UPDATES

സിനിമ

വിധേയന്‍മാരും മാടമ്പികളും മാത്രം വാഴുന്ന മലയാള സിനിമ; പൊളിച്ചടുക്കേണ്ട സമയം കഴിഞ്ഞു

Avatar

അഴിമുഖം പ്രതിനിധി

മലയാളത്തിലെ ഒരു സൂപ്പര്‍ ഹിറ്റ് യുവസംവിധായകന്റെ ആദ്യ ചിത്രത്തിന്റെ ലൊക്കേഷന്‍. കന്നി സംരംഭത്തില്‍ സംവിധായകന് കിട്ടിയിരിക്കുന്നത് മലയാളത്തിന്റെ അതുല്യനടനെയാണ്. ഇന്‍ഡസ്ട്രിയിലെ ചൊല്ലനുസരിച്ച് അങ്ങേര്‍ക്കൊപ്പം പണി തുടങ്ങിയാല്‍ പിന്നെ വച്ചടി വച്ചടി കേറ്റമാണ്. പക്ഷെ, എന്തും സഹിക്കാനും എന്തും കേള്‍ക്കാനും എന്തും ചെയ്യാനും ഉള്ള മനസ്സുമായിട്ടുവേണം സംവിധാനിക്കാന്‍! സംഹസംവിധായകനായിട്ട് കാലം കുറച്ച് കഴിച്ചിട്ടുള്ളതാണ് ഈ സംവിധായകനെന്നതിനാല്‍ കാര്യങ്ങളൊക്കെ കക്ഷിക്ക് നല്ലവണ്ണം അറിയാം. മാത്രമല്ല, ഈ ചിത്രം ആക്ച്വലി സംവിധാനം ചെയ്യേണ്ടത് ഈ കക്ഷിയുടെ ഗുരുവായിരുന്നു, എന്നാല്‍ മറ്റ് പല കാരണങ്ങളും വന്നതോടെ സംവിധാന ചുമതല ശിഷ്യനെ ഏല്‍പ്പിക്കുകയായിരുന്നു. അങ്ങനെ ദൈവഭാഗ്യത്തിന് കിട്ടിയ അവസരം എന്തു സഹിച്ചാണെങ്കിലും പൂര്‍ത്തിയാക്കണമെന്നുമാത്രമെ ഈ പുതുമുഖ സംവിധായകനുണ്ടായിരുന്നുള്ളു. ഇനി കാര്യത്തിലേക്ക് വരാം;

നായകന്‍ മഴയത്തു നിന്നു വില്ലനെയും ഗൂണ്ടകളെയും ഇടിച്ചു നിരപ്പാക്കുന്ന സീനാണ് ഷൂട്ട് ചെയ്യുന്നത്. ഇടയില്‍ കട്ട് പറഞ്ഞ് സംവിധായകന്‍ എന്തോ നിര്‍ദേശം കൊടുക്കുമ്പോഴാണ്, കൃത്രിമ മഴ നനഞ്ഞ് നില്‍ക്കുന്ന നായകന് ഒരു തോന്നലുണ്ടാകുന്നത്, ഞാനിവിടെ നനഞ്ഞ് നില്‍ക്കുമ്പോള്‍ അവന്‍ അവിടെ കസേരയിട്ടിരുന്ന് ആജ്ഞകള്‍ നല്‍കുന്നോ? പിന്നെ അമാന്തിച്ചില്ല, ഹോസ് എടുത്ത് നേരെ സംവിധായകന്റെ മേലേക്ക് വെള്ളം ചീറ്റിച്ചു, അങ്ങനെ നീ മാത്രം ഇരുന്ന് സുയിക്കേണ്ട… എന്തെങ്കിലും തിരിച്ചു പറയാന്‍ പറ്റുമോ, ആദ്യസിനിമയാണ്, താരകോപം പിടിച്ചുവാങ്ങിച്ചാല്‍ ഇതു തന്റെ ഒടുക്കത്തെ സിനിമയാകുമെന്ന് പാവം പയ്യന് ആരും പറഞ്ഞുകൊടുക്കാതെ തന്നെ മനസ്സിലായി.

ഈ സംഭവത്തെ നായകനടന്‍ ഒരു തമാശമാത്രമായിട്ടാണ് പിന്നീട് ന്യായീകരിച്ചതെങ്കിലും അതൊരു സൂപ്പര്‍സ്റ്റാര്‍ കോപ്ലംക്‌സ് തന്നെയാണെന്നതില്‍ ആര്‍ക്കും ഒരു സംശയവുമുണ്ടായിരുന്നില്ല. എത്രയോ കാലങ്ങളായി ഈ കോംപ്ലക്‌സ് മലയാള സിനിമയില്‍ പലരും അനുഭവിക്കുന്നു. തിരുവായ്ക്ക് എതിര്‍വാ ഇല്ലെന്ന തരത്തില്‍ ഇവരെ ഓച്ചാനിച്ചു നില്‍ക്കുകയാണ് ബാക്കിയെല്ലാവരും. സിനിമയുടെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും മാത്രമല്ല, സിനിമയെന്ന കച്ചവടത്തിന്റെ ഭാഗമായ നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയേറ്റര്‍ ഉടമകള്‍ എന്നിവരെല്ലാം സൂപ്പര്‍താര വിധേയത്വത്തിന്റെ അടിമകളാണ്. കഴിഞ്ഞ പത്തു, മുപ്പത് വര്‍ഷങ്ങളായി ഈ പതിവ് ഇവിടെ തുടരുകയാണ്. 

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്നൊരു പരസ്യവാചകം ഒട്ടും ചേരാത്തൊരു മേഖലയാണ് സിനിമ എന്നതിന് കാരണം ഈ വിധേയത്വ മനോഭാവം തന്നെയാണ്. ആരൊക്കെ വന്നാലും മാറാതെ നില്‍ക്കുന്ന ചിലര്‍, അവരെ മാറ്റാതെ നിര്‍ത്തുന്ന മറ്റു ചിലര്‍. ഈ വഴിമുടക്കികള്‍ കാരണം, പ്രതിഭാധനരായ എത്രയോ ചെറുപ്പക്കാരുടെ കലാജീവിതമാണ് തകരുന്നത്. ഇനിയിവിടെയൊരു ഭരതനുണ്ടാകുമോ, പത്മരാജനുണ്ടാകുമോ എന്നു വിലപിക്കുന്നവര്‍, സത്യന്റെയും ഭരത് ഗോപിയുടെയുമൊക്കെ വിടവ് നികത്താന്‍ ഇനി മലയാള സിനിമയിലാര്‍ക്കും കഴിയില്ലെന്നു നെടുവീര്‍പ്പിടുന്നവര്‍ – ക്ലാവു പിടിച്ച വിഗ്രഹങ്ങളെ ഉടയ്ക്കാത്ത വിഡ്ഢികളാണവര്‍, അന്ധമണ്ഡൂപങ്ങള്‍.

എന്തുപറഞ്ഞാലും പഴയതിന്റെ മഹത്വത്തില്‍ അഭിരമിക്കുന്നവരാണല്ലോ മലയാളി. ‘അതൊക്കെ പണ്ട്’, ‘അതൊക്കെ പഴയ ആള്‍ക്കാര്’- ഇതാണ് മലയാളിയുടെ ക്വാളിറ്റി ടാഗ് ലൈന്‍. ഇന്നുണ്ടാകുന്നതെല്ലാം മാറ്റില്ലാത്ത പണ്ടങ്ങള്‍ മാത്രം. സിനിമയുടെ കാര്യത്തിലാണ് കൂടുതലായി ഈ പഴംപുരാണങ്ങള്‍ ചര്‍വിതചര്‍വണംപോലെ ചിലര്‍ കൊണ്ടുനടക്കുന്നത്.

ശരിയാണ്, ഒരുകാലത്ത്, തങ്ങളുടെ പ്രിതിഭാധനത്വം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകരും നടന്മാരുമൊക്കെ തന്നെയാണ് അവര്‍. അവര്‍ എന്നു പറഞ്ഞത് പാരമ്പര്യത്തിന്റെ കണക്കു പറഞ്ഞ് ലെജന്‍ഡുകളായി നിലനില്‍ക്കുന്ന’ അവര്‍’. ആനപ്പുറത്തിരുന്നതിന്റെ തഴമ്പ് നന്നായി തന്നെ അവരുടെ ചന്തിയില്‍ ഉണ്ട്, സമ്മതിച്ചു. പക്ഷെ മറ്റാര്‍ക്കും ആനപ്പുറത്ത് കയറാന്‍ അവസരം കൊടുക്കില്ലെന്നു പറഞ്ഞാലോ?

സിനിമ ആത്യന്തികമായി ഒരു കലയാണ്, അതിനുശേഷമേ അതൊരു കച്ചവട വസ്തുവാകുന്നുള്ളു. പക്ഷെ ഇന്ന് സിനിമയിലെ താരമൂല്യം ഒരാളുടെ വിപണിമൂല്യത്തിനനുസരിച്ചാണ്. കഴിവല്ല, സ്റ്റാര്‍ഡം ആണ് അടിസ്ഥാനം. ഈ സ്റ്റാര്‍ഡം എങ്ങനെ ഉണ്ടായി, അത് കഴിവുണ്ടായിട്ടല്ലേ എന്ന മറുചോദ്യം ഉണ്ടാകാം. ശരിയാണ്, പക്ഷെ സ്റ്റാര്‍ഡം ഉണ്ടായിക്കഴിഞ്ഞാല്‍ അയാള്‍ വെറുമൊരു ഉത്പന്നം മാത്രമായി ചുരുങ്ങണമെന്നുണ്ടോ? കഴിഞ്ഞ പത്തുവര്‍ഷത്തില്‍ മലയാളത്തിലെ താരമൂല്യമുള്ള സംവിധായകരും അഭിനേതാക്കളും നമുക്ക് നല്‍കിയിട്ടുള്ള കലാമൂല്യമുള്ള എത്ര ചിത്രങ്ങളുണ്ട്? പത്തില്‍ താഴെ പോലുമില്ല. എന്നാല്‍ അവരുടെ ‘വിജയചിത്ര’ങ്ങളെടുത്താല്‍ ഈ കണക്ക് വര്‍ദ്ധിക്കും. എന്താണ് ഈ വിജയത്തിന്റെ അടിസ്ഥാനം? തിയെറ്ററില്‍ നിന്നു കാശുവാരല്‍. അതെ കിട്ടിയ കാശിന്റെ കണക്കു പറഞ്ഞാണ് ഇവിടെ താരചക്രവര്‍ത്തിമാരും ക്രാഫ്റ്റ്മാന്‍ ഡയറകടേഴ്‌സും നിലനിന്നു പോരുന്നത്. മലയാളത്തിലെ ഒരു കുടുംബചിത്ര സംവിധായകന്‍ കൃത്യമായി പറഞ്ഞാല്‍ ഇക്കഴിഞ്ഞ പത്തുവര്‍ഷത്തിനിടയ്ക്ക് അദ്ദേഹത്തിന്റെ പുഷ്‌കലകാലത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരൊറ്റ സിനിമ പോലും സംവിധാനം ചെയ്തിട്ടില്ല. ഈ വര്‍ഷമിറങ്ങിയ സിനിമയുള്‍പ്പെടെ നല്ലതെന്ന് ആത്മാര്‍ത്ഥമായി പറയാവുന്ന ഒരു ചിത്രംപോലും ഉണ്ടായിട്ടില്ലെന്നു പറയുന്നത് വ്യക്തിവിദ്വേഷം വച്ചുകൊണ്ടല്ല. ഈ മനുഷ്യന്റെ സിനിമകളെ ജീവിതവുമായി ബന്ധപ്പെടുത്തി സ്‌നേഹിച്ചിരുന്നൊരാള്‍ തന്നെയാണ് ഇതു പറയുന്നതും, അത് അസൂയ കൊണ്ടല്ല, നിരാശകൊണ്ടാണ്. എന്നിരിക്കിലും ഈ സംവിധായകന്‍ ഇന്നും സൂപ്പര്‍ഹിറ്റ് സംവിധായകനാണ്! അദ്ദേഹത്തിന്റെ സിനിമകള്‍ കോടികള്‍ വാരുന്നു. എന്തുകൊണ്ട്? കാര്യം നിസ്സാരം, ഈ നാട്ടിന്‍പുറത്തുകാരന്‍ തന്റെ സിനിമകളിലെല്ലാം സൂപ്പര്‍താരങ്ങളെ (അപവാദമായി ഒരു ചിത്രമുണ്ട്)യാണ് അഭിനയിപ്പിക്കുക. ഇവിടെ ഒരു സൂപ്പര്‍താര ചിത്രം റിലീസ് ചെയ്യുന്നത് ആകെയുള്ള തിയെറ്ററുകളില്‍ മുഴുവനായി തന്നെയാണ്. തല്‍പ്രകാരം ആ തിയേറ്ററുകളില്‍ കളിക്കുന്ന ചെറു ചിത്രങ്ങള്‍ (ബജറ്റ്, താരമൂല്യം എന്നിവ കുറഞ്ഞ ചിത്രങ്ങള്‍ എപ്പോഴും ചെറുതാണ്, പ്രമേയത്തിലോ അവതരണത്തിലോ ഉള്ള മേന്മ കാര്യമാക്കാറേയില്ല) എടുത്തുമാറ്റും. പകരം കളിക്കുന്നത് ഈ സൂപ്പര്‍ ചിത്രമായിരിക്കും. എ ക്ലാസ് തിയേറ്ററുകളില്‍ മുഴുവനും ഭൂരിഭാഗം ബി ക്ലാസിലും ഈ ചിത്രം കളിക്കുമ്പോള്‍ സ്വാഭാവികമായും കാശ് കിട്ടും എന്നതില്‍ തര്‍ക്കമില്ല. ആളുകുറഞ്ഞാലും ഈ ചിത്രങ്ങള്‍ മാറ്റില്ല (ഈ നഷ്ടം വേറെ വഴിയെ നികത്തും). ഇങ്ങനെയാണ് പല ചിത്രങ്ങളും അമ്പതും നൂറും തികയ്ക്കുന്നത്. ഇതിനു പുറമെ ഫാന്‍സ് അസോസിയേഷന്‍കാര്‍ തങ്ങളുടെ രാജാവിന്റെ സിനിമ പതിനായിരം ഷോ കളിച്ചു, ആയിരം തിയേറ്ററില്‍ ഓടിച്ചു എന്ന കണക്കുകളുമായി ഫ്‌ളെക്‌സ് എഴുതും (ഫെയ്‌സ് ബുക്ക് വന്നപ്പോള്‍ ഫ്‌ളെക്‌സിന്റെ കാശ് ലാഭിക്കുന്നുണ്ട്).

 

മേല്‍പ്പറഞ്ഞ സൂപ്പര്‍- സംവിധായക-താരങ്ങളുടെ ചിത്രങ്ങള്‍- അവയെ സിനിമയെന്ന് വിളിക്കാന്‍പോലും പറ്റില്ലെങ്കിലും-വൈഡ് റിലീസിങ്ങിലൂടെ കോടികള്‍ ഉണ്ടാക്കുമ്പോള്‍, ചെറുതെങ്കിലും മനോഹരമായ സിനിമകള്‍ തിയെറ്ററുകളില്‍ നിന്ന് പൊടുന്നനെ പുറത്താക്കപ്പെടുന്നു. നല്ല ചിത്രങ്ങളെന്നു പറയാവുന്ന പല സിനിമകള്‍ക്കും തിയെറ്ററില്‍ ആളുകയറുന്നത് കണ്ടവര്‍ കണ്ടവര്‍ പരസ്പരം പറഞ്ഞറിഞ്ഞാണ്. ഇതിനു ചിലപ്പോള്‍ സമയം എടുത്തെന്നു വരും. ഇത്തരം ചിത്രങ്ങളുടെ സംവിധായകര്‍ പുതുമുഖങ്ങളായിരിക്കും, അഭിനയിക്കുന്നവര്‍ രണ്ടാംനിര താരങ്ങളോ, പുതുമുഖങ്ങളോ ആയിരിക്കും. അതിനാല്‍ തന്നെ ഇവര്‍ക്ക് ഫാന്‍സ് കാണില്ല, തിയെറ്ററുകളില്‍ കൃത്രിമ തള്ളിക്കയറ്റങ്ങളും കാണില്ല. പക്ഷെ കേട്ടറിഞ്ഞ് ആളു കയറുമ്പോഴേക്കും ഈ സിനിമ തിയെറ്ററില്‍ നിന്നു മാറിയിരിക്കും, മാറ്റിയിരിക്കും. സമീപകാലത്തെ മാത്രം ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകുമിത്. ഈയടുത്തിറങ്ങിയ രണ്ടു സൂപ്പര്‍താര ചിത്രങ്ങള്‍ക്കൊപ്പം, മികച്ചതെന്നു നിസ്സംശയം പറയാവുന്ന പുതുമുഖ സംവിധായകരുടെ സിനിമകളും റിലീസ് ചെയ്തിരുന്നു. എന്തായിരുന്നു ആ ചിത്രങ്ങളുെട ഗതി. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ഒന്നാന്തൊരമൊരു സിനിമയ്ക്ക് (ആ സിനിമയിലെ വിമര്‍ശനങ്ങള്‍ക്ക് പാത്രമായവര്‍പോലും നല്ലതെന്ന് പറഞ്ഞ സിനിമ) ഇവിടെ എത്ര തിയെറ്ററുകള്‍ കിട്ടി? എത്രദിവസം ആ സിനിമ ഇവിടുത്തെ പ്രധാന തിയെറ്ററുകളില്‍ ഓടി? അതേസമയം പഴയ ബോംബുകഥയും ഡാഡി കഥയുമൊക്കെ ഇപ്പോഴും പ്രധാനനഗരങ്ങളിലെ പ്രധാന സെന്ററുകളില്‍ ‘ നിറഞ്ഞോടുക’യല്ലേ! 

തെമ്മാടി മുതല്‍ മര്യാദരാമന്മാര്‍ വരെ കോടികള്‍ ചാക്കില്‍ കെട്ടി പോകുമ്പോള്‍ നല്ല സിനിമകളുടെ ചിറകുകളാണ് ഇവിടെ ഒടിഞ്ഞുപോകുന്നത്. സിനിമയെന്ന കലയോട് ചെയ്യുന്ന അക്ഷന്തവ്യമായ അപരാധമാണ് ഈ സിനിമാക്കാരും തിയെറ്റര്‍ ഉടമകളും വിതരണക്കാരുമൊക്കെ ചെയ്യുന്നത്. ചന്തിയില്‍ തഴമ്പുള്ളവനെ തലയില്‍ കേറ്റിയിരുത്തുന്ന ഏര്‍പ്പാട് ഇനിയെങ്കിലും നിര്‍ത്തണം.

സമീപകാലത്ത് തങ്ങളുടെ ആദ്യ സിനിമ കൊണ്ടു തന്നെ പ്രതിഭ തെളിയിച്ച സംവിധായകന്മാരെ കുറിച്ച് ആലോചിക്കുക, അവരിലെത്ര പേര്‍ക്ക് രണ്ടാമതൊരു സിനിമ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ചെയ്തവരൊക്കെ രണ്ടാമത്തെ സിനിമയൊന്ന് തിയേറ്ററില്‍ എത്തിക്കാന്‍ എത്രമാത്രം പാടുപെടേണ്ടി വന്നിട്ടുണ്ട്. സിനിമ നല്ലതൊക്കെ തന്നെ, എത്ര ഗ്രോസ് കളക്ഷന്‍ നേടി എന്ന തത്വത്തിലാണ് ഇവരെ ഒരു നിര്‍മാതാവായാലും വിതരണക്കാരനായാലും തിയറ്റര്‍ ഉടമയായാലും വിലയിരുത്തുന്നത്. ഇവിടെ നല്ല സിനിമകളല്ല ഉണ്ടാകേണ്ടത്, ലാഭം കിട്ടുന്ന സിനിമകളാണ്. അല്ലെങ്കില്‍ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ സിനിമകള്‍ പോലും പെട്ടിയിലിരുന്നു പോകുമോ? നാട്ടുകാരെ കാണിക്കാന്‍ ഉണ്ടാക്കിയ സിനിമ, തിയെറ്ററുകള്‍ കിട്ടാത്തതിനാല്‍ നാടുമുഴുവന്‍ കൊണ്ടുനടന്നു കാണിക്കേണ്ടി വരുമായിരുന്നോ? ഒരിക്കലുമില്ല. അതൊരു ഗതികേടാണ്. പ്രതിഭകളുടെ മഹത്വമറിയാത്ത മൂഢന്മാര്‍ സൃഷ്ടിക്കുന്ന ഗതികേട്. 

ആരംഭകാലം തൊട്ട് വെറും കച്ചവടക്കൂട്ട് മാത്രം ഉപയോഗിച്ച് സിനിമയെടുക്കുന്ന ഒരു സംവിധായകന്റെ സിനിമയും ഇപ്പോള്‍ തിയേറ്ററില്‍ ‘നിറഞ്ഞ’ സദസ്സില്‍ ഓടുന്നുണ്ട്. ബോംബെയില്‍ നിന്ന് ആളെയിറക്കി എഴുതിച്ചിട്ടും ബ്യൂട്ടി മീറ്റ്‌സ് ക്വാളിറ്റി എന്നുപറയുന്നതുപോലെ ‘പ്രതിഭയും’ ‘സൗന്ദര്യവും’ കൂടി ഇഴുകിചേര്‍ന്ന് പെര്‍ഫോം ചെയ്തിട്ടും സംഗതി പഴയ ബോംബു കഥ തന്നെയാകയാല്‍ സാമന്യബുദ്ധിയുള്ളവരും ഫാന്‍സ് അസോസിയേഷനില്‍ അംഗത്വമില്ലാത്തവരുമായ എല്ലാവരും തന്നെ സ്വയം ശപിച്ചുകൊണ്ടാണ് തിയെറ്റര്‍ വിട്ടത്. മോശമെന്നു പൊതു അഭിപ്രായമുയര്‍ന്നൊരു പ്രൊഡക്ട് വിപണയില്‍ സജീവമായി നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന കച്ചവട തന്ത്രം തന്നെയാണ് ഇവിടെയും ഉപയോഗിക്കുന്നത്. വര്‍ഷാവസാനം ലാഭക്കണക്കെടുക്കുമ്പോള്‍ ഈ ‘സസ്‌പെന്‍സ് ത്രില്ലര്‍’ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച ഭയങ്കരനായി വാഴ്ത്തപ്പെടും. ഈ സംവിധായകന്‍ തന്നെ ഇതിനു മുമ്പ് ചെയ്ത ചിത്രവും കോടികളുണ്ടാക്കിയെന്നു പറഞ്ഞു കേള്‍ക്കുന്നു. മലയാളത്തില്‍ വന്ന ഏറ്റവും മോശം സിനിമകളില്‍ ഒന്നായിരുന്നു അത്. എന്നിട്ടെന്താ അങ്ങേര്‍ക്ക് അടുത്ത ചിത്രം കിട്ടിയില്ലേ, കിട്ടി, അതും സൂപ്പര്‍ താരത്തിന്റെ. കാശുണ്ടാക്കിയില്ലേ, ഉണ്ടാക്കി, കോടികള്‍. ഇനിയും ചിത്രങ്ങള്‍ കിട്ടും, കോടികളുണ്ടാക്കും. പക്ഷെ സന്തോഷ് വിശ്വനാഥ് (ചിറകൊടിഞ്ഞ കിനാവുകള്‍) എന്ന സംവിധാകന് അടുത്തൊരു സിനിമ കിട്ടാന്‍ എത്രകാലം കാത്തിരിക്കേണ്ടി വരും? ആംഗലേയസംജ്ഞകളാല്‍ തിയേറ്ററില്‍ ഉത്സവങ്ങള്‍ തീര്‍ക്കുന്ന സംവിധായകനും നെട്ടിപ്പടം കെട്ടിയ ഗജവീരനെയും തെളിച്ചുകൊണ്ട് പ്രധാന തിയെറ്ററുകളില്‍ അര്‍മാദിക്കുന്നുണ്ട്. പണ്ട് ഇങ്ങേരു ജോടിയായി സിനിമ ഉണ്ടാക്കി നന്നായി രസിപ്പിച്ചിട്ടുള്ള കക്ഷിയാണ്. കൂട്ടുകാരന്‍ പോയതിന്റെയാണോ കയ്യിലുള്ളതെല്ലാം തീര്‍ന്നതിന്റെയാണോ എന്നറിയില്ല; ഇപ്പോള്‍ ഇറക്കുന്നതെല്ലാം കാണുമ്പോള്‍ മനസ്സില്‍ ഇദ്ദേഹത്തിന്റെ തന്നെ ഒരു സിനിമാപേരാണ് ഓര്‍മ്മ വരുന്നത്; പുള്ളിക്കാരന്‍ ചെയ്തതിനേക്കാള്‍ വല്യ ക്രൂരതയാണല്ലോ ഈ കക്ഷി ചെയ്യുന്നതെന്നോര്‍ത്തുപോകും. എന്നാലും ഈ സംവിധായകന്‍ ഇപ്പോഴും സിനിമാ ഇന്‍ഡസ്ട്രിക്ക് തൊട്ടതെല്ലാം പൊന്നാക്കുന്നവനാണ്. ബഹുഭാഷകളിലും വിജയം നേടുന്നവന്‍. നൂറുകോടി ക്ലബ് കണ്ട ഒരേയൊരു മലയാളി. വിശേഷണങ്ങള്‍ പലതുള്ളതിനാല്‍ അദ്ദേഹത്തിനിവിടെ എന്തുകോപ്രായവും കാണിക്കാം. നമ്മള്‍ ചിരിച്ചോളണം. കോപ്രായങ്ങളാണ് താന്‍ സംവിധാനം ചെയ്യാന്‍ പോകുന്നതെന്ന് ഉറപ്പുള്ളതുകൊണ്ടാകണം, താരരാജക്കന്മാരാണ് പുള്ളിയുടെ കൈയിലെ ഗുലാന്‍ പരിശുകള്‍. അവരാണെങ്കില്‍ എന്തു കോപ്രായം കാണിച്ചായാലും വേണ്ടില്ല ഇതൊന്നും വിട്ടുപോകില്ലെന്ന് വാശിയുള്ളവരും. വഴിക്കച്ചവടക്കാരന്റെ പച്ചക്കറിയില്‍ കീടനാശിനി തളിച്ചിട്ടുണ്ടെന്നു കണ്ടെത്തി സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി അവിടെ വച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ തളിച്ച തക്കാളിയും കാബോജുമൊക്കെ ഫ്രീസറില്‍ വച്ചതാണെന്ന ന്യായം പറഞ്ഞു വാങ്ങിക്കൊണ്ടുപോയി പുഴുങ്ങി തിന്നുന്ന മലയാളി ഈ കോപ്രായങ്ങള്‍ നിര്‍ബന്ധപൂര്‍വം നീട്ടിവച്ചുതരുമ്പോള്‍ തൊണ്ടതൊടാതെ വിഴുങ്ങാന്‍ മടികാണിക്കില്ല. 

അതിര്‍ത്തി കടന്നെത്തുന്ന അപകടങ്ങളെ കുറിച്ചുകൂടി പറയാതെ പറ്റില്ല. അന്യാഭാഷ ചിത്രങ്ങളെ കുറിച്ചാണ്. താരരാജക്കന്മാരുടെയും സൂപ്പര്‍ സംവിധായകരുടെയും ചിത്രങ്ങളല്ലാതെ, മള്‍ട്ടി പ്ലക്‌സുകള്‍ ഉള്‍പ്പെടെ കേരളത്തിലെ തിയെറ്ററുകള്‍ അപ്പാടെ കൈക്കലാക്കുന്നവരാണ് അന്യഭാഷ ചിത്രങ്ങള്‍. മലയാള സിനിമ വാരുന്നതിനെക്കാള്‍ കൂടുതലാണ് ഹിന്ദി-തമിഴ് സിനിമകള്‍ കേരളത്തില്‍ നിന്ന് നേടുന്ന കോടികള്‍. തിയെറ്ററുകള്‍ക്കും പ്രിയം ഇത്തരം ചിത്രങ്ങളോടാണ്. തമിഴനും ഗോസായിയും ആറു വെടിപൊട്ടുന്ന തോക്കില്‍ നിന്ന് അറുപത് ബുളറ്റുകള്‍ പായിച്ചാലും മലയാളി അത്ഭുതത്തോടെ കയ്യടിക്കും. അതുകാണാനവര്‍ ഇരച്ചു കയറും. വെടിക്കും അടിക്കുമൊപ്പം കാമസുരഭിലമായ ഗാനങ്ങളുമുണ്ടല്ലോ. കാമവും പ്രതികാരവും എത്രകണ്ടാലും മടുക്കാത്ത പ്രേക്ഷകന് അന്യഭാഷാ ചിത്രങ്ങള്‍ സെവന്‍ കോഴ്‌സ് ഡിന്നറിന് സമാനമാണ്. ഇവിടെയും തിയേറ്റര്‍ വിട്ടിറങ്ങേണ്ടി വരുന്നത് മലയാളത്തിലെ ചെറു ചിത്രങ്ങളാണ്. ചുക്കും ചുണ്ണാമ്പുമില്ലെങ്കിലും ബ്രഹ്മാണ്ഡ ചിത്രങ്ങളെന്ന ലേബലുകള്‍ക്കു മുന്നില്‍ അവയ്ക്ക് എന്തു ചെയ്യാന്‍?

സിനിമ കച്ചവടമായാലും കലയായാലും, സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞാല്‍, അതിന്റെ അവകാശി ആസ്വാദകനാണ്. ആസ്വദിക്കണോ, അവഗണിക്കണോ എന്ന് അവന് തീരുമാനിക്കാം (ഫാന്‍സ് അസോസിയേഷന്‍കാരെ ഉദ്ദേശിച്ചല്ല, അവര്‍ വിധിക്കപ്പെട്ടവരാണ്). പക്ഷെ, അതിനൊരു ആസ്വാദനശേഷിവേണം, ബുദ്ധിവേണം. ഇവ രണ്ടുമുള്ള ആസ്വാദകരുടെ മുന്നിലാണ് കല വളരുന്നത്. ഇവ രണ്ടുമില്ലാത്തവരാണ് കച്ചവടം വര്‍ദ്ധിപ്പിക്കുന്നത്. പത്മരാജന്റെ ഒരു സിനിമപോലും തിയേറ്റര്‍ വിജയമാക്കാത്ത മലയാളിയാണ്, ഇപ്പോള്‍ മഴ കഴിഞ്ഞാല്‍ ഗൃഹാതുരതയുടെ രണ്ടാമധ്യായമായി പത്മരാജനെ കൊണ്ടുനടക്കുന്നത്. വൈരുദ്ധ്യമനോഭാവത്തിന്റെ മൊത്തക്കച്ചവടക്കാരായ മലയാളിക്ക്, തിരിച്ചറിവ് ഇന്നല്ല, നാളെയാണ് ഉണ്ടാകുന്നത്. ഈ വിളംബത്തിന്റെ ഇരകാളാകുന്ന കലാകാരനെ കാലം തെറ്റി ആരാധിച്ചിട്ടു ഒരു കാര്യവുമില്ല. തനിക്ക് ഏറ്റവുംപ്രിയപ്പെട്ടതെന്നു വിശ്വസിച്ച ചിത്രത്തിന് തിയെറ്ററില്‍ നിന്ന് ഉയര്‍ന്ന കൂവലുകളായിരിക്കണം ഹൃദയവേദനയാല്‍ ജീവന്‍ പിടയുമ്പോഴും പത്മരാജന്റെ ചെവികളില്‍ മുഴങ്ങിയിരിക്കുക.

ആരെയാണ് മലയാളി സന്ദര്‍ഭത്തിനൊത്ത് ആരാധിച്ചിരിക്കുന്നത്? ആരെയുമില്ല. ഇന്നുകളില്‍ ചെയ്യുന്ന അബദ്ധങ്ങളെയാണ് നാളെകളില്‍ അവന് ആഘോഷിക്കാന്‍ താല്‍പര്യം. കാലങ്ങളായി തുടരുന്ന ഈ ആചാരത്തിന്റെ ഇരകളാണ് നേരത്തെ പറഞ്ഞ പുതുതലമുറക്കാര്‍. അവര്‍ക്ക് വിഘ്‌നമായി കിടക്കുന്ന വൃദ്ധരെ ഇനിയും പൂജിക്കരുത്. വഴിമാറല്‍ ഒരു കര്‍മമാണ്, പ്രകൃതി നിയമമാണ്. അതിനു മുതിരാത്തവരും അവരെ സപ്പോര്‍ട്ട് ചെയ്യുന്നവരെയും ബഹിഷ്‌കരിക്കണം.

കച്ചവടവും ലാഭവും മാത്രം അടിസ്ഥാനമായി കാണുന്നതുകൊണ്ടാണ് പല്ലുകൊഴിഞ്ഞിട്ടും പലരും ഇവിടെ സിംഹങ്ങളാകുന്നത്. സാമാന്യ പ്രേക്ഷകരെ ഒന്നോര്‍ക്കുക, അവര്‍ പടച്ചുണ്ടാക്കുന്ന, അഭിനയിച്ചു തകര്‍ക്കുന്ന സിനിമകള്‍ കോടികള്‍ കൊയ്യുന്നുണ്ടെങ്കില്‍ അതൊരുതരം കോര്‍പ്പറേറ്റ് കച്ചവട തന്ത്രം ഉപയോഗിച്ചാണ്, ചെറിയവനെ ഇല്ലാതാക്കി കൊണ്ട് വലിയവന്‍ ‘ഇടങ്ങള്‍’ സ്വന്തമാക്കുന്ന കച്ചവടതന്ത്രം. അതിനപ്പുറം ഒരു നിലവാരവുമില്ലത്തവ. എന്നിട്ടും അവര്‍ക്കു വേണ്ടി ജയ് വിളിക്കുന്നുവെങ്കില്‍, ഹാ..കഷ്ടമേ…ലോകം…!

ബിറ്റ്; എറണാകുളത്തെയും തിരുവനന്തപുരത്തെയും ചില തിയേറ്ററുകള്‍ എത്ര കൂതറയാണൈങ്കിലും ഒരു നടന്റെ മാത്രം സിനിമകളെ ഓടിക്കൂ എന്ന വാശിയിലാണ്‌ (എന്നിട്ടു നാണമില്ലാതെ അതൊരു റെക്കോര്‍ഡാണെന്ന് വിളിച്ചു കൂവുകയും ചെയ്യും).

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍