UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത് ആത്മഹത്യയല്ല, കൊലപാതകം; മോദിയുടെ ഡിജിറ്റൽ ഇന്ത്യയുടെ നേര്‍കാഴ്ച

Avatar

റിബിന്‍ കരീം

ഐ എ എസ്‌ ഇന്റര്‍വ്യൂവിനു വന്ന നായാടി ജാതിക്കാരനായ ധര്‍മപാലനോട്‌ ഇന്റര്‍വ്യൂ ബോര്‍ഡിലെ ഒരംഗം ചോദിക്കുന്നു: ‘നിങ്ങള്‍ ഓഫീസറായി പണിയെടുക്കേണ്ട സ്ഥലത്ത്‌ നിങ്ങള്‍ വിധിപറയേണ്ട ഒരു കേസില്‍ ഒരു ഭാഗത്ത്‌ ന്യായവും മറുഭാഗത്ത്‌ ഒരു നായാടിയും ഇരുന്നാല്‍ നിങ്ങള്‍ എന്തു തീരുമാനമാണെടുക്കുക?’ ധര്‍മപാലന്‍ തന്റെ ജീവിതം കൊണ്ട്‌ മറുപടി പറയുന്നു: ‘ഒരു നായാടിയേയും മറ്റൊരു മനുഷ്യനേയും രണ്ടുവശത്ത്‌ നിര്‍ത്തുകയാണെങ്കില്‍ സമത്വം എന്ന ധര്‍മത്തിന്റെ അടിസ്ഥാന ത്തില്‍ ആ ക്ഷണം തന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു. അവന്‍ എന്തുചെയ്‌തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ്.’ ഇന്റര്‍വ്യൂ ബോര്‍ഡില അംഗങ്ങള്‍ മൂകരായി പ്പോയതുപോലെ വായനക്കാരേയും മൂകരാക്കിക്കളയുന്ന സന്ദര്‍ഭം. സവര്‍ണപ്രാമു ഖ്യമുള്ള സമൂഹജീവിതത്തിലെയും യഥാര്‍ഥ ട്രാജഡി തുറന്നടിക്കുന്ന സന്ദര്‍ഭം ജയമോഹന്റെ നൂറു സിംഹാസനങ്ങൾ എന്ന നോവലിലേത് ആണ്.

ആലുവ നഗരസഭയിലെ ക്ലീനിംഗ് വിഭാഗം താത്കാലിക ജീവനക്കാരനായിരുന്നു ആലുവ കുഞ്ചാട്ടുകര രാമനിലയം വീട്ടില്‍ അറുമുഖന്‍ എന്ന 35കാരന്‍. തമിഴ്‌നാട് സ്വദേശിയായ അറുമുഖന്‍ വര്‍ഷങ്ങളായി ആലുവ നഗരത്തിന്റെ മാലിന്യം കോരിക്കൊണ്ടിരിക്കുകയാണ്. ഓണക്കാലത്ത് ആലുവയുടെ ഓണം വെളുക്കാന്‍ നടത്തിയ ശുചീകരണത്തില്‍ പത്ത് ദിവസത്തെ വേതനം നഗരസഭ അറുമുഖന് കൊടുക്കാനുണ്ടായിരുന്നു. കുടിശ്ശിക തുകയായ 3770 രൂപ ആവശ്യപ്പെട്ട് അറുമുഖന്‍ നഗരസഭാ അധികൃതരെ സമീപിച്ചു. ആരും മൈന്‍ഡ് ചെയ്തില്ല. തന്റെ ദയനീയാവസ്ഥ, അറുമുഖന്‍ നഗരസഭാ സെക്രട്ടറിക്കും ചെയര്‍മാനും മുന്നില്‍ പല തവണ അവതരിപ്പിച്ചെങ്കിലും അവര്‍ അതൊക്കെ നിസ്സാരമായി തള്ളുകയായിരുന്നു.ഒരു പാണ്ടിക്കാരന്‍ ചവറുകോരിക്ക് സവര്‍ണ മലയാളിയുടെ മുന്നില്‍ ക്രുദ്ധനാകാന്‍ യാതൊരു അവകാശവുമില്ല. എന്നിട്ടും അയാള്‍ നഗരസഭാ സെക്രട്ടറിയോട് പ്രകോപിതനായി. പോലീസ് അയാളെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലിടുകയും ഒരു രാത്രി വെറും തടവിനു ശേഷം വിട്ടയക്കുകയും ചെയ്തു. ആ രാത്രിയില്‍ ഏമാന്മാരുടെ കൈക്കഴപ്പ് തീര്‍ക്കാന്‍ ചില്ലറ പെരുമാറ്റങ്ങളൊക്കെ തന്റെ ദേഹത്ത് നടത്തിയെന്ന് അറുമുഖന്‍ വീട്ടുകാരോട് പറഞ്ഞു. അയാള്‍ കരഞ്ഞത് പാണ്ടിത്തമിഴിലായതിനാല്‍ ശ്രേഷ്ഠമലയാളം മാത്രം ശ്രവിക്കാനായി ചെവി ട്യൂണ്‍ ചെയ്തു വെച്ചിരുന്നവരാരും അത് കേള്‍ക്കുകയുണ്ടായില്ല. ആ കരച്ചിലും വൃഥാവിലായി. അനാഥനും നിരാശനുമായ അറുമുഖന്‍ വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. മുഖ്യധാര മുഴുവൻ തമസ്കരിച്ച അറുമുഖനെ ഈയുള്ളവൻ കണ്ടെത്തുന്നത് ഒരു ഓൺലൈൻ പോര്‍ട്ടലിലെ ഒഴിഞ്ഞ കോളത്തിൽ നിന്നാണ്. 

ഫാഷിസത്തിനു അടിസ്ഥാനപരമായി 14 ലക്ഷണങ്ങൾ ഉണ്ട് എന്ന് പറയപ്പെടുന്നു, ഇത് സൂക്ഷ്മമമായി പരിശോധിച്ചാൽ രണ്ടെണ്ണം ഒഴിച്ചാൽ ബാക്കി എല്ലാം ജനാധിപത്യ ഇന്ത്യയിൽ ഇന്ന് പ്രകടമാണ്. ഈ രണ്ടെണ്ണത്തിൽ ഒന്ന് തെരഞ്ഞെടുപ്പിൽ കളവ് കാണിക്കുക എന്നതാണ്. ഇന്നും തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഭരണ മാറ്റം ഉണ്ടാകുന്നു എന്നത് ആശാവഹം ആണ്. മറ്റൊന്ന് സൈന്യത്തിന്റെ സർവാധിപത്യം. ഇവ രണ്ടും ഒഴിച്ചുള്ള ബാക്കി എല്ലാം ഫാഷിസ്റ്റ്‌ ഘടകങ്ങളും അടങ്ങിയ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്.

അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവർത്തകനും ഹൈദരാബാദ് സര്‍വകലാശാല ദളിത് ഗവേഷണ വിദ്യാര്‍ത്ഥിയുമായ രോഹിത് വെമുലയുടെ ആത്മഹത്യ ഭരണകൂടത്തിന്റെ സര്‍വ്വകലാശാലയുടെ കൊലപാതകം അയി പരിഗണിക്കണം. അപകട മരണം അല്ല രക്തസാക്ഷിത്വം ആണ്. ഡിജിറ്റൽ ഇന്ത്യയുടെ നേർകാഴ്ച. സവർണ മേധാവിത്വത്തിനു മുന്നിൽ തോൽവി സമ്മതിച്ചു ഒരാൾ കൂടി പിന്‍വാങ്ങിയിരിക്കുന്നു.

അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകനായിരുന്ന രോഹിത് അടക്കം അഞ്ച് ദളിത് ഗവേഷക വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ 12 ദിവസമായി സസ്‌പെന്‍ഷനിലായിരുന്നു. സര്‍വകലാശാല ഹോസ്റ്റലില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു. ഹൈദരാബാദ് സര്‍വകലാശാലയുടെ നടപടിക്കെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാര്‍ഥികള്‍ കാംപസില്‍ രാത്രി ഉറങ്ങി പ്രതിഷേധം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് രോഹിത് ആത്മഹത്യ ചെയ്തത്.

മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ ആര്‍എസ്എസിന്റെ ഇംഗീതമനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികളുടെ പുറത്താക്കലും രോഹിതിന്റെ ആത്മഹത്യയും . പിന്നോക്ക–ദളിത്–ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവരെയും പുരോഗമന വിദ്യാര്‍ഥി സംഘടനകളെയുമാണ് എബിവിപിയും ആര്‍എസ്എസും ലക്ഷ്യംവയ്ക്കുന്നത്. പരാതി വ്യാജമെന്ന് ബോധ്യപ്പെട്ടിട്ടും വൈസ്ചാന്‍സലര്‍ നടപടി സ്വീകരിച്ചതിന്റെ രാഷ്ട്രീയം തിരിച്ചറിയാൻ പാഴൂര് പടിപ്പുര വരെ ചെല്ലേണ്ട കാര്യം ഇല്ല.

യാക്കൂബ് മേമന്റെ വധശിക്ഷയിൽ പ്രതിഷേധിച്ചതാണ് ബി ജെ പി സംഘപരിവാര് സഖ്യത്തെ പ്രകോപിപ്പിച്ചിരിക്കുന്നത് എങ്കിൽ വധശിക്ഷയുടെ ബേസിക് രാഷ്ട്രീയം ഒന്ന് കൂടി പരിശോധിക്കപ്പെടണം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് മേനി പറയുന്ന രാജ്യത്തിൽ തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ട ഒന്നാണ് വധശിക്ഷ. കണ്ണിനു പകരം കണ്ണ് എന്നത് അപരിഷ്കൃത സമൂഹത്തിന്റെ രീതിയാണ്. സത്യത്തിൽ വധശിക്ഷ നടപ്പിലാകുമ്പോൾ നടപ്പാകുന്നത് ഡെമോക്രസി അല്ല മറിച്ച് മോബോക്രസി ആണ്. ഒരു ആൾകൂട്ടത്തിനു വേണ്ടി, അവരുടെ ആര്‍പ്പു വിളികളെ തൃപ്തിപ്പെടുത്താൻ ഒരാളെ വിധിക്കുന്നു. പൊതുജന വികാരം മാനിച്ചു തൂക്കിലേറ്റുന്നു എന്ന് അഫ്സൽ ഗുരുവിന്റെ വധശിക്ഷ നോട്ടിൽ കോടതി പരാമർശിച്ചത് കൂടി ഇവിടെ ഓര്‍ക്കണം. 

രോഹിത് വെമുലയെ പോലെ ശാസ്ത്ര ലേഖകൻ ആവാൻ ഇഷ്ടപ്പെടുന്ന രാഷ്ട്രീയ അവബോധം ഉള്ള ഒരു വിദ്യാർഥി ഇങ്ങനെ ചിന്തിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷ മരണം ആണോ ? 

3 വിഭാഗങ്ങളെ ആണ് ഹിറ്റ്ലർ മുതൽ സുഹാര്‍ത്തോ വരെ ഉള്ള ഫാസിസ്റ്റുകൾ  എന്നും ഭയപ്പെട്ടിരുന്നത്. ബുദ്ധിജീവികൾ (ചിന്തകർ), കമ്യൂണിസ്റ്റുകൾ, വിദ്യാർഥിക്കൊന്ന യാക്കൂബ് മേമെന്റെ വധശിക്ഷയിൽ പ്രതിഷേധിച്ച വിദ്യാർഥികളിൽ ഒരാൾ ആയിരുന്നു രോഹിത്തും. അതിന്റെ പേരിൽ അവർ ഹോസ്റ്റലിൽ നിന്നും പുറത്താക്കപ്പെട്ടു. പ്രതിഷേധത്തെ  തുടര്‍ന്ന് ഈ തീരുമാനം പിന്‍വലിച്ചുവെങ്കിലും ബി ജെ പി സംഘപരിവാര്‍ സംഘടനകൾ തങ്ങളുടെ ആക്രമണ അജണ്ടകളുമായി മുന്നോട്ടു പോയപ്പോൾ ആത്മഹത്യ അല്ലാതെ രോഹിതിനു പോം വഴി ഇല്ലാതായി. അദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പ് ലജ്ജയോടെ, ആത്മനിന്ദയോടെ അല്ലാതെ നമുക്ക് വായിച്ചവസാനിപ്പിക്കാൻ ആവില്ല.

വംശങ്ങളെ ഒന്നൊന്നായി ശുദ്ധീകരിച്ചെടുക്കുന്ന പ്രക്രിയ സവര്‍ണ ഫാസിസത്തിന്റെ അജണ്ടയുടെ ഭാഗമായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. തങ്ങളുടെ താത്പര്യങ്ങളെ എന്തു വില കൊടുത്തും സംരക്ഷിക്കാന്‍ സവര്‍ണത എന്നും തയ്യാറായിരിക്കും. ചരിത്രങ്ങളില്‍ അതിന് വേണ്ടുവോളം ഉദാഹരണങ്ങള്‍ എടുത്തുകാണിക്കാനുണ്ട്. വര്‍ണാശ്രമ വ്യവസ്ഥ നിലനിന്നിരുന്ന ‘പ്രാചീന’ ഇന്ത്യന്‍ കാലഘട്ടങ്ങളില്‍ വര്‍ണാധിപത്യം സംരക്ഷിക്കുക സവര്‍ണതയുടെ മുഖ്യലക്ഷ്യമായിരുന്നു. ജാതിമതമില്ലാത്ത വര്‍ണ ധര്‍മം മാത്രം നിലനിന്നിരുന്ന ആ കാലത്ത് അര്‍ജുനന്റെ വര്‍ണാധിപത്യം പരിരക്ഷിക്കാനാണ് ദ്രോണാചാര്യരെന്ന ഗുരു, ഏകലവ്യന്റെ പെരുവിരല്‍ മുറിച്ചെടുത്തെന്നും ഗുരുദക്ഷിണയുടെ പേരിലായതിനാല്‍ അതിനെ മഹത്വവത്കരിക്കുകയാണ് ഉണ്ടായതെന്നും എം എന്‍ വിജയന്‍ നിരീക്ഷിക്കുന്നുണ്ട്. ജാതിയില്‍ താഴെയെന്ന് വിളിക്കപ്പെട്ട ഒരാള്‍ അശുദ്ധനാണെന്ന കെട്ടിപ്പടുത്തുണ്ടാക്കിയ വ്യാജമായ സങ്കല്‍പ്പത്തിന്റെ പേരില്‍ കിണറില്‍ നിന്ന് വെള്ളം കോരാനാകാതെ ദാഹിച്ചുമരിക്കുന്ന ദുരവസ്ഥകളും സവര്‍ണതയുടെ പേരില്‍ മുമ്പ് ഇവിടെ കഴിഞ്ഞുപോയിട്ടുണ്ട്.

ഡോ. അംബേദ്കര്‍ 1949 നവംബര്‍ 25ന് ഭരണഘടനയുടെ കരട് അംഗീകരിക്കുമ്പോള്‍ ഇങ്ങനെ പറഞ്ഞു:

“1950 ജനുവരി 26ന് വൈരുധ്യങ്ങളുടെ ജീവിതത്തിലേക്കാണ് നാം പ്രവേശിക്കാന്‍ പോകുന്നത്. രാഷ്ട്രീയത്തില്‍ നമുക്ക് സമത്വമുണ്ട്. എന്നാല്‍ സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തില്‍ അസമത്വം മാത്രമാണുള്ളത്. രാഷ്ട്രീയത്തില്‍ ഒരാള്‍ – ഒരു വോട്ട് – ഒരു മൂല്യം എന്ന തത്വം നാം അംഗീകരിക്കുന്നു. സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തില്‍ ഒരു മനുഷ്യന്‍-ഒരു മൂല്യം എന്ന തത്വം നിരാകരിക്കുന്ന ഘടനയാണ് നമ്മുക്കുള്ളത്. വൈരുധ്യങ്ങളുടേതായ ഈ ജീവിതം എത്രകാലം നമുക്ക് തുടരാനാവും? സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തിലെ സമത്വം എത്രകാലം നമുക്ക് നിഷേധിക്കാനാവും? ഏറെക്കാലം ഈ നിഷേധം തുടരാനാണ് പോകുന്നതെങ്കില്‍ നമ്മുടെ രാഷ്ട്രീയ ജനാധിപത്യം വിനാശമടയുകയാവും ഫലം. കഴിവതും നേരത്തെ ഈ വൈരുധ്യങ്ങളെ മാറ്റാനായില്ലെങ്കില്‍ അസമത്വം അനുഭവിക്കുന്നവര്‍ നമ്മള്‍ കെട്ടിപ്പൊക്കിയ ഈ രാഷ്ട്രീയ ജനായത്ത വ്യവസ്ഥയെ തകര്‍ത്തെറിയും.സ്വാതന്ത്ര്യത്തിന് ശേഷം ഈ വൈരുധ്യങ്ങള്‍ ഏറ്റവും ശക്തമായി നാം ഇപ്പോള്‍ അഭിമുഖീകരിക്കുകയാണ്. നാം പിറകില്‍ ഉപേക്ഷിച്ച ഇന്ത്യ എന്ന ആശയത്തെ വിശാലമായ അര്‍ഥത്തില്‍ പുനസ്ഥാപിച്ചുകൊണ്ടല്ലാതെ മതേതര ജനാധിപത്യത്തെ സ്ഥാപിക്കാനാവില്ല.”

അംബേദ്ക്കറുടെ ആശങ്കകളുടെ നേർചിത്രം ആണ് അറുമുഖനും രോഹിത്തും അക്ലബും എല്ലാം. നൂറു സിംഹാസനങ്ങൾ ഒരു നോവൽ മാത്രം അല്ല  ഇന്ത്യൻ ജാതി വ്യവസ്ഥയിലേക്ക് തുറന്നുപിടിച്ച കണ്ണാടിയാണ്. ജനാധിപത്യബോധത്തില്‍ നമ്മളെത്രയോ പുറകിലാണെന്ന് ബോധ്യപ്പെടാന്‍ ഇതെല്ലം ധാരാളം. 

നമ്മുടെ ജനാധിപത്യസമൂഹത്തില്‍ ഫാസിസം നുഴഞ്ഞു കയറി പ്രതിഷ്‌ഠിക്കപ്പെടുകയാണ്‌. അതിനെയെല്ലാം നമ്മള്‍ നിശബ്ദമായി അംഗീകരിച്ചു കൊണ്ടിരിക്കുന്നു. എപ്പോഴും കാതുകളടയ്‌ക്കുകയും ചുണ്ടുകള്‍ നിശബ്‌ദമാവുകയും നിര്‍ദ്ദേശങ്ങള്‍ക്കു മാത്രം കാതോര്‍ക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാക്കാന്‍ മനുഷ്യരെ മൂകരാക്കണമെന്ന്‌ ഫാസിസം തിരിച്ചറിയുന്നു.

രോഹിത് പക്ഷെ മൂകൻ ആയിരുന്നില്ല. മരണത്തിനു തൊട്ടുമുന്‍പ് വരെ അനീതിക്കെതിരെ ശബ്ദം ഉയര്‍ത്തിയവന്‍ ആയിരുന്നു. ആ ശബ്ദമേ ഇനി ഇല്ലാതാകുന്നുള്ളൂ. അയാൾ തുടങ്ങി വെച്ച സമരങ്ങൾ മുന്നോട്ടു പോകേണ്ടതുണ്ട്. ഫാസിസത്തോട് സമരസപ്പെടാൻ മനസ്സില്ലാത്താവരുടെ ഉത്തരവാദിത്തം കൂടി ആണത്. 

എന്റെ രാജ്യം വിഭജിക്കപ്പെടുന്നതോ
ഏഴു കത്തികള്‍കൊണ്ട് അതിന്റെ ചോര വാര്‍ന്നുപോകുന്നതോ
എനിക്കിഷ്ടമല്ല.
പുതുതായി പണിതീര്‍ന്ന വീടിന്റെ മുകളില്‍
ചിലിയുടെ പ്രകാശം പരത്തുകയാണെന്റെ ആവശ്യം.
എന്റെ നാട്ടില്‍ എല്ലാവര്‍ക്കും ഇടമുണ്ട്.
തൊഴിലാളികളോടൊത്തു ചേര്‍ന്നു പാടാന്‍
ഞാനിവിടെത്തന്നെ നില്‍ക്കും.
ഈ പുതിയ ചരിത്രത്തിന്‍ ഭൂമിശാസ്ത്രത്തില്‍-പാബ്ലോ നെരൂദ

(റിബിന്‍ ദോഹയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍