UPDATES

ട്രെന്‍ഡിങ്ങ്

നിസഹായവും എന്നാൽ അനിഷേധ്യവുമായി ഉയർന്നു നിൽക്കുന്ന ആത്മഹത്യ എന്ന പുതിയ ആയുധം

മരണത്തിന്റെ സാക്ഷിമൊഴിയെ വളച്ചൊടിച്ചാലും മായ്ച്ചു കളയാൻ ആർക്കുമാവില്ല എന്നാണോ ഇവരോര്‍ത്തത്?

അനെഞ്ജന സി

അനെഞ്ജന സി

ഒന്നുകിൽ ആൾക്കൂട്ടത്തിന്റെ ഭാഗമായി ആരൊക്കെയോ ചേർന്ന് നടത്തുന്ന ഒച്ചപ്പാടിൽ മുങ്ങി മായുക. എന്തെല്ലാമൊക്കെയൊ അറിയാമെന്നും എന്തൊക്കെയോ  ചെയ്യണമെന്നും, അതിനായി തന്നെ കൊണ്ടാവുന്ന വിധം ശ്രമിക്കുക എന്നാത്മാർത്ഥമായി ആഗ്രഹിച്ചിട്ടുതന്നെ ഈ ഒച്ചപ്പാടിൽ കലരുക. അല്ലെങ്കിൽ, പറയാനും പങ്കുവയ്ക്കാനും ആശയങ്ങൾ ഏറെ ഉണ്ട് എന്നാൽ അതിവിടെ സ്വീകാര്യമല്ല എന്ന് സ്വയം തിരിച്ചറിയുകയും, ഇവിടെ അത് ഞാൻ പങ്കുവായ്ക്കേണ്ടതില്ല എന്ന ധാരണയിൽ (സ്വല്പം പുച്ഛത്തോടെ?) മാറി നടക്കുന്നവർക്കുമിടയിലെ ഇരുണ്ട ഇടനാഴിയിലാണോ, മരണം കൊണ്ടെങ്കിലും എനിക്ക് പറയാനുള്ളത് ഞാനിവിടെ കോറിവരച്ചിടട്ടെ എന്ന് പറഞ്ഞു നടന്നു നീങ്ങിയ എന്റെ കൂട്ടുകാരെ ഞാൻ കണ്ടെത്തിയത്?

തീവ്ര വൈകാരികതയോടും ആത്മാര്‍ഥയോടും കൂടി തന്നെ, തന്റെ ജീവസത്തയത്രയും തന്റെ ആശയങ്ങളോട് ചേർത്ത് പിടിച്ചു തന്റെ വിശ്വാസങ്ങൾക്ക് വേണ്ടി പോരാടുന്ന യുവത്വത്തിനെ തികഞ്ഞ നയതന്ത്രവാദത്തിലും കാപട്യത്തിലും ഊന്നി ബോധപൂർവം ജീവിക്കാൻ  പഠിപ്പിച്ചത് ആരാണ്? അതിനോട് വിയോജിച്ചു പുറത്തുവരാൻ ശ്രമിക്കുമ്പോഴും ‘നിന്റെ നന്മക്കായി’ എന്ന പേരിൽ വീണ്ടും വീണ്ടും അവനെ/അവളെ അത്തരത്തിലൊരു ജീവതം പടുത്തുകെട്ടാനായി നിർബന്ധിക്കുന്നതാരാണ്? പ്രായോഗിക ബുദ്ധിക്ക് അടിസ്ഥാനപ്പെടുത്തി മാത്രം ജീവിതത്തെ ചിട്ടപ്പെടുത്തുവാനും മെച്ചമേറിയതു മാത്രം  നേടി ഉന്നത സ്ഥാനമാനങ്ങൾ കൈക്കലാകുന്നതു മാത്രമാണ് ജീവിത വിജയം കൈവരിക്കുവാനുള്ള ഏക മാനദന്ധം എന്നും അനുദിനം തലയിലേക്ക് ഉരുവിട്ട്‌  കൊടുത്തു കൊണ്ടിരിക്കുന്നതാരാണ്? ചെറുപ്പം മുതൽ ചേർത്തുപിടിച്ചു പഠിപ്പിച്ചുകൊടുക്കുന്ന ഈ ആപ്തവാക്യങ്ങളിൽ പലതിലും ഇല്ലേ , താന്‍പോരിമ തന്നെയാണ് ഏറ്റവും വലിയ മിടുക്കെന്ന്? നിരന്തരം ഉരുവിട്ട് കൊടുക്കുന്ന, “നീ എന്തിനാ ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടാൻ പോകുന്നേ? നിനക്ക് നിന്റെ കാര്യം നോക്കി കൂടെ” എന്ന് തുടങ്ങി, “വേണ്ടാത്ത പണിക്കൊന്നും പോകേണ്ട, അവസാനം നീ മാത്രമേ ഉണ്ടാവൂ അനുഭവിക്കാൻ, കണ്ടു നില്‍ക്കാൻ ഞങ്ങളും” എന്ന് വരെ എത്തിനിൽക്കുന്ന ഉത്ക്കണ്ഠ നിറഞ്ഞ മുന്നറിയുപ്പുകൾ. അമ്മ, അച്ഛൻ, സഹോദരൻ, സഹോദരി എന്നു തുടങ്ങി സുഹൃത്തുക്കൾ, കാമുകി/കാമുകന്മാർ, അധ്യാപകർ എന്നിവരെ കഴിഞ്ഞും നീളുന്നു അഭ്യുദയകാംഷികളുടെ നീണ്ട നിര.

സ്വീകരിക്കപ്പെടുമെന്ന് ഉറപ്പുള്ളത് മാത്രം പറയാൻ പഠിപ്പിക്കുകയും മാതൃകയായി വാഴ്ത്തപ്പെടുമെന്നുറപ്പുള്ളത് മാത്രം അനുഷ്ഠിക്കുകയും ചോദ്യങ്ങൾ ചോദിക്കാതിരിക്കുവാനും പ്രതിഷേധങ്ങൾ അറ്റൻഡൻസിനെ ഓർത്തും, ഇന്റെണൽസിനെ ഓർത്തും വിഴുങ്ങാൻ ഇത്രയെളുപ്പം നമ്മളൊക്കെ എങ്ങനെ പഠിച്ചു? സ്വന്തമെന്നു കരുതുന്ന അല്ലെങ്കിൽ ധരിക്കുന്ന പ്രിയപ്പെട്ടവർക്ക് പോലും ഒരനർത്ഥം ഭവിച്ചു കഴിഞ്ഞാൽ, അതെന്തുമായിക്കൊള്ളട്ടെ, സഹായഹസ്തം നീട്ടാനുള്ള പരിധി വരെ തൂക്കി അളക്കി നിശ്ചയിക്കാൻ മിടുക്കാർജിച്ചു കഴിഞ്ഞു നമ്മൾ. നമ്മുടെ കൂടെ നടന്നും നമ്മെക്കാളുമേറെ ഇത് മനസ്സിലാക്കിയതുകൊണ്ടാണോ മരണത്തിലൂടെയെങ്കിലും എന്റെ നിശബ്ദ രോഷം നിങ്ങളിലേക്കെത്തട്ടെ എന്ന് നമുക്കിടയിലെ പലരും കരുതിത്തുടങ്ങിയിരിക്കുന്നത്?

പ്രക്ഷുബ്ധമായ ഒട്ടുമിക്ക പോരാട്ടങ്ങളും പ്രതികരണങ്ങളും പലഘട്ടങ്ങളിലും രാഷ്ട്രീയവും അരാഷ്ട്രീയുവുമായ പല മരണങ്ങളിലും ചെന്നെത്താറുണ്ട്. പിന്നീട് മുന്നോട്ടുള്ള പോരാട്ടങ്ങൾക്ക് ഈ മരണങ്ങൾ തന്നെ ഏറ്റവും വലിയ പ്രചോദനവും ആയി വഴിമാറുന്നത് നമ്മൾ കണ്ടിട്ടുണ്ട്. പക്ഷെ ഈ അടുത്ത കാലത്തായി രാജ്യത്തെ ഒട്ടു മിക്ക കലാലയങ്ങളിലും നിന്നും ഉയർന്നു വരുന്ന വിയോജിപ്പിന്റെ സ്വരങ്ങളിൽ ഏറെയും  പോരാട്ടവീര്യത്തെക്കാളേറെ മരണത്തിന്റെ അശരീരി നിറഞ്ഞു നിൽക്കുന്നതെന്തു കൊണ്ടാണ്? പറയാനുള്ളത്  മുഴുവൻ കേൾക്കാൻ ആളുകൾ വേണമെങ്കിൽ, എന്റെ സംഘർഷം പൂർണമായും, ഞാൻ അനുഭവിക്കുന്ന അതേ തീവ്രതയിൽ നിങ്ങളിലേക്ക് പകർന്നു തരണമെങ്കിൽ എനിക്ക് മരണത്തിന്റെ കൂട്ട് പിടിച്ചേ മതിയാവു എന്നൊരു അവസ്ഥയിലേക്ക് എന്റെ കലാലയ വാസം  എന്നെ പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നുവോ? വിശദീകരണങ്ങളിലേക്കും വ്യാഖ്യാനങ്ങളിലേക്കും വഴുതി വീണേക്കാവുന്ന പ്രതികരണ ശ്രേണിയിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കാതെ, അവയുടെ ഭാഗമായി നിന്ന് കൂടുതലൊന്നും നേടാനോ മാറ്റാനോ സാധ്യതയില്ലെന്നും കൂടി മുൻകൂട്ടി കണ്ടിട്ട് തന്നെയാണോ, തങ്ങളുടെ വക്താക്കളായി മരണത്തെ ഇവരിൽ പലരും തിരഞ്ഞെടുത്തത്? മരണത്തിന്റെ സാക്ഷിമൊഴിയെ വളച്ചൊടിച്ചാലും മായ്ച്ചു കളയാൻ ആർക്കുമാവില്ലലോ എന്ന ഉറപ്പോടുക്കൂടി!

വിയോജനക്കുറിപ്പുകൾ തന്നെയാണ് എന്നും നിലയ്ക്കാതെ മുന്നോട്ടു നീങ്ങുന്ന സൈദ്ധാന്തിക  ചിന്താധാരയുടെ പ്രചോദനവും ഉൾക്കരുത്തും. എന്നാൽ വിയോജിപ്പ് രേഖപ്പെടുത്താൻ ഇടമില്ലാതാവുമ്പോൾ ആവേശമേറിയ പ്രതികരണങ്ങളിലൂടെയും പ്രതിക്ഷേധങ്ങളിലൂടെയും യുവത്വം തുളുമ്പുന്ന സമൂഹം എന്നും അവരുടെ വിയോജിപ്പ് വരച്ചിടാറുണ്ട്. തീക്ഷ്ണ ചിന്തകളുടെ തീരാഖനികളായ സർവകലാശാലകളും കോളേജ് ക്യാമ്പസുകളും തന്നെയാണ് ഇവയ്‌ക്കൊക്കെയുള്ള പ്രധാന വേദി. എന്നാൽ കാലത്തിനൊപ്പം ഓടാൻ പഠിപ്പിച്ചുകൊണ്ടേയിരിക്കുന്ന കാലത്തിൽ നിന്നുകൊണ്ട്, ചേരയെ തിന്നുന്ന നാട്ടിലെത്തി നടുക്കണ്ടം തിന്നാൻ പാടുപെടുന്ന പങ്കപ്പാടിലേക്കു വലിച്ചെറിയപെടുമ്പോൾ, അവസാന ഊർജ്ജവും പേറി പ്രതികരിക്കാനായി നാവു പൊക്കുമ്പോഴേക്കും തലയറുത്തു മാറ്റുന്ന നീതിവ്യവസ്ഥയ്ക്കു മുന്‍പിലേക്കാണ് താൻ തന്നെ കൊന്നു തള്ളിയ തന്റെ ജഡങ്ങൾ ധാർഷ്യത്തോടെ ഉത്തരമായി വെമുലമാർ എറിഞ്ഞുകൊണ്ടിരിക്കുന്നത്. പേരുകൾക്കും മുഖങ്ങൾക്കും ജാതിക്കും നിറത്തിനും അപ്പുറം ഇവിടെ പ്രസക്തിയാർജിക്കുന്നത് നിശ്ശബ്ദരാക്കപ്പെടുന്ന വിയോജിപ്പുകളാണ്, പാർശ്വവത്കരിക്കപ്പെടുന്ന പാർശ്വവത്‌കൃതരാണ്, നിസഹായവും എന്നാൽ അനിഷേധ്യവുമായി ഉയർന്നു നിൽക്കുന്ന ‘ആത്മഹത്യ’ എന്ന പുതിയ ആയുധമാണ് .

രാഷ്‌ട്രീയത്തിനും അരാഷ്ട്രീയത്തിനും മീതെ വിയോജിപ്പുകൾ രേഖപ്പെടുത്താനും പ്രതികരിക്കുവാനും തങ്ങളെ  കൊണ്ടാകും വിധം ഉത്തരവാദിത്തബോധത്തോടെയും കർമനിരതയോടെയും നിരന്തരം ശ്രമിക്കുന്ന ഒരു ചെറിയ സമൂഹം ഇന്നും നമുക്കിടയിൽ നിലനിൽക്കുമ്പോഴും നിരുത്തുരവാദിത്വപരമായ സമീപനത്താലും ബോധപൂർവമായ അവജ്ഞയാലും പുതിയ വെമുലമാരെ തീർക്കുന്ന ഭൂരിപക്ഷമായ സമൂഹത്തിന് ഈ മരണങ്ങൾ അല്ല, കൊലപാതകങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും കൈ മലർത്താൻ ആവുകയില്ല. സഹിച്ചും പോരാടിയും തന്റെ സ്വപ്നങ്ങൾക്കായി ഓരോ വെമുലയും മുത്തുകൃഷ്ണനും നടന്നു തീർത്ത ദൂരം ചെറുതല്ല. അതിനായി അവരെ പ്രേരിപ്പിച്ച അവരുടെ സ്വപ്നങ്ങൾക്ക് കനലായത് ജനിച്ച അന്ന് മുതൽ അവരോരുത്തരും നേരിട്ട അവഗണനയും വിവേചനവും തന്നെയാണ്. പണത്തിന്റെയും സ്വാധീനത്തിന്റെയും കക്ഷിരാഷ്ട്രീയത്തിന്റെയും മുൻപിൽ പൊലിഞ്ഞടങ്ങുന്നത് വെറും ജാതി പേരുകളോ, അധ:സ്ഥിത വർഗത്തെ പ്രതിനിധാനം ചെയ്യുകയും അവർക്ക് പ്രചോദനം ആയിരുന്നിരിക്കാമായിരുന്ന ഏതൊക്കെയോ ജീവിതങ്ങളും മാത്രമല്ല; നാളെ തങ്ങളുടെ കൂട്ടത്തിലെ മാത്രമല്ല മറിച്ച് താൻ അടക്കം ഭാഗമായ സമൂഹത്തിനു നന്മയും സ്വാതന്ത്ര്യവും തുല്യതയും നിറഞ്ഞ ഒരു നല്ല നാളെ പടുത്തുയുർത്തുന്നതിനായി കഠോരമായി പ്രയത്നിച്ച കുറെ ആത്മാർത്ഥ സ്വപ്നങ്ങളും കൂടിയായിരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അനെഞ്ജന സി

അനെഞ്ജന സി

കോഴിക്കോട് സ്വദേശിയാണ്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍