UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നീതിക്ക് വേണ്ടി ചീഫ് ജസ്റ്റിസ് വിലപിക്കുമ്പോള്‍

Avatar

അഴിമുഖം പ്രതിനിധി

 

ജഡ്ജിമാരുടെ നിയമിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന വൈകിപ്പിക്കല്‍ പരിപാടി ജുഡീഷ്യറിയും സര്‍ക്കാരും തമ്മിലുള്ള പതിവ് തര്‍ക്കങ്ങളില്‍ നിന്ന് ഏറെ മുന്നോട്ടു പോയിരിക്കുന്നു. രാജ്യത്തിന്റെ വിധി നിര്‍ണയിക്കേണ്ട ഒട്ടനവധി വിധിന്യായങ്ങള്‍, വിചാരണ നേരിടുന്ന ആയിരക്കണക്കിന് പേരുടെ ജീവിതം, അതിലുമുപരി രാജ്യത്തിന്റേയും അതിന്റെ ജുഡീഷ്യറിയുടേയും സല്‍പ്പേര് അങ്ങനെ ഒട്ടനവധി കാര്യങ്ങളാണ് സര്‍ക്കാരിന്റെ ഈ നടപടി മൂലം നഷ്ടമായിക്കൊണ്ടിരിക്കുന്നത്.

 

ജഡ്ജിമാരുടെ നിയമനം അടിയന്തരമായി പരിഹരിക്കപ്പെടേണ്ട വിഷയമായി കണക്കാക്കുമെന്ന് തങ്ങള്‍ക്ക് നല്‍കിയ ഉറപ്പാണ് കേന്ദ്ര സര്‍ക്കാര്‍ ലംഘിച്ചിരിക്കുന്നതെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ വെള്ളിയാഴ്ച വ്യക്തമാക്കിയത്. ജഡ്ജിമാരെ നിയമിക്കാതെ കോടതി മുറികള്‍ അനന്തമായി അടച്ചിട്ടുകൊണ്ട് നീതിക്ക് വേണ്ടി കേഴുന്നവരെ ദ്രോഹിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ജഡ്ജി നിയമനത്തില്‍ തീരുമാനമെടുക്കാതെ കോടതി മുറികള്‍ അടച്ചുപൂട്ടി നീതിനിര്‍വഹണത്തെ പുറത്തു നിര്‍ത്തുകയാണ് സര്‍ക്കാരെന്നും ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബഞ്ച് കുറ്റപ്പെടുത്തി. 

 

ജഡ്ജിമാരുടെ നിയമനം ഒരു വിധത്തിലും വൈകിപ്പിക്കാന്‍ പാടില്ലെന്നും കെട്ടിക്കിടക്കുന്ന കേസുകളില്‍ എത്രയും വേഗം തീര്‍പ്പുണ്ടാക്കണമെന്നും ചീഫ് ജസ്റ്റിസ് നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഇത് പാലിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇന്നലെ പൊട്ടിത്തെറിച്ചത്.

 

സാധാരണക്കാര്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം തീര്‍ത്തും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ വച്ചു പറഞ്ഞ ജസ്റ്റിസ് താക്കൂര്‍ അന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി വിതുമ്പുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിമാരുടേയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അന്ന് അദ്ദേഹം. “ഇപ്പോഴുള്ള 21,000 ജഡ്ജിമാരില്‍ നിന്ന് 40,000 ആയി വര്‍ധിപ്പിക്കാന്‍ എക്‌സിക്യൂട്ടീവിന്റെ പിടിപ്പുകേടു മൂലം സാധിക്കുന്നില്ല. അതുകൊണ്ടു തന്നെ മലവെള്ളപ്പാച്ചില്‍ പോലെ ഹര്‍ജികള്‍ വരുമ്പോള്‍ അത് കൈകാര്യം ചെയ്യാന്‍ കോടതികള്‍ക്കാവുന്നില്ല. ജയിലുകളില്‍ കിടക്കുന്നവരുടെ പേരില്‍ മാത്രമല്ല, ഈ രാജ്യത്തിന്റെ വികസനത്തിനും അതിന്റെ പുരോഗതിക്കും വേണ്ടി കൂടിയാണ്. അതുകൊണ്ടാണ് സന്ദര്‍ഭത്തിനൊത്ത് പ്രതികരിക്കാനും സാഹചര്യം മനസിലാക്കാനും താന്‍ പറയുന്നത്. എല്ലാ ഭാരവും ജുഡീഷ്യറിയുടെ ചുമലില്‍ മാത്രമായി കെട്ടിവയ്ക്കാന്‍ പറ്റില്ല”, അദ്ദേഹം പറഞ്ഞു.

 

കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് കേസ് പരിഗണിച്ചപ്പോഴും കോടതി അതിശക്തമായി തന്നെ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം, സ്ഥലംമാറ്റം എന്നിവ സംബന്ധിച്ച് സുപ്രീം കോടതിയുടെ കൊളീജിയം നല്‍കിയ ശിപാര്‍ശയിന്മേല്‍ അടയിരുന്നുകൊണ്ട് മുഴുവന്‍ ജുഡീഷ്യല്‍ സംവിധാനങ്ങളും ഒറ്റയടിക്ക് അടച്ചു പൂട്ടാനാണോ ശ്രമിക്കുന്നതെന്നു വരെ ചീഫ് ജസ്റ്റിസ് അന്നു ചോദിച്ചിരുന്നു.

 

എന്നാല്‍ ഇത്രയേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ല. വെള്ളിയാഴ്ചയും ചീഫ് ജസ്റ്റിസ് തന്റെ ഉത്കണ്ഠ മറച്ചുവച്ചില്ല. “കര്‍ണാടക ഹൈക്കോടതിയുടെ ഒരു നിലയിലുള്ള കോടതി മുറികള്‍ മുഴുവന്‍ ജഡ്ജിമാരില്ലാത്തതിനാല്‍ പൂട്ടിയിട്ടിരിക്കുകയാണ്. ജഡ്ജിമാരുണ്ടാവുകയും എന്നാല്‍ കോടതി മുറികള്‍ ഇല്ലാതിരിക്കുകയും ചെയ്ത ഒരു സാഹചര്യം ഇവിടെയുണ്ടായിരുന്നു. ഇപ്പോള്‍ കോടതി മുറികളുണ്ട്, പക്ഷേ ജഡ്ജിമാരില്ല”- അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തക്കിയോട് ചീഫ് ജസ്റ്റിസ് പറഞ്ഞു.

“നിങ്ങള്‍ വേണമെങ്കില്‍ ഈ കോടതി മുറികള്‍ അടച്ചു പൂട്ടി നീതിന്യായ വ്യവസ്ഥയെ പുറത്തു നിര്‍ത്തിക്കൊള്ളൂ”, ഒന്നു നിര്‍ത്തിയിട്ട് അദ്ദേഹം തുടര്‍ന്നു, “ഇരുകൂട്ടരും ഇക്കാര്യത്തില്‍ വികാരഭരിതരാണ്.” ജഡ്ജിമാരെ നിയമിക്കാനുള്ള ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ (NJAC) നിയമം ഭരണഘടനാ ബഞ്ച് ഒമ്പതുമാസം മുമ്പ് റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ജഡ്ജിമാരെ നിയമിക്കാനുള്ള പുതിയ നടപടി ക്രമം (MoP) നിശ്ചയിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

“ഒന്നും സംഭവിക്കുന്നില്ല. ഒമ്പതുമാസമായിട്ട് കൊളീജിയം തന്ന പേരുകളുടെ കാര്യത്തില്‍ നിങ്ങള്‍ ഒന്നും ചെയ്തിട്ടല്ല. നിങ്ങളാ പേരുകള്‍ക്ക് മുകളില്‍ അടയിരിക്കുകയാണ്. എന്തിനു വേണ്ടിയാണ് നിങ്ങള്‍ കാത്തിരിക്കുന്നത്? ഈ വ്യവസ്ഥിതിയില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടാകാനോ? അതോ ഈ സംവിധാനത്തില്‍ എന്തെങ്കിലും വിപ്ലവമുണ്ടാകാനോ?” ചീഫ് ജസ്റ്റിസ് പറഞ്ഞു.

 

 

അലഹബാദ് ഹൈക്കോടതിയിലേക്ക് 18 പേരുകള്‍ കൊളീജിയം ശിപാര്‍ശ ചെയ്‌തെങ്കിലും എട്ടു പേരുടെ മാത്രമാണ് അംഗീകരിച്ചത്. ഇപ്പോള്‍ അതിലെ രണ്ടു പേര്‍ മതിയെന്നാണ് സര്‍ക്കാര്‍ പറയുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. “സ്ഥാപനങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന സാഹചര്യം ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇതാരുടെയെങ്കിലും വ്യക്തിപരമായ ഈഗോ പ്രശ്‌നമല്ല. വിഷയം ഒട്ടും വ്യക്തിപരമല്ല. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയണ് വിഷയം”- അദ്ദേഹം പറഞ്ഞു.

 

ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള പുതിയ നടപടി ക്രമം  (MoP) പൂര്‍ത്തിയാകാത്തതിനാലാണ് ജഡ്ജിമാരുടെ നിയമനം വൈകുന്നതെന്ന് റോഹ്ത്തകി ഇതിനിടെ കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ “പുതിയ നടപടിക്രമം എന്നു പറയുന്നത് കാര്യങ്ങള്‍ വഴിതെറ്റിക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നതാണ്. ജഡ്ജിമാരെ നിയമിക്കുന്ന കാര്യത്തില്‍ നടപടി ക്രമം ഉണ്ടാക്കുന്ന വിഷയം ഒരുവിധത്തിലും ബാധിക്കില്ലെന്ന് നിയമമന്ത്രിയും സര്‍ക്കാരും ഞങ്ങള്‍ക്ക് തുടര്‍ച്ചയായ ഉറപ്പുകള്‍ തന്നതാണ്. ഇപ്പോള്‍ നിങ്ങള്‍ പറയുന്നത് നടപടി ക്രമം ഉണ്ടാക്കാത്തതുകൊണ്ട് പ്രതിസന്ധിയുണ്ടെന്നും അതിനാലാണ് ജഡ്ജിമാരുടെ നിയമനം വൈകുന്നത് എന്നുമാണോ?” എന്നാണ് ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്. നടപടി ക്രമമായിരുന്നു ആദ്യം ഉണ്ടാക്കേണ്ടിയിരുന്നത് എങ്കില്‍ എന്തുകൊണ്ടാണ് അക്കാര്യം NJAC ബഞ്ചിനു മുമ്പാകെ ഉന്നയിക്കാതെ ഇപ്പോള്‍ പറയുന്നതെന്നും കോടതി ചോദിച്ചു.

 

ഇപ്പോള്‍ നടപടി ക്രമം നിലവിലില്ലെന്ന് ആരാണ് പറഞ്ഞതെന്ന് കോടതി ആരാഞ്ഞു. “പഴയ സംവിധാനമുപയോഗിച്ചാണ് ഇപ്പോള്‍ നിയമനങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഞങ്ങളുടെ സഹിഷ്ണുതയുളള സമീപനങ്ങള്‍ കൊണ്ട് കാര്യങ്ങള്‍ നടക്കില്ല എന്നാണ് വ്യക്തമാകുന്നത്. ഇങ്ങനെയാണെങ്കില്‍ ഞങ്ങള്‍ വീണ്ടും അഞ്ചംഗ ബഞ്ച് രുപീകരിക്കും. പുതിയ നടപടി ക്രമം രൂപീകരിക്കുന്നതു വരെ ജഡ്ജി നിയമനം അട്ടിമറിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും വ്യക്തമാക്കും. അതുവേണോ?” – ചീഫ് ജസ്റ്റിസ് താക്കുര്‍ സര്‍ക്കാരിനോട് ചോദിച്ചു.

 

നവംബര്‍ 11ന് കേസ് വീണ്ടും എടുക്കുമ്പോള്‍ പ്രശ്‌നം പരിഹരിച്ച ശേഷമായിരിക്കണം കോടതിയില്‍ എത്തേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയില്‍ കൊളീജിയം 77 പേരുകള്‍ അംഗീകരിച്ചുവെങ്കിലും ഇതില്‍ 18 പേരുടെ കാര്യത്തില്‍ മാത്രമാണ് ഇതുവരെ തീരുമാനമായിട്ടുള്ളത്.

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍