UPDATES

മാര്‍ക്ക് വേണോ, മോദിയുടെ നയത്തെ പിന്തുണയ്ക്കൂ; വിദ്യാര്‍ത്ഥികളോടു മാനവശേഷി മന്ത്രാലയം

അഴിമുഖം പ്രതിനിധി

പണരഹിത സമ്പദ് വ്യസ്ഥയ്ക്കായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കുകള്‍ നല്‍കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തലവന്മാരോട് കേന്ദ്ര മാനവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു. ഐഐടികള്‍ ഉള്‍പ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോട് വിത്തിയ സാക്ഷരത മിഷന്‍ (വിശാഖ) എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് കീഴില്‍ പ്രധാനമന്ത്രിയുടെ നയത്തിന് പിന്തണ നല്‍കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാനാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ‘വിശാഖ’യുടെ വിദ്യാര്‍ത്ഥി സന്നദ്ധ പ്രവര്‍ത്തരുടെ പ്രോജക്ട് വര്‍ക്കുകളിലും മറ്റും ഇ-സാമ്പത്തിക ഇടപാടുകള്‍ക്ക് പ്രമുഖ്യവും പ്രചാരവും നല്‍കണമെന്നാണ് മന്ത്രാലയം ആഗ്രഹിക്കുന്നത്.

നിലവില്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഇത്തരം സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥകള്‍ ഏര്‍പ്പെടണമെന്ന് നിഷ്‌കര്‍ഷിക്കാറുണ്ട. ഇതിനെ സന്നദ്ധപ്രവര്‍ത്തനമായാണ് കണക്കാക്കാറുള്ളത്. കലാകായികമത്സരങ്ങള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, യോഗ തുടങ്ങിയവയ്ക്ക് ഇപ്പോള്‍ തന്നെ ഗ്രേസ് മാര്‍ക്കുകള്‍ നല്‍കാറുണ്ട്. വിശാഖയുടെ പ്രവര്‍ത്തനങ്ങളെയും ഇത്തരം പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് നീക്കമെങ്കിലും ഇത് സംബന്ധിച്ച് പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും സ്ഥാപനത്തിന്റെ തലവന്മാര്‍ക്ക് നല്‍കിയിട്ടില്ല. ഓരോ സ്ഥാപനത്തിലും അക്കാദമിക് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി അവരുടേതായ അക്കാദമിക് ഫോറങ്ങളുണ്ടെന്നും അവരാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്നും ചില അദ്ധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇ-പണമടവിന്റെ വിവിധ മാര്‍ഗ്ഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും അത് പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷിലും വിവര്‍ത്തനം ചെയ്ത തങ്ങളുടെ പ്രവര്‍ത്തനമേഖലകളില്‍ സന്നദ്ധപ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്വം അതതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കായിരിക്കുമെന്നും മാനവശേഷി മന്ത്രാലയം വ്യക്തമാക്കുന്നു. പുതിയ അക്കൗണ്ടുകള്‍ തുറക്കുക, പ്രീ പെയ്ഡ് കാര്‍ഡുകള്‍ വിതരണം ചെയ്യുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ക്കായി ബാങ്കുകളെ പങ്കാളികളാക്കുന്നതിന്റെയും ഉത്തരവാദിത്വം സ്ഥാപന മേധാവികള്‍ക്കായിരിക്കും. 

എന്നാല്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ അക്കാദമിക് രംഗത്ത് കടുത്ത വിയോജിപ്പ് ഉടലെടുക്കുന്നുണ്ട്. സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടലായി ഇതിനെ കണക്കാക്കേണ്ടി വരുമെന്ന് ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദി അദ്ധ്യാപിക അപൂര്‍വ ആനന്ദ് പറയുന്നു. ഇത്തരം പദ്ധതികള്‍ നടപ്പാക്കപ്പെടുന്നു എന്ന് ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. ഇത് നടപ്പിലാക്കിയാല്‍ നന്നായിരിക്കും എന്ന് പറയാന്‍ മാത്രമേ സര്‍ക്കാരുകള്‍ക്ക് അവകാശമുള്ളു. ഏകാധിപത്യരീതിയിലാണ് ഇപ്പോള്‍ ഇന്ത്യയില്‍ നയങ്ങള്‍ നടപ്പാക്കപ്പെടുന്നതെന്നും അവര്‍ ആരോപിച്ചു. വിഷയത്തെ കുറിച്ച് പ്രതികരിക്കാന്‍ മാനവശേഷി മന്ത്രാലയം തയ്യാറായില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍