UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കറങ്ങുന്ന വേദിയില്‍ അത്ഭുതമായി സുമേഷ്

വിഷ്ണു എസ് വിജയന്‍

നാടകത്തിനുള്ളില്‍ വേറൊരു നാടകം, വേദിയില്‍ മറ്റൊരു ഉപവേദി, പ്രേക്ഷകര്‍ തങ്ങള്‍ കാണുന്നത് ഇതില്‍ ഏതു നാടകമെന്നറിയാതെ സ്വയം മറന്നു പോവുക; സംസ്ഥാന സ്‌കൂള്‍ കലോസവ നാടക മത്സര വേദിയില്‍ ഇന്നലെ ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ ഒരു നാടകത്തെക്കുറിച്ചാണ് ഈ പറഞ്ഞത്. 

കണ്ണൂര്‍ എടൂര്‍ സെന്റ മേരീസ് എച്ച് എസ് എസിലെ വിദ്യാര്‍ത്ഥികള്‍ ആണ് പ്രേക്ഷകരെ ഒരുപോലെ അമ്പരപ്പിച്ച നാടകം ഒരുക്കിയത്. നാടകത്തിന്റെ പേര് സുമേഷ്! പേരുകൊണ്ട് തന്നെ വ്യതസ്തമായ നാടകത്തിന്റെ സംവിധായകന്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളായി കലോത്സവത്തിന് മികച്ച നാടകങ്ങളും അഭിനേതാക്കളെയും സംഭാവന ചെയ്യുന്ന ജിനോ ജോസഫ്. 

പല മേളകളിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ജിനോ ജോസഫ് സ്വന്തം സ്‌കൂളാണ് എടൂര്‍ സെന്റ് മേരീസ്. ഇവിടെ നിന്നാണ് നാടക കല ജീവിതത്തിന്റെ ഭാഗമാകുന്നതും. അതുകൊണ്ടാണ് എല്ലാ തവണയും എന്ത് തിരക്കും മാറ്റിവെച്ചും ജിനോ മാഷ് മികച്ച നാടകങ്ങള്‍ ഒരുക്കാന്‍ ഇവരുടെ അടുത്തെത്തുന്നത്.

കലോത്സവത്തിലെ സംസാര വിഷയമായ ‘സുമേഷ്’ തികച്ചും വ്യത്യസ്തമായൊരു നാടക സങ്കല്‍പ്പമായിരുന്നു. ഒരു നാടക കമ്പനിയിലെ കര്‍ട്ടന്‍ വലിക്കാരനായ സുമേഷ് എന്ന വ്യക്തിയിലൂടെയാണ് നാടകത്തിന്റെ കഥ വികസിക്കുന്നത്. സുമേഷിന്റെ മാനസിക വിചാരങ്ങള്‍, സ്വപ്‌നങ്ങള്‍, അവ മൂലം നാടക കമ്പനിയിലെ നാടകത്തിനു നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍; എല്ലാം നേരായ നര്‍മത്തിന്റെ അകമ്പടിയില്‍ ചാലിച്ച് അഭിനയിച്ചു പൊലിപ്പിച്ചിട്ടുണ്ട് ജിനോ മാഷിന്റെ കൊച്ചു ശിഷ്യര്‍.

സുമേഷിന്റെ മാനസിക വിചാരങ്ങളും നാടക കമ്പനിയിലെ നാടകവും ഒരേസമയത് വേദിയില്‍ അവതരിപ്പിച്ചു എന്നതാണ് പ്രധാനപ്രത്യേകത.

സുമേഷിന്റെ വേഷമണിഞ്ഞ ഹരിഗോവിന്ദിനുമുണ്ട് പ്രതേകതകള്‍. നാടക പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നെത്തിയ ഹരിഗോവിന്ദ് മൂന്നുതവണ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ബെസ്റ്റ് ആക്ടര്‍ ആയിരുന്നു. ഈ ചെറു പ്രായത്തിനിടയില്‍ ഏഴോളം പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട് ഈ കൊച്ചു മിടുക്കന്‍.

സുമേഷിന്റെ രംഗസജ്ജീകരണം ഒരുക്കിയവരും പ്രശംസയര്‍ഹിക്കുന്നു. കറങ്ങുന്ന ഒരു നാടക വേദിയിലാണ് കഥ മുഴുവന്‍ നടക്കുന്നത്. ഏറെ വെല്ലുവിളിയിലൂടെയായിരുന്നു അത്തരമൊരു പരീക്ഷണം സാധ്യമാക്കിയതെന്ന് നാടകപ്രവര്‍ത്തകര്‍ പറയുന്നു. 

നാടകത്തിന്റെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചതാകട്ടെ പഴയ കെപിഎസ്‌സി നടക ഗാനങ്ങളും സംഗീതവും. മറ്റുള്ളവര്‍ പശ്ചാത്തലസംഗീതത്തിനായി സിനമ ഗാനങ്ങളെ ആശ്രയിച്ചപ്പോള്‍ നാടകത്തിന്റെ പാരമ്പര്യത്തെ തന്നെ ആശ്രയിക്കാനാണ് സെന്‍ മേരീസ് സ്‌കൂളിലെ നാടകപ്രവര്‍ത്തകര്‍ തയ്യാറായത്.

കലയെ നെഞ്ചോടു ചേര്‍ക്കാന്‍ താല്പര്യമുള്ള ഈ കുട്ടികളും അവര്‍ക്കു ശിക്ഷണമൊരുക്കുന്ന നാടകകലയുടെ ആത്മാവിനെ തൊട്ടറിഞ്ഞു സ്‌നേഹിക്കുന്ന ജിനോ ജോസഫും ആവശ്യമായ എല്ലാ പ്രോത്സാഹനങ്ങളുമായി ഒപ്പം നില്‍ക്കുന്ന സ്‌കൂള്‍ അധികൃതരും നാടകരംഗത്തിന്റെ നിലനില്‍പ്പിനെ സഹായിക്കുന്നവരാണ്, ഒരു കലോത്സവ വേദിയ്ക്കപ്പുറത്തേക്കും…

( അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍