UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിങ്ങള്‍ തരുന്ന ബിരുദം എനിക്കു വേണ്ടെന്ന് വിസിയോട് പറഞ്ഞ സുങ്കണ്ണ വെല്‍പുല സംസാരിക്കുന്നു/അഭിമുഖം

Avatar

 സുങ്കണ്ണ വെല്‍പുല / ആതിര പ്രസേനന്‍

(ഹൈദരാബാദ് സര്‍വകലാശാലയില്‍ നിന്നും രോഹിത് വെമുലയ്‌ക്കൊപ്പം പുറത്താക്കിയ സുങ്കണ്ണ വേല്‍പുല വി സി അപ്പാറാവുവിന്റെ കയ്യില്‍ നിന്നും ബിരുദം ഏറ്റുവാങ്ങില്ലെന്ന് പ്രഖ്യാപിച്ച് പ്രതിഷേധിച്ചത് വലിയ വാര്‍ത്ത സൃഷ്ടിച്ചിരിക്കുകയാണ്. ഒടുവില്‍ ബിരുദം കൈമാറുന്നതില്‍ നിന്നു വി സിക്ക് പിന്‍മാറേണ്ടി വരികയും പ്രോ-വൈസ് ചാന്‍സലര്‍ക്ക് പ്രസ്തുത ചടങ്ങ് നിര്‍വഹിക്കേണ്ടി വരികയും ചെയ്തു. ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച രോഹിത് വെമുല; ജാതിയില്ലാത്ത മരണത്തിലേക്ക് എന്ന പുസ്തകത്തിന് വേണ്ടി ആതിര പ്രസേനന്‍ നടത്തിയ അഭിമുഖം ഞങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു. 2016 ഏപ്രില്‍ 21നാണ് അഴിമുഖം ഈ അഭിമുഖ സംഭാഷണം പ്രസിദ്ധീകരിച്ചത്)

ആതിര: സുങ്കണ്ണ എപ്പോഴാണ് ക്യാമ്പസിലെത്തുന്നത്? എന്ന് മുതലാണ് ദളിത് രാഷ്ട്രീയസമരങ്ങളുടെ ഭാഗമാകുന്നത്?

സുങ്കണ്ണ വെല്‍പുല: ഞാന്‍ 2005-ലാണ് ഈ കാമ്പസിലെത്തുന്നത്, ഫിലോസഫിയില്‍ ബിരുദാനന്തരപഠനത്തിനായി. ആദ്യദിവസം തന്നെ എനിക്ക് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നു, അഡ്മിഷന്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട്. അവര്‍ എനിക്ക് അഡ്മിറ്റ് കാര്‍ഡ് തന്നിരുന്നില്ല. അത് ഞാന്‍ അറിഞ്ഞിരുന്നില്ല. പിന്നീട്, ഞാന്‍ ഫിലോസഫി വിഭാഗത്തില്‍ എന്റെ അഡ്മിഷന്‍ രേഖകള്‍ സമര്‍പ്പിച്ചപ്പോള്‍ ആണ് എനിക്ക് അഡ്മിറ്റ് കാര്‍ഡ് കിട്ടിയില്ല എന്ന് മനസ്സിലായത്. ഞാന്‍ തിരികെ പോയി അവരോടു സംസാരിച്ചു. അവര്‍ എനിക്ക് തന്നു എന്ന് പറഞ്ഞു. കിട്ടിയില്ല എന്ന് ഞാനും അവകാശപ്പെട്ടു. സത്യത്തില്‍ അവിടെ നിന്നാണ് ഈ കാമ്പസിലെ എന്റെ സമരങ്ങള്‍ തുടങ്ങുന്നത്. അന്നത്തെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് നരേഷ് റെഡ്ഡി എന്ന എസ് എഫ് ഐക്കാരന്‍ എന്റെ ശബ്ദം കേട്ട് എന്റെ അടുത്തെത്തി. എന്താണ് പ്രശ്‌നമെന്ന് ചോദിച്ചറിഞ്ഞ് എന്നെ Cotnroller of Examination ന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. CE വെങ്കടേശ്വര്‍ റാവു ഒരു ദളിതന്‍ ആയിരുന്നു. അദ്ദേഹത്തോടും വാഗ്വാദമുണ്ടായി. നിങ്ങളുടെ സ്റ്റാഫ് പറയുന്നത് പോലെയല്ല, എനിക്ക് അഡ്മിറ്റ് കാര്‍ഡ് കിട്ടിയിട്ടില്ല എന്ന് ഞാന്‍ ഉറപ്പിച്ചു തന്നെ പറഞ്ഞു. ഞാന്‍ ആ സമയത്ത് വളരെയധികം വിഷമിച്ചിരുന്നു. അതിനാല്‍ അത്രത്തോളം തന്നെ ദേഷ്യവുമുണ്ടായിരുന്നു. വേണമെങ്കില്‍ എന്റെ അഡ്മിഷന്‍ ക്യാന്‍സല്‍ ചെയ്യാന്‍ ഇത്രയൊക്കെ മതി എന്ന് അദ്ദേഹം പറഞ്ഞു. ഒടുവില്‍, എന്നോട് ഇത്രയധികം വികാരഭരിതനാകരുതെന്നും ഇത്രത്തോളം പ്രകോപിതനാകേണ്ട കാര്യമില്ല എന്നും പറഞ്ഞ് അദ്ദേഹം സമാധാനപ്പെടുത്തി. എനിക്ക് ഇരിക്കാന്‍ ഒരു കസേര തന്നു. എന്റെ കൈയ്യിലെ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി പരിശോധിക്കാന്‍ തുടങ്ങി. എന്റെ ജാതി സര്‍ട്ടിഫിക്കറ്റ് കണ്ട മാത്രയില്‍, അദ്ദേഹം എന്നോട് വളെരെയധികം സ്‌നേഹത്തോടെ, ‘നീ നമ്മുടെ പയ്യനാണല്ലോ! എന്തിനാണ് വിഷമിക്കുന്നത്? എന്താണ് നിന്റെ പ്രശ്‌നം?’ എന്ന് ചോദിക്കുകയും ചെയ്തു. അങ്ങനെയാണ് ഈ കാമ്പസിലെ എന്റെ സമരങ്ങളും സംഘര്‍ഷങ്ങളും തുടങ്ങുന്നത്.

: പിന്നീട് എപ്പോഴാണ് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനില്‍ ചേരുന്നത്?

സു: ഞാന്‍ 2005ല്‍, എന്റെ ആദ്യത്തെ സെമെസ്റ്ററില്‍ തന്നെ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനില്‍ അംഗമായി. ഞാന്‍ കഴിഞ്ഞ പത്തു വര്‍ഷമായി എ എസ് എയുടെ ഭാഗമാണ്. എന്നെ ഒരുപാടു കാര്യങ്ങള്‍ പഠിപ്പിച്ചതും മാറ്റിയതും ഈ സംഘടനയാണ്. ഞാന്‍ ഈ ക്യാമ്പസിലെത്തുമ്പോള്‍ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കുന്ന മറ്റൊരാളായിരുന്നു. എന്റെ ബിരുദ കാലഘട്ടത്തില്‍ എന്‍ സി സി യിലെ സൈനികപരിശീലനവും മറ്റും എനിക്ക് തന്ന ശീലങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു വിളി ആയിരുന്നു അത്. ഞാന്‍ അത്തരം വിശ്വാസങ്ങളെ അന്ധമായി പുലര്‍ത്തിയിരുന്നു. എന്നാല്‍, ഇവിടെ വന്ന് കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ എ എസ് എ യിലൂടെ ദളിത് രാഷ്ട്രീയം എന്നെ ചോദ്യം ചെയ്യാനും ചിന്തിക്കാനും പഠിപ്പിച്ചു. ഞാന്‍ ആരാണെന്നും, എന്റെ സ്വത്വം (identtiy) എന്താണെന്നും, സംവരണം എന്താണെന്നും എന്തിനാണെന്നും, ഉന്നതവിദ്യാഭ്യാസരംഗത്ത് ദളിതരുടെ അവസ്ഥ എന്താണെന്നും മറ്റും. ഇവിടെ വന്നതിന് ശേഷം എ എസ് എ യിലൂടെയാണ്‌ ഞാനിതെല്ലാം അറിയുന്നതും ചിന്തിക്കുന്നതും. കാമ്പസിലെ വിവേചനങ്ങള്‍ ഗ്രാമങ്ങളില്‍ ദളിതര്‍ അനുഭവിക്കുന്നത് പോലെയല്ല. ജാതിയുടെ വിവിധ രൂപങ്ങളില്‍ ഒന്ന് മാത്രമാണ് ക്യാമ്പസുകളില്‍ കാണാന്‍ സാധിക്കുന്നത്. ദളിതരെ ഗ്രാമങ്ങള്‍ക്ക് പുറത്തുനിര്‍ത്തുന്നത് പോലെയോ അവരെ അമ്പലങ്ങളില്‍ കയറ്റാത്തത് പോലെയോ പൊതുവഴിയിലൂടെ നടക്കാന്‍ അനുവദിക്കാത്തത് പോലെയോ ഉയര്‍ന്നജാതിക്കാരുടെ കിണറുകളില്‍ നിന്നും ബോര്‍വെല്ലുകളില്‍ നിന്നും വെള്ളമെടുക്കാന്‍ സമ്മതിക്കാത്തത് പോലെയോ അത്ര ദൃശ്യമായല്ല ക്യാമ്പസുകളില്‍ വിവേചനങ്ങള്‍ നടക്കുന്നത്. ഈ കാമ്പസില്‍ ജാതി പ്രവര്‍ത്തിക്കുന്നത് മറ്റൊരു രൂപത്തിലാണ്.

: വിദ്യാഭ്യാസകാലത്ത് ഇത്തരം ബോധ്യങ്ങള്‍ ഉണ്ടായിരുന്നോ? സുങ്കണ്ണയുടെ സ്‌കൂള്‍ വിദ്യാഭ്യാസം ഒക്കെ എവിടെ ആയിരുന്നു?

സു: കര്‍ണൂളിലെ എന്റെ ഗ്രാമത്തില്‍ തന്നെയായിരുന്നു എന്റെ പ്രാഥമികവിദ്യാഭ്യാസം. കേരളത്തിലെ സ്ഥിതിയല്ല ആന്ധ്ര, തെലുങ്കാന രായലസീമ മേഖലകളില്‍ പ്രാഥമികവിദ്യാഭ്യാസരംഗത്ത്. ഞാന്‍ ABCD പഠിച്ചത് എന്റെ ആറാം ക്ലാസ്സിലാണ്. അതാണ് ഇവിടുത്തെ പ്രാഥമികവിദ്യാഭ്യാസമേഖലയിലെ സാഹചര്യം. നൂറോ അതില്‍ കൂടുതലോ കുട്ടികള്‍ ഉള്ളിടത്ത് ഒന്നോ രണ്ടോ അദ്ധ്യാപകര്‍ കാണും. അവര്‍ വന്ന് ഹാജരെടുത്തുപോകയും ചെയ്യും. ദളിതര്‍ക്കോ ആദിവാസികള്‍ക്കോ എന്തെങ്കിലും വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് സ്വപ്രയത്‌നം കൊണ്ടോ മാതാപിതാക്കളുടെ താത്പര്യം മൂലമോ ആണ്. ഇപ്പോള്‍, അപ്പര്‍ പ്രൈമറി ക്ലാസ്സുകള്‍ക്ക് സോഷ്യല്‍ വെല്‍ഫെയര്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളെങ്കിലും ഉണ്ട്, പക്ഷെ അത് പ്രാഥമിക വിദ്യാഭ്യാസത്തിന് പകരമാവില്ല. നിങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിലെ ഉറച്ച അടിത്തറയാണ് ഉന്നതപഠനത്തിന് അടിസ്ഥാനം.

എന്റെ മാതാപിതാക്കള്‍ എന്റെ വിദ്യാഭ്യാസത്തെ വളരെയധികം വില മതിച്ചിരുന്നു. അവര്‍ കാരണമാണ് ഞാന്‍ പല തവണ പഠനം നിരത്തിയിട്ടും തുടര്‍ന്ന് പഠിച്ചത്. എങ്ങനെയാണ് ഇത് പറയേണ്ടത് എന്നെനിക്കറിയില്ല. എനിക്ക് പഠിക്കാന്‍ വലിയ താത്പര്യമൊന്നും ഉണ്ടായിരുന്നില്ല. എനിക്ക് മാത്രമല്ല, എന്റെ ആളുകള്‍ക്കും (my people). കാരണം, ഞങ്ങള്‍ പഠിക്കുന്നിടത്തും പഠിച്ചിരുന്ന സമയത്തും കുട്ടികളെ തല്ലുന്നത് ഒരു സ്ഥിരം ഏര്‍പ്പാടായിരുന്നു. പഠിക്കാനുള്ള എല്ലാ താത്പര്യവും നശിക്കാന്‍ പനയോലത്തണ്ട് കൊണ്ടുള്ള ഒരു അടി കിട്ടിയാല്‍ മതിയായിരുന്നു. എന്റെ ഗ്രാമത്തിലെ സ്‌കൂളില്‍ അഞ്ചാം ക്ലാസ്സ് വരെ ഉണ്ടായിരുന്നുള്ളൂ. അതിനു ശേഷം അടുത്തുള്ള ഗ്രാമത്തിലേക്ക് പോകണമായിരുന്നു ആറാം ക്ലാസ്സ് പഠിക്കണമെങ്കില്‍. അങ്ങനെ എല്ലാ ദിവസവും ആറുകിലോമീറ്റര്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് എന്റെ ഗ്രാമത്തിലെ കുട്ടികള്‍ പഠിക്കാന്‍ പോയി. അവിടെ ഞങ്ങളുടെ പഴയ പ്രൈമറി സ്‌കൂളിലെ പോലെയായിരുന്നില്ല. പരീക്ഷ എഴുതണം. ഓരോരുത്തരും പ്രത്യേകം പ്രത്യേകം അവരവരുടെ പുരോഗതി കാണിക്കണം. ഞങ്ങള്‍ക്ക് പഴയ സ്‌കൂളില്‍ പരീക്ഷ വളരെ സിമ്പിള്‍ ആയിരുന്നു. അധ്യാപകന്‍ ചോദ്യങ്ങളും ഉത്തരങ്ങളും ഒരു പുസ്തകത്തില്‍ എഴുതിത്തരും. ഞങ്ങള്‍ പകര്‍ത്തിയെഴുതും. എന്നാല്‍ പുതിയ സ്‌കൂളില്‍ ഞാന്‍ ഏറ്റവും അവസാനം ആയിരുന്നു എല്ലാത്തിനും. എനിക്ക് പത്ത് മാര്‍ക്കില്‍ കൂടുതല്‍ ഒരു വിഷയത്തിനും കിട്ടിയിരുന്നില്ല. ആറ് വിഷയങ്ങള്‍ പഠിപ്പിച്ചിരുന്ന ആറ് അധ്യാപകരുടെയും തല്ലുകൊള്ളാന്‍ വയ്യാതെ ഞാന്‍ പഠിത്തം നിര്‍ത്തി. എന്നിട്ട് ഒരു വര്‍ഷം പാടത്തെ പണിക്കുപോയി. ഒരു വര്‍ഷത്തിനു ശേഷം എന്റെ അമ്മയുടെ നിര്‍ദ്ദേശത്തോടെ എന്റെ അച്ഛന്‍ എന്നെ വീണ്ടും സ്‌കൂളില്‍ ചേര്‍ത്തു. എന്നാല്‍, ഇത്തവണ ഒരു പ്രൈവറ്റ് തെലുഗു മീഡിയം സ്‌കൂളിലാണ് എന്നെ ചേര്‍ത്തത്. എന്നാല്‍ അവിടെയും എനിക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. രണ്ട് മാസത്തിനു ശേഷം ഞാന്‍ വീണ്ടും പഠിത്തം നിര്‍ത്തി.

: പ്രാഥമിക വിദ്യാഭ്യാസം മുതല്‍തന്നെ ദളിതരുടെയും മറ്റു പാര്‍ശ്വവത്കൃത സാമൂഹികവിഭാഗങ്ങളുടെയും വിദ്യാഭ്യാസ സാഹചര്യങ്ങളിലെ വളരെ വ്യക്തമായ പിന്നാക്കാവസ്ഥ പലപ്പോഴും മെറിറ്റിനെക്കുറിച്ചുള്ള സംവാദങ്ങളില്‍ കടന്നുവരാറില്ല. സാഹചര്യങ്ങളില്‍ അല്ല മറിച്ചു വ്യക്തിപരമായ കഴിവുകളില്‍ ആണ് മെറിറ്റ് എന്ന ഒരു മറുവാദം പലപ്പോഴും സംവരണത്തിന് എതിരെ ഒരു ‘ബ്രഹ്മാസ്ത്രം’ ആയി പ്രയോഗിക്കാറുമുണ്ട്. എന്നാല്‍, തുടക്കം മുതല്‍ തന്നെ പിന്നോട്ടടിക്കുന്ന സാഹചര്യങ്ങളില്‍ നിന്നാണ് പലപ്പോഴും പലരും ഇത്തരം ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ എത്തിച്ചേരുന്നത് എന്നത് സത്യമല്ലേ?

സു: ശരിയാണ്. പുതിയ സ്‌കൂളില്‍ എനിക്ക് ഒന്നും മനസ്സിലാക്കാന്‍ കഴിയാതിരുന്നത് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അഭാവം മൂലമായിരുന്നു. എന്റെ ഗ്രാമത്തിലെ മിക്ക ദളിതര്‍ക്കും പ്രാഥമികവിദ്യാഭ്യാസം ലഭിച്ചിട്ടുണ്ടായിരുന്നില്ല. ഞങ്ങള്‍ പഠിച്ചിരുന്ന സമയത്ത് അവിടെ ദളിതര്‍ക്ക് പഠിക്കാന്‍ സ്‌കൂള്‍ ഉണ്ടായിരുന്നില്ല. രണ്ട് അധ്യാപകരെ സര്‍ക്കാര്‍ നിയമിച്ചിരുന്നുവെങ്കിലും അവര്‍ക്ക് പഠിപ്പിക്കാന്‍ സ്‌കൂള്‍ കെട്ടിടമുണ്ടായിരുന്നില്ല. ആന്ധ്രയിലെയും രായലസീമയിലെയും ഗ്രാമങ്ങളിലെ ദളിത് ചേരിപ്രദേശങ്ങളില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയെങ്കിലും കാണും. ദളിതരായിരുന്ന ആ അധ്യാപകര്‍ അങ്ങനെ ഒരു പള്ളിയില്‍ വച്ച് ഞങ്ങളെ പഠിപ്പിച്ചു വരുകയായിരുന്നു. ഞങ്ങള്‍ മൂന്നാം ക്ലാസ്സില്‍ എത്തിയപ്പോള്‍ പള്ളിയില്‍ വന്ന ഒരു മദ്യപാനിയും അധ്യാപകരും തമ്മില്‍ വാക്കേറ്റമുണ്ടായി. കുട്ടികള്‍ പഠിക്കുന്നിടത്ത് നിന്ന് മാറിനില്‍ക്കണമെന്ന് പറഞ്ഞ അധ്യാപകരെ പള്ളി ഞങ്ങളുടെയാണ് എന്ന് പറഞ്ഞ് മദ്യപന്‍ അപമാനിച്ചു. ഗവണ്‍മെന്റ് കെട്ടിടമില്ലാതെ പഠിപ്പിക്കാന്‍ വരില്ല എന്ന തീരുമാനത്തോടെ അധ്യാപകര്‍ മടങ്ങിപ്പോയി. ഒരു വര്‍ഷത്തിനു ശേഷം, സര്‍ക്കാര്‍ രണ്ട് മുറി പണിയിച്ചു. അവര്‍ തിരിച്ചുവന്ന് ഞങ്ങളെ മൂന്നാം ക്ലാസ്സില്‍ നിന്ന് അഞ്ചാം ക്ലാസ്സിലേക്ക് പാസാക്കി. അങ്ങനെ കാര്യമായി ഒന്നും പഠിക്കാതെയാണ് ഞങ്ങള്‍ അഞ്ചാം ക്ലാസ്സിലെത്തിയത്. ആ കൂട്ടത്തില്‍ നിന്ന് പത്താം ക്ലാസ്സ് വരെയെത്തിയ ഒരേയൊരാള്‍ ഞാന്‍ മാത്രമാണ്. അത് സാധ്യമായത് നിരക്ഷരരായ എന്റെ മാതാപിതാക്കളുടെ വാശി കൊണ്ട് മാത്രമാണ്. 

എന്റെ അച്ഛന്റെ ബന്ധുക്കളില്‍ ഒരാള്‍ അടുത്ത ഗ്രാമത്തില്‍ ഒരു ട്യൂഷന്‍ സെന്റര്‍ നടത്തുന്നുണ്ടായിരുന്നു. എന്റെ അച്ഛന്‍ എന്നെ ആ ബന്ധുവിന്റെ വീട്ടില്‍ കൊണ്ടാക്കി എന്നെ പഠിപ്പിക്കാന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു. എന്റെ സഹോദരന്‍ എല്ലാ ദിവസവും എനിക്ക് ഭക്ഷണം അവിടെ കൊണ്ടുത്തരുമായിരുന്നു. ഞാന്‍ അവിടെ ഇരുന്നു പഠിച്ച് എഴാം ക്ലാസ്സ് പ്രൈവറ്റ് ആയി എഴുതിയെടുത്തു. അതിനു ശേഷം, ഞാന്‍ പഠിത്തം നിര്‍ത്തിയ സ്‌കൂളില്‍ത്തന്നെ എട്ടും ഒന്‍പതും ക്ലാസുകള്‍ പഠിച്ചു ജയിച്ചു. പത്താം ക്ലാസ്സിലെത്തിയപ്പോള്‍ എന്റെ പഠനം വീണ്ടും മുടങ്ങി. ഇത്തവണ എന്റെ പേര് മാറ്റാനായിരുന്നു അത്. എന്റെ അന്നത്തെ പേര് ജോസഫ് എന്നായിരുന്നു. പത്താം ക്ലാസ്സ് പരീക്ഷക്ക് മുന്‍പായി എന്റെ അച്ഛനോട് അധ്യാപകന്‍ എന്റെ എസ് സി സര്‍ട്ടിഫിക്കറ്റിന് ചേരുന്ന ഒരു ഹിന്ദു പേര് ഇല്ലെങ്കില്‍ എനിക്ക് തുടര്‍പഠനത്തിന് ബുദ്ധിമുട്ടുണ്ടാകാന്‍ സാധ്യതയുണ്ട് എന്ന് പറഞ്ഞു. അങ്ങനെ എന്റെ പേര് സുങ്കണ്ണ എന്നാക്കാന്‍ അടുത്ത കൊല്ലം വരെ വീട്ടിലിരുന്ന് പഠിക്കാന്‍ എന്നോട് അച്ഛന്‍ പറഞ്ഞു. ഒരു കൊല്ലത്തിനു ശേഷം ഞാന്‍ പുതിയ പേരില്‍ പത്താം ക്ലാസ്സ് പരീക്ഷ എഴുതി. ജയിക്കുമെന്ന് എനിക്ക് പ്രതീക്ഷയില്ലായിരുന്നു. പത്താം ക്ലാസ്സ് ജയിക്കാതിരുന്നാല്‍ ആന്ധ്ര തെലുങ്കാന മേഖലയില്‍ ഒരുപാട് പേര്‍ ആത്മഹത്യ ചെയ്തിരുന്ന കാലമായിരുന്നു അത്. ജയിച്ചില്ലെങ്കില്‍ അച്ഛന്‍ തല്ലുമെന്ന് ഭയന്ന് റിസള്‍ട്ട് വരുന്നതിന് മുന്‍പേ ഞാന്‍ നാട് വിട്ടു.

: പത്താം ക്ലാസ്സ് പരീക്ഷാഫലം ഭയന്ന് ഒളിച്ചോടിയ സുങ്കണ്ണ ഇന്ന് Philosophy യില്‍ ഗവേഷകബിരുദം കരസ്ഥമാക്കിയിരിക്കുന്നു. എങ്ങനെയാണ് ഹൈദരാബാദ് സര്‍വകലാശാലയില്‍ എത്തുന്നത്?

സു: ഞാന്‍ നാട് വിട്ട് ഹൈദരാബാദിലെത്തി, എന്റെ പതിനാറാമത്തെ വയസ്സില്‍. ടി വി ചാനലുകളും പത്രങ്ങളും ഫോണ്‍ കോളുകളും വീട്ടില്‍ എത്താതിരുന്ന ഒരു കാലത്ത് എന്റെ വീട്ടില്‍ നിന്നും അകന്ന് ഞാന്‍ രണ്ടു കൊല്ലത്തോളം വിവിധ മേഖലകളില്‍ വിവിധ ജോലികള്‍ ചെയ്തു. രണ്ട് വര്‍ഷത്തിന് ശേഷം എന്റെ അച്ഛന്‍ ഞാന്‍ ഹൈദരാബാദില്‍ ഉണ്ടെന്നു കണ്ടെത്തി എന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഞാന്‍ തിരിച്ചു ചെല്ലുമ്പോള്‍ എന്റെ പത്താം ക്ലാസ്സിലെ കൂട്ടുകാരെല്ലാം തന്നെ ഇന്റര്‍മീഡിയറ്റ്( പ്ലസ് ടു) വരെ എത്തിയിരുന്നു. വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ എന്നോട് പറഞ്ഞു, ഞാന്‍ പത്താം ക്ലാസ്സ് ജയിച്ചിരുന്നുവെന്ന്. ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ പ്ലസ് ടു വിന്‌ ചേരാമായിരുന്നെന്നും. അന്ന് ഇന്റര്‍മീഡിയറ്റിന്‌ ചേര്‍ന്നതിന് ശേഷം ഒരിക്കല്‍പ്പോലും ഞാന്‍ പുറകോട്ടുപോയിട്ടില്ല. ഇന്റര്‍മീഡിയറ്റിന്‌ കഴിഞ്ഞു ബിരുദം. അതിന് ശേഷം B Ed. അതിനു ശേഷം ഒരു ജോലി അന്വേഷിക്കുമ്പോളാണ് സൈക്കോളജി പഠിക്കുന്നത് നന്നായിരിക്കും എന്ന് എനിക്ക് തോന്നിയത്. ബി എഡ് കോളേജുകളില്‍ അധ്യാപകന്‍ ആകാന്‍ തയ്യാറെടുക്കുകയായിരുന്നു ഞാന്‍. അങ്ങനെ ഒസ്മാനിയ സര്‍വകലാശാലയിലെ എം എസ് സി സൈക്കോളജി കോഴ്‌സിന്റെ പ്രവേശനപരീക്ഷ ജയിച്ച് ഞാന്‍ ഹൈദരാബാദില്‍ വീണ്ടുമെത്തി. എന്നാല്‍, ഞാന്‍ തെലുങ്കാനയില്‍ നിന്നല്ലാത്തതിനാല്‍ എനിക്ക് അന്ന് പ്രവേശനം ലഭിച്ചില്ല. പിന്നീട്, ഹൈദരാബാദില്‍ത്തന്നെ കുറച്ചുനാള്‍ സെക്യൂരിറ്റിയായി ജോലി ചെയ്തു. ആരെയും ആശ്രയിക്കാതെ എന്തെങ്കിലും ജോലിചെയ്തുകൊണ്ട് ഒരു നല്ല ജോലിക്കായ് തയ്യാറെടുക്കണമെന്നായിരുന്നു എന്റെ അന്നത്തെ മാനസികാവസ്ഥ. അങ്ങനെയിരിക്കെയാണ്, ഒരു ദിവസം HCU ല്‍ നിന്ന് തെലുഗു സാഹിത്യത്തില്‍ ഗവേഷണം ചെയ്തിരുന്ന ജില്കര്‍ ശ്രീനിവാസിനെ ഞാന്‍ പരിചയപ്പെടുന്നത്. ശ്രീനിവാസ് ആണ് എന്നെ എച് യു സി യില്‍ എം എ ഫിലോസഫി കോഴ്‌സിന് ചേരാന്‍ പ്രേരിപ്പിച്ചത്. ഞാന്‍ 2005ല്‍ എം എ ഫിലോസഫിക്ക് ചേരുമ്പോള്‍ എനിക്ക് ആദ്യം ആറാം ക്ലാസ്സില്‍ എത്തിയപ്പോള്‍ ഉണ്ടായ അതേ അവസ്ഥയായിരുന്നു. അന്ന് അവര്‍ തെലുഗു സംസാരിക്കുന്നത് എനിക്ക് മനസ്സില്ലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇവിടെ പൂര്‍ണമായും ഇംഗ്ലീഷില്‍ ആണെന്ന് മാത്രമല്ല ഫിലോസഫിയുടെ ഭാഷ എനിക്ക് പുതിയതായിരുന്നു താനും. ഞാന്‍ വളരയധികം പരിശ്രമിച്ചു. ഒടുവിലിതാ, ആയിരക്കണക്കിന് ആളുകളുടെ മുന്‍പില്‍ ഇംഗ്ലീഷില്‍ സംസാരിക്കാനുള്ള ശേഷി ഇപ്പോള്‍ ഞാന്‍ നേടിയെടുത്തിരിക്കുന്നു.

: ക്ലാസ് മുറിയില്‍ വിവേചനം നേരിട്ടിരുന്നോ? സര്‍വകലാശാലയിലെ ക്ലാസ് മുറിയില്‍ ജാതിയുടെ അനുഭവം എന്തായിരുന്നു?

സു: ജാതിയുടെ വിവേചനം ക്ലാസ്സുമുറികളില്‍ അത്ര പ്രത്യക്ഷമല്ല. ഞാന്‍ നേരത്തെ പറഞ്ഞത് പോലെ, ജാതി അവിടെ പ്രവര്‍ത്തിക്കുന്നത് മറ്റൊരു രൂപത്തിലാണ്. ഉദാഹരണത്തിന്, എന്നെപ്പോലെ തെലുഗു മീഡിയം വിദ്യാഭ്യാസം ലഭിച്ച ഗ്രാമീണ മേഖലയില്‍ നിന്നുള്ള ഒരാള്‍ ക്ലാസ്സ്മുറിയില്‍ പ്രവേശിക്കുന്നുവെന്നു കരുതുക. അവിടെയെത്തി കഴിഞ്ഞാല്‍ അയാള്‍ തീരെ നിശബ്ദനായിരിക്കും. പിന്നീട്, ആരോടെങ്കിലും എന്തെങ്കിലും സംസാരിക്കണമെങ്കില്‍ത്തന്നെ, സമാനമായ സാഹചര്യങ്ങളില്‍ നിന്നുള്ള ആളുകളെ കണ്ടെത്താനായിരിക്കും ശ്രമിക്കുക. അങ്ങനെയുള്ളവര്‍ വളരെ കുറവായിരിക്കും കാരണം ഭൂരിഭാഗം വിദ്യാര്‍ത്ഥികളും നഗരങ്ങളില്‍ നിന്ന് വരുന്ന നവവരേണ്യരായിരിക്കും. അങ്ങനെയുള്ളവരോട് മുറി ഇംഗ്ലീഷില്‍ സംസാരിച്ച് സ്വയം അപഹാസ്യരാകുന്നതിനേക്കാള്‍ നിശബ്ദരായിരിക്കുന്നതാകും നല്ലത് എന്ന ബോധമായിരിക്കും അവരെ നയിക്കുക. എം എ  ക്ലാസ്സുകളില്‍ ഇത് വളരെ വ്യക്തമായി നിരീക്ഷിക്കാന്‍ കഴിയും. തങ്ങളുടെ മുറി ഇംഗ്ലീഷിനാല്‍ തരം താഴ്ന്നവരായി വിലയിരുത്തപ്പെടാന്‍ (underestimate) അവസരം കൊടുക്കാതിരിക്കാന്‍ അവര്‍ അധ്യാപകരോടും സുഹൃത്തുക്കളോടും അടുത്ത് ഇടപഴകുകയില്ല, ക്ലാസ്സ് മുറികളിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുകയില്ല, ക്ലാസ്സില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുകയില്ല. പക്ഷേ, ഇത് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തെ മോശമായി സ്വാധീനിക്കുകയും ചെയ്യും. എന്റെ ഉത്തരക്കടലാസ് കൈയിലെടുക്കുമ്പോള്‍ അദ്ധ്യാപകന്‍/അദ്ധ്യാപിക ചിന്തിക്കുന്നുണ്ടാവുക ഇത് ക്ലാസ്സില്‍ ഒട്ടും സംസാരിക്കാത്ത, ഇടപെടലുകള്‍ നടത്താത്ത, ചോദ്യങ്ങള്‍ ചോദിക്കാത്ത ഒരാളുടെ ഉത്തരക്കടലാസ് ആണെന്നായിരിക്കും. അതിനാല്‍, ഞാന്‍ മികവുറ്റ ഉത്തരങ്ങള്‍ എഴുതിയാലും അത് വേറെ ആരുടെയെങ്കിലും നോക്കിയെഴുതിയതാണെന്നേ, കോപ്പിയടിച്ചതാണെന്നേ അവര്‍ വിചാരിക്കൂ. വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാക്കാവുന്ന വിവേചനത്തിന്റെ മറ്റൊരു രൂപമാണിത്.

സംവരണത്തിലൂടെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കേണ്ടി വരുന്ന മറ്റൊരു വിവേചനം ഉയര്‍ന്ന ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും ഔദാര്യ മനോഭാവമാണ്. സംവരണം ഇല്ലെങ്കില്‍ ഇവരൊന്നും ക്ലാസ് മുറികളില്‍ ഉണ്ടാവില്ല എന്നത് വളരെ സ്വീകാര്യമായ മനോഭാവമായി മാറുന്നു. അവിടെത്തന്നെ അവര്‍ ദളിതരെ വിലകുറച്ച് കാണുന്നു. തുടര്‍ന്നുള്ള അവരുടെ ഇടപഴകലുകളില്‍ ദളിത് വിദ്യാര്‍ത്ഥികളെ തഴയുകയും ഇടങ്ങളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും. ദളിത് വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള ഒട്ടുമിക്ക തെറ്റായ ധാരണകളും അവര്‍ പഠിക്കാന്‍ മോശമാണ്, അവര്‍ ഭക്ഷണം കിട്ടാത്ത ഇടങ്ങളില്‍ നിന്നാണ് വരുന്നത്, അവര്‍ പഠിക്കാനല്ല നല്ല ഭക്ഷണം കഴിച്ച് അടിച്ചുപൊളിച്ച് ആസ്വദിച്ച് ജീവിക്കാനാണ് വരുന്നത്, അവര്‍ ഭാവിയെക്കുറിച്ച് ചിന്തിക്കാത്തവരാണ് തുടങ്ങിയവ ഉത്ഭവിക്കുന്നത് സംവരണത്തെക്കുറിച്ചുള്ള ഈ പൊതുബോധത്തില്‍ നിന്നാണ്. ഇതെല്ലാം വ്യക്തിപരമായ ഇടപെടലുകളിലും വ്യക്തിബന്ധങ്ങളിലും നിഴലിക്കും. ഒരുദാഹരണം പറയാം.എം എ കാലത്തെ എന്റെ വളരെ അടുത്ത ഒരു റെഡ്ഡി സുഹൃത്ത് അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി. ഹോസ്റ്റലില്‍ ഉണ്ടായിരുന്ന ഒരു ആദിവാസി വിദ്യാര്‍ത്ഥിയെ ചൂണ്ടിക്കാട്ടി എന്നോട് പറഞ്ഞത് ഞാന്‍ ഇപ്പോഴുമോര്‍ക്കുന്നു. അവന്റെ കുടിലില്‍പ്പോയി വന്നപ്പോള്‍ മെലിഞ്ഞു അസ്ഥികൂടം പോലെയായത് കണ്ടില്ലേ, ഇവിടെയായിരുന്നപ്പോള്‍ സുഖഭക്ഷണം ആയിരുന്നല്ലോ എന്നായിരുന്നു എന്റെ സുഹൃത്ത് ആ ആദിവാസി വിദ്യാര്‍ത്ഥിയെക്കുറിച്ച് പറഞ്ഞത്. ഇതാണ് സംവരണസമുദായങ്ങളിലെ വിദ്യാര്‍ത്ഥികളോടുള്ള പൊതുവായ സമീപനം. ഞങ്ങള്‍ ഭക്ഷണം കഴിക്കാനായി വരുന്നവരാണെന്നും തിരികെപ്പോയാല്‍ പട്ടിണി കിടക്കുന്നവരാണെന്നും അതിനാല്‍ സംവരണം ഞങ്ങള്‍ക്ക് വല്ലാത്ത ഒരു ആഹ്ളാദം തരുന്നെന്നാണ് പലരും കരുതുന്നത്.

: ഇത്തരം വിവേചനങ്ങള്‍ മനസ്സിലാക്കാന്‍ അത്ര എളുപ്പമാണോ? എത്രത്തോളം ആഴത്തിലാണ് (etnrenched) ആണ് ഇവയുടെ പ്രവര്‍ത്തനങ്ങള്‍?

സു: ഇതെല്ലാം വളരെ സൂക്ഷ്മമായ തലത്തില്‍ സംഭവിക്കുന്ന കാര്യങ്ങളായതിനാല്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. രോഹിത് സോഷ്യോളജി സെമിനാറിലേക്ക് അയച്ച അവര്‍ സ്വീകരിക്കാതിരുന്ന അബ്‌സ്ട്രാക്റ്റില്‍ പറയുന്നതുപോലെ ദളിതര്‍ക്കും ആദിവാസികള്‍ക്കും സയന്‍സ് ലാബുകളില്‍ ഉയര്‍ന്ന ജാതിക്കാരെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. ശാസ്ത്ര വിഷയങ്ങളുടെ മിക്ക അധ്യാപകരും ഉയര്‍ന്ന ജാതിക്കാരായിരിക്കും. ഒബിസികള്‍ പോലും വളരെ വിരളം ആയിരിക്കും. ലാബുകളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളെ ആശ്രയിക്കേണ്ടി വരും. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ലാബുകളില്‍ ഉയര്‍ന്നജാതിക്കാരായ അദ്ധ്യാപകരുടെ പിന്‍ബലത്തോടെ ദളിത് വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കുന്നു. ദളിതര്‍ക്ക് തങ്ങളുടെ ഗവേഷണത്തിനായി സവര്‍ണരെ ആശ്രയിക്കേണ്ടി വരുന്നു. വിദേശത്ത് ഗവേഷണത്തിന് പോകാന്‍ മുതല്‍ ദൈനംദിന പരീക്ഷണങ്ങള്‍ക്ക് വരെ ഈ ആശ്രിതത്വം തടസ്സമായിത്തീരുന്നു. വിദേശത്ത് ഗവേഷണം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സവര്‍ണ വിദ്യാര്‍ത്ഥികളെ ആശ്രയിക്കേണ്ടിവരും കാരണം വിദേശസര്‍വകലാശാലകളില്‍ ഗവേഷണം നടത്തുന്ന ദളിതര്‍ വിരളം ആയിരിക്കും. ഇങ്ങനെയൊക്കെ, പ്രത്യക്ഷമായും പരോക്ഷമായും സവര്‍ണമേധാവിത്വം നിലനില്‍ക്കുന്നു.

ഇനി ഹൈദരാബാദ് സര്‍വകലാശാലയിലെ institutional dicrimination നെക്കുറിച്ച് സംസാരിക്കാനാണെങ്കില്‍, ഞാന്‍ 2005ല്‍ ഇവിടെ പ്രവേശനം തേടുമ്പോള്‍ എന്റെ പ്രവേശനപരീക്ഷയിലെ ഉത്തരക്കടലാസിന്റെ ആദ്യപുറത്തില്‍ എന്റെ ജാതിയടക്കം എല്ലാ വിശദാംശങ്ങളും രേഖപ്പെടുത്തിയിരുന്നു. ഇത് ഉത്തരങ്ങള്‍ക്ക് മാര്‍ക്കിടുന്ന അദ്ധ്യാപകര്‍ക്ക് വിവേചനത്തിന് അവസരം നല്‍കുന്ന ഒരു ഏര്‍പ്പാട് ആയിരുന്നതിനാല്‍, എ എസ് എ ഇതിനെതിരെ സമരം ചെയ്തു. ആ സമരത്തില്‍ ഞാനും പങ്കാളിയായിരുന്നു. 2008ല്‍ ഈ രീതി മാറ്റി നക്ഷത്രചിഹ്നങ്ങള്‍ (*) കൊണ്ട് സംവരണവിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ അടയാളപ്പെടുത്താന്‍ തുടങ്ങി. Starred system എന്ന് വിളിക്കപ്പെട്ട ഈ രീതിയിലും വിവേചനം തുടര്‍ന്നു. ഒരു നക്ഷത്രചിഹ്നം (*) പട്ടികജാതികളെയും രണ്ടെണ്ണം (**) പട്ടികവര്‍ഗങ്ങളെയും അടയാളപ്പെടുത്തുന്നുവെന്നു പതിയെ എല്ലാവര്‍ക്കും മനസ്സിലായിത്തുടങ്ങി. അന്നത്തെ വൈസ് ചാന്‍സിലര്‍ ആയിരുന്ന സയ്യെദ് ഇ. ഹസ്‌നൈനോട് സമരം ചെയ്ത് വീണ്ടും മാറ്റങ്ങള്‍ വരുത്തി. ഉത്തരക്കടലാസുകള്‍ മാര്‍ക്കിട്ട് തിരികെയെത്തി അഡ്മിഷന്‍/ഇന്റര്‍വ്യൂ ലിസ്റ്റില്‍ പേര് വരുന്നത് വരെ സംവരണം സംബന്ധിച്ച വിശദാംശങ്ങള്‍ അതാത് വകുപ്പുകള്‍ക്ക് ലഭിക്കുകയില്ല എന്ന് ഉറപ്പു വരുത്തി. ഒടുവില്‍ പ്രവേശനലിസ്റ്റില്‍ പേര് വരുമ്പോള്‍ മാത്രം ഈ ചിഹ്നങ്ങള്‍ സംവരണസമുദായങ്ങളില്‍ പെട്ട വിദ്യാര്‍ഥികളെ അടയാളപ്പെടുത്തിത്തുടങ്ങി. പിന്നീട്, 2009ലോ 2010ലോ ആണ് കട്ട് ഓഫ് മാര്‍ക്ക് നടപ്പിലാക്കുന്നത്. അത് സംവരണസമുദായങ്ങളില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പുതിയ കടമ്പയായിരുന്നു. ഒരു വര്‍ഷം അവര്‍ വളരെ കൃത്യമായി, നിയമപരമായിത്തന്നെ, മെരിറ്റിന്റെ പേര് പറഞ്ഞ് ദളിതരെയും ആദിവാസികളെയും മറ്റു പിന്നാക്കവിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ത്ഥികളെയും സര്‍വകലാശാല കാമ്പസില്‍ പ്രവേശനം നേടുന്നതില്‍ നിന്നും വിലക്കി. ഞങ്ങള്‍ വീണ്ടും സമരം നടത്തി. അങ്ങനെയാണ് സംവരണസമുദായങ്ങള്‍ക്ക് ഇപ്പോഴുള്ള ഡൈനാമിക് (സ്ഥിരമല്ലാത്ത) കട്ട് ഓഫ് മാര്‍ക്ക് നിലവില്‍ വന്നത്. എന്നിരുന്നാലും, ജനറല്‍വിഭാഗത്തിന്റെ കട്ട് ഓഫിന്റെ അത്രയും മാര്‍ക്ക് ദളിതര്‍ക്ക് നല്‍കാന്‍ ഇപ്പോഴും വിസമ്മതിക്കുന്നവരുണ്ട്. ഇന്റര്‍വ്യുവില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കുറച്ചു നല്‍കി ജനറല്‍ വിഭാഗത്തിന്റെ കട്ട് ഓഫിന് തൊട്ടുതാഴെ നിര്‍ത്തുകയാണ് മിക്ക വകുപ്പുകളിലും ചെയ്യുന്നത്. അങ്ങനെ ദളിതരെ ജനറല്‍ കാറ്റഗറിയില്‍ അഡ്മിഷന്‍ നേടാന്‍ അനുവദിക്കാതിരിക്കുക എന്ന തന്ത്രം ഇപ്പോഴും നടപ്പിലാക്കുന്നു.

: ക്യാമ്പസിലെ ദളിത് ആത്മഹത്യകളുടെ ചരിത്രം തുടങ്ങുന്നത് സെന്തില്‍ കുമാറില്‍ നിന്നാണോ? അതിന് മുന്‍പ് ഇവിടെ നടന്ന ദളിത് ആത്മഹത്യകള്‍ എന്തുകൊണ്ടാണ് പരാമര്‍ശിക്കപ്പെടാത്തത്? അങ്ങനെയെതെങ്കിലും ചോദ്യങ്ങള്‍ അലട്ടിയിട്ടുണ്ടോ?

സു: സെന്തില്‍ കുമാറിന് മുന്‍പ് രാജാ സിംഗ്, സുനിത എന്നീ പേരുകള്‍ മാത്രമേ എനിക്ക് ഓര്‍മയുള്ളൂ. ഇതില്‍ സുനിത എന്ന ദളിത് സ്ത്രീയുടെതാണ് കാമ്പസിലെ ആദ്യത്തെ ദളിത് ആത്മഹത്യ എന്ന് തോന്നുന്നു. സെന്തിലിന് മുന്‍പും ഞാന്‍ ദളിത് ആത്മഹത്യകള്‍ കണ്ടിട്ടുണ്ട്. പക്ഷെ അന്നൊന്നും ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല, അവയെല്ലാം വ്യവസ്ഥാപിത കൊലപാതകങ്ങളാണ് എന്ന്. എന്തുകൊണ്ടാണ് ദളിത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്നത് എന്നതിനെക്കുറിച്ച് അന്ന് ഞാന്‍ ബോധവാനായിരുന്നില്ല. ഇവിടെ വന്നതിനു ശേഷമുണ്ടായ അഞ്ച് ദളിത് ആത്മഹത്യകള്‍ എന്റെ രാഷ്ട്രീയത്തെ നിര്‍ണ്ണയിച്ചിട്ടുണ്ട്, സ്വാധീനിച്ചിട്ടുണ്ട്.

സെന്തിലില്‍ നിന്ന് തന്നെ തുടങ്ങാം. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ എം ഫില്‍ ചെയ്തതിന് ശേഷം ഗവേഷകവിദ്യാര്‍ത്ഥിയായി കാമ്പസിലെത്തിയ സെന്തില്‍ കുമാറിന് പി എച് ഡി സൂപ്പര്‍വൈസറിനെ നല്‍കിയിരുന്നില്ല എന്ന് മാത്രമല്ല സ്‌കോളര്‍ഷിപ്പും  മറ്റ് സാമ്പത്തിക സഹായങ്ങളും നിഷേധിച്ചു. സെന്തില്‍ ഗവേഷണം നടത്താനുള്ള ലാബ് സൗകര്യത്തിനായി അന്നത്തെ ഫിസിക്‌സ്‌ വിഭാഗം മേധാവി വിപിന്‍ ശ്രീവാസ്തവയോട് പല തവണ അപേക്ഷിച്ചു. ശ്രീവാസ്തവ സെന്തിലിനെ ജാതീയമായി അധിക്ഷേപിച്ചു. സെന്തിലിന്റെ ജാതിയുടെ പരമ്പരാഗതമായ തൊഴിലായ പന്നിവളര്‍ത്തല്‍ ചെയ്യുന്നതായിരിക്കും നല്ലത് എന്ന് പറഞ്ഞു അപമാനിച്ചു. ഗവേഷണം നിര്‍ത്തി തിരിച്ചുചെന്ന് പന്നി വളര്‍ത്താന്‍ ആക്രോശിച്ചു. ഈ അപമാനമാണ് സെന്തിലിനെ തളര്‍ത്തിയതും ഇല്ലാതാക്കിയതും. രോഹിതിനെപ്പോലെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സെന്തില്‍ ഒടുവില്‍ ജീവനൊടുക്കി. സെന്തിലിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ വിനോദ് പവരാല കമ്മിറ്റി ഒരു വ്യക്തിയെയും കുറ്റപ്പെടുത്തിയില്ല. സെന്തിലിന്റെ മരണത്തിന് ഫിസിക്‌സ് വിഭാഗമാണ് ഉത്തരവാദി എന്ന് പറഞ്ഞുനിര്‍ത്തി. രോഹിതിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ വന്ന എം എച് ആര്‍ ഡി കമ്മിറ്റി സര്‍വകലാശാലയെ കുറ്റപ്പെടുത്തിയത് പോലെ. റിപ്പോര്‍ട്ടിലെ ഭാഷാപ്രവീണ്യം കൊണ്ട് ഒരുപാട് കുറ്റങ്ങളെയും കുറ്റവാളികളെയും ഇങ്ങനെ രക്ഷപെടുത്തിയിട്ടുണ്ട്.

ബാലരാജു ഇന്ത്യയിലെതന്നെ വളരെ പിന്നാക്കം നില്ക്കുന്ന ഒരു ജില്ലയായ മഹബൂബ്‌നഗറില്‍ നിന്ന് തെലുഗു സാഹിത്യത്തില്‍ ഗവേഷണം ചെയ്യാന്‍ എത്തിയ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. പിന്നാക്കവിഭാഗമായ യാദവസമുദായത്തില്‍ നിന്ന് വന്ന ആ വിദ്യാര്‍ത്ഥിയോട് തെലുഗു വിഭാഗം മേധാവി ബി രാമബ്രഹ്മം ജാതീയ അധിക്ഷേപം ചൊരിഞ്ഞു. തിരികെപ്പോയി ആടു മേയ്ക്കുന്നതായിരിക്കും നല്ലത് എന്ന് പറഞ്ഞത് കേട്ട് ബാലരാജു പഠനം നിര്‍ത്തി നാട്ടിലേക്ക് തിരിച്ചുപോയി. അവിടെച്ചെന്ന് ഗ്രാമത്തിലെ കൃഷിസ്ഥലത്ത് ഒരു മരത്തില്‍ തൂങ്ങിമരിച്ചു. തുടര്‍ന്നുണ്ടായ കമ്മിറ്റിയും ആരെയും കുറ്റപ്പെടുത്തിയില്ല. രാമബ്രഹ്മം പിന്നീട് പുതുതായി തുടങ്ങിയ പ്രാചീന തെലുഗു സാഹിത്യവിഭാഗത്തിന്റെ മേധാവിയാകുകയും ചെയ്തു.

പുലയാല രാജു ഇന്റഗ്രേറ്റഡ് എം എ വിദ്യാര്‍ത്ഥിയായിരുന്നു. രാജുവിന്റെ പിതാവ് സിന്‍ഗരേണി കല്‍ക്കരിഖനിയിലെ തൊഴിലാളിയാണ്.  ഇന്റഗ്രേറ്റഡ് കോഴ്‌സിലെ ആദ്യ മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് MA Linguistisc ലെത്തിയ രാജുവിനെ ഒരധ്യാപകന്‍ ആദ്യ സെമെസ്റ്ററിലെ ഒരു പേപ്പറില്‍ മനഃപൂര്‍വം രണ്ട് തവണ തോല്‍പ്പിച്ചു. ഒടുവില്‍, കുടുംബത്തിലെ അസ്വസ്ഥതകളും വ്യക്തിപരമായ കാരണങ്ങളും അക്കാദമിക് പ്രശ്‌നങ്ങളും കാരണമുണ്ടായ മാനസികവിഷമങ്ങള്‍ രാജുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചു.

മധാരി വെങ്കടേഷ് മറ്റൊരു പിന്നാക്കജില്ലയായ നല്‍ഗോണ്ടയിലെ ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ മകനായിരുന്നു. വളരെ മിടുക്കനായ വിദ്യാര്‍ത്ഥിയും ഗവേഷകനും. വെങ്കടേഷിനും സെന്തിലിനെപ്പൊലെ സൂപ്പര്‍വൈസറെ  നല്‍കിയിരുന്നില്ല. പരീക്ഷണങ്ങള്‍ നടത്താന്‍ ലാബ് അനുവദിക്കപ്പെട്ടിരുന്നില്ല. ACHREM- ലെ അധ്യാപകന്‍ കൂടിയായ വൈസ് ചാന്‍സിലര്‍ രാമകൃഷ്ണ രാമസ്വാമിക്ക് 18 മാസങ്ങളില്‍ പലപ്പോഴായി കത്തുകള്‍ എഴുതിയും വ്യക്തിപരമായി കണ്ടുസംസാരിച്ചും വെങ്കടേഷ് പരിഹാരത്തിന് ശ്രമിച്ചുകൊണ്ടേയിരുന്നു. പക്ഷെ, വൈസ് ചാന്‍സിലര്‍ ഈ കത്തുകളൊക്കെയും മേശപ്പുറത്ത് വാങ്ങിവെച്ചതല്ലാതെ പ്രത്യേകിച്ച് ഒരു നടപടിയും എടുത്തില്ല. 18 മാസങ്ങള്‍ക്ക് ശേഷം, വെങ്കടേഷ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. രോഹിത് ഡിസംബര്‍ 18ന് വി സിക്ക് എഴുതിയ കത്ത് പൂഴ്ത്തിവെച്ചിരുന്നത് പോലെ വെങ്കടേഷ് വി സിക്കെഴുതിയ കത്തുകളിന്മേല്‍ ഒരു നടപടിയും ഉണ്ടായില്ല. ജനുവരി 17 വരെ വി സി ഒപ്പിട്ടു കൈപ്പറ്റിയ രോഹിതിന്റെ കത്ത് വി സി യുടെ മേശപ്പുറത്തിരുന്നു. അവര്‍ ഒരു നടപടിയും എടുത്തില്ല. ആരെയും അറിയിച്ചില്ല, ഞങ്ങളെപ്പോലും. മധാരി വെങ്കടേഷിനും പുലയാല രാജുവിനും നീതി തേടി ഞങ്ങള്‍ നിരാഹാരമിരുന്നപ്പോള്‍ പോലീസ് ഞങ്ങളെ ബലം പ്രയോഗിച്ച് നീക്കം ചെയ്തു. വെങ്കടേഷിന്റെ മരണം അന്വേഷിച്ച റിട്ടയേര്‍ഡ് ജഡ്ജി വി സി യെ കുറ്റക്കാരനായി കണ്ടുവെങ്കിലും നടപടി ഒന്നുമുണ്ടായില്ല. പ്രോക്ടറല്‍ ബോര്‍ഡിന്റെയും GSCASH ന്റെയും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ഒന്ന് മനസ്സിലാകും. വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള പരാതികള്‍ വളരെ ഗൗരവതരമായി നേരിടുമെങ്കിലും അധ്യാപകര്‍ക്കെതിരെ പരാതിപ്പെടുന്നവര്‍ക്ക് നീതി ലഭിക്കുകയില്ല.

: ഇത്തരം സാഹചര്യങ്ങളില്‍ കമ്മിറ്റികളിലെ ദളിത്/ആദിവാസി പ്രാധിനിത്യം ഒരു വലിയ ഘടകം അല്ലേ?

സു: കമ്മിറ്റികളിലെ എല്ലാവരും ഉയര്‍ന്ന ജാതിക്കാരല്ല. എസ് സി / എസ് ടി പ്രാധിനിധ്യം ഉണ്ടെങ്കിലും ഭൂരിപക്ഷത്തിന്റെ അഭിപ്രായമേ കമ്മിറ്റിയുടെ തീരുമാനമായി സ്വീകരിക്കപ്പെടുകയുള്ളൂ. ചില ദളിത്/ആദിവാസി അദ്ധ്യാപകര്‍ സ്വന്തം താത്പര്യങ്ങള്‍ക്കായി അന്യായത്തിന്റെ പക്ഷം ചേരാറുണ്ട്. എനിക്ക് തോന്നുന്നത്, പ്രാധിനിത്യം ചോദിക്കുന്നത് പോലെ തന്നെ കമ്മിറ്റി അംഗങ്ങളുടെ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യത്തെക്കൂടി പരിശോധിക്കണം എന്നാണ്. പ്രോക്ടറല്‍ ബോര്‍ഡ് അധ്യക്ഷന്‍ അലോക് പാണ്ടേ എന്നെക്കുറിച്ച് റിപ്പോര്‍ട്ടില്‍ എഴുതിയിരിക്കുന്നത് ഒരു സുപ്രീംകോടതി/ഹൈക്കോടതി ജഡ്ജിയും തീവ്രവാദികളെപ്പോലും വിവരിക്കാന്‍ ഉപയോഗിക്കാത്ത ഭാഷയിലാണ്. ഞാന്‍ ക്യാമ്പസിലേക്ക് നുഴഞ്ഞുകയറിയെന്നും, എന്റെ സാന്നിധ്യം അപകടമാണെന്നും, എന്റെ പ്രവേശനം നിയമപരമായി നേരിടണമെന്നും, എന്നെ ഇവിടെ നിന്ന് തുടച്ചുനീക്കണമെന്നും ആണ് പരാമര്‍ശങ്ങള്‍. ഇത്തരം കമ്മിറ്റികള്‍ ഒരിക്കലും ഇരയുടെ കൂടെ നില്‍ക്കുകയില്ല. പകരം, കുറ്റരോപിതരുടെ കൂടെ അല്ലെങ്കില്‍ കമ്മിറ്റികള്‍ ഉണ്ടാക്കിയവരുടെ കൂടെയായിരിക്കും നിലകൊള്ളുക. ഇതേ അലോക് പാണ്ടേക്കെതിരെ സ്വന്തം വിഭാഗത്തിലെ ഒരു പെണ്‍കുട്ടി ലൈംഗികപീഡനം ആരോപിച്ച് പരാതി കൊടുത്തിരുന്നു. അങ്ങനെയൊരാളാണ് ഇന്ന് Chief Proctor സ്ഥാനത്തിരിക്കുന്നത്. അതിനാല്‍, എനിക്ക് തോന്നുന്നത് ഈ കമ്മിറ്റികളുടെയെല്ലാം നിയമപരമായ സാധുതയും പ്രത്യേകം പരിശോധിക്കേണ്ടതുണ്ട് എന്നാണ്. പ്രാധിനിധ്യത്തോളം പ്രാധാന്യം അര്‍ഹിക്കുന്നു ഇത്.

: കമ്മിറ്റികളുടെ തീരുമാനങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സ്വാധീനത്തിലാണ് എടുത്തതെന്ന് ആരോപിക്കുന്നുണ്ടല്ലോ. ഏതെല്ലാം അവസരങ്ങളിലാണ് RSS-ന്റെയോ BJPയുടെയോ നേരിട്ടുള്ള ഇടപെടല്‍ തീരുമാനങ്ങളില്‍ ഉണ്ടായിട്ടുള്ളത്?

സു: ആദ്യം അവര്‍ ഇരുകൂട്ടരെയും താക്കീത് ചെയ്തിരുന്നു. രോഹിത്തിനും എ എസ് എയിലെ മറ്റു നാല് പേര്‍ക്കും (പ്രശാന്ത്, ശേശു, വിജയ്, വിന്‍സെന്റ്) ആദ്യം താക്കീത് നല്‍കിയിരുന്നു. എ ബി വി പി പ്രസിഡന്റ് സുശീല്‍ കുമാറിനെ ഫെയ്‌സ്ബുക്കില്‍ ആക്ഷേപകരമായ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും താക്കീത് ചെയ്തു. തുടക്കത്തില്‍ എന്റെ പേര് ആ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. പിന്നീടാണ്, ബിജെപിയുടെ പ്രാദേശിക നേതൃത്വം ഈ വിഷയത്തില്‍ നേരിട്ട് ഇടപെടുന്നത്. കേന്ദ്രമന്ത്രി ബന്ദാരു ദത്തത്രേയ, എം എല്‍ സി രാമചന്ദ്ര റാവു, ബിജെപി രംഗ റെഡ്ഡി ജില്ലാ വൈസ് പ്രസിഡന്റ് നന്ദനം വിഷ്ണു വര്‍ദ്ധന്‍ തുടങ്ങിയവരുടെ ഇടപെടലുകള്‍ വളരെ വ്യക്തമാണ്. എം എല്‍ സി രാമചന്ദ്ര റാവു യൂണിവേഴ്‌സിറ്റിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മീറ്റിംഗ് അറ്റന്‍ഡ് ചെയ്തത് മിനിട്‌സില്‍ വളരെ വ്യക്തമാണ്. വി സിയോടുള്ള സംഭാഷണത്തില്‍ എ എസ് എ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ യൂണിവേഴ്‌സിറ്റിക്ക് പുറത്ത് അവരെ അച്ചടക്കം പഠിപ്പിക്കുമെന്ന് താക്കീത് ചെയ്തതിന് ശേഷമാണ് രണ്ടാമത്തെ കമ്മിറ്റിയെ സംഭവങ്ങള്‍ പുനരന്വേഷിക്കാന്‍ നിയമിക്കുന്നത്. അപ്പോഴാണ് എന്റെ പേര് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നത്. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് അതില്‍ പറയുന്നത്. ആദ്യത്തെ പേജില്‍ അക്രമം ഒന്നും നടന്നില്ല എന്ന് ഡോ: അനുപമയുടെയും സെക്യൂരിറ്റി ഓഫിസറുടേയും റിപ്പോര്‍ട്ട് quote ചെയ്തുപറയുന്ന റിപ്പോര്‍ട്ടിന്റെ അവസാനപേജില്‍ വിന്‍സെന്റ് ഒഴികെയുള്ള നാലു പേരെ സസ്‌പെന്‍ഡ് ചെയ്തതായി പറയുന്നു. അതിനു ശേഷമാണ് എന്നെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയ എന്റെ കാമ്പസിലെ സാന്നിധ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു പാരഗ്രാഫ് ഉള്ളത്. എന്നാല്‍ തന്നെയും, ഞാന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നില്ല.

സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ വന്നത് സെപ്റ്റംബര്‍ എട്ടിനാണ്. ഞാന്‍ രണ്ടിനു തന്നെ എന്റെ തീസിസ്‌ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, എന്റെ തീസിസ് മുന്നോട്ടു നീക്കാതെ അവര്‍ ഡീന്‍ ഓഫീസില്‍ പിടിച്ചുവെച്ചു. എന്നെ ടാര്‍ഗറ്റ് ചെയ്യാന്‍ ശ്രമിച്ചതാണ്. ഒരു വശത്ത് എന്നെ ഭീകരവാദിയെന്നു വിളിക്കുന്നു, എന്റെ സാന്നിധ്യം അപകടമാണെന്ന് പറയുന്നു. മറുവശത്ത്, എന്റെ  തീസിസ് തടഞ്ഞുവെക്കുന്നു. ഞങ്ങള്‍ ഇവിടെ എന്ത് ചെയ്തിട്ടാണ് രാഷ്ട്രവിരോധികള്‍ ആയതു? കന്ധമാലില്‍ ആയിരങ്ങളെ കൊന്നൊടുക്കുന്ന വര്‍ഗീയവാദികളെ ഭീകരര്‍ എന്ന് വിളിക്കുന്നില്ല. ഗോധ്രയില്‍ ആയിരക്കണക്കിന് മുസ്ലിങ്ങളെ കൊന്നവരെ തീവ്രവാദികളെന്നു വിളിക്കുന്നില്ല. കാശ്മീരിലും വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്ന ഇന്ത്യന്‍ സൈന്യത്തെ അവര്‍ അപകടകാരിയെന്ന് വിളിക്കുന്നില്ല. പിന്നെ ഞങ്ങളെ എന്തിനാണ്, എന്തടിസ്ഥാനത്തിലാണ് രാഷ്ട്രവിരോധികളെന്നും തീവ്രവാദികളെന്നും വിളിക്കുന്നത്?

: പിന്നീട് ഈ റിപ്പോര്‍ട്ട് പരസ്പരവിരുദ്ധം ആണെന്ന് യൂണിവെഴ്‌സിറ്റി അംഗീകരിച്ചല്ലോ?

സു: അതെ, കുറച്ചു ദിവസങ്ങളിലെ സമരങ്ങള്‍ക്ക് ശേഷം പ്രോക്ടറല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്പരവിരുദ്ധം ആണെന്ന് യൂണിവേഴ്‌സിറ്റി തന്നെ അംഗീകരിച്ചു. പുതിയ അന്വേഷണം തുടങ്ങവെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ പിന്‍വലിച്ചു. എന്നെ സസ്‌പെന്‍ഡ് ചെയ്യാത്തതിനാല്‍ എനിക്ക് revocation ഓര്‍ഡര്‍ തന്നില്ല. ഞാന്‍ വീണ്ടും എന്റെ തീസിസ്ഫോര്‍വേഡ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഡീന്‍ പഞ്ചാനന്‍ മൊഹന്തിയെ ചെന്നു കണ്ടു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച ഓര്‍ഡര്‍ ഇല്ലാതെ thesis നീങ്ങുകയില്ല എന്ന് എനിക്ക് മനസ്സിലായി. അങ്ങനെ, സസ്‌പെന്‍ഡ് ചെയ്യപ്പെടാതിരുന്ന എനിക്ക് revocation ഓര്‍ഡര്‍ ചോദിച്ചു വാങ്ങേണ്ടി വന്നു, എന്റെ തീസിസ് മൂല്യനിര്‍ണയത്തിന് അയച്ചുകൊടുക്കാന്‍. ഇത് മാത്രമല്ല, ആദ്യത്തെ റിപ്പോര്‍ട്ടില്‍ എന്റെ പേര് ഉണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥി യൂണിയന്‍  പ്രസിഡന്റ് ആയ വിന്‍സെന്‍ന്റിന്റെ പേര് രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ നീക്കം ചെയ്തു. ഇതുമായി ബന്ധപ്പെട്ട പോലീസ് കേസില്‍ പല സമയത്തും പല പേരുകളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. അക്രമം നടന്നതായി യാതൊരു തെളിവുമില്ല താനും. ഈ കേസ് തന്നെ കള്ളക്കേസാണെന്നതിനു ഇതില്‍ക്കൂടുതല്‍ തെളിവ് വേണോ?

: സെന്തിലിന്റെ മരണത്തിനു ശേഷമുള്ള സമരങ്ങള്‍ക്ക് സാക്ഷിയാവുകയും പങ്കെടുക്കുകയും ചെയ്ത ഒരാളാണല്ലോ താങ്കള്‍. ആ സമയം മുതല്‍ ഇന്ന് വരെ കാമ്പസിന്റെ ദളിത് രാഷ്ട്രീയമുന്നേറ്റങ്ങളുടെ ഭാഗമായി നില്‍ക്കുന്ന ഒരാള്‍. എന്താണ് രോഹിതിന് നീതി തേടിയുള്ള ഈ സമരത്തെ മറ്റു സമരങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്?

സു: രണ്ടു രീതിയിലാണ് ഈ സമരം വ്യത്യസ്തമാകുന്നത്. ഒന്ന് സോഷ്യല്‍ മീഡിയയുടെ ഉപയോഗം. 2008ലും സോഷ്യല്‍ മീഡിയ ഉണ്ടെങ്കിലും ഇത്ര ജനകീയമല്ല. ഈ സമരത്തിന് രാഷ്ട്രീയപിന്തുണ ലഭിക്കുന്നതിന് വളരെ മുന്‍പ് തന്നെ വാര്‍ത്തകളും ചിത്രങ്ങളും ഫെയ്‌സ്ബുക്കിലൂടെ പ്രചരിച്ചിരുന്നു. ഹോസ്റ്റലില്‍ നിന്നും പുറത്തു വരുന്ന സമയത്തെ ചിത്രങ്ങളും മറ്റും ഫെയ്‌സ്ബുക്കില്‍ സജീവമായിരുന്നു. ‘വെളിവാഡ’യിലെ താമസവും സാമൂഹികബഹിഷ്‌കരണത്തിന്റെ മറ്റ് ചിത്രങ്ങളും ഫെയ്‌സ്ബുക്കില്‍ ഇട്ടിരുന്നു. ഈ ചിത്രങ്ങള്‍ കണ്ട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ എത്തിയ ഒരുപാട് ദളിത് ആക്ടിവിസ്റ്റുകള്‍ ഉണ്ട്, രാഷ്ട്രീയക്കാരുണ്ട്. പക്ഷേ, രോഹിതിന്റെ മരണശേഷം, കേന്ദ്രസര്‍ക്കാറും ഈ മരണത്തിനുത്തരവാദിയാണെന്ന് അറിഞ്ഞപ്പോള്‍ ദേശീയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇവിടെയെത്തി നമുക്ക് പിന്തുണ നല്‍കി. ഇത് രാഷ്ട്രീയവല്‍ക്കരണം ആണെന്ന് എനിക്ക് തോന്നുന്നില്ല. കോണ്‍ഗ്രസ് ഭരണകാലത്ത് ഒന്‍പത് മരണങ്ങള്‍ ഉണ്ടായിട്ടും അന്നൊന്നും ആരും വന്നില്ലല്ലോ എന്നും BJP ക്കാര്‍ ചോദിക്കുന്നുണ്ട്. പക്ഷേ, ആ മരണങ്ങള്‍ക്കൊന്നും ആര്‍എസ്എസ്സിന്റെ  പ്രാദേശികനേതാക്കള്‍ മുതല്‍ പ്രദേശത്തെ ബിജെപി എംപിയും കേന്ദ്രമന്ത്രിമാര്‍ വരെയുള്ളവര്‍ ഉത്തരവാദികളല്ല. ഇതാണ്, രണ്ടാമത്തെ വ്യത്യാസം. അതുകൊണ്ടാണ്, കുറ്റക്കാരെ ശിക്ഷിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സഹായം തേടുന്നത്. ആ ഒന്‍പത് മരണങ്ങളിലും, വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെ ബ്രാഹ്മണിക്കല്‍  മനോഭാവത്തിനും ജാതിവിവേചനത്തിനും എതിരെയാണ് സമരം ചെയ്തത്, സര്‍ക്കാരിനെതിരെയല്ല. ഇപ്പോഴും, സര്‍ക്കാരിനെതിരെയല്ല സമരം. സര്‍ക്കാരിന്റെ ഭാഗമായ കുറ്റവാളികള്‍ക്കെതിരെയാണ് സമരം. അവര്‍ക്കെതിരെ നിയമനടപടി എടുക്കണം എന്നാണ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. എച് ആര്‍ ഡി മന്ത്രിയോടും വി സിയോടും ഞങ്ങളോട് സംസാരിക്കാന്‍ പലതവണ ആവശ്യപ്പെട്ടതാണ്. പകരം, അവരാണ് പ്രശ്‌നത്തെ കണ്ടില്ല എന്ന് നടിച്ച് പുതിയ ആരോപണങ്ങളുമായി കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും, അവര്‍ക്കിവിടെ വന്നു ഞങ്ങളോട് സംസാരിക്കാന്‍ ആവില്ല.

രോഹിതിന്റെ മരണത്തിനു ശേഷം, സ്മൃതി ഇറാനി ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങള്‍ അറിയില്ല എന്ന് പ്രസ്താവനയിറക്കി. പിറ്റേ ദിവസം, അവര്‍ സര്‍വകലാശാലയിലേക്ക് അയച്ച അഞ്ചു കത്തുകള്‍ പത്രക്കാര്‍ കാണിച്ചപ്പോള്‍, അവര്‍ പ്രതികരിച്ചില്ല. പിന്നെ അവര്‍ പറഞ്ഞു, രോഹിത് ദളിതനല്ല എന്ന്. അവര്‍ ഒരിക്കലും ഒറ്റയ്ക്ക് മകനെ വളര്‍ത്തി സര്‍വകലാശാല വരെയെത്തിച്ച ദളിതയായ അമ്മയുടെ നഷ്ടം അറിഞ്ഞിട്ടില്ല, കണ്ടിട്ടില്ല, അതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. പാര്‍ലമെന്റ് സെഷന് മുന്‍പ്, അവര്‍ പറഞ്ഞു, മുറികള്‍ പൂട്ടിയ വാര്‍ഡന്‍ ദളിത് ആണെന്ന്, എന്നാല്‍ അയാള്‍ ദളിതനല്ല. എന്‍ ആര്‍ എസ്‌ ഹോസ്റ്റലിന്റെ വാര്‍ഡന്‍ വിനീത് സി പി നായരാണ്. അവര്‍ പറഞ്ഞു, അവരെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം എടുത്ത കമ്മിറ്റിയുടെ തലവന്‍ DSW ആണെന്ന്, DSW ഒരു ദളിതനാണെന്ന്. DSW കെ പ്രകാശ് ബാബു ദളിതനാണെങ്കിലും കമ്മിറ്റി തലവന്‍ വിപിന്‍ ശ്രീവാസ്തവയാണ്. മാത്രമല്ല, DSWനെ കമ്മിറ്റിയിലേക്ക് കോഓപ്പ്റ്റ് ചെയ്തിട്ടേ ഉള്ളൂ, എസ് സി/ എസ് ടി പ്രതിനിധി ആയിരുന്നില്ല. ഉടണ തന്നെ ഇക്കാര്യം മാധ്യമങ്ങളില്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ലമെന്റില്‍ അവര്‍ വീണ്ടും കള്ളം പറഞ്ഞു, പോലീസിനെയോ ഡോക്ടറെയോ രോഹിതിന്റെ ശരീരത്തിന്റെ അടുത്തേക്ക് അനുവദിച്ചിരുന്നില്ല എന്ന്, അവനെ വെറും രാഷ്ട്രീയ ആയുധം മാത്രമാക്കിയെന്ന്. ഉടന്‍ തന്നെ, ഡോക്ടര്‍ മാധ്യമങ്ങളോട് സംസാരിച്ചു ആ കള്ളവും പൊളിച്ചു. ഡോക്ടര്‍ വാര്‍ത്ത അറിഞ്ഞ് അഞ്ച് മിനിറ്റിനുള്ളില്‍ത്തന്നെ അവിടെയെത്തി മരണം സ്ഥിരീകരിച്ചു എന്ന് പറഞ്ഞപ്പോള്‍ പോലീസ് റിപ്പോര്‍ട്ട് ആണ് വായിച്ചതെന്ന് ഇറാനി വീണ്ടും തിരുത്തി. പോലീസ് ഒരു റിപ്പോര്‍ട്ടും എച് ആര്‍ ഡി മന്ത്രിക്ക് സമര്‍പ്പിച്ചിട്ടില്ല എന്ന് പറഞ്ഞു. പിന്നെയും, ചീഫ് വാര്‍ഡന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ആണെന്ന് അവര്‍ പറഞ്ഞു. ഞാന്‍ ഡല്‍ഹിയില്‍ ഇംഗ്ലീഷ് മീഡിയക്ക് മുന്നില്‍എച് ആര്‍ ഡി മന്ത്രാലയത്തെ വെല്ലുവിളിച്ചു. ചീഫ് വാര്‍ഡന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായിരിന്നെന്ന് സ്മൃതി ഇറാനി തെളിയിക്കുവാണെങ്കില്‍ എന്റെ സര്‍ട്ടിഫിക്കറ്റുകള്‍ നടുറോഡിലിട്ടു കത്തിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞു. പക്ഷേ, അങ്ങനെയല്ല എങ്കില്‍ അവര്‍ രാജി വെക്കുമോ? ഒരു പ്രതികരണവും ഉണ്ടായില്ല. എല്ലാം കള്ളമായിട്ടും, ആണെന്ന് തെളിയിച്ചിട്ടും, നമുക്ക് നീതി ലഭിക്കുന്നില്ല, ലഭിച്ചിട്ടില്ല. അതാണ് സത്യം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍