UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാനുവില്‍ ചൂടായി ബത്തേരി

Avatar

എം കെ രാമദാസ്

സംവരണം ഒരു അപരാധം എന്ന കാഴ്ചപ്പാടാണ് പൊതുവെയുള്ളത്. നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ പ്രത്യേകിച്ചും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഈ വികാരം അത്രമേല്‍ പ്രയാസമുണ്ടാക്കില്ല. സ്ഥാനാര്‍ത്ഥി മോഹികളുടെ വിപുലമായ നിരതന്നെയാണ് സങ്കുചിത മനോഗതി രൂപപ്പെടാന്‍ കാരണം. 

വയനാടിന്റെ കാര്യമെടുക്കാം. ജനസംഖ്യയില്‍ കൊച്ചു ജില്ല. നിയമസഭ മണ്ഡലങ്ങള്‍ മൂന്ന്. ഇതില്‍ കല്‍പ്പറ്റ മാത്രം ജനറല്‍ സീറ്റ്. അവശേഷിക്കുന്നവ സംവരണ മണ്ഡലങ്ങള്‍. പട്ടികവര്‍ഗ്ഗക്കാര്‍ക്കായാണ് ഇരുമണ്ഡലങ്ങളും മാറ്റിവെച്ചിരിക്കുന്നത്. കല്‍പ്പറ്റയില്‍ മത്സരിക്കാന്‍ ആഗ്രഹിച്ച യുഡിഎഫുകാരുടെ എണ്ണം പരിശോധിച്ചാല്‍ ഒരു ഡസനിലേറെവരും. എല്‍ ഡി എഫും വ്യത്യസ്തമല്ല. 

സംവരണ മണ്ഡലങ്ങളിലെ പോരാട്ടങ്ങള്‍ അപൂര്‍വമായേ ശ്രദ്ധയാകര്‍ഷിക്കാറുള്ളൂ. പ്രത്യേകിച്ചും പട്ടിക വര്‍ഗ മണ്ഡലങ്ങള്‍. ‘സത്ഗുണ സമ്പന്നരായ’ സ്ഥാനാര്‍ത്ഥിയുടെ അഭാവം തന്നെയായിരിക്കും പാര്‍ട്ടികള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. ജയസാധ്യതയുള്ളവര്‍ക്ക് ബുദ്ധിമുട്ട് കുറവായിരിക്കും. ഇവിടെ ആവശ്യക്കാര്‍ ഏറെയുണ്ടാകും. 

സുല്‍ത്താന്‍ ബത്തേരിയുടെ നിലവിലുള്ള ജനപ്രതിനിധി കോണ്‍ഗ്രസിലെ ഐ സി ബാലകൃഷ്ണനാണ്. മാനന്തവാടിക്കാരനായിട്ടും ഐ സി എന്ന രണ്ടക്ഷരക്കാരനായി കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കൊണ്ട് ബാലകൃഷ്ണന്‍ സുല്‍ത്താന്‍ ബത്തേരിക്കാരനായി മാറി. വിവാഹത്തിനും മരണത്തിനും മാത്രമല്ല, എന്തിനും ഏതിനും സംഘം ചേരുന്ന നാട്ടുകാര്‍ക്കിടയില്‍ ബാലകൃഷ്ണനുണ്ട്. പരാതിരഹിതമായിരുന്നു പ്രകടനം. നിയമനിര്‍മാണ സഭയില്‍ പ്രതിനിധിയുടെ ഉത്തരവാദിത്തമെന്തെന്ന് ജനങ്ങള്‍ക്ക് അറിയാത്തത് ഓര്‍മ്മിപ്പിക്കാന്‍ ആളില്ലാത്തത് ബാലകൃഷ്ണനെ ജനപ്രിയനാക്കി. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന് ബത്തേരിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അലോസരമുണ്ടാക്കിയില്ല. നിറഞ്ഞ ചിരിയാണ് മുഖമുദ്ര. രൂപത്തിലും ഭാവത്തിലും സൗമ്യത. വിയര്‍ക്കാതെ വിജയം ഉറപ്പിച്ചിരിക്കവെയാണ് അപ്രതീക്ഷിതമായത് ചിലതെല്ലാം ബത്തേരിയില്‍ സംഭവിച്ചത്. 

മണ്ഡലത്തിലെ ആദിവാസി വിഭാഗങ്ങളില്‍ പ്രബലരായ കുറുമ സമുദായത്തില്‍ നിന്നുള്ള രുഗ്മിണി സുബ്രഹ്മണ്യനെ ഇടതുപക്ഷം രംഗത്തിറക്കിയതാണ് ഐ സിയ്ക്ക് പ്രയാസമുണ്ടാക്കിയ ഒരു കാര്യം. സമുദായ ആനുകൂല്യം മുതലെടുക്കാന്‍ ഇടതിന് കഴിഞ്ഞാല്‍ ഫലം മാറുമെന്നുറപ്പ്. ഒരര്‍ത്ഥത്തില്‍ ആദിവാസികളിലെ സവര്‍ണ്ണരാണ് കുറുമര്‍. പണിയ, കാട്ടുനായ്ക്ക, അടിയ തുടങ്ങിയവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭൂവുടമകളുമാണിവര്‍. 

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ലഭിക്കുന്ന സംവരണാനുകൂല്യം പ്രയോജനപ്പെടുത്തി വിദ്യാഭ്യാസരംഗത്തും തൊഴില്‍ രംഗത്തും ഇവര്‍ മുന്നേറി. മന്ത്രി പി കെ ജയലക്ഷ്മിയും ഐ സി ബാലകൃഷ്ണനും ഉള്‍പ്പെടുന്ന കുറിച്ച്യരും സമാനരാണ്. ഈ രണ്ട് വിഭാഗവും തമ്മില്‍ അത്ര രസത്തിലുമല്ല. പാരമ്പര്യമായ അകല്‍ച്ച ഇവര്‍ക്കിടയിലുണ്ട്. ഈ അലോസരം മുതലെടുത്ത് കുറുമ വോട്ടുകള്‍ സമാഹരിച്ച് ജയിക്കാമെന്ന തന്ത്രമാണ് ഇടതുപക്ഷം പയറ്റുന്നത്. സിപിഐഎമ്മിന്റെ സ്ഥിരം വോട്ടുകള്‍കൂടിയാകുമ്പോള്‍ സുനിശ്ചിത ജയമെന്ന് രുഗ്മിണിയും കൂട്ടരും കരുതുന്നു. 

ഇവരുടെ വിജയപ്രതീക്ഷകള്‍ക്കിടയിലേയ്ക്കാണ് സി കെ ജാനുവിന്റെ വരവ്. തീര്‍ത്തും അപ്രതീക്ഷിതം. ആദിവാസി സമരങ്ങള്‍ നയിച്ചുകൊണ്ട് രാജ്യത്ത് പ്രത്യേക മുഖവുര വേണ്ടാത്ത നേതാവായി മാറിയ വ്യക്തിയാണ് ജാനു. അവര്‍ കണ്ടെത്തിയ പാളയമായിരുന്നു ആദ്യഘട്ടത്തില്‍ ചര്‍ച്ചാവിഷയം. ആദിവാസി സമരങ്ങളെ പരസ്യമായും രഹസ്യമായും പിന്തുണച്ചവര്‍ക്കിടയില്‍ ജാനുവിന്റെ ദേശീയ ജനാധിപത്യ സഖ്യപ്രവേശനം വിള്ളലുണ്ടാക്കി. മേധാപട്കര്‍, അരുന്ധതി റോയി, സാറാ ജോസഫ് എന്നിവരൊക്കെ വിലക്കാന്‍ തുനിഞ്ഞതായി ജാനു പറയുന്നുണ്ട്. ഇതുവരെ കൂടെനിന്നവരും പിന്തുണച്ചരും ചൂണ്ടിക്കാണിച്ച അപകടം നിരാകരിച്ച് ജനരാഷ്ട്രീയ സഭ (ജെ ആര്‍ എസ്) രൂപീകരിച്ച് ജാനു എന്‍ ഡി എയുടെ ഭാഗമായി. എം ഗീതാനന്ദന്റെ വിയോജിപ്പ് രാഷ്ട്രീയ അധികാരം നേടാനുള്ള ജാനുവിന്റെ നീക്കത്തിന് തടസ്സമായില്ല. എന്‍ ഡി എ എന്നാല്‍ ബത്തേരിയില്‍ ബി ജെ പിയും എ ഡി ജെ എസ്സും പിന്നെ സി കെ ജാനുവുമാണ്. ഇക്കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഇലക്ഷനില്‍ മണ്ഡലത്തില്‍ ബി ജെ പിയ്ക്ക് 28,000ല്‍ അധികം വോട്ടുകള്‍ കിട്ടി. മലബാറില്‍ എസ് എന്‍ ഡി പിയ്ക്ക് നിര്‍ണ്ണായക അംഗത്വമുള്ള പ്രദേശമാണിത്. കാല്‍ ലക്ഷത്തിലധികം അംഗങ്ങള്‍ ഉണ്ടെന്ന് അവകാശവാദം. പ്രചാരണ കൊടുങ്കാറ്റ് സൃഷ്ടിക്കപ്പെടുന്ന ജയ സാധ്യതയുടെ പിന്നാലെ ബി ജെ പി അനുകൂല വോട്ടുകള്‍ കൂടിയാകുമ്പോള്‍ അര ലക്ഷം പേരുടെ അംഗീകാരം കിട്ടുമെന്നാണ് ഒരു കണക്ക്. ശക്തമായ ത്രികോണ മത്സരവും ഒരു പക്ഷേ, ജയിക്കാനുള്ള വോട്ട് ഇതിലൂടെ ലഭിക്കുമെന്ന വാദവുമുണ്ട്. മുത്തങ്ങ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലെ പ്രബല ആദിവാസി ഗ്രൂപ്പുകളായ പണിയര്‍, കാട്ടുനായ്ക്കര്‍ തുടങ്ങിയവര്‍ക്കൊപ്പം അനുകൂല പൊതുമനസ്സ് ജാനുവിനെ വിജയിപ്പിക്കുമെന്ന് കരുതുന്നവരുണ്ട്. 

രണ്ടുലക്ഷത്തി അയ്യായിരമാണ് മണ്ഡലത്തിലെ ആകെ വോട്ട്. നാല്‍പ്പതിനായിരത്തിലേറെ വരുന്ന പുത്തന്‍ വോട്ടുകള്‍ ബത്തേരിയെ ശ്രദ്ധേയമാക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ യുവ വോട്ടര്‍മാര്‍ സമ്മതിദാന അവകാശത്തിന് തയ്യാറായ മണ്ഡലം കൂടിയാണിത്. നവ സമ്മതിദായകരുടെ മനസ്സിലിരിപ്പ് മൂവരും തങ്ങള്‍ക്ക് അനുകൂലമെന്ന് പ്രചരിപ്പിക്കുന്നു. ജാനുവിന്റെ നാടകീയ കടന്നുവരവ് ശക്തമായ ത്രികോണ മത്സരത്തിലേക്ക് മാറിയ സുല്‍ത്താന്‍ ബത്തേരിയുടെ മനസിലിരുപ്പ് ഇപ്പോഴും നിഗൂഢമാണ്.

(അഴിമുഖം കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍ ആണ് ലേഖകന്‍)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍