UPDATES

സിനിമ

ജയപരാജയങ്ങളുടെ ഗോദയിലെ സുല്‍ത്താന്‍

Avatar

അപര്‍ണ

സല്‍മാന്‍ ഖാന്‍ ഗുസ്തി താരം ആകുന്ന കൗതുകമായിരുന്നു അലി അബ്ബാസ് സഹറിന്റെ സുല്‍ത്താനുമേലുള്ള ആദ്യപ്രതീക്ഷ. അനുഷ്‌ക ശര്‍മയുടെ ഗുസ്തി രംഗങ്ങളും ആകാംക്ഷയേറ്റി. എണ്ണം പറഞ്ഞ സ്‌പോര്‍ട്‌സ് സിനിമകളില്‍ ഒന്നാകും ഇതെന്നായിരുന്നു റിലീസിന് മുന്‍പുള്ള സുല്‍ത്താന്‍ ചര്‍ച്ചകള്‍.

ആരിഫ (അനുഷ്‌ക) അന്തര്‍ദേശിയ ഗുസ്തി താരം ആകാന്‍ ആഗ്രഹിച്ചു ചെറുപ്പം മുതലേ കഠിന പരിശീലനം നടത്തുന്ന ആളാണ്. ആരിഫയും അച്ഛനും ചേര്‍ന്നു ഒരു ഗുസ്തി പരിശീലന കേന്ദ്രവും നടത്തുന്നുണ്ട്. അവളോട് ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം തോന്നിയ സുല്‍ത്താന്‍ അലി ഖാന്‍ (സല്‍മാന്‍ ഖാന്‍) അവിടെ പരിശീലനത്തിന് എത്തുന്നു. അലസനായ അയാളുടെ ജീവിതത്തെ ആരിഫ മാറ്റിമറിക്കുന്നു. പ്രണയത്തിനും വിവാഹത്തിനുമിടയില്‍ അവര്‍ ലോകമറിയുന്ന ഗുസ്തിതാരങ്ങളാകുന്നു. സുല്‍ത്താന്‍ ഒളിമ്പിക്‌സ് സ്വര്‍ണം അടക്കം നേടുന്നു. പിന്നീട് അവര്‍ക്കിടയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. സുല്‍ത്താന്‍ മറ്റൊരു ലക്ഷ്യത്തിനു പിറകെ പോയി തന്റെ കരിയര്‍ ഉപേക്ഷിക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ക്കു വീണ്ടും ഗുസ്തി കളത്തിലേക്ക് തിരികെയെത്തേണ്ടി വരുന്നു. താന്‍ മറന്ന ഗുസ്തിയുടെ ബാലപാഠങ്ങള്‍ മുതല്‍ എല്ലാം വീണ്ടും പരിശീലിച്ചു സുല്‍ത്താന്‍ കളത്തില്‍ ഇറങ്ങുന്നു. കാലവും വ്യവസായവത്ക്കരണവും മാറ്റി മറിച്ച പുതിയ മത്സരവേദിയില്‍ സുല്‍ത്താന്‍ അതിജീവിക്കുമോ എന്ന ആശങ്കയാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്.

അവരവരോട് തന്നെയാണ് ഓരോ കായിക താരവും ഓരോ വ്യക്തിയും യുദ്ധം ചെയ്യുന്നത്. എതിരാളി/കള്‍ നമ്മുടെ അഹംബോധങ്ങളും അപക്വതകളും ഒക്കെയാണ്. അവരെയാണ് അല്ലെങ്കില്‍ അവരെ കൂടിയാണ് നമ്മള്‍ ഇടിച്ചു നിരത്തുന്നത്. ജീവിതത്തെ ബന്ധപ്പെടുന്ന നിരവധി ആശയതലങ്ങളെ യാതൊരു ജാഡകളും ഇല്ലാതെ അവതരിപ്പിച്ചു വിജയിച്ച സിനിമയാണ് സുല്‍ത്താന്‍. ബോക്‌സിങ് റിംഗിലെ ആവേശവും, ഉദ്വേഗജനകമായ നിമിഷങ്ങളും വളരെ ഭംഗിയായി കാണികളിലേക്ക് സമ്മേളിപ്പിക്കുന്നുണ്ട് സുല്‍ത്താന്‍. ഹരിയാനയിലെ മണ്‍നിലങ്ങളും ‘പ്രോ ടേക്ക് ഡൗണിനിലെ റിംഗും നമ്മളെ കുറെയൊക്കെ കായികമത്സരത്തിന്റെ പ്രതീതിയിലേക്കു കൊണ്ടുപോകും. തോല്‍വിയുടെയും വിജയത്തിന്റെയും താളം അതായി തന്നെ പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കുന്നുണ്ട് സുല്‍ത്താന്‍. 

ഹരിയാനയിലെ പെണ്‍ അവസ്ഥകളെ കുറിച്ചും സംസാരിക്കുന്നുണ്ട് സിനിമ. പെണ്‍കുഞ്ഞുങ്ങളെ മുഴുവന്‍ കൊന്നൊടുക്കിയാല്‍ നാളെ നിങ്ങളുടെ മകന്‍ ആരെ വിവാഹം ചെയ്യും എന്ന പ്രശസ്തമായ ചോദ്യത്തെ പറ്റി കാണികളെ ഓര്‍മിപ്പിക്കുന്നുണ്ട്. സ്വന്തം തീരുമാനങ്ങള്‍ ഉള്ള വ്യക്തിത്വമുള്ള കഥാപാത്രമാണ് ആരിഫ. മുഖം പോലും ഇല്ലാത്ത ഒരു സ്ത്രീയുടെ ഇപ്പുറത്തിരുന്നാണ് ആരിഫയും സുല്‍ത്താനും ലോകത്തെ ഇടിച്ചു തോല്‍പ്പിക്കുന്ന തങ്ങളുടെ പെണ്‍കുഞ്ഞിനെ സ്വപ്നം കാണുന്നത്.

സുല്‍ത്താനും രണ്ടാം വരവിലെ പരിശീലകനും(രണ്‍ദീപ് ഹൂഡ)തമ്മിലുള്ള ബന്ധവും സിനിമയെ ഹൃദ്യയം ആകുന്നുണ്ട്. അവര്‍ തമ്മിലുള്ള സംഭാഷണങ്ങളും തര്‍ക്കങ്ങളും ആത്മഗതം പോലൊരു അനുഭവം ആണ്. തകര്‍ന്ന രണ്ടു മനുഷ്യര്‍ അവരോടു തന്നെ സംസാരിക്കും പോലെ. പരസ്പരം കണ്ടെത്തുന്നതിലൂടെ സ്വയം തിരിച്ചറിയുന്ന അനുഭവം. ഇവര്‍ തമ്മില്‍ ഉള്ള കെമിസ്ട്രി സുല്‍ത്താന്‍ തരുന്ന നല്ലൊരു അനുഭവമാണ്. ഞാന്‍ മരിച്ചവരെ പരിശീലിപ്പിക്കാറില്ല എന്നു പറയുന്നത് ഞാന്‍ മരിച്ചവരുടെ ശിഷ്യത്വം സ്വീകരിക്കാറില്ല എന്നു സുല്‍ത്താനെ കൊണ്ടു മാറ്റി പറയിക്കാന്‍ ആണ്.

സല്‍മാന്‍ ഖാന്റെ മേക് ഓവര്‍ സിനിമയുടെ മറ്റൊരു ആകര്‍ഷണമാണ്. അയാള്‍ സിനിമക്ക് വേണ്ടി ഉണ്ടാക്കിയ സ്‌പെഷ്യല്‍ മസിലുകള്‍ക്കോ ശരീര വഴക്കങ്ങള്‍ക്കോ കിട്ടിയതിനേക്കാള്‍ കയ്യടി അയാള്‍ ശരീരത്തെ അണ്‍ഫിറ്റ് ആക്കിയതിനു കിട്ടുമെന്നുറപ്പ്. മരിച്ച കണ്ണുകളും ചാടിയ വയറും ഉള്ള നൈരാശ്യ കാലത്തെ അയാള്‍ മനോഹരമായി സ്‌ക്രീനില്‍ എത്തിച്ചിട്ടുണ്ട്. അനുഷ്‌ക ശര്‍മയും രണ്‍ദീപ് ഹൂഡയും സുല്‍ത്താനോളം സിനിമയുടെ ആകര്‍ഷണങ്ങള്‍ ആണ്. സ്‌ക്രീനില്‍ വന്നു പോകുന്ന എല്ലാവരും സിനിമയുടെ മൂഡിനോട് ചേര്‍ന്നു പോകുന്നുണ്ട്. 

പാട്ടുകളുടെ അതിപ്രസരം, സമാന്തരമായി ഒരു റൊമാന്റിക് ട്രാക്ക് കൊണ്ടു പോകുന്നതിന്റെ സമയക്കൂടുതല്‍, ഒരു ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവിനെ പ്രോ ടേക്ക് ഡൗണ്‍ ഓണര്‍ അറിയാത്തതിലെ അത്ഭുതം തുടങ്ങി സൂക്ഷ്മ വിശകലനത്തില്‍ പിഴവുകള്‍ ഉണ്ട്..അയാള്‍ യഥാര്‍ത്ഥ ജാട്ടാണ് എന്ന അത്ഭുതപ്പെടല്‍ അനവസരത്തില്‍ ഉള്ളതും അനാവശ്യമായതും ആയിരുന്നു. പക്ഷെ സുല്‍ത്താന്റെ തിരിച്ചറിവുകള്‍ തരുന്ന രസത്തില്‍ കാണികള്‍ ഇതൊക്കെ മറക്കും.

ഒരു സ്‌പോര്‍ട്‌സ് സിനിമ എന്ന രീതിയില്‍ നല്ലൊരു കാഴ്ചയാണ് സുല്‍ത്താന്‍. പക്ഷെ സ്വന്തം രൂപത്തെ തല്ലിത്തകര്‍ക്കുന്ന ജീവിതത്തിലെ വന്‍ജയങ്ങള്‍ അതിനേക്കാള്‍ വലിയ പരാജയങ്ങള്‍ ആവാം എന്നു തിരിച്ചറിയുന്ന ഒരാളുടെ കഥ എന്ന നിലയില്‍ അതിനേക്കാള്‍ വിജയകരമായി സുല്‍ത്താന്‍ നമ്മളോട് സംവദിക്കുന്നുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍