UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സരിതാ നായരുമായുള്ള വിവാദ അഭിമുഖം; സുനിത ദേവദാസ് നിലപാട് വ്യക്തമാക്കുന്നു

Avatar

മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസ്, സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ നായരുമായി നടത്തിയ അഭിമുഖം രണ്ടു ദിവസം മുന്‍പാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തു വിട്ടത്. ഏകദേശം ഒരു വര്‍ഷം മുന്‍പ് മാധ്യമം ദിനപത്രത്തില്‍ പത്രപ്രവര്‍ത്തകയായി  ജോലി ചെയ്യുമ്പോഴാണ് സുനിത ഈ അഭിമുഖം നടത്തുന്നത്. മാധ്യമം ഈ അഭിമുഖം പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല. അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ ഉച്ചസ്ഥായിയില്‍ മന്ത്രിമാര്‍ക്കെതിരെയുള്ള പുതിയ വെളിപ്പെടുത്തലുകളുള്ള ഈ അഭിമുഖം ഏറെ ചര്‍ച്ചാ വിഷയമായി. പ്രതിപക്ഷം പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ചയായി അതിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ സുനിതയെ വ്യക്തിപരമായി അവഹേളിക്കുന്ന രീതിയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതിനെതിരെ ഡി ജി പി സെന്‍ കുമാറിന് പരാതി കൊടുത്തിരിക്കുകയാണ് സുനിതയിപ്പോള്‍. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സരിത നായരുമായി നടത്തിയ അഭിമുഖത്തിനെക്കുറിച്ചും പ്രസ്സ് ക്ലബ്ബിലെ മദ്യശാലയെക്കുറിച്ച് മാധ്യമം ദിനപത്രത്തില്‍ വന്ന വാര്‍ത്തയെക്കുറിച്ചും മാധ്യമത്തില്‍നിന്ന് രാജിവെക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും സുനിതാ ദേവദാസ് അഴിമുഖത്തിനോട് സംസാരിക്കുന്നു.
 
അഴിമുഖം
: സുനിത പുറത്തുവിട്ട സരിത നായരുമായുള്ള സംഭാഷണം വലിയ കോളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രത്യേകിച്ചും അരുവിക്കര തിരഞ്ഞടുപ്പിന്‍റെ പശ്ചാത്തലത്തില്‍ . ഈ സമയം ബോധപൂര്‍വം തെരഞ്ഞടുത്തതാണോ?

സുനിത ദേവദാസ്ഒരിക്കലുമല്ല. അത് യാദൃശ്ചികമാണ്. 2014 മാര്‍ച്ച് 11ാം തീയതിയാണ് ഞാന്‍ സരിതയുമായി ഏകദേശം മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംഭാഷണം നടത്തിയത്. സരിത ജയിലില്‍ നിന്നിറങ്ങി ഏതാനും ദിവസങ്ങള്‍ക്കകം. അതിനകം സരിത സൂര്യ ടിവിക്കു മാത്രമേ അഭിമുഖം നല്‍കിയിട്ടുണ്ടായിരുന്നുള്ളൂ. സത്യത്തില്‍ സരിത സോളാര്‍ കഥകള്‍ കുറച്ചൊക്കെ ആദ്യമായി പങ്കുവച്ചത് എന്നോടാകാം. മാധ്യമത്തിന്റെ എക്സിക്യുട്ടീവ് എഡിറ്റര്‍ക്ക് ഞാന്‍ പിറ്റേന്നു തന്നെ സംഭാഷണത്തിന്റെ ശബ്ദരേഖ നല്‍കി. എന്നാല്‍ എന്തോ ചില കാരണങ്ങളാല്‍ അത് മാറ്റിവച്ചു. ആ സമയത്ത് ഞാന്‍ കോഴിക്കോടായിരുന്നു ജോലി ചെയ്തിരുന്നത്. തുടര്‍ന്ന് ഞാന്‍ തിരുവനന്തപുരം ബ്യൂറോയിലെത്തി. മാസങ്ങള്‍ കഴിഞ്ഞെങ്കിലും അഭിമുഖത്തിന്റെ കാര്യത്തില്‍ തീരുമാനമൊന്നുമുണ്ടായില്ല.

ഈ സമയത്താണ് തിരുവനന്തപുരം പ്രസ്സ് ക്ലബിലെ അനധികൃത ബാറിനെക്കുറിച്ച്  ഞാന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇടുന്നത്.  തുടര്‍ന്ന് അത് സംബന്ധിച്ച് മാധ്യമം ഒന്നാം പേജില്‍ ഒരു വാര്‍ത്ത ചെയ്തു. ഇതേത്തുടര്‍ന്ന് പ്രസ്സ് ക്ലബും പത്രപ്രവര്‍ത്തകരും എന്‍റെ പ്രഖ്യാപിത ശത്രുക്കളായി മാറി. മാധ്യമത്തിന്റെ തിരുവനന്തപുരം ബ്യൂറോയിലും പ്രശ്നങ്ങളായി. ജോലിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യം ബ്യൂറോയിലുണ്ടെന്ന് കാണിച്ച് ഞാന്‍ മാനേജ്മെന്‍റിനു പരാതി നല്‍കി. മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാവാതിരിക്കുകയും ജോലിയില്‍ തുടരാന്‍ കഴിയാതെ വരികയും ചെയ്തതോടെ 2014 സെപ്റ്റംബര്‍ 26ന് രാജിവെച്ചു.

ആ സമയത്തായിരുന്നു ഞങ്ങള്‍ കുടുംബസമേതം വിദേശത്തേക്കു പോകാന്‍ തീരുമാനിച്ചത്. തുടര്‍ന്നുള്ള മാസങ്ങള്‍ വിസയും പാസ്പോര്‍ട്ടും മറ്റും തയ്യാറാക്കുന്ന തിരക്കുകളിലായി. ഡിസംബറില്‍ ഞങ്ങള്‍ കാനഡയിലെത്തി. ഇതിനിടയില്‍ ഡസ്റ്റ് ബിന്‍ മീഡിയ എന്ന ഒരു ഓണ്‍ലൈന്‍ പത്രം ചില സുഹൃത്തുക്കളുടെ പങ്കാളിത്തത്തോടെ തുടങ്ങിയെങ്കിലും എന്‍റെ നിരന്തരയാത്രകളും കാനഡയിലേക്കുള്ള സ്ഥലം മാറ്റവും കാരണം അത് ഭംഗിയായി നടത്താന്‍ കഴിഞ്ഞില്ല.

കാനഡയിലെത്തിയതോടെ പത്രപ്രവര്‍ത്തകയുടെ കുപ്പായം ഞാന്‍ ഊരിവച്ചു. ചില പഠനങ്ങളും മറ്റുമായി മുന്നോട്ടു പോയി. ഇക്കഴിഞ്ഞ ദിവസം സോളാര്‍ കേസ് വീണ്ടും മാധ്യമങ്ങളുടെ പ്രധാന ചര്‍ച്ചാ വിഷയമായി. റിപ്പോര്‍ട്ടര്‍ ചാനല്‍ ചില വാര്‍ത്തകള്‍ ചെയ്യുകയും അതിനെ തുടര്‍ന്ന് സോളാര്‍ കേസ് വീണ്ടും ചൂടുപിടിക്കുകയും ചെയ്തു. ആ സാഹചര്യത്തില്‍ ഞാന്‍ സരിതയുമായി നടത്തിയ സംഭാഷണം ഒന്നുകൂടി കേട്ടു. ഇനിയും പുറത്തു വരാത്ത പലതും ഇപ്പോഴും അതിലുണ്ടെന്ന് എനിക്കു മനസിലായി. സോളാര്‍ വാര്‍ത്തകള്‍ ഏറ്റവും കൂടുതല്‍ ഫോളോ അപ് ചെയ്യുന്ന റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റര്‍ നികേഷിനെ ഞാന്‍ എന്‍റെ കയ്യില്‍ ഇങ്ങനെയൊരും സാധനം ഉണ്ടെന്ന് അറിയിച്ചു. അതു കേള്‍ക്കാന്‍ നികേഷ് തയ്യാറായി. കേട്ടിട്ട് അവരത് പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്നു പറഞ്ഞു. പ്രസിദ്ധീകരിച്ചു. ഇത്രയുമാണുണ്ടായത്.

അഴിമുഖം: എന്താണ് ഈ അഭിമുഖത്തിന്‍റെ പ്രാധാന്യം?
സുനിതസോളാര്‍ തട്ടിപ്പ്, സരിത എന്നതിനപ്പുറം ഈ വെളിപ്പെടുത്തല്‍ സര്‍ക്കാരിലെ ഒന്നിലധികം മന്ത്രിമാരുടെ പെണ്‍വാണിഭത്തെക്കുറിച്ചാണ്. സരിത ജയിലില്‍ നിന്നിറങ്ങിയ ഉടന്‍ തയ്യാറാക്കിയ അഭിമുഖമാണിത്. അന്ന് സരിത ആരേയും ബ്ളാക്ക് മെയില്‍ ചെയ്യാനോ ബന്ധങ്ങള്‍ ഉപയോഗിക്കാനോ തുടങ്ങിയിട്ടില്ല. ഒരുവിധം സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടാകാം എന്നു തോന്നുന്നു. സരിതയുടെ ആദ്യമെഴുതിയ കത്തിനുള്ള പ്രാധാന്യം ഈ അഭിമുഖത്തിനുമുണ്ട്. കാരണം ഇന്ന് സരിതയുടെ അഭിമുഖങ്ങളും സംസാരങ്ങളും കാണുമ്പോള്‍ പഴയ സരിതയില്‍ നിന്നും പുതിയ സരിതയിലേക്കുള്ള മാറ്റം അറിയാന്‍ ഈ അഭിമുഖം ഒരു ദിശാസൂചികയാണ്. അന്ന് സരിത, ജോസ് കെ മാണിയെക്കുറിച്ചൊന്നും പറയുന്നില്ല. എന്നാല്‍ പിന്നീടെപ്പോഴോ ജോസ് കെ മാണിയൊക്കെ മുഖ്യപ്രതിയായി. മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങളില്ലാതായി. അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള പരാതി ഇല്ലാതായി. ഇത്തരത്തില്‍ സരിതക്ക് വന്ന മാറ്റം, സരിതയുടെ മൊഴികള്‍ക്കു വന്ന മാറ്റം, കഥകള്‍ക്കു വന്ന മാറ്റം, പ്രതികള്‍ക്കു വന്ന മാറ്റം, അതിലൊക്കെ വല്ലാത്ത ദുരൂഹതകളുണ്ട്. 

അഴിമുഖം: എന്തുകൊണ്ടാണ് മാധ്യമം ഈ അഭിമുഖം പ്രസിദ്ധീകരിക്കാന്‍ തയ്യറാകാതിരുന്നത്?
സുനിതസത്യം പറഞ്ഞാല്‍ അതിന്റെ കാരണം എനിക്കറിയില്ല. എല്ലാ സ്ഥാപനങ്ങള്‍ക്കും ചില പോളിസി ഡിസിഷന്‍സ് ഉണ്ടല്ലോ. അങ്ങനെ എന്തെങ്കിലുമാവാം. അവരതു പ്രസിദ്ധീകരിക്കില്ല എന്ന് എന്നോട് ഒരിക്കലും പറഞ്ഞിട്ടില്ല.

അഴിമുഖം: എന്തുകൊണ്ട് ഇപ്പോള്‍ റിപ്പോര്‍ട്ടര്‍  ചാനല്‍?  
സുനിതമാധ്യമം വാര്‍ത്ത പ്രസിദ്ധീകരിക്കില്ലെന്ന് ബോധ്യമായതോടെ ഞാന്‍ അത് മറ്റു  മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. ചില മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കെങ്കിലും ഇങ്ങനെയൊരു വാര്‍ത്ത എന്‍റെ കൈവശമുണ്ടെന്ന് അറിയാമായിരുന്നു. എന്നാല്‍ ആരും അതു പ്രസിദ്ധീകരിക്കാന്‍ താല്‍പര്യമെടുത്തില്ല. ചിലപ്പോള്‍ പ്രസ്സ് ക്ലബ് വിവാദത്തിന്‍റെ പശ്ചാത്തലത്തിലാവാം. റിപ്പോര്‍ട്ടര്‍ ഈ വാര്‍ത്തക്കായി എന്നെ സമീപിച്ചിട്ടില്ല. അവര്‍ക്ക് ഇതിനെക്കുറിച്ച് അറിവുമുണ്ടായിരുന്നില്ല. വാര്‍ത്തയുടെ പ്രാധാന്യം മനസിലാക്കി ഞാനാണ് റിപ്പോര്‍ട്ടറിനെ സമീപിച്ചത്. 

സരിത എസ് നായരുടെ ഈ അഭിമുഖം ഞാന്‍ അമ്പലമുക്കിലെ എന്‍റെ ഫ്ളാറ്റില്‍ വച്ചാണ് റെക്കോര്‍ഡു ചെയ്തത്. കൂടികാഴ്ചക്കുള്ള സ്ഥലമായി  എന്‍റെ ഫ്ളാറ്റ് തെരഞ്ഞെടുത്തത് സ്വകാര്യത മുന്‍നിര്‍ത്തിയാണ്. സരിത വളരെ ഫ്രീയായി സംസാരിക്കാനായി ഞാന്‍ ഒരു ഔദ്യോഗിക അഭിമുഖം വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. മൂന്നു മണിക്കൂറില്‍ ആദ്യത്തെ ഒരു മണിക്കൂറും ഞാന്‍ സരിതയിലേക്ക് എത്താനുള്ള അടുപ്പം സൃഷ്ടിക്കാനാണ് ഉപയോഗിച്ചത്. അവരുടെ ബിസിനസിന്‍െറ തുടക്കത്തെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മറ്റും സംസാരിച്ചു. തുടര്‍ന്ന് സ്വാഭാവികമായി സംസാരം സോളാര്‍ കേസിലേക്ക് എത്തുകയായിരുന്നു. രണ്ടു സ്ത്രീകള്‍ തമ്മില്‍ വളരെ നേരം സംസാരിക്കുമ്പോഴുണ്ടാകുന്ന ഒരു മാനസികമായ അടുപ്പം അതിനിടയില്‍ ഞങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിരുന്നു. അവര്‍ അങ്ങനെയാണ് കാര്യങ്ങള്‍ തുറന്നു പറയാന്‍ തയ്യാറായത്. ആ സംഭാഷണത്തില്‍ എന്‍െറ കുഞ്ഞുങ്ങള്‍ കരയുന്നതും എന്‍െറ അമ്മ സരിതയ്ക്കു ചായ കൊടുക്കുന്നതും ഫെനിയുടെ ഗുമസ്ഥന്‍ സംസാരിക്കുന്നതും എല്ലാം റെക്കോര്‍ഡു ചെയ്യപ്പെട്ടിട്ടുണ്ട്. എന്‍െറ ഫ്ളാറ്റിന്‍െറ തൊട്ടടുത്തുള്ള എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ സരിതയെ കണ്ട് അത്ഭുതത്തോടെ ഇറങ്ങി വന്ന് സംസാരിക്കുന്നതും ഇതിലുണ്ട്. സംഭാഷണമധ്യേ സരിതക്കു വന്ന ഫോണ്‍ കോളുകള്‍ പോലും ഇതില്‍ റെക്കോര്‍ഡു ചെയ്യപ്പെട്ടിട്ടുണ്ട്. ഇടയ്ക്ക് ഫെനിയുടെ ഫോണ്‍ വന്നപ്പോള്‍ സ്പീക്കര്‍ ഫോണിലിട്ട് സരിത സംസാരിക്കുന്നതും അതിലുണ്ട്.

അഴിമുഖം: ഈ കാര്യത്തില്‍  നിങ്ങള്‍  കാണിച്ച മാധ്യമ സംസ്കാരം ശരിയല്ല എന്ന് ചിലര്‍  വാദിക്കുന്നുണ്ട്. പ്രത്യേകിച്ച് പണം വാങ്ങി വാര്‍ത്ത വിറ്റു എന്ന മട്ടില്‍. അതിെനക്കുറിച്ച് എന്താണ് പറയാനുള്ളത്? 
സുനിതഎന്നെ സംബന്ധിച്ചിടത്തോളം പത്രപ്രവര്‍ത്തനം ഒരു തൊഴിലോ ഉപജീവനത്തിനുള്ള മാര്‍ഗമോ ആയിരുന്നില്ല. വാര്‍ത്തകളോടുള്ള ഒരു തരം പാഷനാണ് ഈ തൊഴിലെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഞാന്‍ അടിസ്ഥാനപരമായി സിവില്‍ എഞ്ചിനീയറാണ്. ആ തൊഴിലുപേക്ഷിച്ച് പത്രപ്രവര്‍ത്തകയുടെ കുപ്പായമണിഞ്ഞത് ഒരിക്കലും പണത്തിനു വേണ്ടിയായിരുന്നില്ല. സന്തോഷത്തിനു വേണ്ടി തന്നെയായിരുന്നു. വാര്‍ത്തകള്‍ നല്‍കിയാല്‍ പകരം പണമോ മറ്റെന്തെങ്കിലുമോ കിട്ടുമെന്ന് അന്നോ ഇന്നോ എനിക്കറിയില്ല. ജീവനുള്ള വാര്‍ത്തകള്‍ മാത്രമാണ് എന്നുമെന്‍റെ സന്തോഷം.

അഴിമുഖം: ഈ അഭിമുഖം റിപ്പോര്‍ട്ടര്‍ ചാനല്‍ സംപ്രേക്ഷണം ചെയ്തതിന്റെ തുടര്‍ച്ചയായി സോഷ്യല്‍  മീഡിയയിലൂടെ സുനിതയ്ക്ക് നേരെ നടന്ന വ്യക്തിഹത്യാശ്രമത്തെ കുറിച്ച് പറയാമാ?
സുനിതമാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ വെല്ലുവിളിയും ഏറ്റുമുട്ടലും പ്രകോപനവുമൊക്കെ ജോലിയുടെ ഭാഗമായി എടുക്കുകയും അത് നന്നായി ആസ്വദിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍ വ്യക്തിഹത്യയിലേക്ക് കാര്യങ്ങള്‍ നീങ്ങുമ്പോള്‍ അതെന്നെ ആശങ്കപ്പെടുത്തുന്നുണ്ട്. കാരണം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആളുകള്‍ എന്ന നിലയിലാണ് ഇവര്‍ രംഗത്തു വരുന്നത്. ഒരു മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടിയുടെ അണികളാണ് അവരെങ്കില്‍ അത് പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ട ഗൗരവമുള്ള വിഷയമാണെന്ന് ഞാന്‍ കരുതുന്നു.

അധികാരത്തിലിരിക്കുന്നവര്‍ നടത്തിയ പെണ്‍വാണിഭങ്ങളും അഴിമതികളും പുറത്തു വരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ കഴിയാത്തവരാണ് വ്യക്തിപരമായി ആക്ഷേപിക്കാനിറങ്ങുന്നത്.  നിയമപരമായോ രാഷ്ട്രീയപരമായോ പ്രതിരോധിക്കാനാവാതെ വരുമ്പോള്‍ വ്യക്തിഹത്യയിലൂടെ തളര്‍ത്താന്‍ നോക്കുന്നു. വാര്‍ത്ത ഒന്നു നിഷേധിക്കുകയെങ്കിലും ചെയ്തിട്ടായിരുന്നു ഈ അസഭ്യവര്‍ഷമെങ്കില്‍ എത്ര നന്നായിരുന്നു.

അഴിമുഖം: വ്യക്തിഹത്യയ്ക്ക് പിന്നില്‍  ആരാണ്? കോണ്‍ഗ്രസുകാരാണോ? 
സുനിതകോണ്‍ഗ്രസുകാരാണ് എന്നു കരുതേണ്ടി വരും. കാരണം പലരുടേയും പ്രൊഫൈല്‍ ചിത്രം ശബരിയുടേതാണ്. കോണ്‍ഗ്രസുകാര്‍ രംഗത്തെത്തിയത് അടൂര്‍ പ്രകാശിനെ സംരക്ഷിക്കാനാണ്. എന്നാല്‍ ലീഗുകാരുടെ കാര്യം രസമാണ്. ലീഗുകാരനായ ഒരു മന്ത്രിയുണ്ടെന്ന് റിപ്പോര്‍ട്ടര്‍ വാര്‍ത്ത നല്‍കിയതോടെ അവര്‍ പ്രതിരോധം തീര്‍ക്കുകയായിരുന്നു. മാധ്യമം തിരസ്ക്കരിച്ച വാര്‍ത്ത എന്നു കേട്ടതോടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നാലോന്ന് കരുതിയാവാം അവരും ചാവേറുകളായി ഇറങ്ങി. സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്ന പല രാഷ്ട്രീയ പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടെ പെരുമാറ്റം സംഘടനയെ പറയിപ്പിക്കുന്ന രീതിയിലാണ്. ഒരുപക്ഷേ സംഘടനകള്‍ക്ക് അതില്‍ പങ്കില്ലായിരിക്കാം. എന്നാല്‍ വാളെടുത്തവന്‍ എല്ലാം വെളിച്ചപ്പാട് എന്ന നിലയിലേക്ക് പലപ്പോഴും കാര്യങ്ങള്‍ കൈവിട്ടു പോകുകയാണ്.

അഴിമുഖം: ഡി ജി പി സെന്‍  കുമാറിന് ഇതേ സംബന്ധിച്ച് പരാതി കൊടുത്തിട്ടുണ്ടല്ലോ? എന്താണ് പോലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള നടപടികള്‍?
സുനിത: ഡിജിപിക്ക് ഇന്നലെ പരാതി നല്‍കിയിട്ടേയുള്ളു. അതു ഫയലില്‍ സ്വീകരിച്ചതായി മറുപടി ലഭിച്ചു. അതിനപ്പുറം ഒന്നുമറിയില്ല. 

അഴിമുഖം: മാധ്യമത്തില്‍ നിന്നു രാജിവെക്കാനുണ്ടായ സാഹചര്യം വിശദീകരിക്കാമോ? 
സുനിതമാധ്യമത്തില്‍ നിന്നും രാജി വക്കുന്നതിന് പ്രസ് ക്ലബിലെ അനധികൃത മദ്യശാലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കാരണമായിട്ടുണ്ട്. 2014 ആഗസ്റ്റ് 22 നാണ് ഞാന്‍ പ്രസ്സ് ക്ലബിലെ അനധികൃത മദ്യശാലയെക്കുറിച്ച് ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് ഇടുന്നത്. മദ്യനിരോധനം നിലവില്‍ വന്ന സാഹചര്യത്തില്‍ ക്ളബുകളിലെ മദ്യശാലകളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഒരു പോസ്റ്റ് ദേശാഭിമാനിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി എം മനോജ് ഇട്ടപ്പോള്‍ ‘‘മുകള്‍ നിലയില്‍ വിദ്യാഭ്യാസ സ്ഥാപനവും താഴെ മദ്യശാലയുമുള്ള ലോകത്തിലെ ഏക സ്ഥാപനം ഏതെന്നറിയാമോ? തിരുവനന്തപുരം പ്രസ് ക്ലബ്!!! ആര്‍ക്കും ഒരു പരാതിയുമില്ല. ആദ്യം അടപ്പിക്കേണ്ടത് ഈ ബാറാണ്…അല്ലേ? Sri. PM Manoj…?’’ എന്ന ഒരു ചോദ്യം ചോദിക്കുകയായിരുന്നു ഞാന്‍. അതു വലിയ ചര്‍ച്ചയായി. തുടര്‍ന്ന് പത്രപ്രവര്‍ത്തകരില്‍ ചിലര്‍ എന്നെ ഒറ്റപ്പെടുത്തി. അതേക്കുറിച്ച് മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ സൈറ്റില്‍ ഷാജന്‍ സ്കറിയ  ഒരു വാര്‍ത്ത നല്‍കി. തുടര്‍ന്ന് ആഗസ്റ്റ് 29ന് മാധ്യമം ഇറങ്ങിയത് സെക്രട്ടറിയേറ്റിനു വിളിപ്പാടകലെ പ്രസ്സ് ക്ലബില്‍ അനധികൃത ബാര്‍ എന്ന ഒന്നാം പേജ് വാര്‍ത്തയോടെയായിരുന്നു.  മാധ്യമത്തിന്‍െറ മനേജ്മെന്‍റിനെ സ്വാധീനിച്ച് ഞാന്‍ തിരുവനന്തപുരം ബ്യൂറോ പോലും അറിയാതെ വാര്‍ത്ത നല്‍കി എന്നതായിരുന്നു പരാതി. ബഹുമാന്യനായ, ഗുരുതുല്യനും പിതൃതുല്യനുമായ എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍ സാഹിബിനേയും എന്നേയും ചേര്‍ത്തു വരെ അശ്ളീല കഥകള്‍ പ്രചരിച്ചു. ഒരു ഓണ്‍ലൈനില്‍ വന്ന ആ വാര്‍ത്ത തിരുവനന്തപുരം മാധ്യമം ബ്യൂറോയിലെ സഹപ്രവര്‍ത്തകള്‍ തന്നെ എല്ലാവര്‍ക്കും ഇമെയില്‍ വഴി അയച്ചു പ്രചരിപ്പിച്ചു. അതില്‍ ഒരാള്‍ക്കെതിരെ മാത്രം മാധ്യമം നടപടി എടുത്തു. പ്രസ്സ് ക്ലബില്‍ കയറിയാല്‍ എന്‍െറ കയ്യും കാലും വെട്ടുമെന്നാണ് അന്നത്തെ പ്രസ്സ് ക്ലബ് പ്രസിഡന്‍റ് പി പി ജയിംസ് പറഞ്ഞത്.  തുടര്‍ന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പ്രസ്സ് ക്ലബ് ഉപരോധം സംഘടിപ്പിച്ചു. എന്നാല്‍ അവര്‍ പിന്നീട് പിന്‍മാറി. തുടര്‍ന്ന് കാര്യമായ ഒരു ഫോളോ അപ്പും ഇല്ലാതെ ആ വാര്‍ത്ത അവസാനിച്ചു.

ആ വാര്‍ത്ത എഴുതിയത് മാധ്യമത്തിലെ ഡെപ്യൂട്ടി എഡിറ്ററായ കെ ബാബുരാജ് ആയിരുന്നു. വാര്‍ത്ത വന്ന ദിവസം ദേശാഭിമാനിയിലെ എം രഘുനാഥാണ് എന്നെ ഫോണില്‍ വിളിച്ച് വാര്‍ത്ത കണ്ടില്ലേ, ഗംഭീരമായിട്ടുണ്ട് എന്നു പറയുന്നതു പോലും. എന്നിട്ടും തിരുവനന്തപുരം ബ്യൂറോയിലും പത്രക്കാര്‍ക്കിടയിലും ഞാന്‍ അങ്ങേയറ്റം ഒറ്റപ്പെട്ടു. എന്നാല്‍ എന്നെ സംരക്ഷിക്കാനോ ജോലി ചെയ്യാനുള്ള അവസരമുണ്ടാക്കിത്തരാനോ മാനേജ്മെന്റിന് കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നാണ് ഞാന്‍ മാധ്യമത്തില്‍ നിന്നും രാജി വച്ചത്. സത്യത്തില്‍ തിരുവനന്തപുരം ബ്യൂറോയിലെ ചിലരുടെ പെരുമാറ്റങ്ങളാണ് എന്‍െറ രാജിയില്‍ കലാശിച്ചത്. മാനേജ്മെന്‍റിന് എന്‍െറ രാജിയില്‍ പങ്കൊന്നുമില്ല. സോഷ്യല്‍ മീഡയയിലും എനിക്ക് ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകരുമായി പലപ്പോഴും ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ജമാ അത്തെ ഇസ്ലാമി എന്ന സംഘടനയുമായോ മാധ്യമം പത്രവുമായോ ഉള്ള ഒരു വിരോധവുമല്ല അത്. സോഷ്യല്‍ മീഡിയയിലെ പ്രവര്‍ത്തകരുടെ അതിരുകടന്ന പെരുമാറ്റങ്ങളാണ് ആ സംഘടനയെ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ പലപ്പോഴും കാരണമായത്.

അഴിമുഖം: കേരളത്തില്‍  സ്വതന്ത്രമായി മാധ്യമ പ്രവര്‍ത്തനം നടത്താനുള്ള സാഹചര്യം ഇല്ലെന്നുണ്ടോ? പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. സുനിതയുടെ വ്യക്തിപരമായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിശദീകരിക്കാമോ? 
സുനിതഞാന്‍ മാധ്യമപ്രവര്‍ത്തകയാവുന്നത് തികച്ചും യാദൃശ്ചികമായിട്ടാണ്. വയനാട്ടില്‍ ജനിച്ച ഞാന്‍ വിവാഹിതയാവുന്നതുവരെ കെ എസ് ഇ ബിയിലും നിര്‍മിതിയിലും പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലുമൊക്കെ സബ് എഞ്ചീനീയറായി ജോലി ചെയ്യുകയായിരുന്നു. എന്‍െറ ഭര്‍ത്താവ് ദേവദാസും എഞ്ചിനീയറാണ്. അദ്ദേഹത്തിന് തുരുവനന്തപുരത്തേക്ക് തൊഴില്‍സംബന്ധമായി ലഭിച്ച ട്രാന്‍സ്ഫറാണ് ഞങ്ങളെ തിരുവനന്തപുരത്ത് എത്തിക്കുന്നത്. അക്കാലത്ത് യുവധാരയിലൊക്കെ ചില ലേഖനങ്ങള്‍ എഴുതിയിരുന്നു. ആയിടയ്ക്കാണ് മാതൃഭൂമി പത്രത്തില്‍ കാക്കനാടന്‍ ചീഫ് എഡിറ്ററായുള്ള പ്രസിദ്ധീകരണത്തിന് സബ് എഡിറ്ററെ വേണമെന്ന പരസ്യം കണ്ടത്. ഞാന്‍ അപേക്ഷിച്ചു. എനിക്ക് ജോലി ലഭിച്ചു. എസ് ചന്ദ്രമോഹന്‍ മാനേജിങ് എഡിറ്ററായ പത്രം വാരികയിലാണ് ഞാന്‍ പത്രപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത്. ഒരുപാട് നല്ല വാര്‍ത്തകള്‍ എനിക്ക് ചെയ്യാന്‍ കഴിഞ്ഞു. സുഗതകുമാരിയുടെ അഭയയിലെ ക്രമക്കേടുകളും സാമ്പത്തിക തട്ടിപ്പുകളും വെളിച്ചത്തുക്കൊണ്ടുവന്ന വാര്‍ത്തയാവണം എന്‍െറ കരിയറിലെ ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട വാര്‍ത്ത. കാക്കനാടന്‍ സാറിന്‍െറ കൂടെ അദ്ദേഹത്തിന്‍റ അവസാനകാലം മുഴുവനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് എന്‍െറ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. ചന്ദ്രമോഹനും പത്രപ്രവര്‍ത്തകനെന്ന നിലയില്‍ നല്ല വാര്‍ത്താബോധമുള്ള വ്യക്തിയാണ്. ഒരു കാര്യം കേട്ടു കഴിഞ്ഞാല്‍ അതിലെ വാര്‍ത്ത എന്താണെന്നു മനസിലാക്കാനും ഒരു വാര്‍ത്ത ചെയ്യാന്‍ എത്ര കഷ്ടപ്പെടാം എന്നുമൊക്കെ ഞാന്‍ പഠിച്ചത് പത്രത്തില്‍ നിന്നാണ്. ആരുടെ മുന്നിലും നിവര്‍ന്നു നില്‍ക്കാനുള്ള നട്ടെല്ലും തന്‍േറടവും എനിക്കുണ്ടായത് അക്കാലത്തു തന്നെയാണ്.

തുടര്‍ന്ന് കാക്കനാടന്‍ സാറിന്‍െറ മരണത്തോടെ ഞാന്‍ പത്രം വിട്ടു. അതിനു ശേഷമാണ് തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ ജേര്‍ണലിസം ഡിപ്ളോമ ചെയ്തത്. ഇക്കാലത്ത് മറുനാടന്‍ മലയാളിയില്‍ ചില ലേഖനങ്ങളൊക്കെ എഴുതി. തുടര്‍ന്നാണ് ഞാന്‍ മാധ്യമത്തില്‍ ചേരുന്നത്.

സ്ത്രീകള്‍ക്ക് മാധ്യമപ്രവര്‍ത്തനം പറ്റുന്ന തൊഴില്‍ തന്നെയാണ്. മാധ്യമപ്രവര്‍ത്തനം സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തൊഴിലാണ്. തൊഴിലെന്നും പറയാന്‍ പറ്റില്ല. അതൊരു ഭ്രാന്താണ്. വാര്‍ത്തകളോടുള്ള അടങ്ങാത്ത ഭ്രമം. അതിനു പുറകെയുള്ള അലച്ചിലുകള്‍. അതിന്‍െറ പരിസമാപ്തിയില്‍ നിന്നു ലഭിക്കുന്ന ആത്മസംതൃപ്തി. ലോകത്ത് ഇത്രയും ആത്മസംതൃപ്തി ലഭിക്കുന്ന ജോലി വേറെയുണ്ടോയെന്നെനിക്കറിയില്ല.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പക്ഷേ ഇന്ന് മാധ്യമസ്ഥാപനങ്ങള്‍ വ്യവസായ സ്ഥാപനങ്ങളും ലാഭകേന്ദ്രങ്ങളുമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് വാര്‍ത്തകള്‍ സ്ഥാപനങ്ങള്‍ക്ക് ലാഭമുണ്ടാക്കുന്നതിനുള്ള റോ മറ്റീരിയലുകളായി മാറുകയാണ്. മാധ്യമപ്രവര്‍ത്തകള്‍ വെറും തൊഴിലാളികളും. മുതലാളിമാര്‍ മാധ്യമങ്ങളേയും വാര്‍ത്തകളേയും നിയന്ത്രിക്കുന്ന ഇക്കാലത്ത് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കു മാത്രമല്ല എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം നടത്താനുള്ള സാഹചര്യം കുറഞ്ഞു വരിക തന്നെയാണ്. എന്നാല്‍ എനിക്കു വ്യക്തിപരമായി കിട്ടിയ ഒരു ഭാഗ്യമുണ്ട്.  മുതലാളിമാര്‍ വാര്‍ത്തകളെ നിര്‍മിക്കുന്ന ഫാക്ടറികളില്‍ ഞാന്‍ ജോലി ചെയ്തിട്ടില്ല. റിപ്പോര്‍ട്ടര്‍ ചാനല്‍ ഈ വാര്‍ത്ത കൊടുക്കാന്‍ തയ്യാറായതു പോലും തീരുമാനമെടുക്കാന്‍ നികേഷ് കുമാറിനു ഒറ്റയ്ക്ക് കഴിയുന്നതു കൊണ്ടാവാം. അത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കു ലഭിക്കുന്ന സ്വാതന്ത്ര്യം വളരെ വലുതാണ്.

അഴിമുഖംനേരത്തെ സോഷ്യല്‍ മീഡിയയില്‍ ഫെയ്ക്ക് ഐ ഡി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ച സുനിത ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നല്ലോ? നമ്മുടെ സോഷ്യല്‍ മീഡിയ സ്വകാര്യതാ-ജനാധിപത്യ-മനുഷ്യാവകാശ വിരുദ്ധ ഇടമായി മാറിക്കൊണ്ടിരിക്കുകയാണോ?
സുനിതസോഷ്യല്‍ മീഡിയയുടെ പുഷ്കല കാലമാണിത്. ഒരു വാര്‍ത്തയും ഇന്ന് ഒളിച്ചുവെക്കാന്‍ സാധ്യമല്ല. സോഷ്യല്‍ മീഡിയയെ ഞാന്‍ വളരെ പോസിറ്റീവ് ആയിട്ടാണ് കാണുന്നത്. ഒരു സാമൂഹിക പഠനം ആഗ്രഹിക്കുന്നവര്‍ക്കും അന്നന്നത്തെ ജനങ്ങളുടെ പള്‍സ് അറിയാനും സോഷ്യല്‍ മീഡിയ വളരെ ഉപകാരപ്രദമാണ്. അഭിപ്രായങ്ങള്‍ അപ്പപ്പോള്‍ അറിയാം. എന്നാല്‍ വളരെ കുറച്ചു പേരാണ് ഈ പ്രശ്നങ്ങളൊക്കെ ഉണ്ടാക്കുന്നത്. ഫെയ്ക്ക് ഐഡികള്‍ എല്ലാ കാലത്തും വലിയ പ്രശ്നക്കാര്‍ തന്നെയാണ്. അജ്ഞാത വ്യക്തിത്വങ്ങളെയല്ല ഫെയ്ക്ക് ഐഡികള്‍ എന്നതു കൊണ്ടുദ്ദേശിക്കുന്നത്. സ്വാര്‍ത്ഥലക്ഷ്യങ്ങളോടെ മുഖംമൂടിയണിഞ്ഞ് സജീവമാകുന്നതില്‍ മുഖ്യപങ്കും വിവിധ സംഘടനകളുടെ പ്രവര്‍ത്തകര്‍ തന്നെയാണ്.

മനുഷ്യാവകാശവിരുദ്ധ ഇടമല്ല സോഷ്യല്‍ മീഡിയ. മനുഷ്യവകാശ പോരാട്ടങ്ങളുടെ ഇടമായി സോഷ്യല്‍ മീഡിയ മാറുകയാണ്. സോഷ്യല്‍ മീഡിയ ഏറ്റെടുന്ന ഒരു വിഷയം അവഗണിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് പോലും ഇന്ന് കഴിയില്ല. ഓരോരുത്തരേയും സോഷ്യല്‍ ഓഡിറ്റിങ്ങ് വിധേയമാക്കപ്പെടും എന്നതുകൊണ്ട് എല്ലാവരും സോഷ്യല്‍ മീഡിയയെ ആ അര്‍ത്ഥത്തില്‍ പരിഗണിക്കുന്നുണ്ട്. സാധാരണക്കാര്‍ക്ക് തീരുമാനമെടുക്കാനും ജനഹിതം ഭരണാധികാരികളെ അറിയിക്കാനും മാധ്യമങ്ങള്‍ അവഗണിക്കുന്ന വാര്‍ത്തകള്‍ പുറത്തെടുക്കാനും സോഷ്യല്‍ മീഡിയക്ക് കഴിയുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ എല്ലാവരും അവരവരുടെ വാളുകളിലെ എഡിറ്റര്‍മാരാണ്. വരും കാലം സോഷ്യല്‍ മീഡിയയുടെ കാലമാണ്. നവമാധ്യമങ്ങളുടേയും. അതിരുകളില്ലാത്ത ആ ലോകത്ത് വലിപ്പ ചെറുപ്പമില്ലാതെ ആര്‍ക്കും ആരോടും സംവദിക്കാനാവും.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍