UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജഡ്ജിമാരുടെ നിയമനം; ഒന്‍പത് പേരുകളുമായി സുപ്രീം കോടതി കൊളീജിയം

സുപ്രീം കോടതിയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ദീര്‍ഘനാളായി അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കെയാണ് കൊളീജിയത്തിന്റെ പുതിയ നിര്‍ദ്ദേശം

സംസ്ഥാന ഹൈക്കോടതികളില്‍ താല്‍ക്കാലിക ചീഫ് ജസ്റ്റിസുമാര്‍ തുടരുന്ന രീതി അവസാനിപ്പിക്കാന്‍ സുപ്രീം കോടതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് കെഹാറിന്റെ അദ്ധ്യക്ഷതയിലുള്ള കൊളീജിയം ഒമ്പത് പേരുകളാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജഡ്ജിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ദീര്‍ഘനാളായി അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കെയാണ് കൊളീജിയത്തിന്റെ പുതിയ നിര്‍ദ്ദേശം പുറത്തുവരുന്നത്.

തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുന്നപക്ഷം ഒറ്റയടിക്ക് ഏറ്റവും കൂടുതല്‍ ചീഫ് ജസ്റ്റിസുമാര്‍ നിയമിക്കപ്പെടുന്ന നടപടിയായി ഇത് മാറും. കഴിഞ്ഞയാഴ്ച കൊളീജിയത്തിന്റെ മറ്റൊരു യോഗത്തില്‍ വച്ച് നാല് ജഡ്ജിമാരെ സുപ്രീം കോടതിയിലേക്ക് ഉയര്‍ത്താനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കിയിരുന്നു. ഇത് അംഗീകരിക്കപ്പെട്ടാല്‍ ഉണ്ടാവുന്ന ഒഴിവുകള്‍ കൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ തീരുമാനം.

മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ത്രിപുര ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് അഭിലാഷ കുമാരി, ജമ്മു കാശ്മീര്‍ ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് ബി ഡി അഹമ്മദ്, രാജസ്ഥാന്‍ ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് പ്രദീപ് നന്ദാരജോഗ്, പാട്‌ന ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ഹൈദരാബാദ് ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് ടി വായ്‌പേയ്, മദ്രാസ് ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് എച്ച് ജി രമേഷ്, ചത്തീസ്ഗഡ് ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് ടി ബി രാധാകൃഷ്ണന്‍, ജാര്‍ഖണ്ട് ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് പി കെ മൊഹന്തി എന്നിവരുടെ പേരുകളാണ് കൊളീജിയം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം 2015 ഒക്ടോബറില്‍ സുപ്രീം കോടതി തള്ളുകയും കൊളീജിയം പുനഃസ്ഥാപിക്കാന്‍ തീരുമാനിക്കുകയും ചെയ്തതിന് ശേഷം കൊളീജിയം നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാതിരിക്കുക എന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് ഇപ്പോള്‍ തന്നെ സുപ്രീം കോടതിയില്‍ എട്ട് ജഡ്ജിമാരുടെ ഒഴിവാണ് നിലനില്‍ക്കുന്നത്. 2015 ഡിസംബറിന് ശേഷം സുപ്രീം കോടതി നിര്‍ദ്ദേശിച്ച ഒരു നിയമനവും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍