UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്രിസ്ത്യന്‍ വിവാഹ മോചന നിയമം തിരുത്തേണ്ടതുണ്ട്

Avatar

ടീം അഴിമുഖം

വേര്‍പിരിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞതിന് ശേഷം മാത്രമേ ക്രിസ്ത്യന്‍ ദമ്പതിമാര്‍ക്ക് പരസ്പരസമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷ സമര്‍പ്പിക്കാനാവു എന്ന നിയമത്തെ തികച്ചും ന്യായയുക്തമായ രീതിയില്‍ ചോദ്യം ചെയ്ത സുപ്രീം കോടതി, അതില്‍ വേണ്ട ഭേദഗതികള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് തിങ്കളാഴ്ച നിര്‍ദ്ദേശിച്ചു.

രാജ്യത്തെ മറ്റ് സമുദായങ്ങള്‍ക്കുള്ള ഈ വേര്‍പിരിയല്‍ കാലയളവ് ഒരു വര്‍ഷം മാത്രമാണ്.

‘മറ്റുള്ളവര്‍ക്ക് വേര്‍പിരിയല്‍ കാലയളവ് ഒരു വര്‍ഷം മാത്രമായിരിക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ക്ക് അത് രണ്ട് വര്‍ഷമായി തുടരേണ്ടതുണ്ടോ? അതിനെന്തെങ്കിലും അര്‍ത്ഥം ഉണ്ടെന്ന് കരുതുന്നില്ല. ഇത് തികച്ചും നിയമപരമായ ഒരു ചോദ്യമായതിനാല്‍ നിങ്ങള്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ടിയിരുന്നു,’ എന്ന് ജസ്റ്റിസുമാരായ വിക്രംജിത് സെന്നും എഎം സാപ്രെയും അടങ്ങുന്ന ബഞ്ച് അഭിപ്രായപ്പെട്ടു.

രണ്ട് വര്‍ഷം നീളുന്ന ജുഡീഷ്യല്‍ വേര്‍പിരിയലിന് ശേഷം മാത്രമേ ഉഭയകക്ഷി സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂ എന്ന് നിഷ്‌കര്‍ഷിക്കുന്ന 1869ലെ വിവാഹമോചന നിയമം സെക്ഷന്‍ 10എ(1) പ്രകാരമാണ് ക്രിസ്ത്യാനികള്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കുന്നത്. രണ്ട് വര്‍ഷം പിരിഞ്ഞ് താമസിക്കാത്ത ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് ഉഭയകക്ഷി സമ്മതപ്രകാരം വിവാഹമോചനം അനുവദിക്കാനാവില്ലെന്ന 146 വര്‍ഷം പഴക്കമുള്ള നിയമത്തിലെ വകുപ്പുകള്‍ വളരെ നാളുകള്‍ക്ക് മുമ്പ് തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതും പരിഷ്‌കരിക്കപ്പെടേണ്ടതുമായിരുന്നു.

എന്നാല്‍, 1954 പ്രത്യേക വിവാഹ നിയമത്തിലെ 28-ാം വകുപ്പ് പ്രകാരവും, 1955ലെ ഹിന്ദു വിവാഹനിയമത്തിലെ 13-ബി വകുപ്പ് പ്രകാരവും 1936 പാഴ്‌സി വിവാഹ, വിവാഹമോചന നിയമത്തിലെ 32ബി വകുപ്പ് പ്രകാരവും ഇരുവരും പിരിഞ്ഞ് താമസിക്കേണ്ട കാലയളവ് ഒരു വര്‍ഷം മാത്രമാണ്.

ക്രിസ്ത്യാനികള്‍ക്കായുള്ള ഈ നിയമം ഭരണഘടനയുടെ 14-ാം വകുപ്പിന്റെയും  (സമത്വത്തിനുള്ള അവകാശം) 21-ാം വകുപ്പിന്റെയും (ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും) ലംഘനമാണെന്ന് ചില ഹൈക്കോടതികള്‍ വിധിച്ച കാര്യവും ബഞ്ച് സര്‍ക്കാര്‍ അഭിഭാഷകരുടെ ശ്രദ്ധയില്‍ പെടുത്തി.

‘ചില ഹൈക്കോടതികള്‍ മറ്റ് മതങ്ങളുമായി തുല്യമാക്കുന്നതിനായി ഈ വകുപ്പ് ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ തള്ളിക്കളയുകയോ ചെയ്തിട്ടുണ്ട്. ഒരു വര്‍ഷം അവര്‍ക്കും സ്വീകാര്യമാണെന്ന് അവര്‍ (ക്രിസ്ത്യാനികള്‍) തന്നെ സമ്മതിച്ചിട്ടുമുണ്ട്. ഇത്തരം ഉത്തരവുകള്‍ വന്നതിന് ശേഷം എന്തുകൊണ്ടാണ് സര്‍ക്കാര്‍ പരിഷ്‌കരണനടപടികള്‍ സ്വീകരിക്കാത്തത്? ഉത്തരവാദിത്വപ്പെട്ട ആരെങ്കിലും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരുന്നു,’ എന്ന് കോടതി നിരീക്ഷിച്ചു.

ഡല്‍ഹി മലയാളിയായ ആല്‍ബര്‍ട്ട് ആന്റണി സമര്‍പ്പിച്ച പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഹിന്ദു, പാഴ്‌സി തുടങ്ങിയ സമുദായങ്ങളിലെ അംഗങ്ങള്‍ക്ക് ഒരു വര്‍ഷം പിരിഞ്ഞ് താമസിച്ചതിന് ശേഷം വിവാഹമോചനത്തിന് അപേക്ഷ നല്‍കാമെന്നിരിക്കെ ക്രിസ്ത്യാനികള്‍ക്ക് ഇതിനായി രണ്ട് വര്‍ഷം കാത്തിരിക്കേണ്ടി വരുന്നു എന്ന് പരാതിയില്‍ സൂചിപ്പിച്ചിരുന്നു. ഇത് ‘ശത്രുതാപരമായ വിവേചനം’ ആണെന്നും ക്രിസ്ത്യന്‍ സമുദായത്തിനെതിരായ പക്ഷപാതത്തിന്റെ സൂചനയാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

രണ്ട് വര്‍ഷം പിരിഞ്ഞ് താമസിച്ചതിന് ശേഷം മാത്രമേ ഉഭയകക്ഷി സമ്മതപ്രകാരം വിവാഹമോചനത്തിന് അപേക്ഷ സര്‍പ്പിക്കാനാവൂ എന്ന വിവാഹമോചന നിയമത്തിലെ 10എ(1) വകുപ്പ് ക്രിസ്ത്യാനികള്‍ക്ക് മാത്രം ബാധകമാകുന്ന തരത്തിലുള്ള മതപരമായ വിവേചനം നിലനില്‍ക്കാന്‍ പാടില്ല തന്നെ. എന്നാല്‍ മറ്റ് സമുദായങ്ങളിലെ അംഗങ്ങള്‍ക്ക് ബന്ധപ്പെട്ട നിയമങ്ങളിലെ സമാന വകുപ്പുകള്‍ പ്രകാരം വിവാഹമോചന അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് ഒരു വര്‍ഷം മാത്രം പിരിഞ്ഞ് താമസിച്ചാല്‍ മതി താനും.

‘ന്യായമായ വിവാഹമോചനത്തിന് വേണ്ടി വിവിധ സമുദായങ്ങള്‍ക്ക് വിവിധ വേര്‍പ്പെട്ട് താമസിക്കല്‍ കാലം എന്നത് വിവേചനപരവും ഏകപക്ഷീയവും അസ്ഥിരവുമാണ്. വിവാഹമോചന നിയമപ്രകാരം ഉഭയകക്ഷി സമ്മതത്തോടെ വിവാഹമോചനം എന്ന ആശ്വാസം തേടുന്ന ആളുകളുടെ പൗരാവകാശങ്ങള്‍ ലംഘിക്കുന്നതാണിത്,’ എന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍