UPDATES

നമുക്കിവിടെ ജീവിക്കണ്ടേ? ഇതാണോ നമ്മള്‍ സ്വപ്നം കണ്ട രാജ്യം? സുനയാന ധുമാലയുടെ വികാരനിര്‍ഭരമായ കത്ത്

എന്തിന്റെ അടിസ്ഥാനത്തിലാണ് ഒരാള്‍ നല്ലയാളോ ചീത്തയാളോ എന്ന് തീരുമാനിക്കുന്നത്? അവരുടെ തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തിലാണോ?

[അമേരിക്കയില്‍ വെടിയേറ്റ് മരിച്ച ശ്രീനിവാസ് കുച്ചിബോട്‌ലെയെക്കുറിച്ച് ഭാര്യ സുനയാന ധുമാല എഴുതിയ കുറിപ്പിന്റെ സ്വതന്ത്ര പരിഭാഷ]

ഫേസ്ബുക്കിലെ എന്റെ ആദ്യ ബ്ലോഗ് പോസ്റ്റാണ് ഇത്. വളരെയേറെ വിഷമത്തോടെയാണ് ഞാനിതെഴുതുന്നത്. ഫെബ്രുവരി 22 ബുധനാഴ്ചയിലെ ഭയാനകമായ രാത്രിയില്‍ എനിക്ക് എന്റെ ഭര്‍ത്താവിനെ- എന്റെ ആത്മാവിനെ- എന്റെ സുഹൃത്തും ആത്മവിശ്വാസവുമായ വ്യക്തിയെ നഷ്ടപ്പെട്ടു. എനിക്ക് മാത്രമല്ല, അദ്ദേഹത്തെ അറിയാവുന്ന എല്ലാവര്‍ക്കും അദ്ദേഹം ഒരു പ്രചാദനവും പിന്തുണയുമായിരുന്നു. എല്ലാവരെയും എപ്പോഴും പുഞ്ചിരിയോടെ മാത്രമേ അദ്ദേഹം സമീപിക്കാറുണ്ടായിരുന്നുള്ളൂ. എല്ലാവരെയും പ്രത്യേകിച്ചും തന്നേക്കാള്‍ മുതിര്‍ന്നവരെ അദ്ദേഹം അങ്ങേയറ്റം ബഹുമാനിച്ചിരുന്നു. ചില സുഹൃത്തുക്കള്‍ മുഖേനെ 2006-ലാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. പിന്നീട് സമൂഹ മാധ്യമമായ ഓര്‍ക്കൂട്ടിലൂടെ കൂടുതല്‍ പരിചയപ്പെട്ടു. എല്ലായ്‌പ്പോഴും ചാറ്റിംഗില്‍ വരാറില്ലെങ്കിലും പരസ്പരം മനസിലാക്കാനും ഇഷ്ടപ്പെടാനും ആ പരിചയം സഹായിച്ചു. എനിക്ക് എതിര്‍ക്കാനാകാത്തത്ര ആകര്‍ഷണശക്തിയുണ്ടായിരുന്നു അദ്ദേഹത്തിന്.

മുതിര്‍ന്ന രണ്ട് സഹോദരിമാരുള്ള എന്റെ വീട്ടിലെ കുട്ടി ഞാനായിരുന്നു. ഞാന്‍ വളര്‍ന്നതും എല്ലാവരുടെയും ശ്രദ്ധ കിട്ടുന്ന കുട്ടിയായായിരുന്നു. എന്നെ ഇന്നത്തെ, സ്വതന്ത്രയും സ്വയംപര്യാപ്തയും ശക്തയുമായ സ്ത്രീയാക്കുന്നതില്‍ നിര്‍ണായകമായ, അമേരിക്കയില്‍ പോയി പഠിക്കാനുള്ള ധൈര്യം എനിക്ക് നല്‍കിയത് ശ്രീനിവാസ് ആണ്. ഞാന്‍ കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ മാത്രമാണ് ജോലിയ്ക്ക് പോകാന്‍ ആരംഭിച്ചത്. എനിക്ക് ഒരു ജോലി നേടാനുള്ള സഹായവും നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോലി ചെയ്യുമ്പോഴുള്ള വിഷമങ്ങള്‍ പരിഹരിക്കാനുള്ള സഹായവും എല്ലാം അദ്ദേഹമാണ് എനിക്ക് ചെയ്തത്.

വ്യോമയാന രംഗത്ത് തുടര്‍ച്ചയായി പരീക്ഷണങ്ങള്‍ നടത്തണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഇവിടെ അമേരിക്കയില്‍ റോക്ക്‌വെല്‍ കോളിന്‍സിലാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. ഫ്‌ളൈറ്റുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്ന, വഴിമാറ്റിവിടുന്ന പ്രാഥമിക ഫ്‌ളൈറ്റ് നിയന്ത്രണ കംപ്യൂട്ടറിലായിരുന്നു ജോലി. അദ്ദേഹം തന്റെ ജീവിതം തന്നെ ഈ ജോലിക്കായാണ് ഉഴിഞ്ഞു വച്ചത്. ചിലപ്പോഴൊക്കെ രാത്രിഭക്ഷണത്തിന് മാത്രം വീട്ടിലെത്തിയ ശേഷം തിരികെ ജോലിക്ക് പോയി പുലര്‍ച്ചെ രണ്ട് മണിയോടെയോ മൂന്ന് മണിയോടെയോ മടങ്ങിയെത്തുമായിരുന്നു. അദ്ദേഹം റോക്ക്‌വെല്ലില്‍ സന്തുഷ്ടനായിരുന്നു, കൂടാതെ ഇയോവയിലെ സെഡാര്‍ റാപ്പിഡ്‌സ് പോലെയുള്ള ചെറിയ പട്ടണത്തിലെ ജീവിതവും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. എനിക്കും ജോലി കിട്ടിയതോടെ വലിയ ഏതെങ്കിലും നഗരത്തിലേക്ക് താമസം മാറാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു.

കന്‍സാസ് ആയിരുന്നു ഞങ്ങള്‍ക്ക് താല്‍പര്യം. ഒരുപാട് സ്വപ്നങ്ങളോടെയാണ് ഞങ്ങള്‍ ഇവിടേക്ക് താമസം മാറിയത്. ഞങ്ങളുടെ സ്വപ്‌ന വീട് ഞങ്ങള്‍ അവിടെ പണിയുകയും ചെയ്തു. ആ വീടിന് പെയിന്റ് അടിച്ചതും ഒരു ഗാരേജ് വാതില്‍ പിടിപ്പിച്ചതും അദ്ദേഹമാണ്. സ്വന്തം വീട്ടില്‍ എന്തെങ്കിലും ജോലി ചെയ്യുന്നത് അദ്ദേഹത്തിന് അത്രയേറെ സന്തോഷം നല്‍കിയിരുന്നു. ഞങ്ങള്‍ക്കും ഞങ്ങള്‍ക്ക് കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കുമായി അദ്ദേഹം നിര്‍മ്മിച്ച വീടാണ് അത്. ഞങ്ങളുടെ കുടുംബത്തിന്റെ ആദ്യ പടി. ഞങ്ങളുടെ സ്വപ്‌നങ്ങളെല്ലാം ഈ വിധത്തില്‍ ദൗര്‍ഭാഗ്യകരമായി തകര്‍ന്നു പോയി.

തന്റെ ഇരയുടെ കുടുംബത്തെ ഇതെങ്ങനെ ബാധിക്കുമെന്ന് ആലോചിക്കാതെ പ്രവര്‍ത്തിച്ച ഒരാളുടെ പ്രവര്‍ത്തിയുടെ ഫലമാണ് ഇത്. അന്ന് രാത്രി പോലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ വീട്ടിലെത്തി എന്റെ ഭര്‍ത്താവ്, ഒരു മനോനില തെറ്റിയയാളുടെ വെടിയേറ്റ് മരിച്ചുവെന്ന് പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല. ഞാന്‍ അവരോട് തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു. ‘നിങ്ങള്‍ക്ക് ഉറപ്പാണോ? നിങ്ങള്‍ സത്യമാണോ പറയുന്നത്? നിങ്ങള്‍ പറയുന്ന ആളെ നിങ്ങള്‍ കണ്ടോ? തിരിച്ചറിയാന്‍ ഫോട്ടോ വല്ലതും കാണിക്കുമോ? ആറ് അടി രണ്ടിഞ്ച് പൊക്കമുള്ളയാളെ തന്നെയാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്.’ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍. അവരുടെ കണ്ണുകള്‍ പറയുന്നുണ്ടായിരുന്നു, അവര്‍ പറഞ്ഞത് ശരിയാണെന്ന്. ഞങ്ങളുടെ ബന്ധുക്കള്‍ ആരും കന്‍സാസിലില്ല. അദ്ദേഹത്തിന്റെ ഒരു സഹോദരന്‍ ഡള്ളാസില്‍ താമസിക്കുന്നുണ്ട്. എന്റെ പെട്ടെന്നുള്ള പ്രതികരണം സഹോദരനെ വിളിക്കുക എന്നതായിരുന്നു. പോലീസുകാര്‍ പറഞ്ഞത് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ ഞാന്‍ തമാശ പറഞ്ഞതാണെന്നാണ് അദ്ദേഹം കരുതിയത്.

എന്റെ സുഹൃത്തുക്കളെല്ലാം എനിക്ക് ഒപ്പം നിന്നു. ഒരു സെക്കന്റ് പോലും അവരെന്നെ വിട്ടുപിരിഞ്ഞില്ല. കെഡര്‍ റാപ്പിഡ്‌സില്‍ നിന്നും ഇയോവയില്‍ നിന്നും മിനസോട്ടയില്‍ നിന്നും സെന്റ് ലൂയിസില്‍ നിന്നുമെല്ലാം അവര്‍ എത്തി. പലരും ഡെന്‍വറില്‍ നിന്നും കാലിഫോര്‍ണിയയില്‍ നിന്നും ന്യൂജേഴ്‌സിയില്‍ നിനന്നുമെല്ലാം തങ്ങളുടെ ഏറ്റവും പ്രയപ്പെട്ട സുഹൃത്തിന് അന്ത്യയാത്ര നല്‍കാന്‍ പറന്നു വന്നു. ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലുമുള്ള അദ്ദേഹത്തിന്റെ ആന്റിമാര്‍ ഞങ്ങളെ പരിചരിക്കാനായി എത്തി.

മാര്‍ച്ച് 9ന് അദ്ദേഹത്തിന് 33 വയസ് തികയുകയാണ്. അന്ന് ന്യൂജേഴ്‌സിയില്‍ അദ്ദേഹത്തിന്റെ കസിന്റെ വിവാഹ നിശ്ചയത്തിന് പോകാന്‍ ഇരിക്കുകയായിരുന്നു. ആ ചടങ്ങില്‍ പങ്കെടുക്കാന്‍ അതീവ ആവേശത്തിലായിരുന്നു അദ്ദേഹം. ആ യാത്രയ്ക്ക് വേണ്ടി ഈയാഴ്ച ഞങ്ങള്‍ ചില ഷോപ്പിംഗ് നടത്താനിരിക്കുകയായിരുന്നു. കാര്യങ്ങളെല്ലാം വളരെപ്പെട്ടെന്ന് മാറിമറിഞ്ഞു. ഞാന്‍ അദ്ദേഹത്തിന്റെ ശവപ്പെട്ടിക്കൊപ്പം ഇന്ത്യയിലേക്ക് യാത്രചെയ്യുകയാണ് ഇപ്പോള്‍.

ആറ് വര്‍ഷത്തെ ഗാഢമായ സൗഹൃദത്തിന് ശേഷം ഞങ്ങള്‍ വിവാഹം കഴിക്കുമ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ലായിരുന്നു. അദ്ദേഹത്തിന് തന്റെ മാതാപിതാക്കളെയും എന്റെ മാതാപിതാക്കളെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമായിരുന്നു. താന്‍ അവരുടെ മകള്‍ക്ക് യോജ്യനാണെന്ന് എന്റെ മാതാപിതാക്കളെ ബോധ്യപ്പെടുത്താന്‍ അദ്ദേഹം നിരവധി തവണയാണ് എന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്. ഒരു പുഞ്ചിരിയോടെ അവരുടെ ചോദ്യങ്ങള്‍ക്കെല്ലാം അദ്ദേഹം മാന്യമായി മറുപടി നല്‍കി. എന്റെ കുടുംബത്തിലെ എല്ലാവര്‍ക്കും പ്രിയപ്പെട്ടയാളാകാന്‍ അദ്ദേഹത്തിന് പെട്ടെന്ന് സാധിച്ചു. അദ്ദേഹം ഇന്ന് ഇല്ലെന്ന് ഞങ്ങള്‍ക്കാര്‍ക്കും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല.

നിസാര കാര്യങ്ങളിലൂടെയാണ് അദ്ദേഹം സന്തോഷം കണ്ടെത്തിയിരുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട വിനോദം ടിവി പരിപാടികള്‍ കാണുന്നതിലായിരുന്നു. അവസാന കാലത്ത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ടെലിവിഷന്‍ പരിപാടികള്‍ പേഴ്‌സണ്‍ ഓഫ് ഇന്ററസ്റ്റും ഇന്ത്യന്‍ ഐഡലുമായിരുന്നു. വീട്ടില്‍ തന്നെയുണ്ടാക്കുന്ന ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കുടുംബസ്ഥനായിരുന്നു അദ്ദേഹം. എല്ലാ രാത്രികളിലും ഞാന്‍ അദ്ദേഹത്തിനുള്ളതും എനിക്കുള്ളതുമായ ഭക്ഷണം പാക്ക് ചെയ്യും. അദ്ദേഹത്തിന് ഭക്ഷണം പാക്ക് ചെയ്യുന്നത് ഇഷ്ടമായിരുന്നില്ല. അങ്ങനെ ചെയ്യാത്തതിന് അദ്ദേഹം തമാശയായി വിശദീകരണം നല്‍കുമായിരുന്നു. ‘അത്താഴം ഞാനാണ് പാക് ചെയ്യുന്നതെങ്കില്‍ ഞാന്‍ പിന്നീടെന്താണ് കഴിക്കാന്‍ പോകുന്നതെന്ന് എനിക്ക് അറിയാന്‍ സാധിക്കും. നീയാണ് പാക്ക് ചെയ്യുന്നതെങ്കില്‍ ആ അത്ഭുതകാര്യം എനിക്ക് മുന്നിലുണ്ടാകും.’ അതോടൊപ്പം ‘നീയെനിക്ക് ഭക്ഷണം തന്ന് സന്തോഷിപ്പിച്ചു. അതിനാല്‍ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ’യെന്ന് തെലുങ്കിലും പറയുമായിരുന്നു. അദ്ദേഹത്തില്‍ നിന്നും പല സുഹൃത്തുക്കള്‍ക്കും ലഭിച്ചത് ഇതായിരുന്നു.

ഭക്ഷണ സമയത്ത് അദ്ദേഹം അക്ഷമയോടെ എപ്പോഴും കാത്തിരുന്ന വ്യക്തി അര്‍ണാബ് ഗോസ്വാമിയായിരുന്നു. ചാനലില്‍ അദ്ദേഹം പ്രത്യക്ഷപ്പെടാന്‍ അദ്ദേഹം ആ സമയത്ത് കാത്തിരിക്കുമായിരുന്നു.

അദ്ദേഹത്തിന് കുഞ്ഞുങ്ങളെ വളരെ ഇഷ്ടമായിരുന്നു. എല്ലാ കുട്ടികളുമായും അദ്ദേഹം പെട്ടെന്ന് കൂട്ടാകുമായിരുന്നു. ഞങ്ങളുടെ കുടുംബത്തെ വിപുലപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും ഞങ്ങള്‍ ആരംഭിച്ചിരുന്നു. അതിനായി ഒരാഴ്ച മുമ്പ് ഒരു ഡോക്ടറെ കാണുകയും ചെയ്തു. ഞങ്ങള്‍ക്ക് കൃത്രിമ ബീജസങ്കലനം ആവശ്യമായി വരികയാണെങ്കില്‍ അതിലേക്കായി പണം സ്വരൂപിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഞങ്ങളുടെ ആ സ്വപ്‌നം ഇനി അസാധ്യമാണെന്ന് തിരിച്ചറിഞ്ഞാണ് ഞാന്‍ ഇതെഴുതുന്നത്. ഞങ്ങളുടെ ഒരു കുട്ടി ഉണ്ടായിരുന്നെങ്കില്‍ എന്ന്ക് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നു, ആ കുഞ്ഞില്‍ ശ്രീനിവാസിനെ കാണാമെന്നും അവനെ ശ്രീനിയെ പോലെ വളര്‍ത്താമായിരുന്നു എന്നും ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു.

ചുറ്റിലും സംഭവിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ശ്രദ്ധാലുവായിരുന്നു. അതോടൊപ്പം ഇന്ത്യയെക്കുറിച്ചും നരേന്ദ്ര മോദിജിയെക്കുറിച്ചും അഭിമാനമായിരുന്നു. ഇന്ത്യയെ തിളങ്ങുന്നതാക്കാന്‍ പര്യാപ്തനായ ഒരു നേതാവിനെ ഒടുവില്‍ ലഭിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അതിനെ അസാധ്യമായി കാണാന്‍ സാധിക്കില്ലായിരുന്നു, കാരണം വാര്‍ത്താ ചാനലുകള്‍ കാണാതെയും നിരവധി പത്രങ്ങള്‍ വായിക്കാതെയും അദ്ദേഹം ഉറങ്ങാന്‍ പോകുന്നത് ഞാന്‍ കണ്ടിട്ടില്ല.

ശുഭാപ്തി വിശ്വാസത്തിന്റെ ചുരുക്കനാമമായിരുന്നു ശ്രീനു. അതായിരുന്നു അദ്ദേഹത്തിന്റെ ആപ്തവാക്യം. അദ്ദേഹം തന്റെ ബിരുദാന്തര ബിരുദത്തിനായി ഡിജിറ്റല്‍ സിഗ്നല്‍ പ്രോസസിംഗും ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗും തെരഞ്ഞെടുത്തത് എന്തിനാണെന്ന് ഞാന്‍ ഒരിക്കല്‍ ചോദിച്ചിട്ടുണ്ട്. ‘ഡിഗ്രിക്ക് തനിക്ക് ഏറ്റവും കുറവ് മാര്‍ക്ക് ആ വിഷയങ്ങള്‍ക്കാണ് ലഭിച്ചതെന്നും എന്തുകൊണ്ടാണ് ആ വിഷയങ്ങള്‍ക്ക് മാര്‍ക്ക് കുറഞ്ഞതെന്ന് തനിക്ക് അറിയണം’ എന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ മറുപടി. അതായിരുന്നു അദ്ദേഹത്തിന്റെ ശുഭാപ്തി വിശ്വാസം.

സുഷമ സ്വരാജ് വിദേശകാര്യ മന്ത്രിയായതില്‍ അദ്ദേഹം അതീവ സന്തുഷ്ടനായിരുന്നു. അത്രയും ധൈര്യവതിയും മനശ്ശക്തിയുമുള്ള സ്ത്രീയാണ് അവര്‍. ആവശ്യക്കാര്‍ക്ക് വേണ്ടി അവര്‍ എത്രപെട്ടെന്നാണ് ഇടപെടലുകള്‍ നടത്തുന്നത്. അത്തരക്കാരില്‍ ഒരാളായി താനും മാറുമെന്ന് ഒരിക്കലും അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകില്ല. എങ്കിലും എന്റെ ശ്രീനിയെ അറിയാവുന്നതിനാല്‍ പറയാനാകും, ഈ പ്രതിസന്ധി ഘട്ടത്തില്‍ തന്റെ കുടുംബത്തെ സഹായിച്ച താങ്കളെക്കുറിച്ച് അദ്ദേഹം അഭിമാനിക്കുന്നുണ്ടാകും. ഒരിക്കല്‍ കൂടി ഞാന്‍ മാഡത്തിന് നന്ദി പറയുന്നു. അതോടൊപ്പം അങ്ങയെയും മോദിയെയും നേരില്‍ കണ്ട് അദ്ദേഹത്തിന്റെ മരണാനന്തരമുള്ള കാര്യങ്ങള്‍ പങ്കുവയ്ക്കണമെന്നും ആഗ്രഹിക്കുന്നു.

അദ്ദേഹം എല്ലാക്കാലത്തും ഇമിഗ്രേഷനും അതിന്റെ നിയമങ്ങളെയും കുറിച്ച് ആശങ്കപ്പെട്ടിരുന്നു. ഇന്റര്‍നെറ്റ് വഴി അദ്ദേഹം പ്രവാസികളെ വളരെ അടുത്ത് പിന്തുടരാറുണ്ടായിരുന്നു. ഞങ്ങള്‍ അമേരിക്കയില്‍ സ്ഥിരതാമസ വിസയ്ക്ക് വേണ്ടി അപേക്ഷിച്ച നാളുകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. അതിന് എത്രകാലത്തേക്ക് ഞങ്ങള്‍ കാത്തിരുന്നെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. വ്യോമയാന മേഖലയിലെ തന്റെ അതീവ താല്‍പര്യം ഉപയോഗിക്കാന്‍ ആരെങ്കിലും തന്നെ സഹായിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. എച്ച്4 ഇഎഡി നിയമത്തെക്കുറിച്ച് അദ്ദേഹം സൂക്ഷ്മമായി പരിശോധിച്ചിരുന്നു. നിയമം പാസാക്കിക്കിട്ടാന്‍ തന്നെക്കൊണ്ട് ആവുന്നത് ചെയ്യണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. അത് എനിക്ക് വേണ്ടി മാത്രമായിരുന്നില്ല. പകരം സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയായിരുന്നു. ‘നാനി നിനക്കിപ്പോള്‍ ജോലിയുണ്ട്. അത് നമുക്ക് പണത്തിന് വേണ്ടിയല്ല, പകരം നിന്റെ സ്വന്തം സ്വപ്‌നങ്ങളെ പിന്തുടരുന്നതിനും നിന്റെ മാതാപിതാക്കള്‍ക്ക് നിന്നെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നാനുമാണ്’. എന്ന് അദ്ദേഹം ഇടക്കിടെ എന്നെ ഓര്‍മ്മിപ്പിക്കുമായിരുന്നു.

അദ്ദേഹത്തിന്റെ അച്ഛന് ചെറിയ ശമ്പളമുള്ള ജോലിയായിരുന്നു. മൂന്ന് ആണ്‍മക്കളില്‍ നടുവിലത്തെ ആളായിരുന്നു അദ്ദേഹം. ആണ്‍മക്കളെയൊക്കെ ഇപ്പോഴത്തെ നിലയിലാക്കാന്‍ തന്റെ പിതാവ് എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറയാത്ത ഒരുദിസം പോലും അദ്ദേഹത്തിനുണ്ടാകുമായിരുന്നില്ല. അദ്ദേഹം തന്റെ മാതാപിതാക്കള്‍ക്ക് ധാരാളം നല്‍കിയിട്ടുമുണ്ട്. എനിക്ക് ഉറപ്പുണ്ട് ശ്രീനു, താങ്കള്‍ അവര്‍ക്ക് അഭിമാനമേ നല്‍കിയിട്ടുള്ളൂ. താങ്കള്‍ ഞങ്ങളെ വിട്ടുപോയില്ലായിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സഹോദരന് അദ്ദേഹം സ്‌നേഹമുള്ള സഹോദരന്‍ തന്നെയായിരുന്നു. പ്രത്യേകിച്ചും ഇളയ സഹോദരനെ സഹോദരന്‍ എന്നതിലുപരി മകനായാണ് അദ്ദേഹം കണ്ടിരുന്നത്. 2015ല്‍ അനുജന്‍ വിവാഹിതനായപ്പോള്‍ അദ്ദേഹം എത്ര സന്തോഷിച്ചതാണ്.

മൂന്ന് മക്കളും എത്രമാത്രം വികൃതികളായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ എന്നോട് പറഞ്ഞ് അറിയാം. അവര്‍ ചിരിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അഞ്ച് മിനിറ്റത്തേക്ക് പരസ്പരം വഴക്കടിക്കുകയും വീട്ടിലുള്ള സാധനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ അച്ഛന്‍ വളരെ കണിശക്കാരന്‍ ആയിരുന്നു. മക്കള്‍ വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. പലപ്പോഴും നിര്‍ബന്ധിച്ച് പഠിക്കാനിരുത്തുന്ന അദ്ദേഹത്തിന് മക്കളുടെ പുറകെ അതിന് വേണ്ടി നടക്കേണ്ടിയും വന്നിട്ടുണ്ട്. ചേട്ടനും അനിയനും ആദ്യമേ രക്ഷപ്പെടുമ്പോള്‍ ശ്രീനു ഏറ്റവും പിന്നിലായി പോകുകയും മൂന്ന് സഹോദരന്മാര്‍ക്കും കൂടിയുള്ള ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്യുമായിരുന്നു.

ഞാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞതുപോലെ ഒരാള്‍ മരിച്ച സാഹചര്യമുണ്ടായപ്പോള്‍ രണ്ട് പേരും ഒരുപോലെ വേദനിക്കുന്ന സാഹചര്യം കൂടിയാണുണ്ടായത്. ഞങ്ങള്‍ ഇവിടെ വന്നത് ഞങ്ങളുടെ സ്വപ്‌നങ്ങള്‍ നേടുന്നതിനാണ്. നമ്മള്‍ നന്നായി ചിന്തിച്ചാല്‍, നമുക്കും നല്ലതേ വരൂവെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. എല്ലാദിവസവും ഉറങ്ങുന്നതിന് മുമ്പ് എന്നെ ഗാഢമായി കെട്ടിപ്പിടിച്ച് ഈ ഉറപ്പുതരുമായിരുന്നു. ശ്രീനു, എനിക്ക് ഇപ്പോഴും ആ ഗാഢമായ ആലിംഗനം ലഭിക്കുന്നുണ്ട്. പക്ഷെ എനിക്ക് ഉറങ്ങാനാകുന്നില്ല. എനിക്ക് ലോകത്തില്‍ യാതൊരു വിഷമങ്ങളും സംഘര്‍ഷങ്ങളുമില്ലാതെ ഉറങ്ങാനാകുന്ന ഒരു സ്ഥലമേയുണ്ടായിരുന്നുള്ളൂ.

കെന്‍സാസ് സിറ്റി എയര്‍പ്പോര്‍ട്ടില്‍ ആളുകള്‍ എന്നെ തിരിച്ചറിയുകയും കെട്ടിപ്പിടിക്കുകയും ചെയ്തപ്പോള്‍ എനിക്ക് പലരിലും കാരുണ്യം കാണാന്‍ സാധിച്ചു. അവിടെ വച്ച് പരിചയപ്പെട്ട ഒരു ത്വക് രോഗ വിദഗ്ധ എന്നോട് പറഞ്ഞത് ഞാന്‍ അവരുടെ ജീവിതത്തിന്റെ ല്ക്ഷ്യം തന്നെ മാറ്റിമറിച്ചുവെന്നാണ്. വിദ്വേഷമില്ലാത്ത സ്‌നേഹം മാത്രമുള്ള ഒരു ലോകത്തെ സ്വപ്‌നം കാണുമ്പോള്‍ ഇത് ആദ്യ വിജയമായിരിക്കും.

ഒരു പുസ്തകം എഴുതി പൂര്‍ത്തിയാക്കണമെന്ന് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നു. പക്ഷെ താങ്കളെയും താങ്കള്‍ ഇവിടെ നിറയ്ക്കാന്‍ ശ്രമിച്ച സ്‌നേഹത്തെയും കുറിച്ച് പറയാന്‍ അത് മതിയാകില്ലെന്ന് തോന്നുന്നു. ഒരു വൈകുന്നേരം ഞാന്‍ ഒരു ഭാര്യ എന്ന നിലയില്‍ നിന്നും ഒരു വിധവയായി തീര്‍ന്നുവെന്ന് എന്നെത്തന്നെ മനസിലാക്കിക്കാന്‍ ശ്രമിക്കുകയാണ് ഞാനിപ്പോള്‍. ശ്രീനു നീയെന്നില്‍ നിറച്ച കാര്യങ്ങള്‍ ഞാന്‍ മറ്റുള്ളവരിലേക്ക പകരുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. ഞാനൊരിക്കലും നിന്നെ നിരാശപ്പെടുത്തില്ല. എന്റെ എല്ലാ പ്രധാനപ്പെട്ട മെയിലുകളുടെയും എഡിറ്റര്‍ നീയായിരുന്നില്ലേ, ഇപ്പോഴിതാ ആദ്യമായി അത്തരമൊന്ന് ഞാന്‍ തനിയെ ചെയ്യുന്നു.

ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, നീയെന്നും എന്റേത് തന്നെയായിരിക്കും.

ഒരു ചായകുടിക്കാമെന്ന് പറയുമ്പോള്‍ നീ വീട്ടിലേക്ക് എത്തുമെന്ന് ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു. എനിക്ക് ഉത്തരം കിട്ടാത്ത ധാരാളം ചോദ്യങ്ങളുണ്ട്. അതിനെല്ലാം നീ ഉത്തരം നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ആ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കിട്ടാന്‍ നിന്റെ പുതിയ വീട്ടില്‍ ഞാന്‍ എത്തണമെന്ന് എനിക്കറിയാം. ആ സമയം എപ്പോഴാണ് എത്തിച്ചേരുകയെന്ന് എനിക്കറിയില്ല.

ഈ നഷ്ടത്തിനിടയിലും നമ്മെ സഹായിച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഗര്‍മിന്‍ കമ്പനിയോടും അതിന്റെ ജീവനക്കാരോടും ഞാന്‍ നന്ദി പറയുന്നു. എന്നെ സംസാരിക്കാന്‍ അനുവദിച്ചതിനും എന്റെ ശ്രീനിവാസിനെ നിങ്ങള്‍ക്ക് പരിചയപ്പടുത്താന്‍ അനുവദിച്ചതിനുമാണ് ആ നന്ദി.

എന്റെ ഭര്‍ത്താവിനെക്കുറിച്ച് നല്ല വാക്കുകളും കമ്പനിയ്ക്ക് അദ്ദേഹം ചെയ്ത സംഭാവനകളെക്കുറിച്ചും പറഞ്ഞ ഗര്‍മിന്‍ സിഇഒ ക്ലിഫ് പെമ്പിളിനും ഞാന്‍ ഈ അവസരത്തില്‍ നന്ദി പറയുന്നു. അദ്ദേഹത്തിന് അന്തിമ ഉപചാരങ്ങള്‍ അര്‍പ്പിക്കാന്‍ താങ്കള്‍ എത്തിയപ്പോള്‍ അദ്ദേഹം അനുഭവിച്ചിട്ടുണ്ടാകാന്‍ സാധ്യതയുള്ള സന്തോഷം വര്‍ണിക്കാന്‍ എനിക്ക് വാക്കുകള്‍ ലഭിക്കുന്നില്ല. അദ്ദേഹം കമ്പനിക്ക് എത്രമാത്രം പ്രധാനപ്പെട്ടതായിരുന്നുവെന്ന് അതെനിക്ക് വ്യക്തമാക്കി തന്നു. ദിദിയര്‍, ഡേവ്, ഫില്‍, പാട്രിക്, ഗര്‍മിന്‍ ലീഗല്‍ ടീം, എച്ച് ആര്‍ ടീം, അദ്ദേഹത്തിന്റെ അനുശോചന ചടങ്ങില്‍ ഓഡിറ്റോറിയത്തില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും നിങ്ങളുടെ പിന്തുണയ്ക്കുള്ള നന്ദി അറിയിക്കുന്നു.

എത്രകാലം എടുത്താലും മടങ്ങിവരുമ്പോള്‍ ജോലിയില്‍ തുടരാമെന്ന് എന്നോട് വാക്ക് പറഞ്ഞ ഇന്‍ടച്ച് സൊല്യൂഷന്‍സ് സിഇഒ ഫ്രാങ്കിനും ഞാന്‍ നന്ദി അറിയിക്കുന്നു. വീട്ടില്‍ വന്നതിനും ഈ സന്ദേശം വ്യക്തിപരമായി എന്നെ അറിയിച്ചതിനും നന്ദി. എന്നോട് ഖേദമറിയിക്കാന്‍ എത്തിയ കറ്റേമ, ഡേവിഡ് തുടങ്ങിയ ഇന്‍ടച്ച് സൊല്യൂഷന്‍സിന്റെ എല്ലാ ജീവനക്കാര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു.

മേയറുടെ നല്ല വാക്കുകള്‍ക്കും നന്ദി. വീട്ടില്‍ വന്നതിനും ആശ്വസിപ്പിച്ചതിനും നന്ദി. ഞങ്ങള്‍ ആവശ്യപ്പെട്ട സ്വകാര്യത അനുവദിച്ചതിനും നന്ദി. എനിക്കായി താങ്കള്‍ ചെയ്തതെല്ലാം സഭാംഗം യോദറും സെനറ്റര്‍ മോറനും പറഞ്ഞ് അറിയാന്‍ കഴിഞ്ഞു. എന്നോടുള്ള അങ്ങയുടെ ശ്രദ്ധയ്ക്ക് നന്ദി. ശ്രീനുവിന്റെ ആഗ്രങ്ങളെല്ലാം പൂര്‍ത്തിയാകുന്നത് എനിക്ക് കാണണം. അതാണെനിക്ക് അദ്ദേഹത്തിന് വേണ്ടി ചെയ്യാനുള്ളത്. അതിനാണ് ഞാന്‍ അമേരിക്കയിലേക്ക് മടങ്ങിവരുന്നത്.

കേസില്‍ നന്നായി തന്നെ ഇടപെടുകയും കുറ്റക്കാരനെ കണ്ടെത്തുകയും ചെയ്ത ഡിറ്റക്ടീവുമാര്‍ക്കും ജില്ലാ അറ്റോണി സ്റ്റീവിനും നന്ദി പറയുന്നു. നിങ്ങള്‍ നീതി ഉറപ്പാക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

ശ്രീനുവിനെ ചികിത്സിക്കുകയും അദ്ദേഹത്തെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ പരമാവധി ശ്രമിക്കുകയും ചെയ്ത മെഡിക്കല്‍ സംഘത്തിനും നന്ദി അറിയിക്കുന്നു. നിങ്ങളുടെ ശ്രമങ്ങള്‍ വിജയിച്ചിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെയെങ്കില്‍ ഇപ്പോള്‍ അദ്ദേഹവും നമുക്കൊപ്പമുണ്ടാകുമായിരുന്നല്ലോ.

എന്റെ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച ഇയാന്‍ ഗ്രില്ലറ്റിന്റെ ധൈര്യത്തെ എത്രയൊക്കെ പറഞ്ഞാലും മതിയാകില്ല. സ്വന്തം ജീവന്‍ പോലും നോക്കാതെ അദ്ദേഹം നടത്തിയ നല്ല പ്രവര്‍ത്തിക്കും നന്ദി. ഞാന്‍ ഒലേതില്‍ മടങ്ങിയെത്തുമ്പോള്‍ താങ്കളെ വ്യക്തിപരമായി കാണാന്‍ ആഗ്രഹിക്കുന്നു. താങ്കളും താങ്കളുടെ പ്രവര്‍ത്തിയും വിദ്വേഷമല്ല, സ്‌നേഹമാണ് പരത്തേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുന്നു.

ഞങ്ങളുടെ വീട്ടില്‍ വരുകയും ശ്രീനിവാസിന്റെ ആത്മാവിന് വേണ്ടി പ്രാര്‍ത്തിക്കുകയും ചെയ്ത എല്ലാ വിഭാഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നു. ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ട് പണിത വീട്ടിലേക്ക് തന്നെ അവന്റെ മൃതദേഹം അയയ്ക്കാന്‍ തയ്യാറായ ഫ്യൂണറല്‍ വീടിനും നന്ദി. എനിക്ക് തന്ന വാത്സല്യത്തിനും നന്ദി.

ഞങ്ങളുടെ സ്വകാര്യത മാനിച്ച് ഞങ്ങളെ ശല്യപ്പെടുത്താതിരുന്ന മാധ്യമങ്ങള്‍ക്കും നന്ദി, എല്ലാവര്‍ക്കും നന്ദി, നിങ്ങളുടെ ജോലിയുമായി മുന്നോട്ട് പോകുക. ബിബിസി കറസ്‌പോണ്ടന്റ് രജനി വൈദ്യനാഥന് ഒരു പ്രത്യേക പരാമര്‍ശം കൂടി.

സത്യ നദെല്ല, കമല ഹാരസ് എന്നിവരുടെ ട്വീറ്റുകളിലൂടെയുള്ള പിന്തുണയ്ക്കും നന്ദി. ഞങ്ങള്‍ക്ക് അത് വളരെ വലുതായിരുന്നു. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണമെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ്, സുന്ദര്‍ പച്ചെ, സത്യ നദെല്ലെ എന്നിവരോടെല്ലാം ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് സ്‌നേഹം പ്രചരിപ്പിക്കാനും വെറുപ്പ് ഇല്ലാതാക്കാനും കഴിയട്ടെ. ഇന്ന് ഗര്‍മിണിന്റെ ഒരു ജീവനക്കാരന്‍ നാളെ നിങ്ങളുടെയേതെങ്കിലും ജീവനക്കാര്‍ ആകാതിരിക്കട്ടെ. എന്റെ ഭര്‍ത്താവും കുടുംബവും പോയതുപോലെ ആരും പോകരുതെന്നാണ് എന്റെ ആഗ്രഹം.

നടപടിക്രമങ്ങള്‍ വേഗതയിലാക്കിയ കണ്‍സുലര്‍ ജനറല്‍ ഓഫീസര്‍മാര്‍ക്കും നന്ദി.

അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ യാതൊരു കുഴപ്പവും കൂടാതെ നാട്ടിലെത്തിക്കാന്‍ സഹായിച്ച തെലുങ്കാന സര്‍ക്കാരിനും നന്ദി. കൂടാതെ ഇന്ത്യയിലെ മാധ്യമങ്ങളോടും ഞങ്ങളുടെ സ്വകാര്യത അനുവദിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

അമിതാഭ് ബച്ചന്‍ സാര്‍, താങ്കളുടെ സിനിമയിലെ പാട്ടുകള്‍ക്കൊപ്പിച്ചു നൃത്തം ചെയ്യാതെ ഒരു   ഒരു പാര്‍ട്ടി പോലും ഞങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല.  എന്റെ ഭര്‍ത്താവിന് ആറ് അടി രണ്ട് ഇഞ്ച് പൊക്കവും എനിക്ക് അഞ്ചടി പൊക്കവും ഉള്ളതിനാല്‍ ചില സുഹൃത്തുക്കള്‍ ഞങ്ങളെ അമിതാഭ് എന്നും ജയ എന്നുമാണ് വിളിക്കാറ് എന്നും പറയട്ടേ. അഭിഷേകിനെയും ശ്വേതയെയും പോലെ ഉയരമുള്ളവരായിരിക്കും നമ്മുടെ മക്കളെന്ന് എന്റെ ഭര്‍ത്താവ് എപ്പോഴും പറയുമായിരുന്നു. ഷാരൂഖ് ഖാന്‍ സാര്‍, അദ്ദേഹം സാറിന്റെ കടുത്ത ആരാധകനായിരുന്നു. അങ്ങയുടെ ഏറ്റവും പുതിയ ചിത്രമായ റായീസ് കാണാനായിരിക്കുകയായിരുന്നു. സ്‌നേഹത്തെക്കുറിച്ചുള്ള സന്ദേശം പകരാനും വിദേശത്ത് ജോലി ചെയ്യുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും ആത്മവിശ്വാസം പകരാനും ഞാന്‍ താങ്കളുടെ പിന്തുണയും ആഗ്രഹിക്കുന്നു.

ഞാനും അതേ ചോദ്യങ്ങള്‍ തന്നെ ആവര്‍ത്തിക്കുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് ഒരാള്‍ നല്ലയാളോ ചീത്തയാളോ എന്ന് തീരുമാനിക്കുന്നത്? അവരുടെ തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തിലാണോ? പലരും പലപ്പോഴും ഉന്നയിച്ചിട്ടുള്ള ചോദ്യം തന്നെയാണ് ഇത്. എന്നാല്‍ മനുഷ്യ മനസിലെ വെറുപ്പില്‍ നിന്നുയരുന്ന ഏറ്റുമുട്ടലുകള്‍ എല്ലായ്‌പ്പോഴും ആവര്‍ത്തിക്കപ്പെടുന്നു. വെറുപ്പിന്റെ ഈ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്.

എല്ലാ കുടിയേറ്റക്കാരുടെയും മനസിലെന്താണെന്ന് പറയൂ. നമുക്കിവിടെ ജീവിക്കണ്ടേ? ഇതാണോ നാം സ്വപ്‌നം കണ്ട രാജ്യം? നമ്മുടെ കുടുംബത്തിനും കുട്ടികള്‍ക്കും വളരാനും സുരക്ഷിതമാണോ ഇത്?

-സുനയന ദുമാല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍