുന്നല്ലോ. ആ പുസ്തകത്തിന്റെ അവസാനത്തില്‍ ഒരു ബംഗാളി കവിതയുടെ ഇംഗ്ലീഷ് പരിഭാഷ അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. 19-ആം നൂറ്റാണ്ടിന്റെ അവസാനദിവസം അദ്ദേഹം എഴുതി കവിതയാണത്.

(തൃണമൂല്‍ കോണ്‍ഗ്രസ് എം പി സുഗത ബോസ് ലോക് സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍