UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുഎസ് എങ്ങനെയാണ് വംശീയാക്രമണങ്ങള്‍ തടയാന്‍ പോകുന്നതെന്ന് കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ ഭാര്യ

“എന്റെ രാജ്യത്ത് നിന്ന് പുറത്ത് പോ, ഭീകരവാദികളേ” എന്ന് പറഞ്ഞാണ് ആഡം പ്യൂരിന്‍ടണ്‍ വെടിവയ്പ് നടത്തിതെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്ക എങ്ങനെയാണ് വംശീയാക്രമണങ്ങള്‍ തടയാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്ന് വെടിവയ്പില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരന്‍ ശ്രീനിവാസ് കുചിബോട്ട്‌ലയുടെ ഭാര്യ. കന്‍സാസിലെ ഒലാത്തേയില്‍ ഒരു ബാറിലുണ്ടായ വംശീയാക്രമണത്തിലാണ് ശ്രീനിവാസ് കൊല്ലപ്പെട്ടത്. അമേരിക്കയില്‍ പുതിയ സാഹചര്യത്തില്‍ എത്രത്തോളം സുരക്ഷയുണ്ടാവുമെന്ന കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും ശ്രീനിവാസ് സമാധാനിപ്പിക്കുകയായിരുന്നെന്നും ഭാര്യ സുനയന ദുമല പറയുന്നു. ജിപിഎസ് കമ്പനിയായ ഗാര്‍മിനിലാണ് ശ്രീനിവാസ് ജോലി ചെയ്തിരുന്നത്. കന്‍സാസില്‍ കമ്പനി സംഘടിപ്പിച്ച വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു സുനയന ദുമല. യുഎസ് നേവി മുന്‍ ഉദ്യോഗസ്ഥനായിരുന്ന ആഡം പ്യൂരിന്‍ടണാണ് വെടിവയ്പ് നടത്തിയത്.

അമേരിക്കയില്‍ നിലവിലെ സാഹചര്യങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഞങ്ങള്‍ ഈ നാടിന്റെ ഭാഗമാണോ എന്ന കാര്യത്തില്‍ എനിക്ക് പലപ്പോഴും സംശയം തോന്നുന്നുണ്ട്. ഇതിന് യുഎസ് ഗവണ്‍മെന്റില്‍ നിന്ന് ഉത്തരം വേണം. വംശീയ വിദ്വേഷത്തിന്റെ ഭാഗമായുള്ള ഇത്തരം അക്രമങ്ങളും കുറ്റകൃത്യങ്ങളും തടയാന്‍ യുഎസ് ഗവണ്‍മെന്റ് എന്ത് നടപടി സ്വീകരിക്കാന്‍ പോകുന്നു എന്ന കാര്യം അറിയാന്‍ താല്‍പര്യമുണ്ട്. അമേരിക്കയില്‍ പതിവായ വെടിവയ്പുകളില്‍ വലിയ ആശങ്കയുണ്ടെന്നും സുനയന പറഞ്ഞു.

“എന്റെ രാജ്യത്ത് നിന്ന് പുറത്ത് പോ, ഭീകരവാദികളേ” എന്ന് പറഞ്ഞാണ് ആഡം പ്യൂരിന്‍ടണ്‍ വെടിവയ്പ് നടത്തിതെന്നാണ് റിപ്പോര്‍ട്ട്. പ്യൂരിന്‍ടണ്‍ അനാവശ്യ വാഗ്്വാദം ഉണ്ടാക്കുകയായിരുന്നു എന്നാണ് പറയുന്നത്. ശ്രീനിവാസ് അടക്കമുള്ളവരെ അപമാനിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കത്തിലേയ്ക്ക് നയിച്ചത്. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പ്യൂരിന്‍ടണ്‍ ബാറിന് പുറത്തേയ്ക്ക് പോവുകയും തോക്കുമായി തിരിച്ച് വന്ന ഇവര്‍ മൂന്ന് പേരെ ലക്ഷ്യം വച്ച് വെടിവയ്പ് നടത്തുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.

എന്തുകൊണ്ടാണ് വെടിവച്ചത് എന്ന് പ്യൂരിന്‍ടണ്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് പൊലീസ് എഫ്ബിഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരുകയാണ്. അതേസമയം ഇതൊരു വംശീയക്രമണമാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. എഫ്ബിഐ ഇക്കാര്യം പരിശോധിച്ച് വരുകയാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന് ദൃക്‌സാക്ഷികളായ ബാര്‍ ജീവനക്കാരന്‍ അടക്കമുള്ള വ്യക്തികള്‍ പറയുന്നത് ഇതൊരു വംശീയാക്രമണമാണെന്നാണ്.

ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനുപം ശ്രീനിവാസിന്റെ കുടുംബത്തിന് സഹായം നല്‍കുന്നുണ്ട്. വെടിവയ്പില്‍ പരിക്കേറ്റ ശ്രീനിവാസിന്‌റെ സഹപ്രവര്‍ത്തകന്‍ അലോക് മദസനിയേയും കോണ്‍സല്‍ ജനറല്‍ കണ്ടു. ഇയാന്‍ ഗ്രില്ലറ്റ് എന്ന അമേരിക്കക്കാരനും വെടിവയ്പില്‍ പരിക്കേറ്റിരുന്നു. കുചിബോട്‌ലയും മദസാനിയും തെലങ്കാന സ്വദേശികളാണ്. കുചിബോട്‌ല ഹൈദരാബാദുകാരനും മദസാനി വാറങ്കല്‍ സ്വദേശിയുമാണ്. ഗാര്‍മിന്‍ കമ്പനിയുടെ എവിയേഷന്‍ സിസ്റ്റംസ് എഞ്ചിനിയറിംഗ് ടീമിലെ അസോസിയേറ്റുകളാണ് ഇരുവരും.

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍