UPDATES

സിനിമ

നല്ല സിനിമകളുടെ അരികിലായൊരാള്‍: സുനില്‍ ഇബ്രാഹിം/അഭിമുഖം

സ്‌റ്റോറിവൈബ്‌സ് എന്ന സംരംഭത്തിലൂടെ കഥാകൃത്തുക്കളെ സിനിമയിലേക്ക് കൈപിടിച്ചു കയറ്റാനും സുനില്‍ തയ്യാറാവുന്നു

തീവ്രമായി ആഗ്രഹിച്ചതിനെ യാഥാര്‍ഥ്യമാക്കാന്‍ ഈ പ്രപഞ്ചം മുഴുവന്‍ കൂടെനില്‍ക്കും എന്ന പൗലോ കൊയ്‌ലോയുടെ വാക്കുകളെ ഓര്‍മ്മിപ്പിക്കുന്നു സുനില്‍ ഇബ്രാഹിം എന്ന ചെറുപ്പക്കാരന്റെ സിനിമാജീവിതം. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കാതെ, ഒരു സംവിധായകന്റെയും കീഴില്‍ പ്രവര്‍ത്തിക്കാതെ എന്തിന്, ഒരു സിനിമ ഷൂട്ടിങ് പോലും കാണാതെ സിനിമയെന്ന സ്വപ്നലോകത്തേക്ക് കയറിച്ചെല്ലുകയും, ചെയ്ത സിനിമകളിലൂടെ പ്രേക്ഷകരുടെയും സിനിമാ മേഖലയുടെയും ശ്രദ്ധയും ഇഷ്ടവും നേടുകയും ചെയ്‌തൊരാള്‍.

പ്ലസ്ടുവില്‍ പഠനം നിര്‍ത്തി നാട്ടില്‍ തന്നെ കുറച്ചുകാലം ബില്‍ഡിങ് കോണ്‍ട്രാക്റ്റും മാര്‍ക്കറ്റിങ് രംഗത്തും ഒക്കെയായി ജോലി ചെയ്ത്, പിന്നീട് ഗള്‍ഫ് പ്രവാസിയായി കഴിയുമ്പോഴും സിനിമ എന്ന സ്വപ്നം ഉള്ളില്‍ കെടാതെ സൂക്ഷിച്ച സുനില്‍ ഏറെ ഹോം വര്‍ക്കുകള്‍ ചെയ്താണ് തന്റെ മോഹത്തിലേക്ക് എത്തിയത്. അതൊരിക്കലും സിനിമ എന്ന മായിക ലോകത്തിന്റെ പകിട്ടുകളില്‍ തിളങ്ങി നില്‍ക്കാന്‍ വേണ്ടി ആയിരുന്നില്ല. ചലച്ചിത്രം എന്ന കലാരൂപത്തിന്റെ സാധ്യതകളെ കുറിച്ചുള്ള ബോധ്യം കൊണ്ടായിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍ കീഴിനടുത്ത് പെരുമാതുറ മാടന്‍വിള ഗ്രാമത്തില്‍ നിന്നും മലയാള സിനിമയിലേക്ക് നടന്നെത്തിയ സുനിലിന്റെ സ്വപ്നങ്ങളില്‍ ബോക്‌സ് ഓഫീസ് ഹിറ്റുകളോ അവാര്‍ഡ് പടങ്ങളോ ഇല്ല, നല്ല സിനിമകള്‍ മാത്രമേയുള്ളൂ. സ്ഥിരം ശൈലികളില്‍ നിന്ന് മാറിയുള്ള പരീക്ഷണങ്ങള്‍ കൂടിയാണ് സുനിലിന്റെ സിനിമ. ‘ചാപ്‌റ്റേഴ്‌സ്’ ‘അരികില്‍ ഒരാള്‍’ ‘ഓലപ്പീപ്പി’ എന്നീ ചിത്രങ്ങളും ജീവിതത്തില്‍ ഇന്ന് വരെ ക്യാമറക്ക് മുന്നില്‍ നിന്നിട്ടില്ലാത്ത കുറെ ചെറുപ്പക്കാരെ അഭിനേതാക്കളാക്കിക്കൊണ്ട് പ്രദര്‍ശനത്തിന് ഒരുങ്ങി നില്‍ക്കുന്ന ‘Y’ സിനിമയും. ഉള്ളില്‍ സിനിമാക്കഥകളുമായി നടക്കുന്നവര്‍ക്ക് അവസരം ഒരുക്കാന്‍ വേണ്ടിയുള്ള ‘സ്‌റ്റോറി വൈബ്‌സ്’ എന്ന സംരംഭവുമൊക്കെ സ്ഥിരമായി ഒരേ ചാലില്‍ ഒഴുകുന്ന മലയാള സിനിമയില്‍ പുതിയ തുറവുകള്‍ വെട്ടാനുള്ള ഒരു സിനിമാപ്രേമിയുടെ ആത്മാര്‍ത്ഥമായ ശ്രമം കൂടിയാണ്.

തന്റെ സിനിമ ജീവിതത്തെ കുറിച്ചും, സിനിമ സങ്കല്‍പ്പങ്ങളെക്കുറിച്ചും സുനില്‍ ഇബ്രാഹിം ങ്കുവെച്ച കാര്യങ്ങള്‍.

നജീബ്: കുഞ്ഞുന്നാള്‍ മുതല്‍ സിനിമ ഒരു മോഹമായിരുന്നു എന്നു പറഞ്ഞു. വീട്ടില്‍ അങ്ങനെ കലാപരമായുള്ള പാരമ്പര്യമോ, ചെറുപ്പം മുതല്‍ സര്‍ഗ്ഗപരമായ ഇടപെടലുകളോ?
സുനില്‍: എന്റെ ബാപ്പയെ അടുത്ത കൂട്ടുകാരൊക്കെ വിളിക്കുന്നത് ‘എലപ്പേ’ എന്നാണ്. ബാപ്പ ചെറുപ്പത്തില്‍ നാടകങ്ങളില്‍ ഒക്കെ അഭിനയിക്കുമായിരുന്നു. അങ്ങനെ ഒരു നാടകത്തില്‍ ബാപ്പ അഭിനയിച്ച് ഹിറ്റായ കഥാപാത്രത്തിന്റെ പേരാണ് ‘എലപ്പ’. അതേ പോലെ മൂത്താപ്പായുടെ മക്കളൊക്കെ നാടകത്തില്‍ അഭിനയിക്കുമായിരുന്നു. എന്നാല്‍ ഉമ്മായുടെ കുടുംബം കുറച്ചുകൂടി മതചിട്ടകളില്‍ ഒതുങ്ങി ഉള്ളവര്‍ ആയിരുന്നു. അതുകൊണ്ടു തന്നെ പ്ലസ് ടു കഴിഞ്ഞ ഉടനെ ഞാന്‍ തിരുവനന്തപുരത്തെ ഒരു ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും സിനിമാ പഠിക്കാന്‍ പ്രോസ്‌പെക്ട് ഒക്കെ വാങ്ങിയെങ്കിലും വീട്ടില്‍ കാണിക്കാന്‍ ധൈര്യം ഉണ്ടായില്ല.

അതിനു മുമ്പ് തന്നെ ഞാനും അനുജന്‍ സുഹൈലും കഥകള്‍ എഴുതുമായിരുന്നു. മറ്റാരെയും കാണിക്കാന്‍ ധൈര്യമില്ലാതെ ഞങ്ങള്‍ എഴുതി ഞങ്ങള്‍ തന്നെ വായിച്ചു കീറിക്കളഞ്ഞ ഒരുപാട് കഥകള്‍. പിന്നെ പഠിക്കുമ്പോള്‍ മിമിക്‌സ് പരേഡ്, നാടകം ഇതിലൊക്കെ സജീവമായിരുന്നു.

ന: ഗള്‍ഫ് പ്രവാസി ആയിരുന്ന ഒരാള്‍ മലയാള സിനിമാ സംവിധായകരില്‍ അപൂര്‍വ്വമാണ് എന്നു തോന്നുന്നു. ഗള്‍ഫ് ജീവിതവും ജോലിയും സിനിമാരംഗത്തേക്ക് വരാന്‍ സഹായകരമായിരുന്നോ?
സു: 2005 മുതല്‍ 4 വര്‍ഷം ആയിരുന്നു ദുബായില്‍ എന്റെ ഗള്‍ഫ് പ്രവാസം. ആ സമയത്താണ് കൈരളി ചാനലിനുവേണ്ടി ‘നിനവ്’ എന്നൊരു പ്രോഗ്രാം ചെയ്യുന്നത്. ദുബായില്‍ ഉള്ള മുപ്പതോളം സംഗീത തത്പരരെയും ഗായകരെയും ഉള്‍പ്പെടുത്തി എഴുപതുകളിലെയും എണ്‍പതുകളിലെയും റൊമാന്റിക് മെലഡികള്‍ ആണ് അതില്‍ അവതരിപ്പിച്ചത്. ചെയ്ത 13 എപ്പിസോഡുകളെ കുറിച്ചും നല്ല അഭിപ്രായം ആയിരുന്നു. അന്ന് എമിറേറ്റ്‌സില്‍ ജോലി ചെയ്തിരുന്ന നിഷ ആയിരുന്നു ആ പ്രോഗ്രാമിന്റെ അവതാരക. അവരോടും ഭര്‍ത്താവ് ജോസഫിനോടും ഉള്ള സൗഹൃദമാണ് അവര്‍ Whiz media എന്ന സ്ഥാപനം തുടങ്ങാനും എന്നെ അതിന്റെ ചുമതലക്കാരന്‍ ആക്കാനും കാരണമാകുന്നത്. നല്ല രീതിയില്‍ നടന്ന ആ സ്ഥാപനത്തിലൂടെ ഞങ്ങള്‍ക്ക് ഒട്ടേറെ പരസ്യങ്ങളും ടെലിഫിലിമുകളും ഒക്കെ ചെയ്യാന്‍ പറ്റി. ഇന്നും ദുബായില്‍ അറിയപ്പെടുന്നൊരു മീഡിയ അഡ്വര്‍ടൈസിംഗ് സ്ഥാപനമാണ് ‘ Whiz media ‘ എന്നത് സന്തോഷകരമാണ്. അവിടെ ഉണ്ടായിരുന്ന രണ്ടു വര്‍ഷമാണ് എന്നിലെ സിനിമ മോഹിക്ക് വെള്ളവും വളവും ആകുന്നത്. സിനിമ ചെയ്യാനുള്ള മോഹം കൊണ്ടാണ് ഞാന്‍ 2009 ല്‍ ദുബായ് ഉപേക്ഷിച്ചു നാട്ടിലേക്ക് പോരുന്നത്. ദുബായില്‍വെച്ച് കിട്ടിയ സൗഹൃദങ്ങളും സപ്പോര്‍ട്ടും മറക്കാനാവില്ല.

ന: സംവിധായകന്‍ എന്ന സ്വപ്നം എങ്ങനെയാണ് യാഥാര്‍ഥ്യമാകുന്നത്? അതും മലയാള സിനിമ മേഖലയില്‍ ഒരു മുന്‍ പരിചയവും ഇല്ലാതെ?
സു: ദുബായില്‍ ഉള്ള സമയത്താണ് ‘അരികില്‍ ഒരാള്‍’ എന്ന സിനിമയുടെ കഥ എഴുതുന്നത്. പിന്നീട് പ്രവാസം ഒഴിവാക്കി നാട്ടില്‍ വന്നു ‘വൈബ് സോണ്‍’ എന്ന ഒരു പരസ്യക്കമ്പനി തുടങ്ങി. ഒരു മിനിറ്റ് പോലും ഇല്ലാത്ത ഒരു പരസ്യ ചിത്രം ചെയ്യാനും സിനിമയെ പോലെ എല്ലാ ശ്രമങ്ങളും ഉണ്ട്. ആ അനുഭവങ്ങള്‍ നല്‍കിയ ആത്മവിശ്വാസം ആണ് സ്വന്തമായി ഒരു സിനിമയിലേക്ക് എത്തിക്കുന്നത്.

ന: പക്ഷെ ആദ്യ സിനിമ ‘അരികില്‍ ഒരാള്‍’ അല്ല ‘ചാപ്‌റ്റേഴ്‌സ്’ ആണ്?
സു: ദുബായില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ദില്‍ജിത് ഗോരെയും പാലക്കാട് എഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ച ദില്‍ജിത്തിന്റെ കൂട്ടുകാരും ചേര്‍ന്ന് ‘ക്യാമ്പസ് ഓക്‌സ്’ എന്നൊരു കൂട്ടായ്മ ഉണ്ടാക്കി അവര്‍ ഒരു സിനിമ നിര്‍മ്മിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്ന സമയത്ത് അവര്‍ക്ക് വേണ്ടിയാണ് ‘ചാപ്‌റ്റേഴ്‌സ്’ ന്റെ കഥ പറയുന്നത്. അവരുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ ഷെഫീര്‍ സേട്ടിന് ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ വളരെ ഇഷ്ടപ്പെടുകയും അദ്ദേഹം അത് നിര്‍മ്മിക്കാനുള്ള താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. അങ്ങനെ ഷെഫീര്‍ സേട്ടും ക്യാമ്പസ് ഓക്‌സും കൂടെയാണ് എന്റെ സംവിധാന മോഹം സാധ്യമാക്കുന്നത്.

ന: എങ്ങനെ ഉണ്ടായിരുന്നു പ്രേക്ഷകരിലും സിനിമാരംഗത്തും ഈ സിനിമയോടുള്ള പ്രതികരണം?
സു: സാധാരണയില്‍ നിന്നും വ്യത്യസ്തമായ കഥയും ആഖ്യാന രീതിയും സിനിമയെ ഗൗരവപൂര്‍വ്വം കാണുന്ന പ്രേക്ഷകര്‍ സന്തോഷപൂര്‍വ്വമാണ് സ്വീകരിച്ചത്. അന്ന് നിവിന്‍ പോളി താരമായി ഉയര്‍ന്നിട്ടില്ല. എന്നിട്ട് പോലും ‘ചാപ്‌റ്റേഴ്‌സ്’ ശ്രദ്ധിക്കപ്പെട്ടു. വര്‍ഷങ്ങളായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന നിലയില്‍ സിനിമാരംഗത്ത് ഏറെ പരിചയക്കാരുള്ള ഷെഫീര്‍ സേട്ടിന്റെ സിനിമ ആയതു കൊണ്ട് സിനിമാ മേഖലയില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിച്ചത്. കമല്‍ സാറും ആഷിഖ് അബുവും അടക്കം സിനിമ കാണുകയും വിളിച്ചു നല്ല അഭിപ്രായം പറയുകയും ചെയ്തു.

ന: രണ്ടാമതയാണ് ‘അരികില്‍ ഒരാള്‍’ ചെയ്യുന്നത്. മലയാളത്തില്‍ ഇത്തരം തീമുകള്‍ ഉള്ള സിനിമ അപൂര്‍വ്വമാണ് എന്ന് തോന്നുന്നു?
സു: ‘അരികില്‍ ഒരാള്‍’ മനുഷ്യ മനഃശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു സബ്ജക്ട് ആയിരുന്നു. സിനിമയെ ഗൗരവമായി കാണുന്ന ഒട്ടേറെ പേര്‍ ഈ ചിത്രത്തെ കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്. ‘അരികില്‍ ഒരാള്‍’ തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരു പ്രൊഡ്യൂസര്‍ താല്പര്യം പ്രകടിപ്പിക്കുകയും കുറച്ചു കൂടി മാറ്റങ്ങളോടെ തമിഴില്‍ ഈ സിനിമ തുടങ്ങി വെച്ചതുമാണ്. ദൗര്‍ഭാഗ്യവശാല്‍ നിര്‍മ്മാതാവിനുണ്ടായ ചില പ്രയാസങ്ങള്‍ കാരണം ഇപ്പോഴും പാതിവഴിയില്‍ ആണ് ആ ചിത്രം.

ന: ‘ഓലപ്പീപ്പി’ സുനിലിന്റെ ‘വൈബ്‌സോണ്‍ മൂവീസ്’ ആണ് നിര്‍മ്മാണം. ആ സിനിമയെ കുറിച്ച്?
സു: ‘ചാപ്‌റ്റേഴ്‌സി’ ന്റെയും ‘അരികില്‍ ഒരാള്‍’ ന്റെയും ക്യാമറാമാന്‍ ആയിരുന്ന കൃഷ് കൈമള്‍ ആണ് ‘ഓലപ്പീപ്പി’ സംവിധാനം ചെയ്തത്. പ്രൊഡ്യൂസര്‍ എന്ന സ്ഥാനത്ത് എന്റെ പേരാണെങ്കിലും ഞാന്‍ ഒറ്റയ്ക്കല്ല ആ സിനിമ നിര്‍മ്മിച്ചത്. ഒരുപാട് പേര്‍ ചെറുതും വലുതുമായ തുകകള്‍ തന്നു സഹകരിച്ചാണ് ആ സിനിമ ഉണ്ടാകുന്നത്. ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച പലരും പ്രതിഫലം പോലും വാങ്ങാതെയാണ് കൂടെ നിന്നത്. ‘ഓലപ്പീപ്പി’ ഒരു സാമ്പത്തിക വിജയം ആയിരുന്നെങ്കില്‍ ഇങ്ങനെ കൂട്ടായ്മയിലൂടെ നല്ല സിനിമകള്‍ നിര്‍മ്മിക്കാം എന്ന് ഞങ്ങള്‍ക്ക് ലോകത്തിനോട് വിളിച്ചു പറയാന്‍ സാധിക്കുമായിരുന്നു. സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ലെങ്കിലും ‘ഓലപ്പീപ്പി’ നല്ലൊരു സിനിമയായി അംഗീകരിക്കപ്പെട്ടു. കാഞ്ചന ചേച്ചിക്ക് മികച്ച സഹനടിക്കുള്ള അവാര്‍ഡ് ലഭിച്ചതുള്‍പ്പെടെ ഏറെ സന്തോഷങ്ങള്‍ നല്‍കിയ സിനിമയാണ് ‘ഓലപ്പീപ്പി’.

ന: ‘Y’ സിനിമ. പേരുപോലെ തന്നെ ഏറെ വ്യത്യസ്തതകള്‍ ഉള്ളതാണോ അവസാനമായി താങ്കള്‍ സംവിധാനം ചെയ്ത, റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രം?
സു: അതെ. സേഫ് സോണില്‍ സ്വസ്ഥമായി സ്ഥിരം ശൈലിയിലുള്ള സിനിമകള്‍ ചെയ്യാന്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല. സംവിധാനം ചെയ്ത രണ്ടു സിനിമകളും വന്‍ വിജയങ്ങള്‍ അല്ലെങ്കിലും നിര്‍മ്മാതാക്കള്‍ക്ക് നേട്ടമുണ്ടാക്കിയ സിനിമകള്‍ ആണ്. ആ ഒരു ആത്മവിശ്വാസമാണ് ‘Y’ സിനിമയിലേക്ക് എത്തിച്ചത്. ഇന്ന് വരെ സിനിമ ക്യാമറയുടെ മുന്നില്‍ പോലും നിന്നവരല്ല ഈ സിനിമയിലെ അഭിനേതാക്കള്‍ ഏറെയും. ഓഡിഷനു വന്ന ആയിരത്തോളം വീഡിയോകള്‍ പരിശോധിച്ച് അതില്‍ നിന്നും നൂറു പേരെ തെരഞ്ഞെടുത്ത് അതില്‍ നിന്ന് കണ്ടെത്തിയ നാല്‍പതോളം പേര്‍ ആണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍. അവരോടൊപ്പം ഒന്നിച്ചു താമസിച്ചും ഭക്ഷണം കഴിച്ചുമൊക്കെ ഏറെ ദിവസങ്ങള്‍ ഇടപഴകി അവരുടെ രീതികള്‍ മനസ്സിലാക്കിയാണ് കഥാപാത്രങ്ങളെ നല്‍കുന്നത്. അഭിനയിക്കാനല്ല കഥാപാത്രങ്ങളായി പെരുമാറാനാണ് ശീലിപ്പിച്ചത്. അതിന്റെ ഫലം അത്ഭുതകരമായിരുന്നു. ഈ ചിത്രത്തിന്റെ കഥയും ട്രീറ്റ്‌മെന്റും വ്യത്യസ്ത രീതിയില്‍ ആണ്. ഒരുപാട് പ്രതീക്ഷകള്‍ ഉള്ള സിനിമയാണ് ‘Y’. സംവിധായകന്‍ എന്ന നിലയില്‍ ഈ സിനിമ എനിക്ക് ഒരു വെല്ലുവിളി കൂടിയാണ്.

ന: താര സാന്നിധ്യം, അതല്ലെങ്കില്‍ പ്രേക്ഷകന് ഇഷ്ടപ്പെടുന്ന വിജയസാധ്യതയുള്ള ചില ഫോര്‍മുലകള്‍ ഇങ്ങനെയൊക്കെയാണ് മുഖ്യധാര സിനിമകള്‍ ഏറെയും പുറത്തിറങ്ങുന്നത്. മറ്റൊന്ന് ഫിലിം ഫെസ്റ്റിവലുകളും അവാര്‍ഡുകളും ലക്ഷ്യമിട്ടുകൊണ്ടുള്ള ആ രീതിയില്‍ ഉള്ള സിനിമകള്‍ ആണ്. എന്നാല്‍ ഇത് രണ്ടില്‍ നിന്നും വ്യത്യസ്തമാണ് സുനിലിന്റെ സിനിമകള്‍ എന്ന് തോന്നുന്നു. പരീക്ഷണചിത്രങ്ങള്‍ എന്ന് സുനിലിന്റെ സിനിമകളെ വിശേഷിപ്പിക്കാമോ?
സു: ഒരിക്കലും ഇല്ല. സ്ഥിരം ശൈലികളില്‍ നിന്നും മാറി ഒരു പുതുമ വേണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. വ്യത്യസ്തമായ കഥകള്‍, അവതരണ രീതി ഇതൊക്കെ കൊണ്ട് ശ്രദ്ധേയമാകുന്ന സിനിമകള്‍ ആണ് സ്വപ്‌നം. ഞാന്‍ ലോകസിനിമകള്‍ ധാരാളം കണ്ട ഒരാളല്ല. അങ്ങനെ പരന്ന വായനക്കാരനും അല്ല. മലയാള സിനിമകള്‍ ഏറ്റവും നല്ല സിനിമകള്‍ ആണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. പക്ഷെ സ്ഥിരം ശൈലിയില്‍ നിന്നുള്ള മാറ്റം വേണം. കഥകളിലും അവതരണത്തിലും ഒക്കെ പുതുമ വേണം. ഒരു സംവിധായകന്‍ എന്ന രീതിയില്‍ മലയാള സിനിമയില്‍ എന്നെ അടയാളപ്പെടുത്താന്‍ ഉതകുന്ന സിനിമകള്‍ ചെയ്യണം എന്നതാണ് ആഗ്രഹം.

ന: വിജയിച്ചവര്‍ മാത്രം കൊണ്ടാടപ്പെടുന്ന ഒരു മേഖലയല്ലേ സിനിമ. അപ്പോള്‍ ഇങ്ങനെയുള്ള ശ്രമങ്ങള്‍ക്ക് കുറെ പരിമിതികള്‍ ഇല്ലേ?
സു: തീര്‍ച്ചയായും ഒരു സിനിമ വിജയിക്കുമ്പോള്‍ അതിന്റെ സംവിധായകനും നടന്മാരും സാങ്കേതിക പ്രവര്‍ത്തകരും അടക്കം അംഗീകരിക്കപ്പെടുകയും അവര്‍ക്കത് നേട്ടമാവുകയും ചെയ്യുന്നുണ്ട്. പക്ഷെ സിനിമ പരാജയപ്പെടുമ്പോള്‍ ഏറ്റവും വലിയ നഷ്ടം വരുന്നത് പ്രധാനമായും നിര്‍മ്മാതാവിന് മാത്രമാണ്. സിനിമ ഒരു ജീവിതോപാധി കൂടിയാവുമ്പോള്‍ കൈവിട്ട ഒരു കളി കളിക്കാന്‍ ആരും തയ്യാറാവുകയില്ല. പക്ഷെ അങ്ങനെയാവുമ്പോള്‍ ഒരേ കുറ്റിക്ക് ചുറ്റും തിരിയുന്ന അവസ്ഥ വരും. എന്നെ സംബന്ധിച്ചെടുത്തോളം സിനിമ എന്റെ ജീവിതമാര്‍ഗം അല്ല. പക്ഷെ ഏറ്റവും ചെലവ് ചുരുക്കി എങ്ങനെ സിനിമകള്‍ ചെയ്യാനാവും എന്ന അനുഭവപരിചയം ഉണ്ട്. സമാന ചിന്താഗതിയും താല്പര്യവും ഉള്ള ഒരു ടീം എന്നോടൊപ്പം ഉണ്ട്. അതുകൊണ്ടു തന്നെ നിര്‍മ്മാതാവിന് മെച്ചമുള്ള നല്ല സിനിമകള്‍ ചെയ്യാനാവും എന്ന ആത്മവിശ്വാസമുണ്ട്.

ന: ‘സ്‌റ്റോറിവൈബ്‌സ്’ ഒരു വ്യത്യസ്തമായ സംരംഭം ആണല്ലോ?
സു: അതെ. മലയാള സിനിമയിലെ ഏറ്റവും വലിയ പ്രശ്‌നം നല്ല കഥകള്‍ ഇല്ലാത്തതാണ് എന്നു പറയാറുണ്ട്. സത്യത്തില്‍ സിനിമക്ക് പറ്റിയ മികച്ച കഥകള്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരുപാട് ആളുകള്‍ സിനിമയ്ക്ക് പുറത്തുണ്ട്. അവര്‍ക്ക് അത് സംവിധായകരിലേക്കോ നിര്‍മ്മാതാക്കളിലേക്കോ എത്തിക്കാന്‍ അവസരം ലഭിക്കുന്നില്ല. അതേപോലെ പുതിയ ആളുകളുടെ കഥകള്‍ കേള്‍ക്കാന്‍ സംവിധായകര്‍ക്കും ഏറെ സൗകര്യക്കുറവുകള്‍ ഉണ്ട്. ഇവിടെയാണ് ‘സ്‌റ്റോറി വൈബ്‌സ്’ പ്രസക്തമാകുന്നത്. സിനിമക്ക് പറ്റിയ ഒരു കഥ കൈയ്യിലുള്ള ഏതൊരാള്‍ക്കും ആ കഥ ഞങ്ങളോട് പറയാം. കഥ സിനിമ സാധ്യത ഉള്ളതാണെങ്കില്‍ ഞങ്ങള്‍ അത് നല്ല കഥകള്‍ തേടി നടക്കുന്ന സംവിധായകരുടെ ശ്രദ്ധയില്‍ പെടുത്തും. കഥയോ ആശയമോ മാത്രം ഉള്ള ഒരാള്‍ക്ക് അതിനെ വിപുലപ്പെടുത്താനുള്ള കഴിവില്ലെങ്കില്‍ അതിനു വേണ്ട സൗകര്യവും ചെയ്തു കൊടുക്കും. ഇതിലൂടെ പേരും മാന്യമായ പ്രതിഫലവും ലഭിക്കും എന്ന് മാത്രമല്ല. കഥകള്‍ മോഷ്ടിക്കപ്പെട്ടു എന്ന പരാതി ഉണ്ടാവുകയും ഇല്ല. ‘സ്‌റ്റോറിവൈബ്‌സി’ലൂടെ മലയാള സിനിമയിലേക്ക് കുറെ നല്ല എഴുത്തുകാരെ കൊണ്ടുവരാന്‍ കഴിയുമെന്നും അതിലൂടെ പുതുമയുള്ള പ്രമേയങ്ങള്‍ നമ്മുടെ സിനിമയില്‍ ഉണ്ടാവും എന്നുമാണ് പ്രതീക്ഷ.

ന: എന്താണ് ‘സ്‌റ്റോറി വൈബ്‌സ്’ അനുഭവം?
സു: വളരെ നല്ല കഴിവുള്ള ഒരുപാട് പേര്‍ സിനിമക്ക് പുറത്തുണ്ട് എന്നതാണ് ഞങ്ങള്‍ക്ക് ലഭിക്കുന്ന കഥകള്‍ തെളിയിക്കുന്നത്. തീര്‍ച്ചയായും ഇങ്ങനെയുള്ള ചെറുപ്പക്കാര്‍ മലയാള സിനിമയുടെ ഭാഗമാകുന്നത് ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കും.

സിനിമകളെക്കാളേറെ സംവിധായകര്‍ കൊണ്ടാടപ്പെടുന്ന ഈ കാലത്ത് ഏറെയൊന്നും മാധ്യമശ്രദ്ധ ലഭിക്കാത്ത സംവിധായകന്‍ ആണ് സുനില്‍ ഇബ്രാഹിം. സിനിമയെ ഏറെ ഗൗരവത്തോടെ കാണുകയും, വ്യത്യസ്തവും പുതുമയുള്ളതും ആയ സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന, സിനിമ ഒരു മോഹമായി കൊണ്ടുനടക്കുന്ന ഒരുപാട് സാധാരണക്കാര്‍ക്ക് അതിലേക്ക് വഴിയൊരുക്കുകയും ചെയ്യുന്ന ഈ ചെറുപ്പക്കാരനെ മലയാളികള്‍ അറിയേണ്ടതുണ്ട്.

ഒരേ വഴിയിലൂടെ ഒഴുകുന്ന മലയാള സിനിമയില്‍ പുതിയ ചാലുകള്‍ വെട്ടാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ പ്രതിനിധി കൂടിയാണ് സുനില്‍. സിനിമയുടെ വഴക്കങ്ങളും മാമൂലുകളും പരിചയമില്ലാത്ത മികച്ച സിനിമകള്‍ മാത്രം സ്വപ്നം കണ്ടു നടക്കുന്ന ഒരു കൂട്ടായ്മ. മലയാള സിനിമയില്‍ നല്ല മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ സുനിലിനും കൂട്ടുകാര്‍ക്കും സാധിക്കട്ടെ. വെറുമൊരു വിനോദോപാധി മാത്രമായി ചുരുങ്ങിപ്പോകുന്ന മലയാള സിനിമ എല്ലാ അര്‍ത്ഥത്തിലും ഒരു ജനകീയ കലാരൂപമായി മാറാന്‍ പരിശ്രമിക്കുന്ന സുനിലിനെ പോലുള്ള ചെറുപ്പക്കാരില്‍ തന്നെയാണ് മലയാള സിനിമയുടെ പ്രതീക്ഷ.

നജീബ് മൂടാടി

നജീബ് മൂടാടി

വിദേശത്ത് ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍