UPDATES

പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

പി കെ ശ്രീനിവാസന്‍

ന്യൂസ് അപ്ഡേറ്റ്സ്

മാരന്‍ സംഘത്തിന്റെ സണ്‍ നെറ്റ്‌വര്‍ക്ക് അടച്ചുപൂട്ടുമോ?

ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) രാഷ്ട്രീയ ഭാവി തകര്‍ത്തെറിഞ്ഞ മാരന്‍ സഹോദരന്മാരുടെ സണ്‍ നെറ്റ് വര്‍ക്ക് എന്ന വമ്പന്‍ പ്രസ്ഥാനത്തിന്റെ മടിക്കുത്തില്‍ ആദ്യം കയറിപ്പിടിച്ചത് എണ്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആയിരുന്നു. മാരന്‍ സംഘത്തിന്റെ 742. 58 കോടി രൂപ വിലവരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയാണ് അടുത്തിടെ വാര്‍ത്ത സൃഷ്ടിച്ചത്. ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം  സണ്‍ നെറ്റ് വര്‍ക്കിന്റെ കീഴിലുള്ള 33 ടി വി ചാനലുകളുടെ ബ്രോഡ്കാസ്റ്റിംഗ് ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അതോടെ ചാനലുകള്‍ 95 ദശ ലക്ഷം പ്രേക്ഷകരുടെ കണ്‍വെട്ടത്തില്‍ നിന്ന് അപ്രത്യക്ഷമാകും. ലൈസന്‍സ് റദ്ദാക്കിയ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിനു കൈമാറിയെന്നാണ് അറിയുന്നത്.

സണ്‍ നെറ്റ് വര്‍ക്കിന്റെ കീഴിലുള്ള 33 എഫ് എം റോഡിയോ സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകാനുള്ള സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം  അടുത്തിടെ വിസമ്മതിച്ചിരുന്നു. ഇപ്പോള്‍ ചാനലുകളേയും വിഴുങ്ങാന്‍ തന്നെ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നു. തീരുമാനം പുനപ്പരിശോധിക്കാന്‍ വാര്‍ത്താ പ്രക്ഷേപണ മന്ത്രി അരുണ്‍ ജെയ്റ്റിലി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനു കത്തയച്ചെങ്കിലും മനസ്സു മാറ്റാന്‍ സിംഗ് തയ്യാറായിരുന്നില്ല. കോടതിയുടെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ സണ്‍ നെറ്റ് വര്‍ക്കിന്റെ കീഴിലുള്ള 33 ടി വി ചാനലുകളും 40 എഫ് എം റോഡിയോ സ്റ്റേഷനുകളും കണ്‍ചിമ്മാന്‍ അധിക സമയം വേണ്ടി വരില്ല.

ഇന്ത്യയില്‍ മുന്നണിയില്‍ നില്‍ക്കുന്ന മീഡിയാ ഭീകരനാണ് സണ്‍ നെറ്റ്‌വര്‍ക്ക്. പത്തു വര്‍ഷത്തേക്ക് സെക്യൂരിറ്റി ക്ലിയറന്‍സ് പുതുക്കാനാണ് കഴിഞ്ഞ വര്‍ഷം സണ്‍ അപേക്ഷിച്ചിരുന്നത്. കോടതിയുടെ സഹായത്തോടെയാണ് കഴിഞ്ഞ വര്‍ഷം ക്ലിയറന്‍സ് ലഭിച്ചതും. എന്നാല്‍ ഇക്കുറി എന്തു സംഭവിക്കുമെന്ന് മാരന്‍മാരുടെ പ്രസ്ഥാനത്തിനു തന്നെ അറിയില്ല.

സണ്‍ നെറ്റ് വര്‍ക്കിനെതിരെ മൂന്നു ക്രിമിനല്‍ കേസ്സുകളാണ് നിലവിലുള്ളത്. എയര്‍സെല്‍ -മാക്‌സിസ് ഇടപാടിലൂടെ നടത്തിയ അഴിമതിക്കേസാണ് അതിന്‍ മുന്നില്‍. 2004-07 കാലഘട്ടത്തില്‍ ദായാനിധി മാരന്‍ കേന്ദ്രമന്ത്രി ആയിരിക്കുമ്പോള്‍ പദവി ദുരുപയോഗം ചെയ്‌തെന്നാണ് സിബിഐ ചാര്‍ത്തിയിരിക്കുന്ന കേസ്. മലേഷ്യ ആസ്ഥാനമായ മാക്‌സിസ് എന്ന കമ്പനിക്ക് ഓഹരികള്‍ വില്‍ക്കാന്‍ എയര്‍സെല്‍ മേധാവിയായിരുന്ന സി ശിവശങ്കരനുമേല്‍ മാരന്മാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസാണ് മറ്റൊന്ന്. ഇതിലാണ് 742. 58 കോടി രൂപ വിലവരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയത്.

2006 -ല്‍ ദയാനിധിമാരന്‍ ടെലികോം മന്ത്രിയായിരിക്കുമ്പോള്‍ ചെന്നൈയിലെ വീട്ടില്‍ 323 ഹൈസ്പീഡ് ഐഎസ്ഡിഎന്‍ ടെലിഫോണുളുള്ള എക്‌ചേഞ്ച് സ്ഥാപിച്ചെന്നും അതുവഴി ബിഎസ്എന്‍എല്ലിനു 440 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മറ്റൊരു കേസ്. മാരന്റെ അടയാറിലെ ബോട്ടുക്ലബിലുള്ള പോഷ് ബംഗ്ലാവില്‍ സ്ഥാപിച്ച ഇത്രയും ലൈനുകള്‍ സണ്‍നെറ്റ്‌വര്‍ക്കിനുവേണ്ടി കലാനിധിമാരന്‍ ഉപയോഗിച്ചെന്നും സിബിഐ കണ്ടെത്തിയിരിക്കുന്നു. ദയാനിധി മാരന്‍, കലാനിധി മാരന്‍, ബിഎസ്എന്‍എല്ലിന്റെ അന്നത്തെ ചീഫ് ജനറല്‍ മാനേജരന്മാരായ (സിജിഎം) കെ ബ്രഹ്മദത്തന്‍, എന്‍ പി വേലുസ്വാമി തുടങ്ങിയവരൊക്കെ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതികളാണ്. ഇതിനിടയില്‍ ബിഎസ്എന്‍എല്ലിലെ മൂന്നോളം പേര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. 

സണ്‍ നെറ്റ് വര്‍ക്കിന്റെ കീഴിലുള്ള സ്‌പൈസ് ജെറ്റ് വിമാനക്കമ്പനി കൈവിട്ടതോടെയാണ് മാരന്‍ സംഘത്തിനു ശനിദശ ആരംഭിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ മാത്രം 1800 ഫ്‌ളൈറ്റുകളാണ് സ്‌പൈസ് ജെറ്റ് റദ്ദാക്കിയത്. 750 കോടിക്ക് 2010 ല്‍ വാങ്ങിയ സ്‌പൈസ് ജെറ്റ് 550 കോടി കൂടി നിക്ഷേപിച്ചാണ് വികസിപ്പിച്ചത്. പക്ഷേ അതൊക്കെ നഷ്ടത്തിലായി. ഒടുവില്‍ കെ എ എല്‍ എയര്‍വേയ്‌സിനു തന്നെ അത് മടക്കിക്കൊടുത്തു കൊണ്ടാണ് മാരന്‍ തടി രക്ഷിച്ചത്. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2013- 14 കലഘട്ടത്തില്‍ 2097 കോടി റവന്യൂ ഉണ്ടായിരുന്ന സണ്‍ നെറ്റ് വര്‍ക്കിന്റെ ലാഭം 717 കോടിയായിരുന്നു. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ 38 -ാം സ്ഥാനത്താണ് 51 വയസ്സുള്ള മാരനെ ഫോര്‍ബ്‌സ് പ്രതിഷ്ഠിച്ചത്.  (2014 സെപ്തംപര്‍ വരെ 2.3 ബില്യന്‍ ഡോളര്‍ ആസ്തി) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന കോര്‍പ്പറേറ്റ് ദമ്പതികളും കലാനിധി മാരനും ഭാര്യയുമാണ്. – 60 കോടി. എന്തായാലും വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പിടി മുറുകിയാല്‍ മാരന്മാരുടെ കോടീശ്വര പ്രസ്ഥാനമായ സണ്‍ നെറ്റ് വര്‍ക്ക് അപകടത്തിലാകും.

ഡിഎംകെയുടെ സര്‍വസ്വവുമായ കലൈഞ്ജറുടെ കണ്‍മുന്നിലാണ് അഴിമതിയുടെ സാമ്രാജ്യങ്ങള്‍ മാരന്‍ സഹോദരന്മാര്‍ കെട്ടിപ്പൊക്കിയത്. അതുതന്നെയാണ് കരുണാനിധിയുടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി അടിക്കാന്‍ അവസരമൊരുക്കിയതും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍