UPDATES

സിനിമ

ദിലീപ് നായകനായി മഞ്ജു വാര്യര്‍ നിര്‍മിക്കുന്ന സിനിമ ഞാന്‍ ചെയ്യേണ്ടതായിരുന്നു; സുന്ദര്‍ ദാസ്/അഭിമുഖം

Avatar

 സുന്ദര്‍ ദാസ്/ ജിഷ ജോര്‍ജ്

സല്ലാപം 100 ദിവസം പിന്നിട്ട സമയമാണ്. ഒരു വിമന്‍സ് കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കേണ്ടി വന്ന സംവിധായകന്‍ സുന്ദര്‍ദാസിനു നേരെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നും ഒരു ചോദ്യം വന്നു; ‘ലോഹിതദാസിന്റെ ശക്തമായ തിരക്കഥ, രാമചന്ദ്ര ബാബുവിന്റെ ക്യാമറ, ജോണ്‍സന്റെ സംഗീതം, ദിലീപ്, മഞ്ജു വാര്യര്‍, മനോജ് കെ ജയന്‍ എന്നിവരുടെ അഭിനയം. അങ്ങനെയൊരു ചിത്രത്തില്‍ സുന്ദര്‍ ദാസ് എന്ന സംവിധായകന് എന്താണ് പ്രധാന്യം?’ 

മറ്റനേകം ചോദ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഈയൊരു ചോദ്യം ആരാണ് ഒരു സംവിധായകന്‍ എന്ന ഉത്തരത്തിലേക്ക് നമ്മളെ കൊണ്ടെത്തിക്കിക്കുകയാണെന്നു സുന്ദര്‍ദാസ്.

ലോഹിതദാസ് ശക്തമായ സാഹിത്യ ഭാഷ്യം കൊടുത്ത തിരക്കഥ, രാമചന്ദ്രബാബു എന്ന പ്രതിഭ ക്യാമറയില്‍ ഒപ്പിയെടുത്ത ദൃശ്യഭംഗികള്‍, സംഗീത പ്രധാന്യമുള്ള ചിത്രത്തില്‍ ജോണ്‍സണ്‍ ഒരുക്കിയ മനോഹര ഗാനങ്ങള്‍, അഭിനേതാക്കളുടെ പ്രകടനം; ഒറ്റയ്ക് അവതരിപ്പിക്കപ്പെടുമ്പോള്‍ ഇവയൊന്നും സിനിമ ആവില്ല. സാഹിത്യത്തിനും സംഗീതത്തിനും നൃത്തത്തിനും അഭിനയത്തിനുമൊക്കെ സംവിധായകന്‍ ചലചിത്ര ഭാഷ്യം കൊടുക്കുമ്പോഴാണ് സിനിമ ഉണ്ടാവുന്നത്. അതു തന്നെയാണ് എത്ര പ്രതിഭകളെ ഉള്‍ക്കൊള്ളുന്ന ഒരു സിനിമയിലും സംവിധായകനുള്ള പ്രാധാന്യം.

മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പുതിയ ദിലീപ് ചിത്രവുമായി തിരിച്ചു വരവു നടത്തിയിരിക്കുന്ന സംവിധായകന്‍ സുന്ദര്‍ദാസ് തന്റെ കാല്‍ നൂറ്റാണ്ട് പിന്നിട്ട സിനിമാ ജീവിതവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും പങ്കു വയ്ക്കുന്നു.

ജിഷ: രണ്ടു സിനിമകള്‍ക്കിടയില്‍ ഉണ്ടാവുന്ന ഇടവേളകളുടെ യഥാര്‍ത്ഥ കാരണം എന്താണ്? നല്ല സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണോ? അതോ താരങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണോ? അതോ മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍?

സുന്ദര്‍ദാസ്; ഒരു സിനിമ രൂപപ്പെടുന്നതിലേക്ക് എത്തിക്കുന്ന ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. അതു തുടങ്ങുന്നത് കഥാപാത്ര സൃഷ്ടിയില്‍ തന്നെയാണ്. അനുയോജ്യരായ അഭിനേതാക്കളെ പിന്നീട് കണ്ടെത്തുന്നു. എന്നെ സംബന്ധിച്ചിടത്തോളം അതിനു കുറച്ചു സമയം വേണ്ടി വരും. ഒരു സിനിമ പൂര്‍ത്തിയാക്കി അതിന്റെ റിലീസിനു ശേഷം മാത്രമെ സാധാരണയായി അടുത്തതിനെക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങാറുള്ളു. എന്റെ സിനിമകള്‍ക്കിടയില്‍ കാലതാമസം വരുന്നതിന് ഒരുപക്ഷെ അതും ഒരു കാരണമാവാറുണ്ട്.

ജി: സിബിമലയില്‍ – ലോഹിതദാസ്, സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍, ഷാജി കൈലാസ്- രണ്‍ജി പണിക്കര്‍; സിനിമയിലെ വിജയസഖ്യങ്ങളാണ്. തിരക്കഥയുടെ മേഖലയില്‍ കൈവയ്ക്കാത്ത സംവിധായകനാണ് താങ്കള്‍. ഇങ്ങനെ ഒരു സ്ഥിരം എഴുത്തുകാരന്‍ ഇല്ലാതിരുന്നത് ഒരു പോരായ്മയായോ സിനിമകള്‍ വൈകുന്നതിനു കാരണമായോ തോന്നിയിട്ടുണ്ടോ?

സു: പരസ്പരം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സംവിധായകന്‍, തിരകഥാകൃത്ത്, ക്യാമറാമാന്‍ കൂട്ടുകെട്ടുകള്‍ തീര്‍ച്ചയായും നല്ല സിനിമകളെ സൃഷ്ടിക്കാറുണ്ട്. എന്നാല്‍ സ്ഥിരം കൂട്ടുകെട്ടുകള്‍ ഇന്ന് അത്ര സജീവമല്ല. ഇന്നു സംവിധായകര്‍ തേടുന്നതു പുതുമകള്‍ നല്‍കുന്ന എഴുത്തുകാരെയാണ്. നവാഗതരായ എഴുത്തുകാര്‍ കൂടുതല്‍ സ്വീകരിക്കപ്പെടുന്നതിനു കാരണമാതാണ്. സ്ഥിരം കോമ്പിനേഷനുകള്‍ ഒരു പരിധി വരെ സൃഷ്ടിക്കുന്ന ആവര്‍ത്തന വിരസത പുതിയ എഴുത്തുകാരോടും ക്യാമറമാന്‍മാരോടും ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ ഒഴിവാക്കാം.

ജി: താങ്കളുടെ സിനിമാപ്രവേശനത്തിന് വളരെയധികം സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു ലോഹിത ദാസ്. നിങ്ങള്‍ക്കിരുവര്‍ക്കുമിടയില്‍ വല്ലാത്തൊരു ആത്മബന്ധമുണ്ടായിരുന്നു. എങ്കിലും ലോഹിതദാസ് എന്ന എഴുത്തുകാരനെ സുന്ദര്‍ദാസ് എന്ന സംവിധായകന് അധികം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല?

സു: ലോഹിയുടെ വളരെ ശക്തമായൊരു തിരക്കഥയിലൂടെയാണു ഞാന്‍ സംവിധായകനായി മാറുന്നത്. രണ്ടാമതൊരു ചിത്രം ഉണ്ടായില്ല. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, ഒരു സിനിമയുടെ രൂപീകരണത്തിലേക്ക് ഒരുമിച്ച് എത്തിച്ചേരേണ്ട ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. അങ്ങനെ ചിലതു കൂടിച്ചേരാഞ്ഞതു കൊണ്ടാണ് ലോഹിയുമായി മറ്റൊരു ചിത്രം പിന്നീട് പുറത്തു വരാതിരുന്നത്. ലോഹി മരിക്കുന്നതിന് ഏതാനും നാള്‍ മുന്‍പ് പഴയ സല്ലാപം ടീം അംഗങ്ങള്‍ വീണ്ടും ഒരുമിച്ചുകൊണ്ടുള്ള ഒരു പ്രോജക്ട് പ്ലാന്‍ ചെയ്തിരുന്നു. മഞ്ജു വാര്യര്‍ നിര്‍മിച്ച് ദിലീപ് നായകനാവുന്ന ഒരു സിനിമ. അതിനുവേണ്ടി മഞ്ജുവും ദിലീപും ലോഹിയുടെ ആലുവയിലുള്ള വീട്ടില്‍ വച്ച് അഡ്വാന്‍സ് വരെ കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ അകാലത്തില്‍ ഉണ്ടായ ലോഹിയുടെ മരണം എല്ലാ പ്രതീക്ഷകളും തകര്‍ത്തു. പിന്നീട് മറ്റൊരു സിനിമയെ കുറിച്ച് ചിന്തിക്കാന്‍ എനിക്കും കുറെ സമയം വേണ്ടി വന്നു.

ജി: 2002-ല്‍ പുറത്തിറങ്ങിയ കുബേരനുശേഷം താങ്കളും ദിലീപുമായി ചേര്‍ന്ന് ചെയ്യുന്ന സിനിമയാണ് വെല്‍കം ടു സെന്‍ട്രല്‍ ജയില്‍’. എന്തൊക്കെയാണ് പുതിയ സിനിമയുടെ വിശേഷങ്ങള്‍?

സു: ഈ ഉത്സവകാലത്ത് ആഘോഷിക്കാനുള്ള ഒരു ദിലീപ് എന്റര്‍ട്രയിനര്‍ ആണ് വെല്‍കം ടു സെന്‍ട്രല്‍ ജയില്‍. എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന രീതിയില്‍ വളരെ മനോഹരമായ നര്‍മരംഗങ്ങള്‍ കോര്‍ത്തിണക്കി ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ഒരുക്കിയിരിക്കുന്ന സിനിമ. ദിലീപ് എന്ന നടന്റെ എല്ലാ സാധ്യതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അജു വര്‍ഗ്ഗീസ്, ഷറഫുദ്ദീന്‍, രണ്‍ജി പണിക്കര്‍, സിദ്ദിക്ക് തുടങ്ങി പല ജനറേഷനുകളിലെ അഭിനേതാക്കള്‍ ചിത്രത്തില്‍ ഉണ്ട്. ബേണി ഇഗ്‌നേഷ്യസും നാദിര്‍ഷയുമാണ് സംഗീതം. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയും ഹരിനാരയണനുമാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. അഴകപ്പന്റെ ക്യാമറയില്‍ വളരെ മനോഹരമായ ദൃശ്യങ്ങള്‍ അവതരിപ്പിക്കുന്ന ഒരു ഓണം ഫാമിലി എന്റര്‍ട്രയിനറായി പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം.

ജി: സിനിമയില്‍ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് നര്‍മ്മം. നര്‍മ്മപ്രാധാന്യമുള്ള ചിത്രങ്ങള്‍ ഒരുക്കുമ്പോള്‍ എന്തൊക്കെ വെല്ലുവിളികള്‍ ഉണ്ടാവാറുണ്ട്?

സു: സിനിമയിലെ ഹാസ്യം സ്ഥായി അല്ല. നേരെ മറിച്ച് വിരഹം, പ്രതികാരം, പ്രണയം, ദുഖം ഈ വികാരങ്ങളുടെയൊക്കെ അവതരണത്തിന് പൊതുസ്വഭാവമുണ്ട്. നര്‍മം അതില്‍ നിന്നും വ്യത്യസ്തമാണ്. ഒരു തലമുറയെ മുഴുവന്‍ ചിരിപ്പിച്ച അടൂര്‍ ഭാസിയുടെ ഹാസ്യത്തെ പിന്നീട് വന്ന തലമുറയ്ക്ക് സ്വീകരിക്കാന്‍ പറ്റിയിട്ടില്ല. ഹാസ്യം എന്നത് എഴുതി വച്ചിരിക്കുന്ന സ്‌ക്രിപ്റ്റില്‍ നിന്നും നടന്റെ സംഭാഷണത്തിലും ശരീരഭാഷയിലും കൂടി പുറത്ത് വരുമ്പോഴാണ് പ്രേക്ഷകനില്‍ ചിരിയുണ്ടാക്കുന്നത്. ‘ജാവ പവര്‍ഫുള്ളാണ്’ എന്ന ഡയലോഗില്‍ പ്രത്യേകിച്ച് നര്‍മം ഇല്ല, പക്ഷെ അത് തീയേറ്ററില്‍ ഉയര്‍ത്തിയ ചിരിയിലാണ് സംവിധായകന്റെയും നടന്റെയും വിജയം.

മലയാള സിനിമയില്‍ ശ്രീനിവാസന്‍, സിദ്ധിക്-ലാല്‍ എന്നിവരൊക്കെ ആക്ഷേപഹാസ്യവും കോമഡിയും വളരെ നന്നായി അവതരിപ്പിച്ചിട്ടുള്ളവരാണ്. ഇന്നത്തെ ഹാസ്യം കൂടുതല്‍ വെര്‍ബല്‍ ആണെന്ന് പറയാം. ഒരു സന്ദര്‍ഭം സൃഷ്ടിക്കുന്ന നര്‍മത്തെക്കാള്‍ വെര്‍ബല്‍ കോമഡിയ്ക്ക് പ്രാധാന്യം കൂടിയിട്ടുണ്ട്.

ജി: ഹാസ്യ നടന്‍മാരെ എന്നും അങ്ങനെ തന്നെ കാണുകയാണ് പ്രേക്ഷകരെന്നു തോന്നിയിട്ടുണ്ടോ? ടി എ റസാഖിന്റെ തിരക്കഥയില്‍ താങ്കള്‍ സംവിധാനം ചെയ്ത ‘ആകാശം’ എന്ന സിനിമയില്‍ ഹരിശ്രീ അശോകന്‍ ആയിരുന്നു പ്രധാന വേഷം ചെയ്തത്. ഗൗരവമുള്ളൊരു കഥാപാത്രം. ആ സിനിമ വേണ്ടത്ര ശ്രദ്ധിക്കപെടാതെ പോയി. കാസ്റ്റിങ്ങിലെ പിഴവാണോ കാരണം?

സു: ആകാശം ഒരു സ്‌കീസൊഫ്രീനിക്കിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു. ഹാസ്യ വേഷങ്ങളില്‍ തിളങ്ങുന്ന നടനാണെങ്കിലും അശോകന്‍ തന്റെ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചു. ചടുലതയുള്ള സംഭാഷണവും ചലനങ്ങളുമുള്ള അശോകന്‍ അദ്ദേഹത്തിന്റെ ശരീര ഭാഷയൊക്കെ വളരെ നിയന്ത്രിച്ചാണ് ആ സിനിമയില്‍ അഭിനയിച്ചത്. സലിം കുമാറും ജഗതി ശ്രീകുമാറുമെല്ലാം ഇത്തരം വൈവിധ്യങ്ങളുള്ള വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. മാര്‍ക്കറ്റിംഗ് എന്നത് സിനിമയില്‍ ഒഴിവാക്കാനാവാത്ത സംഗതി തന്നെയാണ് എന്നു ബോദ്ധ്യപ്പെട്ടത് ആകാശത്തിനുശേഷമാണ്. കലാമൂല്യം കുറഞ്ഞതുകൊണ്ടല്ല, വിപണിമൂല്യം കുറഞ്ഞതുകൊണ്ട് പരാജയപ്പെട്ട സിനിമ ആയിരുന്നു ‘ആകാശം’.

ജി: കലാഭവന്‍ മണിയെ മലയാളിക്കു കിട്ടുന്നത് സല്ലാപത്തിലൂടെയണ്. ‘ചെത്തുകാരന്‍ രാജപ്പ’നില്‍ നിന്ന് തുടങ്ങി ‘കണ്ണിനും കണ്ണാടിക്കും’ എന്ന ചിത്രത്തിലെ ‘പ്രാവ്’ വരെ. താങ്കളുടെ മിക്ക സിനിമകളിലും സാന്നിദ്ധ്യമായിരുന്ന മണി എന്ന നടനെ എങ്ങനെ ഓര്‍ക്കുന്നു?

സു: സംവിധായകനും തിരകഥാകൃത്തും ചേര്‍ന്ന് രൂപപ്പെടുത്തുന്ന കഥാപാത്രത്തിനു ചില അഭിനേതാക്കള്‍ സൂക്ഷ്മമായ ചില ഭാവങ്ങള്‍ നല്‍കാറുണ്ട്. വളരെയധികം നിരീക്ഷണപാടവവും പ്രതിഭയുമുള്ള കലാകാരന്മാര്‍ക്ക് മാത്രമെ അത് സാധിക്കുകയുള്ളു. മമ്മൂട്ടി, മോഹന്‍ലാല്‍, നെടുമുടി വേണു, ശങ്കരാടി തുടങ്ങിയ പ്രതിഭാധനരായ അത്തരം അഭിനേതാക്കളുടെ നിരയിലാണ് ഞാന്‍ മണിയെ കാണുന്നത്. പ്രതിഭാസമ്പന്നനായ കലാകാരനായിരുന്നു. ഒരേ വേഷം തന്നെ പത്തു സിനിമകളില്‍ പത്തു രീതിയില്‍ അഭിനയിക്കാന്‍ പറഞ്ഞാല്‍ മണിക്ക് സാധിക്കുമായിരുന്നു. പക്ഷെ മണി സ്വയം തന്റെ കഴിവു പരിമിതപ്പെടുത്തി ചില വേഷങ്ങളിലേക്ക് ചുരുങ്ങുകയാണ് ഉണ്ടായതെന്നാണ് എനിക്ക്  തോന്നുന്നു.

ജി: പൃഥ്വിരാജിനെയും കാവ്യ മാധവനെയും നായികാ, നായകന്മാരാക്കി താങ്കള്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘കഥ’. എന്നാല്‍ അതിനോട് അനുബന്ധിച്ചുണ്ടായ ചില തര്‍ക്കങ്ങള്‍ കൊണ്ട് ആ സിനിമയുടെ റിലീസ് തടസ്സപ്പെട്ടു എന്ന് കേട്ടിട്ടുണ്ട്. ഒരുപാട് പേരുടെ അദ്ധ്വാനത്തിന്റെ ഫലമായ ഒരു കലാസൃഷ്ടി ഈ വിധത്തിലുള്ള തര്‍ക്കങ്ങളും സംഘടനാപോരുകളും കൊണ്ട് നശിപ്പിക്കപെടുന്നതിനെ പറ്റി എന്തു പറയുന്നു?

സു: ഒരു സിനിമ സംവിധായകന്റെ സൃഷ്ടിയാണെന്നാണു പൊതുവില്‍ പറയാറുള്ളത്. പക്ഷെ അതില്‍ സംവിധായകനും നിര്‍മാതാവിനും അവരവരുടെതായ അധികാരങ്ങള്‍ ഉണ്ട്. ചിത്രീകരണം പൂര്‍ത്തിയായ ഒരു സിനിമ എന്ത് ചെയ്യണം എന്ന് നിര്‍മ്മാതാവിനു തീരുമാനിക്കാം. ഇവിടെ കഥ എന്ന സിനിമയോട് ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. സിനിമയുടെ സെന്‍സറിംഗ് എന്നെ അറിയിച്ചില്ല. ഒടുവില്‍ ഒരു ഓണക്കാലത്ത് ആ ചിത്രം മിനി സ്‌ക്രീനില്‍ വരുന്നതായുള്ള പരസ്യങ്ങള്‍ കാണുമ്പോഴാണ് തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാതെ ആ ചിത്രം നേരിട്ട് ചാനലില്‍ റിലീസ് ചെയ്യുന്നതായി അറിയുന്നത്. പിന്നീട് കൂടുതല്‍ വിവാദങ്ങള്‍ക്ക് താത്പര്യം ഇല്ലായിരുന്നതുകൊണ്ട് അതുമായി ബന്ധപ്പെട്ട മറ്റു നടപടികള്‍ക്ക് ഞാന്‍ മുതിര്‍ന്നില്ല.

പക്ഷെ ഒരു കലാകാരനൊടുള്ള ബഹുമാനം, മനുഷ്യത്വം എന്നീ പരിഗണനകള്‍ വച്ച് തന്റെ സിനിമയ്ക്ക് എന്ത് സംഭവിക്കുന്നു എന്ന് ഒരു സംവിധായകനെ അറിയിക്കാനുള്ള ബാദ്ധ്യത ബന്ധപ്പെട്ടവര്‍ക്കുണ്ട് എന്ന് കരുതുന്നു.

ജി: സല്ലാപം എന്ന സിനിമ പുറത്തിറങ്ങിയിട്ട് ഇരുപത് വര്‍ഷം പിന്നിട്ടിട്ടും ദിലീപിന്റെയും മഞ്ജു വാര്യരുടെയും കലാഭവന്‍ മണിയുടെയും മികച്ച വേഷങ്ങളായി ഇന്നും പ്രേക്ഷകര്‍ സല്ലാപത്തെ ഓര്‍ക്കുന്നുണ്ട്. കരിയറില്‍ ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയിരിക്കുന്ന മഞ്ജു വാര്യരുമായി ചേര്‍ന്ന് ഒരു സിനിമ പ്രതീക്ഷിക്കമോ?

സു: മഞ്ജു വളരെ കഴിവുള്ള ഒരു ആര്‍ട്ടിസ്റ്റാണ്. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം അതൊരു വെല്ലുവിളിയാണ്. അവരുടെ കഴിവിനെ ഉള്‍ക്കൊള്ളിക്കാവുന്ന ഒരു സബ്ജക്ട് ലഭിച്ചാല്‍ അങ്ങനെ ഒരു സിനിമ തീര്‍ച്ചയായും ഉണ്ടാവും.

നീണ്ട ഇടവേളകള്‍ തരുന്ന അനുഭവങ്ങള്‍ സ്വന്തം കഴിവിനെ ഉടച്ചുവാര്‍ക്കാനും പരുവപ്പെടുത്താനും കലാകാരന്മാരെ സഹായിക്കാറുണ്ട്. പ്രവചനാതീതമായ ഒരു ഭാവിയെ സ്വന്ത പ്രതിഭകൊണ്ട് കീഴ്‌പ്പെടുത്താനുള്ള ഊര്‍ജ്ജവും അങ്ങനെയാണവര്‍ സ്വായത്തമാക്കുക. അങ്ങനെയൊരു രീതിയില്‍ സിനിമകളെ സമീപിക്കുന്ന സുന്ദര്‍ ദാസില്‍ നിന്നും ഇനിയും മികച്ച ചിത്രങ്ങള്‍ ഉണ്ടാവട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് ജിഷ ജോര്‍ജ്)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍