വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും വര്‍ഗ്ഗീയമായി നേരിടുകയും ചെയ്യുന്ന സംഘപരിവാര്‍ രാഷ്ട്രീയം കേരളത്തിലും പ്രാവര്ത്തികമാകുന്നുവെന്നത് ഏറെ ആശങ്കയോടെ മാത്രമേ കാണാനാകൂ.
ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും എതിര്‍ക്കുന്നവരെ രാജ്യസ്നേഹത്തിന്റെ പേര് പറഞ്ഞ് പാകിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നതാണ് ബിജെപി ഏറെനാളായി പിന്തുടരുന്നത്. അമീര്‍ ഖാന്, ഷാരൂഖ് ഖാന്, സല്മാന് ഖാന്, ഓം പുരി തുടങ്ങിയ പ്രമുഖരോട് അവര്‍ ഇത് പറഞ്ഞിട്ടുണ്ടെങ്കിലും കേരളത്തില്‍ പരസ്യമായി ഇത്തരമൊരു കാര്യം ആവശ്യപ്പെടുന്നത് ആദ്യമാണ്.
സംവിധായകന് കമലിനോട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനാണ് ഇപ്പോള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരേന്ത്യയില്‍ സ്വാധ്വി പ്രാചിയും സാക്ഷി മഹാരാജും മറ്റുമൊക്കെ ആവര്‍ത്തിക്കുന്ന വാക്കുകള്‍ കേരളത്തിലും ഉയര്‍ന്നു കേള്‍ക്കുന്നത് അമ്പരപ്പോടെയാണ് ഏവരും കേട്ടിരുന്നത്. തൊട്ടുപിന്നാലെ തന്നെ സമൂഹമാധ്യമങ്ങളിലൂടെ രാധാകൃഷ്ണനെ എതിര്‍ത്തും കമലിനെ പിന്തുണച്ചും പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
കൂടാതെ ചെഗുവേരയുടെ ചിത്രങ്ങള്‍ ഗ്രാമങ്ങളില്‍ നിന്നും നീക്കം രാധാകൃഷ്ണന് ആവശ്യപ്പെട്ടിരുന്നു. ചെഗുവേരയുടെ ചിത്രങ്ങള്‍ യുവാക്കളെ അക്രമകാരികളാക്കുന്നുവെന്നാണ് രാധാകൃഷ്ണന്റെ കണ്ടെത്തല്‍. നരേന്ദ്ര മോദിയെ നരഭോജിയെന്ന് വിശേഷിപ്പിച്ചതോടെയാണ് സംഘപരിവാര്‍ കമലിനെതിരെ ആഞ്ഞടിക്കാന്‍ ആരംഭിച്ചത്. ഈ പ്രസ്താവനയ്ക്ക് കിട്ടിയ പ്രതിഫലമാണ് ചലച്ചിത്ര അക്കാദമി സെക്രട്ടറി പദവിയെന്നാണ് അന്നുയര്‍ന്ന ആരോപണം. പിന്നീട് ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഓരോ സിനിമയ്ക്ക് മുമ്പും ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രിംകോടതി ഉത്തരവിനെ കമല്‍ ചോദ്യം ചെയ്തതോടെ കമലിനെതിരെയുള്ള ആക്രണം അവര്‍ കടുപ്പിച്ചു. ദേശീയഗാനത്തിന് എഴുന്നേറ്റ് നില്‍ക്കാത്തവരെ തിയറ്ററില്‍ കയറി അന്ന് കൊടുങ്ങല്ലൂരിലെ കമലിന്റെ വീട്ടിലേക്കും ചലച്ചിത്രോത്സവ വേദികളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയ സംഘപരിവാര്‍ കമലിനെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരായ കമാലുദ്ദീന് എന്ന് വിളിച്ചിരുന്നു.
ദേശീയഗാന വിവാദത്തെ വര്‍ഗ്ഗീയമായി കൈകാര്യം ചെയ്യാനാണ് ഇതെന്ന് അന്ന് തന്നെ ആരോപണം ഉയരുകയും ചെയ്തു. സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടന്ന ഈ പ്രചരണം വര്‍ഗ്ഗീയ ഗൂഢാലോചനയോടെയായിരുന്നു. ആ ഘട്ടത്തിലും ചില സാധാരണ പ്രവര്‍ത്തകര്‍ ദേശീയഗാനത്തോട് ആദവില്ലാത്ത കമല്‍ പാകിസ്ഥാനില്‍ പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവിടെ ജീവിക്കാന്‍ പറ്റില്ലെങ്കില്‍ കമല്‍ രാജ്യം വിട്ടുപോകണമെന്നായിരുന്നു രാധാകൃഷ്ണന്റെ ഇന്നത്തെ ആവശ്യം. എം ടി വാസുദേവന്‍ നായരെ പിന്തുണച്ച് കമല്‍ രംഗത്തെത്തിയതാണ് സംഘപരിവാറിനെ ഇപ്പോള്‍ പ്രകോപിപ്പിച്ചത്.
എ എന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരെ രാഷ്ട്രീയ ഭേദമില്ലാതെയാണ് പ്രമുഖര്‍ രംഗത്തെത്തിയിരിക്കുന്നത്. രാധാകൃഷ്ണന്റെ പ്രസ്താവന മതേതര കേരളത്തിന് വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. തീവ്രവാദികളെ കണ്ടെത്താനുള്ള ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് രാധാകൃഷ്ണനെ ഏല്പ്പിച്ചിരിക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു. സംവിധായകന് ആഷിഖ് അബു, കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം എന്നിവരും പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തി.
കമലിനൊപ്പം ഓരോ ഇന്ത്യന്‍ പൗരനുമൊപ്പം എന്നാണ് ബല്‍റാം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. കൊല്ലപ്പെട്ട് അമ്പത് വര്‍ഷം തികയുന്ന 2017. എണസ്റ്റോ ചെ ഗുവേര മരിക്കുന്നില്ല ജീവിക്കുന്നു നമ്മളിലൂടെയെന്നും ചെഗുവേര ചുവരിലല്ല, ജനങ്ങളുടെ മനസാലാണെന്നും കമല്‍സാറിനൊപ്പം എന്ന ഹാഷ്ടാഗില് കമല്‍ കമലായി തന്നെ ഇവിടെ ജീവിക്കും ബാക്കിയൊക്കെ നിങ്ങളുടെ സ്വപ്നം എന്നുമാണ് ആഷിക് അബു ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.
വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും വര്‍ഗ്ഗീയമായി നേരിടുകയും ചെയ്യുന്ന സംഘപരിവാര്‍ രാഷ്ട്രീയം കേരളത്തിലും പ്രാവര്ത്തികമാകുന്നുവെന്നത് ഏറെ ആശങ്കയോടെ മാത്രമേ കാണാനാകൂ. സാക്ഷി മഹാരാജും സാധ്വി പ്രാചിയെയും പോലുള്ളവര്‍ ഉത്തരേന്ത്യയിലിരുന്ന് ഇത്തരം പ്രസ്താവനകളിറക്കുമ്പോള്‍ മതേതര ബോധം ഏറെയുള്ള കേരളത്തിലെ ജനങ്ങള്‍ ഇത് ഏറ്റെടുക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതിനാല്‍ തന്നെ രാധാകൃഷ്ണന്റെ പ്രസ്താവന ശക്തമായി എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്.