UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെഎല്‍ 01 ബിഡി 7993; തിരുവനന്തപുരം ആര്‍ സി സിയുടെ സ്വന്തം ഓട്ടോ!

Avatar

ഉണ്ണികൃഷ്ണന്‍ വി

കെഎല്‍ 01 ബിഡി 7993. തീരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സ്റ്റാച്യുവിലെ ഓട്ടോ സ്റ്റാന്‍ഡിലെ ഒരു ഓട്ടോയുടെ നമ്പരാണിത്. ഈ ഓട്ടോയുടെ ഓട്ടം സെക്രട്ടറിയേറ്റിന് മുന്നിലാണെങ്കിലും മാനുഷിക പരിഗണനയ്ക്ക് ഈ ഓട്ടോയില്‍ ചുവപ്പു നാടയോ മീറ്ററിന്റെ കഴുത്തറുപ്പോ ഇല്ല. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്ന വാചകം സെക്രട്ടറിയേറ്റിന്റെ ചുമരുകളില്‍ അലങ്കാരമായി മാത്രം ഇരിക്കുമ്പോള്‍ ഈ ഓട്ടോയുടെ പിന്നിലൊരു വാചകമുണ്ട്. ‘ആര്‍സിസിയിലേക്ക് പോകുന്ന നിര്‍ദ്ധനരായ രോഗികള്‍ക്കും മറ്റു അത്യാഹിതങ്ങള്‍ക്കും യാത്ര സൗജന്യം.’ ഇത് അലങ്കാരത്തിന് എഴുതി വച്ചിരിക്കുന്നതല്ല.

ഓട്ടോറിക്ഷ ഉടമ കം ഡ്രൈവറിന്റെ പേര് സുനില്‍ ജോയ്. സുനിലിന്റെ വണ്ടിയില്‍ കയറുന്ന രോഗികളില്‍ നിന്ന് മാത്രമല്ല, കയറിയ ആളുടെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് തോന്നിയാല്‍ അവരുടെ കൈയില്‍ നിന്ന് നയാപൈസ പോലും വാങ്ങില്ല ഈ മനുഷ്യന്‍.

ഓട്ടോചാര്‍ജ്ജില്‍ മാത്രം ഒതുങ്ങുന്നില്ല സുനിലിന്റെ സാമൂഹ്യസേവനം. ഓട്ടോക്കു പിന്നിലെ എഴുത്ത് കണ്ടു പലരും സംഭാവനകള്‍ കൊടുക്കാറുണ്ട്. അതെല്ലാം തരുന്നവരുടെ പേരില്‍ തന്നെ അത്യാവശക്കാരെ സഹായിക്കാനായി ഉപയോഗിക്കും. പലപ്പോഴും സ്വന്തം പോക്കറ്റില്‍ നിന്നും നല്‍കാറുണ്ട് സുനില്‍.

ഇത് വായിച്ചിട്ട് സുനിലെ പറ്റിക്കാമെന്ന് എന്ന് കരുതി ഈ ഓട്ടോയില്‍ കയറിയാല്‍.. നിങ്ങള്‍ക്ക് തെറ്റി. ഓട്ടോയില്‍ കയറുന്ന ആളിനെ അടിമുടി സുനില്‍ ശ്രദ്ധിക്കും. കൈയ്യിലിരിക്കുന്ന കിറ്റ് മുതല്‍ ധരിച്ചിരിക്കുന്ന ചെരിപ്പ്, വേഷം വരെ. ഇതെല്ലാം കണ്ടു പാവങ്ങളാണെന്നു ബോധ്യമായാല്‍ മാത്രമേ സുനില്‍ സഹായിക്കുകയുള്ളൂ.

ഇനി സുനിലിന്റെ വാക്കുകളിലൂടെ…
പണ്ടും ഞാന്‍ ഇതുപോലൊക്കെ തന്നേര്‍ന്നു, അത് പക്ഷെ ചുറ്റുവട്ടത്തും കൂട്ടുകാര്‍ക്കും വേണ്ടി മാത്രം. ഒരിക്കല്‍ അങ്ങനെ പറ്റാവുന്ന വിധത്തിലെല്ലാം സഹായിച്ച് ഒരു കക്ഷി നിസ്സാരമായ എന്തോ കാര്യത്തിനു മിണ്ടാതായി, അതോടെ അതു മതിയാക്കി.നമ്മളെ അറിയാത്തോര്‍ക്ക് വേണ്ടി എന്തേലും ചെയ്യാന്ന് വിചാരിച്ചു, സുനില്‍ പറയുന്നു.

ഇരുപതു വര്‍ഷം മുമ്പ് കുറച്ചു നാള്‍ ഞാന്‍ ആര്‍സിസിയിലെ ലാബ് അസിസ്റ്റന്റ് ആയിരുന്നു. ഒരു ഡോക്ടര്‍ ഭട്ടേരി ആയിരുന്നു അന്നുണ്ടാരുന്നത്. അങ്ങനെയാണ് ആര്‍സിസിയിലെ കാര്യങ്ങള്‍ മനസ്സിലായത്. പിന്നീടാ ജോലി കളഞ്ഞെങ്കിലും ആര്‍സിസിയെ വിട്ടില്ല. ഇപ്പൊ പതിനെട്ടു വര്‍ഷമായി ഓട്ടോ ഓടിക്കാന്‍ തുടങ്ങിയിട്ട് അന്ന് മുതല്‍ തന്നെ എഴുതി വച്ചിരിക്കുന്ന കാര്യം നടപ്പിലാക്കിയിരുന്നു… പക്ഷേ എഴുതി വച്ചിട്ട് കുറച്ചു നാളേ ആയുള്ളൂ.

ആദ്യം ഈ കാര്യം അറിഞ്ഞു സംഭാവന തന്നത് ഒരു റിട്ടയേര്‍ഡ് ഐഎഎസുകാരനായിരുന്നു. സ്ഥിരം നൈറ്റ് പോകാന്‍ നേരം ഓട്ടം വിളിക്കുന്ന അദ്ദേഹം റിട്ടേണും പിന്നെ 200 രൂപ എക്‌സ്ട്രായും തരും. ആ പൈസ ഞാന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കൊടുക്കും.

ആര്‍സിസിയുടെ സ്വന്തം വണ്ടി
ആദ്യമൊന്നും ആര്‍സിസിയുടെ വാതില്‍ക്കല്‍ , അതായതു വണ്ടി കേറി ചെല്ലുന്നിടം വരെ ഓട്ടോ കൊണ്ടു പോകാന്‍ സെക്യൂരിറ്റി സമ്മതിക്കൂലാരുന്നു. എഴുതിയതിനു ശേഷം ഓരോ പ്രാവശ്യം ചെല്ലുമ്പോഴും അവര്‍ അകത്തു കയറ്റും, ഓട്ടം പിടിച്ചു തരും. അവര്‍ക്കറിയാല്ലോ അത്യാവശ്യക്കാര്‍ ആരാണെന്ന്.

ഇപ്പൊ ആള്‍ക്കാര്‍ വിചാരിക്കുന്നത് ഇത് ആര്‍സിസിയുടെ സ്വന്തം വണ്ടിയാണ് എന്നാണ്. അത് കേള്‍ക്കുമ്പോ നമ്മക്കും ഒരു സന്തോഷാണ്,ഒരു സുഖാണ്.

ഒരുപാടു പേരുണ്ട് ഇതുപോലെ സഹായം ചെയ്യുന്നവര്‍. അവിടെ താമസിക്കാന്‍ സൗകര്യം കിട്ടാത്തവര്‍ക്ക് താമസം സൗജന്യമായി കൊടുക്കുന്നവര്‍, ഭക്ഷണം കൊടുക്കുന്നവര്‍. നമ്മടെ വണ്ടീല്‍ കേറുമ്പോ ആള്‍ക്കാരെ നമുക്ക് മനസിലാവൂലെ. അങ്ങനെ തീരെ ഗതിയില്ലാത്തോരെ സഹായം ചെയ്യുന്നവരുമായി കണക്റ്റ് ചെയ്തു കൊടുക്കും. എന്നിട്ട് നമ്മള്‍ പോരും.

വേറെയും ഓട്ടോറിക്ഷാക്കാരുണ്ട് ഇത് പോലെ ചെയ്യുന്നവര്‍. മറ്റൊരാളെ കണ്ടിട്ടാണ് അന്ന് ഞാന്‍ തുടങ്ങിയത്. ഇപ്പൊ എന്നെ കണ്ട് പലരും.ഇതിങ്ങനെ തുടര്‍ന്ന് പോകണം എന്നാണ് ആഗ്രഹം.

ഓര്‍മ്മയില്‍ മായാതെ
സഹായിക്കുന്ന ഒരുപാടു പേര്‍ ദിവസവും വണ്ടീല് കയറും. എന്നാലും ചിലരെ മറക്കാന്‍ പറ്റൂല. ഈയിടക്ക് ഗാന്ധാരി അമ്മന്‍ കോവിലില്‍ നിന്ന് ഒരു സ്ത്രീയും കുട്ടിയും കൂടി ഓട്ടം വിളിച്ച്. വേറെ ഏതോ ഓട്ടോക്കാര്‍ 150 രൂപ ചോദിച്ചു. അങ്ങനെ വേണ്ടാന്ന് വച്ച് നില്‍ക്കുമ്പോഴാണ് നമ്മടെ വണ്ടീല്‍ കേറീത്. പാലക്കാടുകാരിയാണ്, വൈദ്യുതി ഭവനില് ജോലി. ആര്‍സിസി എന്ന് പറഞ്ഞപ്പോ ഞാന്‍ മീറ്ററിട്ട് അങ്ങ് പോയി. കൂടുതല്‍ സംസാരിച്ചപ്പോ അവര്‍ ഒരു കാര്യം പറഞ്ഞു. അവര്‍ കുറച്ചു ആള്‍കാരെ സഹായിക്കുന്നുണ്ടത്രേ, മറ്റാരും ആശ്രയത്തിനില്ലാത്ത. അന്നെന്റെ കൈയിലുണ്ടാരുന്നത് 150 രൂപയാണ്. അതവര്‍ക്ക് കൊടുത്തു, അവര്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുമ്പോ ഇതൂടെ കൊടുക്കാന്‍ പറഞ്ഞു. അവരുടെ മനസിലെ നന്മ കൊണ്ട് അവര്‍ മറ്റുള്ളവര്‍ക്ക് കൂടി നല്ലത് ചെയ്യുന്നു.

ഒരാള്‍ കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് അനക്‌സിന്റെ അടുത്തൂന്നു ഓട്ടം വിളിച്ചു. എഴുതിയത് കണ്ടിട്ട് പുള്ളി കാര്യങ്ങളൊക്കെ ചോദിച്ചു. ഇരുപതു രൂപേടെ ഓട്ടത്തിനു 200 രൂപയും തന്നു.

വെള്ളയമ്പലം പോവുമോ, സുനിലിന്റെ ഓട്ടോയില്‍ കേറാനൊരാളെത്തി. ഓട്ടോ മുമ്പോട്ട് തള്ളിക്കൊണ്ട് സുനില്‍ തുടര്‍ന്നു. ഇന്നൊരു സാര്‍ കേറി ഓട്ടോയില്‍, ഏതോ വല്യ ഉദ്യോഗസ്ഥനാണ്. നമ്മടെ വണ്ടീലെ ചുവരെഴുത്ത് കണ്ടിട്ട് മൊത്തം കാര്യങ്ങളും ചോദിച്ചു. ഇറങ്ങാന്‍ നേരം 500 രൂപേം കൈയ്യില്‍ വച്ച് തന്ന്. ഇത് ഈ ഓട്ടോ സ്റ്റാന്‍ഡിലെ തന്നെ ഒരു ഓട്ടോക്കാരന്‍ ഇപ്പൊ ഹോസ്പിറ്റലില്‍ അഡ്മിറ്റ്ആണ്, അയാള്‍ക്കുള്ളതാണിത്.

ഭാര്യയും ഒരു മകനും മകളും അടങ്ങുന്നതാണ് സുനിലിന്റെ കുടുംബം. മക്കള്‍ പഠിക്കുകയാണ്. വിവാഹത്തെക്കുറിച്ച് സുനില്‍ പറഞ്ഞപ്പോള്‍ മനസിലെ സുനിലിന്റെ ചിത്രത്തിനു തിളക്കം കൂടി. ഭാര്യക്ക് ആരുമില്ല ബന്ധുക്കള്‍ എന്നു പറയാന്‍. അച്ഛനും അമ്മയും സഹോദരങ്ങളും ആരും.  ലക്ഷങ്ങള്‍ ചിലവഴിച്ച് കല്യാണം കച്ചവടമാക്കുന്ന ഈ കാലത്ത് ഇങ്ങനെയും ചില മനുഷ്യര്‍.

സ്വന്തമായി ഒരു മിനിബസ് കൂടിയുണ്ട് സുനിലിന്. രണ്ട് സ്‌കൂളിന്റെ ഓട്ടവും ഉണ്ട്. പട്ടം സെന്റ് മേരീസും പിന്നെ ഫൈവ് സ്റ്റാര്‍ വെള്ളയമ്പലവും. ഒരിടത്തു നിന്ന് മാത്രമേ ഓട്ടത്തിന്റെ കാശു വാങ്ങുന്നുള്ളൂ .

ചോദിക്കാന്‍ പാടില്ലാത്തതാണ് എങ്കിലും ചോദിച്ചു. ഇങ്ങനെ ഒക്കെ ചെയ്യുമ്പോള്‍ ചെലവൊക്കെ എങ്ങനെ നടക്കും. എല്ലാം കൂടി എങ്ങനെ മാനേജ് ചെയ്യുന്നു എന്ന് ചോദിച്ചപ്പോ കിട്ടിയ മറുപടി ഇങ്ങനെ. ‘ഈ ചെയ്യുന്നതൊക്കെയും ഒന്നും പ്രതീക്ഷിച്ചല്ല. ആരെയും അറിയിക്കാനും വേണ്ടിയല്ല. പക്ഷെ ദൈവം ഇത് വരെ എന്റേം കുടുംബത്തിന്റെം അന്നം മുട്ടിച്ചിട്ടില്ല. കൈയീന്നു കൊടുക്കുന്നത് ഒരു നല്ല കാര്യത്തിനായോണ്ട് അങ്ങേരു നമ്മളെ കൈവിടൂല.’

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍