UPDATES

ട്രെന്‍ഡിങ്ങ്

സൂപ്പര്‍ നായകന്മാരുടെ ഇടിവെട്ട് ഡയലോഗിനു കൈയടിക്കുന്നവര്‍ക്ക് യഥാര്‍ത്ഥ പോരാളികളെ കാണുമ്പോള്‍ കൈപൊന്തുന്നില്ല; ജോയ് മാത്യു

ശ്രീറാം വെങ്കിട്ടരാമനെ പോലുള്ള മിടുക്കന്മാരെ പിന്തുണയ്‌ക്കേണ്ടത് വരും തലമുറയ്ക്കു കൂടി വേണ്ടിയാണ്

ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനു പൊതുസമൂഹ്ത്തിന്റെ പിന്തുണ ഉണ്ടാകണമെന്നു നടന്‍ ജോയ് മാത്യു. ഹെക്ടര്‍ കണക്കിനു സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ചെയ്ത രാഷ്ട്രീയ മാഫിയ സംഘത്തെ ഭയക്കാതെ തന്റെ ജോലിയുമായി മുന്നോട്ടുപോകുന്ന സത്യസന്ധനായ ഒരുദ്യോഗസ്ഥനെ പിന്തുണക്കുകയാണ് ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന ഒരോ കേരളീയനും ചെയ്യേണ്ടതെന്നാണു ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നത്.

ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ശരിക്കും ഭരണചക്രം തിരിക്കുന്നതാരാണ് ? കവലപ്രസംഗം നടത്തി കയ്യടിവാങ്ങുന്ന മന്ത്രിമാരാണോ,ജീവിതത്തില്‍ ഒരു ജോലിക്കും പോയിട്ടില്ലാത്ത, പണിയെടുക്കുന്നതിന്റെ സുഖദുഃഖങ്ങള്‍ എന്തെന്നറിയാത്ത, എന്തിനു, എഴുത്തും വായനയും അറിയാത്ത രാഷ്ട്രീയപ്രവര്‍ത്തകരോ അതോ നാടുനീളെ ഉദ്ഘാടനങ്ങളും കല്ലിടലുകളുമായി പാഞ്ഞു നടക്കുന്ന ജനപ്രധിനിധികളാണോ ?അല്ല! വിവരവും വിദ്യാഭ്യാസവും ഭരണനൈപുണ്യവുമുള്ള ഉദ്യോഗസ്ഥരാണ് യഥാവിധി കാര്യങ്ങള്‍ നടപ്പിലാക്കുന്നത്. ഉറക്കമിളച്ചിരുന്ന് പഠിച്ചു പാസ്സായി ജോലിയെടുക്കാന്‍ തയാറായി വരുന്ന ഉദ്യാഗസ്ഥരെ അവരുടെ ജോലിയില്‍ നിന്നും തടയുകയോ ഭീഷണിമുഴക്കി പിന്തിരിപ്പിക്കുകയോ ചെയ്യുന്നതിന്റെ പേരാണു ജനവിദ്ധത. അഴിമതിക്കാരനെന്നോ സ്വജനപക്ഷപാതിയെന്നോ പേരുകേള്‍പ്പിക്കാത്ത മിടുക്കന്മാരായ ഉദ്യോഗസ്ഥരെ നിശ്ശബ്ദരാക്കുകയോ സ്ഥാനത്തുനിന്നും തെറിപ്പിക്കുകയോ ചെയ്യുന്നതിനെ രാഷ്ട്രീയ ഗുണ്ടായിസം എന്നാണു പറയുക. സോളാര്‍ ഇടപാടിന്റെ അശ്ലീലതയും വൃദ്ധമന്ത്രിയുടെ ഫോണ്‍ സംഭാഷണങ്ങളും കേട്ട് കോള്‍മയിര്‍ കൊള്ളുന്ന മലയാളി മനസ്സിലാക്കണം കുറ്റകരമായ നമ്മുടെ ഈ നിശ്ശബ്ദത വരും തലമുറക്ക് ശവക്കുഴി തീര്‍ക്കലായിരിക്കുമെന്ന്. ഹെക്ടര്‍ കണക്കിനു സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ചെയ്ത രാഷ്ട്രീയ മാഫിയ സംഘത്തെ ഭയക്കാതെ തന്റെ ജോലിയുമായി മുന്നോട്ടുപോകുന്ന സത്യസന്ധനായ ഒരുദ്യോഗസ്ഥനെ പിന്തുണക്കുകയാണ് ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന ഒരോ കേരളീയനും ചെയ്യേണ്ടത്.

എന്തുകൊണ്ടാണ് കാര്യപ്രാപ്തിയും സത്യസന്ധതയുമുള്ള ഉദ്യോഗസ്ഥരെ മാറിമാറിവരുന്ന ഭരണകൂടങ്ങള്‍ (ഏത് മുന്നണിയായാലും )നിശ്ശബ്ദരാക്കുകയോ അവരെ അവരുടെ ജോലിചെയ്യാന്‍ അനുവദിക്കാതിരിക്കുകയോ ചെയ്യുന്നത്? ഋഷിരാജ് സിംഗ്, രാജു നാരായണസ്വാമി, സെന്‍ കുമാര്‍, ജേക്കബ് തോമസ് ……അങ്ങിനെ എത്രപേര്‍.

ഉദാഹരണങ്ങള്‍ നിരവധിയാണ്. രാഷ്ട്രീയ മാഫിയക്ക് അടുക്കളപ്പണി ചെയ്യുന്ന അസംഖ്യം ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കള്‍ ഉള്ളിടത്ത് എണ്ണത്തില്‍ കുറവെങ്കിലും ധീരതയില്‍ മുന്‍പന്മാരായ ഉദ്യോഗസ്ഥര്‍ വരുന്നുണ്ട് എന്നതാണു നമുക്കുള്ള ഏക ആശ്വാസം. സൂപ്പര്‍ നായകന്മാരുടെ ഇടിവെട്ട് ഡയലോഗുകള്‍ക്ക് കയ്യടിക്കുന്ന മലയാളിക്ക് ജീവിതത്തിലെ യഥാര്‍ഥ പോരാളികളെക്കാണുമ്പോള്‍ കൈപൊന്താത്തത് എന്താണ് ?

ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ചെറുപ്പക്കാരന് നമ്മള്‍ നല്‍കുന്ന പിന്തുണ ഇനിയെങ്കിലും ഈ നാട് നന്നായിക്കാണണം എന്നാഗ്രഹിക്കുന്ന ഉറക്കമിളച്ചിരുന്ന് പഠിച്ച് മുന്നേറുന്ന പുതു തലമുറക്ക് വെളിച്ചമാവേണ്ടതുണ്ട്. നമ്മുടെ പിന്തുണ മിടുക്കന്മാരായ ശ്രീറാമിനെപ്പോലുള്ളവര്‍ക്കാവണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍