UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഇന്ത്യയിലെ പെരുകുന്ന ആത്മഹത്യകള്‍ ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്

ആത്മഹത്യ സാമ്പത്തിക ഇടപെടലുകള്‍ക്കപ്പുറമുള്ള നയ പ്രതികരണങ്ങള്‍ ആവശ്യമുള്ള ഒരു ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നമാണ് എന്ന നിലയില്‍ ഒരു സമീപനം ഉണ്ടാകേണ്ടതുണ്ട്

ദേശീയ മാനസികാരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ട് (National Institute of Mental Health and Neurosciences) 12 സംസ്ഥാനങ്ങളിലായി നടത്തിയ ദേശീയ മാനസികാരോഗ്യ സര്‍വെ 2015-16 കാണിക്കുന്നത് സര്‍വെയില്‍ ഉള്‍പ്പെടുത്തിയവരില്‍ ഒരു ശതമാനം ‘ഉയര്‍ന്ന ആത്മഹത്യ അപായസാധ്യത’ ഉള്ളവരാണെന്നാണ്. ഇത് ഇന്ത്യയിലേക്ക് മൊത്തമായി വിപുലീകരിച്ചു നോക്കിയാല്‍ ഈ സംഖ്യ ഏതാണ്ട് 76 ലക്ഷം വരും. ആത്മഹത്യ അപകട സാധ്യത കൂടിവരുന്നതായും ‘ബഹു മേഖല പ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ളതായും’ റിപ്പോര്‍ട്ട് പറയുന്നു. ആത്മഹത്യയെയും അതിന്റെ ഗണ്യമായ സാന്നിധ്യത്തിനുള്ള കാരണങ്ങളെയും കുറിച്ചു നിരവധി തെറ്റിദ്ധാരണകളുണ്ട്. നാമെന്തിനെയാണ് നേരിടുന്നത് എന്ന ബോധ്യമാണ് ഏറെയും അദൃശ്യമായ ഈ പൊതുജനാരോഗ്യ പ്രതിസന്ധിയെ കൂട്ടായി നേരിടാനുള്ള ആദ്യ പടി.

ഇന്ത്യയിലെ ആത്മഹത്യ നിരക്ക് ഒരു ലക്ഷത്തിന് 10.6 ആണെന്ന് ജൂലായ് 2015-ല്‍ National Crime Records Bureau പുറത്തിറക്കിയ Accidental Deaths and Suicides in India-2014 എന്ന സ്ഥിതിവിവര കണക്ക് പറയുന്നു. ഈ ദേശീയ ശരാശരിക്കപ്പുറം സംസ്ഥാനാടിസ്ഥാനത്തില്‍ വലിയ വ്യത്യാസങ്ങളുണ്ട്. ADSI കണക്ക് പ്രകാരം ഏറ്റവും കൂടിയ ആത്മഹത്യ നിരക്ക് പുതുച്ചേരിയിലാണ്-40.3. സിക്കിം 38.4, ആന്‍ഡമാന്‍ നിക്കൊബാര്‍ ദ്വീപുകള്‍ 28.9, തെലങ്കാന 26.5, കേരളം 23.4, തമിഴ്നാട് 22.4 എന്നിങ്ങനെയാണ് തൊട്ട് പിറകിലുള്ള പ്രദേശങ്ങള്‍. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളാണ് കൂടുതല്‍ ആത്മഹത്യ നിരക്കുകള്‍ രേഖപ്പെടുത്തിയത് എന്നു കാണാം. ഈ പ്രാദേശിക പ്രവണതകള്‍ സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങളിലേക്കും എന്തുകൊണ്ട് ഇത്തരം വ്യതിയാനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാകുന്നു എന്നതിലേക്കും ശ്രദ്ധ ആവശ്യപ്പെടുന്നു. ഉദാഹരണത്തിന് എന്തുകൊണ്ടാണ് ഗംഗാതടത്തിലുള്ള സംസ്ഥാനങ്ങളില്‍ (പശ്ചിമ ബംഗാള്‍ ഒഴികെ) കുറഞ്ഞ ആത്മഹത്യാ നിരക്കും പക്ഷേ കുറഞ്ഞ മനുഷ്യ വികസന സൂചികകളുമുള്ളപ്പോള്‍ കൂടുതല്‍ വികസിതമായ തെക്കന്‍ സംസ്ഥാനങ്ങളില്‍ ആത്മഹത്യ നിരക്ക് ഉയരുന്നതെന്തുകൊണ്ടാണ്?

കണക്കുകള്‍ കാണിക്കുന്നത് കര്‍ഷക തൊഴിലാളികളുടെ ആത്മഹത്യ (എണ്ണത്തിലും നിരക്കിലും) കര്‍ഷക ആത്മഹത്യകളേക്കാള്‍ കൂടുതലാണ് എന്നാണ്. മൊത്തം ആത്മഹത്യകളില്‍ ഏറ്റവും കൂടുതലുള്ള വിഭാഗം ‘വീട്ടമ്മമാരാണ്’. ഇത് അവരുടെ സുരക്ഷയെയും ആരോഗ്യത്തെയും കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയും എന്തെല്ലാം പ്രതിരോധനയങ്ങള്‍ സ്വീകരിക്കാം എന്നതും ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നു.

സാമ്പത്തിക ഉദാരവത്കരണത്തിന് ശേഷമുള്ള സാമ്പത്തിക ജീവിതത്തിലെ മാറ്റങ്ങളിലേക്ക് മാത്രമല്ല, സമൂഹത്തിലെ മാറ്റങ്ങളിലേക്കും (കുടുംബ ഘടന, വിവാഹം, സാമൂഹ്യ ഉന്നതിക്കുള്ള ആഗ്രഹങ്ങള്‍ തുടങ്ങിയവ) പല വിശദീകരണങ്ങളും വിരല്‍ ചൂണ്ടുന്നു. ഇന്ത്യയിലെ ആത്മഹത്യകളെക്കുറിച്ച് എഴുതിയ മൂന്നു ലേഖനങ്ങളില്‍ (EPW ഏപ്രില്‍ 2, ഒക്ടോബര്‍ 8, ഡിസംബര്‍ 24) വാദിക്കുന്നത്, ആത്മഹത്യയെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ അടിയന്തരമായി വിപുലീകരിക്കേണ്ടതുണ്ടെന്നും അങ്ങനെ ആത്മഹത്യയെ അതിന്റെ സങ്കീര്‍ണ്ണതയില്‍ അഭിമുഖീകരിക്കാന്‍ നയനിര്‍മ്മാതാക്കളെ പ്രേരിപ്പിക്കേണ്ടതുണ്ടെന്നുമാണ്.

കര്‍ഷക ആത്മഹത്യകളാണ് ഈ പ്രശ്നത്തിന്റെ ഏറ്റവും പൊതുവായ രൂപമെന്ന പൊതുജനധാരണ ദുര്‍ബ്ബലമായ ആ വിഭാഗത്തിന് ഇന്ത്യന്‍ മാധ്യമങ്ങള്‍ നല്കിയ ഊന്നല്‍ക്കൊണ്ടുകൂടിയാണ്. കാര്ഷിക പ്രതിസന്ധിയെ കുറിച്ചുള്ള പൊതുജനാവബോധം ഉയര്‍ത്താനും അതുവഴി സര്‍ക്കാരിന്റെ നയങ്ങളെ സ്വാധീനിക്കാനും കര്‍ഷകര്‍ക്കായി രാഷ്ട്രീയ നടപടികള്‍ ഉണ്ടാക്കാനുമായിരുന്നു അത്. അതിന്റെ ഫലമായി കാര്ഷിക പ്രതിസന്ധി ആത്മഹത്യയിലേക്ക് നയിക്കുന്നു എന്നത് ഒരു ആത്മഹത്യകളെക്കുറിച്ചുള്ള ഒരു സമവാക്യ ധാരണയായി മാറി. കര്‍ഷക ആത്മഹത്യയുടെ പരിഹാരങ്ങളെല്ലാം ഭരണകൂടത്തിന്റെ കാര്‍ഷിക നയങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു (വായ്പ എഴുതിത്തള്ളല്‍, കൃഷിയില്‍ കൂടുതല്‍ പൊതുനിക്ഷേപം, കൂടുതല്‍ വിപണി പിന്തുണ തുടങ്ങിയവ).

ആത്മഹത്യകളെ മനസിലാക്കാന്‍ ഭൌതിക സാഹചര്യങ്ങള്‍ പ്രധാനം തന്നെയാണ്. എന്നാല്‍, ആത്മഹത്യ സാമ്പത്തിക ഇടപെടലുകള്‍ക്കപ്പുറമുള്ള നയ പ്രതികരണങ്ങള്‍ ആവശ്യമുള്ള ഒരു ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നമാണ് എന്ന നിലയില്‍ ഒരു സമീപനം ഉണ്ടായില്ല.
ഈ പൊതുജന കാഴ്ച്ചപ്പാട് രണ്ടു പ്രധാനകാര്യങ്ങള്‍ ചെയ്യുന്നു. ഒന്നു അത് ആത്മഹത്യയെ ഒരു പ്രശ്നമെന്ന നിലയില്‍ത്തന്നെ അവഗണിക്കുന്നു. രണ്ട്, അത് അത് ആത്മഹത്യയെ സാമ്പത്തിക ദുരിതങ്ങളുടെ ഒരു ലക്ഷണമായി ചുരുക്കുന്നു. ഇത് ആത്മഹത്യയുടെ കാരണങ്ങളെയും അത് പടരുന്നതിനെയും ശരിയായി വിശദീകരിക്കുന്നതില്‍ പരാജയപ്പെടുന്നു. അത് തടയുക എന്ന സര്‍വ്വപ്രധാനമായ ചോദ്യത്തെയാകട്ടെ തീര്‍ത്തും അവഗണിക്കുന്നു. ഫലമോ, ആത്മഹത്യകളുടെ വാര്‍ത്തകള്‍ക്കിടയില്‍ ആത്മഹത്യയെക്കുറിച്ച് യാതൊരുതരത്തിലുള്ള പൊതുജനാവബോധവും ഇല്ലാതിരിക്കുകയും അത് തടയുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് പോലുമില്ല എന്നും വരുന്നു.

ഇന്ത്യയിലെ മാധ്യമങ്ങളാകട്ടെ ആത്മഹത്യ വാര്‍ത്തകള്‍ നല്‍കുന്നതിലെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കാറെയില്ല. Preventing Suicide: A Resource for Media Professionals എന്ന ലോകാരോഗ്യ സംഘടനയും ആത്മഹത്യകള്‍ തടയുന്നതിനുള്ള അന്താരാഷ്ട്ര സംഘടനയും ചേര്‍ന്ന് പുറത്തിറക്കിയ രേഖയില്‍ ആത്മഹത്യ വാര്‍ത്തകള്‍ നല്‍കുന്നതിനുള്ള രീതികള്‍ പറയുന്നുണ്ട്. ആത്മഹത്യക്കുറിച്ചുള്ള മാധ്യമവാര്‍ത്തകള്‍ ആത്മഹത്യ സ്വഭാവങ്ങള്‍ അനുകരിക്കുന്നതിലേക്ക് നയിക്കാറുണ്ടെന്നും ഗവേഷണങ്ങള്‍ ചൂണ്ടിക്കാടുന്നു. ആത്മഹത്യ ചെയ്ത രീതി വിശദമാക്കുന്നത് ഒഴിവാക്കല്‍, ആത്മഹത്യയെ ഒരു പൊരുത്തപ്പെടല്‍ സംവിധാനമായി അവതരിപ്പിക്കാതിരിക്കല്‍, ഉദ്വേഗജനകമായ തലക്കെട്ടുകള്‍ നല്‍കാതിരിക്കല്‍ എന്നിവ ഇന്ത്യന്‍ മാധ്യമങ്ങള്‍ നിരന്തരം ലംഘിക്കുന്നു.

ഇന്ത്യയിലെ ആത്മഹത്യകളിലേക്ക് കൂടുതല്‍ പൊതുജന ശ്രദ്ധ നല്കേണ്ട കാലമായിരിക്കുന്നു. ആത്മഹത്യയെ അതിന്റെ എല്ലാ തരത്തിലുള്ള സങ്കീര്‍ണതകളിലും, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, കുടുംബ, മന:ശാസ്ത്ര കാരണങ്ങള്‍ കൂടിപ്പിണഞ്ഞുകിടക്കുന്ന ഒന്നായി നാം മനസിലാക്കുമ്പോഴേ ഭരണകൂടവും സമൂഹവും ഒന്നിച്ചുള്ള ഒരു ഇടപെടലിന് വഴി തുറക്കുകയുള്ളൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍