UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓഗസ്റ്റ് 23ന് കാര്‍ത്തി ചിദംബരം സിബിഐയ്ക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രിംകോടതി

ഓഗസ്റ്റ് ഇരുപത്തിയെട്ടിന് നടക്കുന്ന അടുത്ത വിചാരണ വരെ കാര്‍ത്തിയെ സ്വതന്ത്രമായി ചോദ്യം ചെയ്യാനുള്ള അവസരമാണ് ഇതോടെ സിബിഐയ്ക്ക് ലഭിച്ചിരിക്കുന്നത്

മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അഴിമതി കേസില്‍ ചോദ്യം ചെയ്യലിനായി ഈമാസം 23ന് ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരാകണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടു. ചോദ്യം ചെയ്യലിനായി അഭിഭാഷകനെ ഒപ്പം കൂട്ടാനും ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍പ്പെടുന്ന ബഞ്ച് അനുവദിച്ചിട്ടുണ്ട്.

അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് വിചാരണ വേളയില്‍ കാര്‍ത്തി അറിയിച്ചു. ഓഗസ്റ്റ് ഇരുപത്തിയെട്ടിന് നടക്കുന്ന അടുത്ത വിചാരണ വരെ കാര്‍ത്തിയെ സ്വതന്ത്രമായി ചോദ്യം ചെയ്യാനുള്ള അവസരമാണ് ഇതോടെ സിബിഐയ്ക്ക് ലഭിച്ചിരിക്കുന്നത്. സിബിഐ എഫ്‌ഐആറില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ ആവശ്യമായ രേഖകളും ഹാജരാക്കാന്‍ സുപ്രിംകോടതി കാര്‍ത്തി ചിദംബരത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കാര്‍ത്തിയെ ചോദ്യം ചെയ്യുന്ന മുറിയില്‍ അദ്ദേഹത്തിന്റെ അഭിഭാഷകനെയും അനുവദിക്കാനാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഓഗസ്റ്റ് 28ന് അന്വേഷണം സംബന്ധിച്ച് ഇരു വിഭാഗത്തിന്റെയും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്നതിനാല്‍ കാര്‍ത്തി രാജ്യം വിട്ടുപോകരുതെന്ന് ഇക്കഴിഞ്ഞ പതിനാലിന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. കാര്‍ത്തിയുടെ പിതാവ് പി ചിദംബരം കേന്ദ്രധനകാര്യ മന്ത്രിയായിരിക്കെ 2007ല്‍ എഎന്‍എക്‌സ് മീഡിയയ്ക്ക് 305 കോടി രൂപയുടെ വിദേശഫണ്ട് ലഭിക്കാന്‍ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡിന്റെ ക്ലിയറന്‍സ് നേടാന്‍ ക്രമക്കേട് നടത്തിയെന്നാണ് കാര്‍ത്തിക്കെതിരായ ആരോപണം.

ഇക്കഴിഞ്ഞ മെയ് 15നാണ് ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പിറ്റേന്ന് കാര്‍ത്തിയുടെയും സുഹൃത്തുക്കളുടെയും വീടുകളിലും ഓഫീസുകളിലും നടത്തിയ റെയ്ഡുകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിന്റെ അടിസ്ഥാനത്തില്‍ കാര്‍ത്തിയുടെയും മറ്റ് നാല് പേരുടെയും പേരില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ലുക്ക്ഔട്ട് നോട്ടീസ് ഈമാസം 10ന് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നീട് സുപ്രിംകോടതി ഹൈക്കോടതി ഉത്തരവും റദ്ദാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍