UPDATES

ട്രെന്‍ഡിങ്ങ്

പീഡോഫീലിയയെ പിന്തുണയ്ക്കുന്നവര്‍ ഞങ്ങളില്‍പ്പെട്ടവരല്ലെന്ന് കിസ് ഓഫ് ലൗ സംഘാടകര്‍

പീഡോഫീലിയയെ പിന്തുണയ്ക്കുന്ന ആരെങ്കിലും ഈ സമരത്തിന്റെ ഏതെങ്കിലും കോണില്‍ പ്രത്യക്ഷപ്പെട്ടാല്‍ അതിന്റെ രാഷ്ട്രീയ ഉത്തരവാദിത്വം കിസ് ഓഫ് ലൗ ഏറ്റെടുക്കില്ല

ഇന്ന് നടക്കുന്ന രണ്ടാം ചുംബന സമരത്തില്‍ പീഡോഫീലിയയെ പിന്തുണയ്ക്കുന്ന ആരെങ്കിലും പങ്കെടുത്താല്‍ അതിന്റെ രാഷ്ട്രീയമായ ഉത്തരവാദിത്വം കിസ് ഓഫ് ലൗ ഏറ്റെടുക്കില്ലെന്ന് കിസ് ഓഫ് ലൗ സംഘാടകര്‍. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന രണ്ടാം ചുംബന സമരത്തില്‍ പങ്കെടുക്കാന്‍ വിവിധ ഭാഗങ്ങളില്‍ ചെറുപ്പക്കാര്‍ കൊച്ചിയിലെത്തി തുടങ്ങിയ സാഹചര്യത്തിലാണ് കിസ് ഓഫ് ലൗ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കിസ് ഓഫ് ലവ് പ്രക്ഷോഭത്തിന്റെയും ഒന്നാം ചുംബന സമരത്തിന്റെയും നേതാക്കളില്‍ ഒരാളായിരുന്ന രാഹുല്‍ പശുപാലനും ഭാര്യ രശ്മി നായരും പീഡോഫീലിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത് ഈ സമരാഹ്വാനത്തിന് കനത്ത തിരിച്ചടിയായിരുന്നു. കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചു എന്നാരോപിക്കപ്പെട്ടാണ് രാഹുലും രശ്മിയും അറസ്റ്റിലായത്. ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇരുവരും ഇന്നത്തെ ചുംബന സമരത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം സമീപകാലത്ത് സമൂഹമാധ്യമങ്ങളിലൂടെ പീഡോഫീലിയയെ പിന്തുണച്ച് ഏതാനും പേര്‍ രംഗത്തെത്തിയിരുന്നു. താന്‍ മഞ്ച് വാങ്ങി നല്‍കുന്ന അഞ്ചാം ക്ലാസുകാരിയോട് തനിക്ക് കാമം തോന്നുന്നുവെന്ന് മുഹമ്മദ് ഫര്‍ഹാദ് എന്നയാള്‍ ഫേസ്ബുക്കിലിട്ട പോസ്‌റ്റോടെയായിരുന്നു തുടക്കം. ഫര്‍ഹാദ് കുട്ടികളോടുള്ള ലൈംഗിക അതിക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിരവധി പേര്‍ രംഗത്തെത്തിയപ്പോള്‍ ഫര്‍ഹാദിനെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തി.

അതും വലിയ തോതില്‍ വിമര്‍ശനത്തിന് കാരണമായപ്പോള്‍ തങ്ങള്‍ പീഡോഫീലിയ എന്ന ആശയത്തെ അനുകൂലിക്കുകയല്ല പകരം ഫര്‍ഹാദിനെ സമൂഹമാധ്യമത്തില്‍ നടക്കുന്ന ആക്രമണത്തെ എതിര്‍ക്കുകയാണ് ചെയ്തതെന്ന വിശദീകരണവുമായി ചിലര്‍ രംഗത്തെത്തി. ഇന്നലെ രണ്ടാം ചുംബനസമരം അപ്രതീക്ഷിതമായി പ്രഖ്യാപിച്ചപ്പോള്‍ പീഡോഫീലിയ വിഷയം സമൂഹമാധ്യമത്തിലും പൊതുസമൂഹത്തിലും ശക്തമായി നിലനില്‍ക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പലയിടങ്ങളിലും കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന നിരവധി വാര്‍ത്തകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതും കിസ് ഓഫ് ലവ് തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ കാരണമായി. ഇന്നലെ വൈകിട്ട് മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര ആക്രമണത്തെ തുടര്‍ന്നാണ് ഇന്ന് അപ്രതീക്ഷിതമായി കിസ് ഓഫ് ലൗ ചുംബനസമരം പ്രഖ്യാപിച്ചത്.

കിസ് ഓഫ് ലവ് ഒരു പ്രസ്ഥാനമല്ലെന്നും മറിച്ച് ഒരു കൂട്ടമാളുകള്‍ നടത്തുന്ന സമരാഹ്വാനമാണെന്നും അതിനാല്‍ പലതരം ആശയങ്ങള്‍ പേറുന്ന ആളുകള്‍ അതില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്നും കിസ് ഓഫ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി. കുട്ടികള്‍ക്ക് നേരേയുള്ള ലൈംഗികച്ചുവയോടെയുള്ള ഏതുതരം പെരുമാറ്റവും ഗുരുതരമായ കുറ്റകൃത്യമായാണു കിസ്സ് ഓഫ് ലവ് കാണുന്നത്. പീഡോഫീലിയയെ സൈദ്ധാന്തികമായി ന്യായീകരിച്ച് രംഗത്തെത്തിയവര്‍ ഈ സമരത്തില്‍ നുഴഞ്ഞുകയറി നിലവിലുള്ള പുരോഗമന ലിംഗരാഷ്ട്രീയ ഭൂമികയെ ഹൈജാക്ക് ചെയ്യരുതെന്ന് തങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായും പോസ്റ്റില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍