UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുശീല ആര്‍ ഭട്ടിനെ പറഞ്ഞു വിടുന്നവരോട്; നിങ്ങളുടെ കൂറ് ആരോടാണ്?

സന്ദീപ് വെള്ളാരംകുന്ന്

നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകും’ എന്ന ഇടതുപക്ഷ പ്രചാരണ വാചകം കേട്ടു പുളകമണിഞ്ഞവര്‍ക്കു തല്‍ക്കാലം നിരാശ മാത്രമാണു സമ്മാനമെന്നു സൂചിപ്പിക്കുന്നതാണ് ഉദ്യോഗസ്ഥതലത്തിലുണ്ടായിട്ടുള്ള ചില അഴിച്ചുപണികള്‍. കേരളത്തില്‍ 62,000-ത്തിലധികം ഏക്കര്‍ ഭൂമി കൈവശംവയ്ക്കുന്നുവെന്ന് സര്‍ക്കാര്‍ കണ്ടെത്തിയ ഹാരിസണ്‍ മലയാളവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക വിജയങ്ങള്‍ സര്‍ക്കാരിനു സമ്മാനിച്ച റവന്യൂ വകുപ്പിന്റെ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സുശീല ആര്‍ ഭട്ടിനെ തല്‍സ്ഥാനത്തു നിന്നു മാറ്റിയതോടെ സര്‍ക്കാര്‍ ആരുടെ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്ന സംശയം മറനീക്കി പുറത്തുവന്നിരിക്കുന്നു. ഇടതുപക്ഷ സര്‍ക്കാരില്‍ റവന്യൂ വകുപ്പിന്റെ നിയന്ത്രണം സിപിഐയുടെ പക്കലെത്തിയതു മുതല്‍ ഇത്തരമൊരു നീക്കം സംശയിച്ചിരുന്നവര്‍ നിരവധി. 

സംസ്ഥാനത്തെ എട്ടു ജില്ലകളിലായി വിദേശത്തു വേരുകളുള്ള ഹാരിസണ്‍ മലയാളം കമ്പനി അനധികൃതമായാണ് കേരളത്തില്‍ ഭൂമി കൈവശംവയ്ക്കുന്നതെന്നതു സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നു തുടങ്ങിയത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നടത്തിയ രണ്ടു ജുഡീഷ്യല്‍ കമ്മിഷനുകളും ഭൂമിക്കുമേല്‍ ഹാരിസണ് അധികാരമില്ലെന്നായിരുന്നു റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനു ശേഷം സര്‍ക്കാര്‍ മാറുകയും വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി എല്‍എഡിഎഫ് അധികാരത്തിലേറുകയും ചെയ്തു. 2006 മുതല്‍ 2011 വരെ റവന്യൂ വകുപ്പ് ഭരിച്ച സിപിഐ ആകട്ടെ ഹാരിസണെ തൊടാന്‍ ധൈര്യം കാട്ടിയതുമില്ല. പിന്നീടു ഹാരിസണ്‍ മലയാളത്തിനെതിരായ നടപടികള്‍ക്കു വേഗം വച്ചത് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നു. സര്‍ക്കാര്‍ അഭിഭാഷകര്‍ കേസുകളെല്ലാം തോല്‍ക്കുന്നതില്‍ നിന്നു മുഖം രക്ഷിക്കാന്‍ വേണ്ടിയാണ് അന്നു റവന്യു മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രത്യേക താല്‍പര്യമെടുത്ത് റവന്യൂ വകുപ്പിന്റെ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി സുശീല ആര്‍ ഭട്ടിനെ നിയമിച്ചത്. ഒരു വേള സുശീല ഭട്ടിനെ മാറ്റാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടായതറിഞ്ഞ് കലിതുള്ളിയാണ് തിരുവഞ്ചൂര്‍ സുശീല ആര്‍ ഭട്ടിനെ റവന്യൂ വകുപ്പിന്റെ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി ഉറപ്പിച്ചു നിര്‍ത്തിയത്. സര്‍ക്കാര്‍ ഏല്‍പ്പിച്ച ദൗത്യം പരീക്ഷണങ്ങളും ദുര്‍ഘടങ്ങളും ഏറെയുണ്ടായിട്ടും സുശീല ആര്‍ ഭട്ട് ശക്തമായി മുന്നോട്ടുകൊണ്ടുപോവുകയും ചെയ്തു.

ഹാരിസണ്‍ മലയാളം കേസില്‍ സര്‍ക്കാര്‍ അഭിഭാഷകയായി സുശീല ആര്‍ ഭട്ട് ഹൈക്കോടതിയില്‍ ഹാജരാകാന്‍ തുടങ്ങിയതുമുതല്‍ ഹാരിസണ്‍ എന്ന വമ്പന്റെ വാദങ്ങളെല്ലാം നിഷ്പ്രഭമായിത്തുടങ്ങി. ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ടു ഹാരിസണ്‍ മലയാളം ഉയര്‍ത്തിക്കൊണ്ടുവന്ന രേഖകളെല്ലാം സുശീല ആര്‍ ഭട്ട് കോടതിയില്‍ പൊളിച്ചടുക്കുകയും ചെയ്തു. കോടതിയില്‍ വാദത്തിനിടെ ഹാരിസണ്‍ സമര്‍പ്പിച്ച രേഖകളില്‍ സംശയം തോന്നിയപ്പോള്‍ അവര്‍ വിജിലന്‍സ് അന്വേഷണത്തിനു സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്യുകയും ചെയ്തു. ഈ വിജിലന്‍സ് അന്വേഷണമാണ് ഹാരിസണ്‍ മലയാളം കമ്പനിയുടെ ഭൂമിയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ പുറത്തുകൊണ്ടുവന്നത്. വിദേശത്തു വേരുകളുള്ള ഹാരിസണ്‍ മലയാളം കമ്പനിക്ക് കേരളത്തില്‍ ഭൂമി കൈവശംവയ്ക്കാനോ പ്ലാന്റേഷന്‍ നടത്താനോ അധികാരമില്ലെന്നുവരെ കോടതിയെക്കൊണ്ടു പറയിക്കാന്‍ സുശീല ആര്‍ ഭട്ടിന്റെ ഇടപെടലുകള്‍ക്കു കഴിഞ്ഞിരിക്കുന്നു. കേസ് നിലവില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലാണുള്ളത്. 

സുശീല ആര്‍ ഭട്ട് എന്ന റവന്യൂവകുപ്പിന്റെ ഗവണ്‍മെന്റ് പ്ലീഡറുടെ തസ്തികയെപ്പറ്റി പ്രതിപക്ഷമോ മറ്റാരെങ്കിലുമോ ആരോപണം ഉന്നയിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് ഹാരിസണ്‍ മലയാളം കേസ് നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കെ ഗവണ്‍മെന്റ് പ്ലീഡറെ മാറ്റുന്നതെന്നതാണ് മറ്റൊരു വിരോധാഭാസം. സര്‍ക്കാര്‍ കേസുകളുമായി ബന്ധപ്പെട്ടു സുശീല ആര്‍ ഭട്ടു നടത്തിയ നിര്‍ണായക ഇടപെടലുകളിലൂടെ പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും വിശ്വാസം ആര്‍ജിക്കാന്‍ ഈ സര്‍ക്കാര്‍ അഭിഭാഷകയ്ക്കു കഴിഞ്ഞിരുന്നു. ഹാരിസണ്‍ കേസുമായി ബന്ധപ്പെട്ടു കടുത്ത സമ്മര്‍ദം തനിക്കു നേരിടേണ്ടി വന്നിട്ടുണ്ടെന്നും മുന്‍സര്‍ക്കാരിന്റെ കാലത്തു തന്നെ മാറ്റാന്‍ മാഫിയകള്‍ ശ്രമിച്ചു തടങ്ങിയതായും സുശീല ആര്‍ ഭട്ട് തന്നെ പറഞ്ഞിട്ടുണ്ട്. 

ഹാരിസണ്‍ മലയാളം ഉള്‍പ്പടെ അനധികൃതമായി കേരളത്തില്‍ വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ ഭൂമി കൈവശംവയ്ക്കുന്നുവെന്നു സര്‍ക്കാര്‍ കണ്ടെത്തിയ കേസുകളില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നിര്‍ണായക ഇടപെടല്‍ നടത്തിയ എറണാകുളം ജില്ലാ കളക്ടര്‍ എം ജി രാജമാണിക്യം അഴിമതിക്കാരനാണെന്നും ഉടന്‍ പദവിയില്‍ നിന്നു മാറ്റണമെന്നും കാട്ടി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു രംഗത്തെത്തിയതും ഇതുമായി കൂട്ടി വായിക്കേണ്ടതാണെന്ന് ഒരു സ്രോതസ് പറയുന്നു. ഹാരിസണ്‍ മലയാളം കേസില്‍ കോടതി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ നിയമിച്ച സ്‌പെഷ്യല്‍ ഓഫിസറായ എം ജി രാജമാണിക്യം ഹാരിസണ്‍ മലയാളത്തിന്റെ 30000ത്തിലധികം ഏക്കര്‍ ഭൂമിയുടെ രേഖകള്‍ പരിശോധിക്കുകയും ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്നു കാട്ടി നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഹാരിസണ്‍ മലയാളം കേസില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിനെ തുടര്‍ന്ന് അനധികൃതമായി കേരളത്തില്‍ ഭൂമി കൈവശം വച്ചിരിക്കുന്നുവെന്നു സര്‍ക്കാര്‍ പറയുന്ന ടിആര്‍ആന്‍ഡ് ടി ഉള്‍പ്പടെയുള്ള കമ്പനികളുടെയും ഭൂമിയുടെ രേഖകള്‍ പരിശോധിക്കാനുമുള്ള സ്‌പെഷ്യല്‍ ഓഫീസറായും എം ജി രാജമാണിക്യത്തെ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് റവന്യൂവകുപ്പ് ഭരിച്ച സിപിഐ ഹാരിസണെ സഹായിക്കുന്ന നിലപാടു സ്വീകരിച്ചതെന്ന് അക്കാലത്ത് ആരോപണം ഉയര്‍ന്നിരുന്നു. ഇതേ നിലപാടു തന്നെയാണ് സുശീല ഭട്ടിനെ മാറ്റുകയും രാജമാണിക്യത്തെ മാറ്റാനുള്ള ശ്രമം നടത്തുന്നതിലൂടെയും പുറത്തുവരുന്നത്. 

ഗവണ്‍മെന്റ് പ്ലീഡര്‍മാരെയെല്ലാം മാറ്റിയതിനൊപ്പമാണല്ലോ സുശീല ആര്‍ ഭട്ടിനെയും മാറ്റിയതെന്നു ചോദിക്കുന്നവരുണ്ടാകാം. കേരളത്തില്‍ ഇപ്പോഴും ഒരുതുണ്ടു ഭൂമിക്കായി കാത്തിരിക്കുന്ന മൂന്നര ലക്ഷത്തിലധികം കുടുംബങ്ങളുണ്ടെന്നറിയുമ്പോഴാണ് സുശീല ആര്‍ ഭട്ട് ആര്‍ക്കു വേണ്ടിയാണ് കോടതിയില്‍ പോരാട്ടം നടത്തിയതെന്നതു സംബന്ധിച്ച വ്യക്തമായ ചിത്രം മനസിലാകുക. കേരളത്തില്‍ അഞ്ചര ലക്ഷത്തിലധികം ഏക്കര്‍ റവന്യൂ ഭൂമി സ്വകാര്യ കമ്പനികള്‍ വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ കൈവശംവയ്ക്കുന്നതായി കഴിഞ്ഞ സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഈ കേസുകളുടെയല്ലാം നടത്തിപ്പ് സുശീലാ ഭട്ടിനായിരിക്കെ പാവപ്പെട്ട ജനങ്ങള്‍ക്കു ഭൂമി ലഭ്യമാക്കുകയെന്നത് വരും കാലങ്ങളിലും സ്വപ്‌നമായി അവശേഷിക്കും. എല്ലാം ഉപേക്ഷിച്ചു പോകേണ്ടി വരുമെന്നു ഭയന്നിരുന്ന ഹാരിസണ്‍ മലയാളത്തെപ്പോലുള്ള വമ്പന്‍മാരുടെ വിജയംകൂടിയായി സുശീല ആര്‍ ഭട്ടിന്റെ മാറ്റത്തെ പരിഗണിക്കാം.

ആരാണ് സുശീല ആര്‍ ഭട്ട്?

സുശീല ആര്‍ ഭട്ട് എന്ന സര്‍ക്കാര്‍ അഭിഭാഷകയെ അറിയാവുന്നവര്‍ നിയമരംഗത്തു തന്നെ ചുരുക്കമായിരിക്കും. എന്നാല്‍ സുശീല ആര്‍ ഭട്ട് എന്ന പേരുകേട്ടാല്‍ ഞെട്ടി വിറയ്ക്കുന്ന ചിലരുണ്ട്. പാവപ്പെട്ടര്‍ക്കു ലഭ്യമാകേണ്ട സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന വന്‍കിട കമ്പനിയുടെ ഉടമകളാണിവര്‍. എറണാകുളത്തെ രവീന്ദ്രനാഥ് ഭട്ട് എന്ന വ്യവസായി മനസുവച്ചിരുന്നില്ലെങ്കില്‍ സുശീല ആര്‍ ഭട്ട് എന്ന അഭിഭാഷകയെ കേരളത്തിനു ലഭിക്കില്ലായിരുന്നു. നന്നേ ചെറുപ്പത്തില്‍ വിവാഹിതയായി മക്കളും കുടുംബവുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന സുശീലയെ ഭര്‍ത്താവായ രവീന്ദ്രനാഥ ഭട്ടാണ് പുറം ലോകത്തേക്കിറക്കിയത്. ബിരുദ പഠനത്തിനു ശേഷം എല്‍എല്‍ബിയും എല്‍എല്‍മ്മും റാങ്കോടെ പാസായ സുശീല ആര്‍ ഭട്ട് കേസുകളുടെ ലോകത്തെത്തുന്നതും ഭര്‍ത്താവിന്റെ പിന്തുണയോടെയായിരുന്നു.

2014ല്‍ കെ സുധാകരന്‍ വനംമന്ത്രിയായിരിക്കെയാണ് അവര്‍ വനംവകുപ്പിന്റെ കേസുകളില്‍ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറാകുന്നത്. സര്‍ക്കാര്‍ അഭിഭാഷകര്‍ വനം കേസുകള്‍ തോല്‍ക്കുന്ന പതിവിനും അന്നു മുതല്‍ മാറ്റമുണ്ടായി. വനം കേസുകളില്‍ സര്‍ക്കാര്‍ തുടര്‍ച്ചായി വിജയം അറിഞ്ഞു തുടങ്ങിയതും സുശീല ആര്‍ ഭട്ടിന്റെ കാലത്താണ്. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായി 45,000 ത്തിലധികം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സംരക്ഷിച്ചതിനു പിന്നിലും സുശീല കോടതിയില്‍ നടത്തിയ നിരന്തര പോരാട്ടമായിരുന്നു. റനവ്യൂ വകുപ്പ് ഏറെ പഴികേട്ടിരുന്ന കാലത്താണ് സുശീല ആര്‍ ഭട്ടിന് റവന്യൂ വകുപ്പിന്റെ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറാക്കുന്നത്. അന്നുമുതലാണ് ഹാരിസണ്‍ ഉള്‍പ്പെടയുള്ള സര്‍ക്കാര്‍ സര്‍ക്കാര്‍ ഭൂമി കൈവശംവയ്ക്കുന്നവരുടെ ഉറക്കം നഷ്ടപ്പെട്ടു തുടങ്ങിയതും. വിവാദമായ കരുണ എസ്റ്റേറ്റ് കേസില്‍ എകെ ബാലന്‍ ഉള്‍പ്പെടെയുള്ളവര്‍ സുശീല ആര്‍ ഭട്ടിനെ തന്നെ കേസ് ഏല്‍പ്പിക്കണമെന്നു പറഞ്ഞു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു പ്രക്ഷോഭം നടത്തിയിരുന്നു. അതേ എ കെ ബാലന്‍ ഉള്‍പ്പടെയുള്ളവര്‍ ഭരിക്കുന്ന സര്‍ക്കാരാണ് സുശീല ആര്‍ ഭട്ടിനെ ഇപ്പോള്‍ മാറ്റിയിരിക്കുന്നെതന്നതു മറ്റൊരു വിരോധാഭാസം.

അനധികൃതമായി വന്‍കിടക്കാര്‍ കൈവശംവച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു ഭൂരഹിതരായവര്‍ക്കു വിതരണം ചെയ്യുന്നതു കാണുകയെന്നതായിരുന്നു സുശീല ആര്‍ ഭട്ട് എന്ന അഭിഭാഷകയുടെ ഏറ്റവും വലിയ ആഗ്രഹം. തന്റെ ദൗത്യം പാതിയില്‍ നിര്‍ത്തിയാക്കിയാണ് സുശീല ആര്‍ ഭട്ട് ഇപ്പോള്‍ പടിയിറങ്ങുന്നത്.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍