UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇസ്ലാമിക് സ്റ്റേറ്റിന്‍റേത് അല്ല യഥാര്‍ത്ഥ ഇസ്ലാം

Avatar

മുസ്ലിം പരിഷ്‌കരണ പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ടും ഇസ്ലാം മതത്തിന്റെ പേരില്‍ നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെ അപലപിച്ചും യഥാര്‍ത്ഥ മതവിശ്വാസം ഏതൊക്കെ കാര്യങ്ങളില്‍ ഊന്നല്‍ നല്‍കുന്നുവെന്ന് മുസ്ലിം റിഫോം മൂവ്‌മെന്റിന്റെ ആശയങ്ങളെ മുന്‍നിര്‍ത്തിയും വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മതപണ്ഡിതര്‍, സാഹിത്യകാരന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമുഹിക സാംസ്‌കാരിക സന്നദ്ധസംഘടനാപ്രവര്‍ത്തകരുമായ ഇസ്ലാം മതവിശ്വാസികള്‍ ചേര്‍ന്ന് തയ്യാറാക്കിയ കത്തിന്റെ പൂര്‍ണരൂപം

മുസ്ലിം പരിഷ്‌ക്കരണ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്ന മുസ്ലീങ്ങളും അവരുടെ അയല്‍ക്കാരുമാണ് ഞങ്ങള്‍. അക്രമം, സാമൂഹിക അനീതി, രാഷ്ട്രീയവല്‍ക്കരണം തുടങ്ങിയവയ്ക്കുവേണ്ടി ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുന്നതിനെ എതിര്‍ക്കാനും സമാധാനം, മനുഷ്യാവകാശങ്ങള്‍, മതേതര ഭരണകൂടം എന്നിവയ്ക്കുവേണ്ടി നിലകൊള്ളുംവിധം ഇസ്ലാമിനെ പരിഷ്‌ക്കരിക്കാനും വേണ്ടിയാണ് ഈ നിവേദനം.

മുസ്ലിം പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ പ്രഖ്യാപനം

ആമുഖം

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന മുസ്ലീങ്ങളാണ് ഞങ്ങള്‍. ബഹുമാനവും കരുണയും നിറഞ്ഞതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു ഇസ്ലാമിനായി ഞങ്ങള്‍ നിലകൊള്ളുന്നു. ഇസ്ലാം മതത്തിന്റെ ആത്മാവിനുവേണ്ടിയാണ് ഞങ്ങളുടെ സമരം. പുനരുജ്ജീവിക്കപ്പെടുന്ന ഇസ്ലാം രാഷ്ട്രീയവത്കരിക്കപ്പെട്ട, ഇസ്ലാമിക് സ്റ്റേറ്റുകളും ഖലീഫത്തുകളുംസൃഷ്ടിക്കുന്ന ഇസ്ലാമിനെ പരാജയപ്പെടുത്തും.

ഏഴാം നൂറ്റാണ്ടില്‍ ജന്മമെടുക്കുമ്പോള്‍ ഇസ്ലാമിനുണ്ടായിരുന്ന പുരോഗമനചിന്താഗതി വീണ്ടെടുക്കുകയും ഇതിനെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തിക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യം. 1948ല്‍ ഐക്യരാഷ്ട്രസഭ അംഗങ്ങള്‍ അംഗീകരിച്ച മനുഷ്യാവകാശ പ്രഖ്യാപനത്തെ ഞങ്ങള്‍ പിന്താങ്ങുന്നു.

അക്രമം, സാമൂഹിക അനീതി, രാഷ്ട്രീയവത്കരണംഎന്നിവ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള ഇസ്ലാം ദുര്‍വ്യാഖ്യാനങ്ങളെ ഞങ്ങള്‍ തള്ളിക്കളയുന്നു. ഇസ്ലാമിന്റെ പേരിലുള്ള ഭീകരവാദം, സാമൂഹിക അനീതി, അസഹിഷ്ണുത എന്നിവ അഭിമുഖീകരിക്കുന്ന നമ്മുടെ സമൂഹത്തെ എങ്ങനെ മാറ്റിയെടുക്കാമെന്ന് ഞങ്ങള്‍ ആലോചിച്ചു. മൂന്ന് തത്വങ്ങളിലൂന്നിയാകണം ഈ മാറ്റം: സമാധാനം, മനുഷ്യാവകാശം, മതേതര ഭരണകൂടം. ഇതിനായി ഒരു രാജ്യാന്തര കൂട്ടായ്മ ഞങ്ങള്‍ പ്രഖ്യാപിക്കുന്നു: മുസ്ലീം പരിഷകരണ പ്രസ്ഥാനം.

ലോകമെമ്പാടും നിന്നുള്ള ധീരരായ പരിഷ്‌കര്‍ത്താക്കള്‍ തയാറാക്കിയതാണു മുസ്‌ലിം പരിഷ്‌കരണ പ്രഖ്യാപനം. യാത്ര തുടരുന്തോറും പ്രഖ്യാപനം കൂടുതല്‍ ആശയ സമ്പന്നമാകും. ഞങ്ങള്‍ക്കൊപ്പം ചേരാന്‍ മുസ്ലീങ്ങളെയും അവരുടെ അയല്‍വാസികളെയും ക്ഷണിക്കുന്നു.

പ്രഖ്യാപനം

എ. സമാധാനം: ദേശീയ സുരക്ഷ, ഭീകരവാദത്തെ എതിര്‍ക്കല്‍, വിദേശ നയം

1. ആഗോള സമാധാനം, സ്‌നേഹം, സഹാനുഭൂതി എന്നിവയ്ക്കു വേണ്ടി ഞങ്ങള്‍ നിലകൊള്ളുന്നു. അക്രമം നിറഞ്ഞ ജിഹാദിനെ ഞങ്ങള്‍ നിരസിക്കുന്നു. മുസ്ലീ ഭൂരിപക്ഷ സമൂഹങ്ങളിലും പടിഞ്ഞാറന്‍ നാടുകളിലും ഭീകരവാദത്തിലും അടിച്ചമര്‍ത്തപ്പെടലിലും നിന്ന് വ്യക്തികളെ രക്ഷിക്കണമെങ്കില്‍ അക്രമാസക്തമായ ഇസ്ലാമിക് തീവ്രവാദത്തെ ചെറുക്കണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

2. പല വിശ്വാസങ്ങളില്‍പെട്ടവരോ അവിശ്വാസികളോ ആയ, ഏകാധിപത്യം, മതാധിപത്യം, ഇസ്ലാം ഭീകരത എന്നിവയില്‍ നിന്ന് സ്വാതന്ത്ര്യം തേടുന്ന ഏവരുടെയും സുരക്ഷയ്ക്കുവേണ്ടി ഞങ്ങള്‍ നിലകൊള്ളുന്നു.

3. വംശം, ലിംഗം, ഭാഷ, വിശ്വാസം, മതം, ലൈംഗികത തുടങ്ങിയ മുന്‍വിധികള്‍ അടിസ്ഥാനമായ മതഭ്രാന്ത്, അടിച്ചമര്‍ത്തല്‍, അക്രമം എന്നിവയെ ഞങ്ങള്‍ എതിര്‍ക്കുന്നു.

ബി. മനുഷ്യാവകാശങ്ങള്‍: സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍

1. മനുഷ്യാവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി ഞങ്ങള്‍ നിലകൊള്ളുന്നു. ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും തുല്യ അവകാശവും അന്തസും ലഭിക്കേണ്ടതിനെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തെ ഞങ്ങള്‍ പിന്താങ്ങുന്നു.

2. ഗോത്രവാദം, മതങ്ങള്‍, രാജാധിപത്യം, കുടുംബാധിപത്യം എന്നിവയെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. മനുഷ്യാവകാശങ്ങളൊഴികെ മറ്റൊരു ജന്മാവകാശവും ആര്‍ക്കുമില്ലെന്നും എല്ലാവരും തുല്യരാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. എല്ലാവരും സ്വതന്ത്രരായി ജനിക്കുന്നു. എല്ലാവര്‍ക്കും അന്തസും അവകാശങ്ങളും തുല്യമാണ്. ‘സ്വര്‍ഗ’ത്തിന് മുസ്ലീങ്ങള്‍ക്കു പ്രത്യേക അവകാശമൊന്നുമില്ല.

3. സ്വത്ത്, സാക്ഷ്യം, ജോലി, സഞ്ചാരം, വ്യക്തി നിയമം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയിലെല്ലാം സ്ത്രീകളുടെ തുല്യാവകാശത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ആരാധനാലയങ്ങള്‍, സമിതികള്‍, നേതൃത്വം എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകളും പുരുഷന്മാരും തുല്യതയ്ക്ക് അര്‍ഹരാണ്. സ്ത്രീവിദ്വേഷത്തെയും ലിംഗവിവേചനത്തെയും ഞങ്ങള്‍ എതിര്‍ക്കുന്നു.

സി. മതേതര ഭരണകൂടം

1. മതേതര ഭരണകൂടം, ജനാധിപത്യം, സ്വാതന്ത്ര്യം എന്നിവയ്ക്കുവേണ്ടിയാണ് ഞങ്ങള്‍ നിലകൊള്ളുന്നത്. മതത്തിന്റെ പേരിലുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളെ ഞങ്ങള്‍ എതിര്‍ക്കുന്നു. മോസ്‌കും രാജ്യവും വേറെയാണ്. ഞങ്ങള്‍ ജീവിക്കുന്ന രാജ്യങ്ങളോട് ഞങ്ങള്‍ കൂറു പുലര്‍ത്തുന്നു. ഇസ്ലാമിക് സ്റ്റേറ്റ് എന്ന ആശയത്തെ ഞങ്ങള്‍ എതിര്‍ക്കുന്നു. ഇസ്ലാമിക് ഖലീഫത്തുകളും ആവശ്യമില്ല. സ്ഥാപനവത്കരിക്കപ്പെട്ട ശരിയത്തിനെ ഞങ്ങള്‍ എതിര്‍ക്കുന്നു. ശരിയത്ത് ഉണ്ടാക്കിയത് മനുഷ്യനാണ്.

2. ജീവിതം, സന്തോഷം, അഭിപ്രായ സ്വാതന്ത്ര്യം, ചുറ്റുമുള്ള മനോഹാരിത എന്നിവയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. ഇസ്ലാമിനെതിരെ പരസ്യവിമര്‍ശനം നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ആശയങ്ങള്‍ക്ക് അവകാശങ്ങളില്ല. മനുഷ്യര്‍ക്കാണ് അവകാശങ്ങളുള്ളത്. ദൈവനിഷേധ നിയമങ്ങളെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. ഇവ അഭിപ്രായ, മത സ്വാതന്ത്ര്യ നിഷേധത്തിനുള്ള മറകള്‍ മാത്രമാണ്. വിമര്‍ശനാത്മകമായി ചിന്തിക്കാന്‍ (ഇജ്തിഹാദ്) ഓരോ വ്യക്തിക്കും അവകാശമുണ്ടെന്നു ഞങ്ങള്‍ ഊന്നിപ്പറയുന്നു. ഇജ്തിഹാദിന്റെ പുനരുജ്ജീവനമാണ് ഞങ്ങളുടെ ലക്ഷ്യം.

3. ഓരോ വ്യക്തിയുടെയും വിശ്വാസസ്വാതന്ത്ര്യത്തിലും അവിശ്വാസ സ്വാതന്ത്ര്യത്തിലും ഭയപ്പെടുത്തല്‍, പീഡനം, വിവേചനം, അക്രമം എന്നിവയില്ലാതെ സ്വന്തം മതം അനുസരിച്ചു ജീവിക്കാനുള്ള അവകാശത്തിലും ഞങ്ങള്‍ വിശ്വസിക്കുന്നു. മതഭ്രംശം ഒരുകുറ്റമല്ല. ഞങ്ങളുടെ സമൂഹം മുസ്ലീങ്ങള്‍ മാത്രമല്ല, മാനവവംശം മുഴുവന്‍ ഉള്‍പ്പെട്ടതാണ്.

സമാധാനം, മനുഷ്യാവകാശങ്ങള്‍, മതേതര ഭരണകൂടം എന്നിവയ്ക്കു വേണ്ടിയാണ് ഞങ്ങള്‍ നിലകൊള്ളുന്നത്.

ദയവായി ഞങ്ങള്‍ക്കൊപ്പം ചേരുക.

#MuslimReform 
ട്വിറ്റര്‍: @TheMuslimReform 
ഇന്‍സ്റ്റാഗ്രാം: @TheMuslimReform
ഫേസ് ബുക്ക്: Muslim Reform Movement
ഇ മെയില്‍: [email protected]

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍