UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വേറിട്ട വഴിയില്‍ വേരുള്ളൊരു ജീവിതം

Avatar

ദാവൂദ് അരീയില്‍

സരിഗമ രാഗം… രാക്കിളികള്‍ പാടുന്നു മൊഞ്ചത്തീ… ഈ പഴയ മാപ്പിളപ്പാട്ടിന്റെ ഈണം ചുണ്ടില്‍ കൊണ്ടു നടക്കാത്തവരായി ഉത്തരമലബാറില്‍ ആരുമുണ്ടാവില്ല. പഴയ തലമുറയിലെ ഈ ഹിറ്റ് ന്യൂജന്‍ ചൂണ്ടുകളിലും മധുരിക്കുന്ന ഈണമായി ഒഴുകിപ്പരക്കുന്നു… ആരാണ് ഈ പാട്ടിന് ഈണം പകര്‍ന്നതെന്ന ചോദ്യം ഏറെ ചര്‍ച്ചയായിരുന്നു. അയാള്‍ ഇവിടെയുണ്ട്. സംഗീതത്തിന് വിടനല്‍കി ബോണ്‍സായിക്കൊപ്പം ആനന്ദകരമായി ജീവിക്കുന്നു.

ഈ പാട്ടുകള്‍ക്ക് ജീവന്‍ പകര്‍ന്ന തളിപ്പറമ്പ് കുപ്പം കടവിലെ സുലൈമാനിപ്പോള്‍ കേരളത്തില്‍ അറിയപ്പെടുന്ന ബോണ്‍സായിച്ചെടികളുടെ ഉടമയാണ്. 

കുഞ്ഞുനാളില്‍ കൗതുകമായി തുടങ്ങിയതാണ് വന്‍മരങ്ങളെ കുഞ്ഞന്‍മാരാക്കി ചെടിച്ചട്ടികള്‍ നിര്‍ത്തുന്ന ബോണ്‍സായി പ്രണയവും ചുണ്ടുകളില്‍ മൂളുന്ന സംഗീതവും. പക്ഷേ സുലൈമാന്‍ ജീവിതത്തിന്‍റെ ഒരു ഘട്ടത്തില്‍ വെച്ച് സംഗീതം വേണ്ടെന്നു വെച്ചു. എങ്കിലും ഒട്ടും ആവേശം കുറയാതെ ബോണ്‍സായിയോടുള്ള പ്രണയം മനസ്സില്‍ വളര്‍ന്നു പന്തലിട്ടു നിന്നു.

മുപ്പത്തിഅഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്ടൊരു പ്രദര്‍ശനം കാണാനെത്തിയതായിരുന്നു ബാലനായ സുലൈമാന്‍. അന്നു കണ്ട പ്രദര്‍ശനമാണ് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ ബോണ്‍സായി കാടിന് ഉടമയാക്കി സുലൈമാനെ മാറ്റിയത്.

അന്ന് അംബികാ രമേശിന്റെ ബോണ്‍സായി പ്രദര്‍ശനം കണ്ടു മടങ്ങിയതു മുതല്‍ മനസ്സു നിറയെ ബോണ്‍സായിയെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ ആയിരുന്നു വേരൂന്നി വളര്‍ന്നത്. സ്വപ്നങ്ങളില്‍ താലോലിച്ചു നടന്ന ആ ബോണ്‍സായിയെ കണ്ടെത്താന്‍ പിന്നീടു കേരളത്തില്‍ നടന്ന എല്ലാ പുഷ്‌പോല്‍സവങ്ങളിലും ഒരു കാഴ്ച്ചകാരനായി സുലൈമാന്‍ അലഞ്ഞു. മുന്നിലെ വിശാലമായ വഴികള്‍ ഏറെയുണ്ടായിട്ടും ബോണ്‍സായിയുടെ സാധ്യതകളെ ക്കുറിച്ചു കൂട്ടുകാരനായി എത്തിയ രവീന്ദ്രനാഥ് പഠിപ്പിച്ചപ്പോള്‍ സുലൈമാന്‍ തീരുമാനിച്ചു, ഏറെ പേര്‍ കൈവെക്കാത്ത ഈ മേഖലയില്‍ ചില അടയാളപ്പെടുത്തലുകള്‍ ആവശ്യമാണെന്ന്. അങ്ങനെ രണ്ടു വര്‍ഷം പ്രായമായ ഒരു ബോണ്‍സായിച്ചെടി സ്വന്തമാക്കി. പുസ്തകത്തില്‍ മയില്‍പ്പിലി വെച്ചു പെറ്റുക്കൂട്ടുന്നതു കിനാവു കണ്ടിരുന്നതുപോലെ വര്‍ഷങ്ങള്‍ കാത്തിരുന്നു. നാലു വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു പ്രദര്‍ശനത്തില്‍ വെച്ചു തന്റെ ബോണ്‍സായി മറ്റൊരാളുടെ രണ്ടു കുഞ്ഞന്‍ മരവുമായി വെച്ചുമാറി. വിലക്കു വാങ്ങാന്‍ ബോണ്‍സായി കിട്ടാത്ത കാലത്തായിരുന്നു സുലൈമാന്‍ കേരളം മുഴുവന്‍ അലഞ്ഞത്.

ഇതിനിടയില്‍ നാഗര്‍കോവിലിലുള്ള പ്ലാന്റില്‍ നിന്നു വാങ്ങിയ ചെറിയ സസ്യങ്ങളുമായി വീട്ടിലെത്തി. പക്ഷേ ഈ കുഞ്ഞന്‍ മരങ്ങളുടെ പരിചരണങ്ങളെ കുറിച്ചൊന്നും അറിയാതെ ഏറെ വലഞ്ഞു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ തനിക്കു വഴങ്ങില്ലെന്ന ബോധവും വീട്ടുകാരുടെ നിരന്തരമായുള്ള അവഹേളനവും കുടിയായപ്പോള്‍ ആഗ്രഹങ്ങളെ പുഴയിലെറിഞ്ഞു. പക്ഷേ ഏറെ നാളുകള്‍ക്ക് ശേഷം ബോണ്‍സായി പ്രണയം വീണ്ടും സുലൈമാനെ പിടികൂടി. ഇത്തവണ വിട്ടു കൊടുക്കില്ലെന്നായി. മനസ്സില്‍ കൊണ്ടു നടന്ന സംഗീതം പലരുടെയും ഉപദേശം കൊണ്ട് വേണ്ടെന്നു വെക്കുകയായിരുന്നു. ആ പ്രണയത്തെ മനസ്സില്‍ തളച്ചിടേണ്ടി വന്നതു മൂലം ആ ഊര്‍ജ്ജം കൂടെ കുഞ്ഞന്‍മരങ്ങളുടെ വളര്‍ച്ചയ്ക്കായി നല്‍കി.

ആദ്യകാലത്ത് സുലൈമാന്‍ ഓരോ ദിവസവും തന്റെ കുഞ്ഞന്‍ മരങ്ങളെ കണ്ടാസ്വദിച്ചു. അവയുടെ വളര്‍ച്ച മുരടിക്കാന്‍ തന്നാലാവുന്നതൊക്കെ ചെയ്തു. ഏറെ കഷ്ടപ്പെടുകയും ചെയ്തു. എന്നാലും തന്റെ വഴിയില്‍ നിന്നു മാറി നില്‍ക്കാന്‍ തയ്യാറാവാതെ ബോണ്‍സായിയെ കുറിച്ചുള്ള പഠന രംഗത്തേക്കു കടന്നു. പുസ്തകങ്ങള്‍ തേടിയായി പിന്നീടുള്ള അലച്ചില്‍. അലച്ചിലിനിടെ കണ്ടും കേട്ടും നേടിയ അറിവുകള്‍ പകര്‍ന്നു നല്‍കുകയും ചെയ്തു. അങ്ങനെ ആ അറിവ് വളര്‍ന്നു.

കുട്ടിക്കാലത്തു സുലൈമാനു സംഗീതമായിരുന്നു ജീവിതം. അന്നു തളിപ്പറമ്പിലും സമീപ പ്രദേശങ്ങളിലുള്ള എല്ലാ സംഗീത പരിപാടികളിലും ഹാര്‍മോണിയം വായനക്കാരനായി വേദിയിലുണ്ടാവും അല്ലെങ്കില്‍ കേള്‍വിക്കാരനായി… 

അങ്ങനെ സംഗീതം തലക്കു പിടിച്ച് കാലത്ത് പഠനം പാതിവഴിയിലുപേക്ഷിച്ചു. കണ്ണൂരിലെ അന്നത്തെ പ്രമുഖരായ എല്ലാ മാപ്പിളപ്പാട്ടുകാരുടെ ട്രൂപ്പിലും സുലൈമാന്‍ ഹാര്‍മോണിയം വായിച്ചിരുന്നു. ഇതിനിടയിലാണ് സരിഗമ രാഗം രാക്കിളികള്‍ പാടുന്നു മൊഞ്ചത്തീ… എന്ന മാപ്പിളപ്പാട്ടിനു ഈണം നല്‍കിയത്. പക്ഷേ പ്രോല്‍സാഹനത്തിനു പകരം നാട്ടുകാരും വീട്ടുകാരും ഹറാമിന്റെ പട്ടികയില്‍പ്പെടുത്തി നിരുല്‍സാഹപ്പെടുത്തുകയായിരുന്നു. പത്താം തരത്തില്‍ പഠിക്കുമ്പോള്‍ തായനേരി അസിസിനോടെപ്പം ഹാര്‍മേണിയം വായിക്കാന്‍ മുബൈയില്‍ പോയതിനു വീട്ടില്‍ വിലക്കുമുണ്ടായി. നാട്ടുകാരില്‍ പലരും അപമാനിച്ചു. വീട്ടുകാരുടെയും ബന്ധുക്കളുടെയും ഉപദേശം നിരന്തരം പിന്നാലെവന്നു. അങ്ങനെ മാപ്പിളപ്പാട്ടു വേദിയില്‍ നിന്നു സദസ്സിലേക്കായി സുലൈമാന്റെ ഇരിപ്പിടം. ‘എന്നാലും ഞാന്‍ വിട്ടുകൊടുത്തില്ല. എല്ലായിടത്തും പരിപാടി കാണാന്‍ ഒളിച്ചും പാത്തും പോയി. അന്നത്തെകാലത്ത് പാടാന്‍ പോകുന്നത് കുറച്ചിലായിരുന്നു.എന്റെ കുടുംബത്തിനും അങ്ങനെയൊരു നാണക്കേട് എന്നെ കൊണ്ടുണ്ടാവണ്ടെന്നു കരുതി ഞാന്‍ എന്റെ വഴി സംഗീതമല്ലെന്നു മനസ്സിലുറപ്പിച്ചു. പിന്നീട് മക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായി തന്റെ സംഗീത ജീവിതം. ഉപ്പാന്റെ വഴിയായിരുന്നു കൃഷി. റബറും നെല്ലുമാണ് ഉപ്പ ചെയ്തതെങ്കില്‍ ഈ വ്യത്യസ്തവഴി ഞാന്‍ തെരഞ്ഞെടുക്കുകയായിരുന്നു,’ സുലൈമാന്‍ ഓര്‍ത്തെടുക്കുന്നു.

സംഗീത വഴിയില്‍ നിന്ന് മാറി ഒഴുകിയെങ്കിലും ബോണ്‍സായി കൃഷിയില്‍ സുലൈമാനു പകരം സുലൈമാന്‍ എന്നു മാത്രമായി. ആദ്യകാലത്ത് ആര്‍ക്കുമറിയാത്ത ഈ കുഞ്ഞന്‍മരങ്ങളോടുള്ള കൂട്ട് ബന്ധുക്കളും കൂട്ടുകാരും നിരുല്‍സാഹപ്പെടുത്തിയിരുന്നു. നാട്ടുകാര്‍ അരികു മാറിനിന്നു ഒളിക്കണ്ണിലുടെ നോക്കി പരിഹസിച്ചു. പക്ഷേ സംഗീതം ഉപേക്ഷിച്ചതു പോലെ വഴിമാറി നടക്കാന്‍ തയ്യാറായില്ല. അങ്ങനെ പേര് ബോണ്‍സായി സുലൈമാനായി.

ഇതൊരു സാഹസം ആണെന്നറിയാതെയാണ് ഈ രംഗത്തേക്കു കാലെടുത്തു വെച്ചത്. എന്നാല്‍ ഭാര്യ ആയിഷ അതൊരു തപസ്സായി ഏറ്റെടുത്തതോടെ ഈ മേഖലയില്‍ അതിവേഗം വേരൂന്നാനായി. തളിപ്പറമ്പിനു സമീപം കുപ്പം ദേശീയപാതയോരത്തുള്ള വീട്ടിലെ ബോണ്‍സായി നഴ്‌സറി ഒരു പഠന ഗവേഷണ കേന്ദ്രമായി മാറിയിരിക്കുകയാണിപ്പോള്‍.

‘ഒരുചെടി ബോണ്‍സായിയായി മാറണമെങ്കില്‍ കുറഞ്ഞതു ആറു വര്‍ഷങ്ങളെങ്കിലും അവശ്യമാണ്. ഇതിനിടയില്‍ പരിചരണവും കാലാവസ്ഥയും മുഖ്യഘടകമാണ്. എല്ലാം ഒത്തിണങ്ങി വരണമെങ്കില്‍ നിന്നുമറിയാന്‍ നേരം കാണില്ല. രാവിലെ അഞ്ചു മണിക്കു മുന്നേ എഴുന്നേല്‍ക്കും. പ്രഭാത കര്‍മങ്ങള്‍ക്കു ശേഷം ആറുമണിയോടെ തന്നെ തന്റെ കുഞ്ഞന്‍ മരങ്ങളോടു കൂട്ടുകൂടും. വെള്ളം നനക്കല്‍, വളമിടല്‍, കീടങ്ങളെ കൊല്ലല്‍ എല്ലാം കൂടിയാവുമ്പോള്‍ സമയം ഏറെ വൈകും. ഇതിനിടയില്‍ പുതിയ പ്ലാന്റു തേടിയുള്ള അലച്ചിലും പുഷ്‌പോല്‍സവത്തിലെ പ്രദര്‍ശനവും വേറെയും’
കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകാലത്തെ ബോണ്‍സായി പ്രണയത്തിനിടയില്‍ നൂറോളം പുഷ്‌പോല്‍സവങ്ങളില്‍ പങ്കെടുത്ത ഈ നാട്ടിന്‍ പുറത്തുകാരന്‍ വിവിധ കോളജുകളിലും സ്‌കൂളുകളിലും ബോണ്‍സായിയെ കുറിച്ചു ക്ലാസെടുക്കുന്നുണ്ട്.

വിപണി സാധ്യതകളൊന്നും അറിയാതെയാണ് ബോണ്‍സായിയോടുള്ള പ്രണയം മൊട്ടിട്ടത്. ബോണ്‍സായി ക്ലബുകളില്‍ നിന്നു വെച്ചുമാറിയ ചില ഇനങ്ങളും കഠിനാധ്വാനവുമാണ് വളര്‍ച്ചയുടെ കരുത്താി മാറിയത്. ആദ്യകാലത്ത് തിരുവാതിര ഞാറ്റുവേലയുടെ കാലമായാല്‍ ചെടികള്‍ തേടിയുള്ള അലച്ചിലായിരുന്നു. നാട്ടിന്‍ പുറങ്ങളിലെ കിണറ്റില്‍ വളര്‍ച്ച മുരടിച്ച സസ്യങ്ങളും പാറപ്പുറത്തു അവശേഷിക്കുന്ന കുറ്റിമരങ്ങളുമായിരുന്നു ലക്ഷ്യം. ഇങ്ങനെ തേടിപ്പിടിച്ചു സസൂക്ഷ്മം വളര്‍ത്തിയ ഈ കൊച്ചു നഴ്‌സറിയില്‍ ഇന്ന് ആയിരത്തോളം ബോണ്‍സായി വ്യക്ഷങ്ങളുണ്ട്. ഇതിലൊന്നിനു മുബൈയിലെ വ്യാപാരി ഒന്നര ലക്ഷം രൂപ വില പറഞ്ഞെങ്കിലും വിട്ടു നല്‍കാന്‍ തയ്യാറായില്ല.

വീടിന്റ പിന്നിലും രണ്ടാം നിലയിലുമായി 30 സെന്റു സ്ഥലത്ത് അതീവ സംരക്ഷണത്തോടെ ഒരുക്കിയ നഴ്‌സറിയില്‍ ഭാര്യക്കു പുറമെ മക്കളായ സുഹൈമാ സാദത്ത്, ഷിഫാനാ സാദിഖ്, സഹല്‍, സ്വാലിഹ എന്നിവരും കൂട്ടിനുണ്ട്. ഈ പിന്‍ബലത്തിലാണ് തുടര്‍ച്ചയായി മൂന്നു തവണ കണ്ണൂരിലെ ബെസ്റ്റ് പ്ലാന്റര്‍ ഓഫ് ദി ഇയര്‍ പദവി സുലൈമാനെ തേടിയെത്തിയത്. ഏറ്റവും നല്ല ബോണ്‍സായി പരിപാലകനുള്ള അംഗീകാരവും കഴിഞ്ഞ ഏഴു വര്‍ഷമായി ഇയാള്‍ക്കു തന്നെയാണ്. ഇതിനു പുറമെ നിരവധി അംഗീകാരങ്ങള്‍ വേറെയും.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍