UPDATES

വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കുന്ന നിയമഭേദഗതി ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി, കേന്ദ്രത്തിന് നോട്ടീസ്

ചീഫ് ജസ്റ്റീസ് അധ്യക്ഷാനായ ബഞ്ചാണ് നോട്ടീസ് അയച്ചത്.

വ്യക്തികളെ ഭീകരനായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന യുഎപിഎ നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയച്ചു. വ്യക്തികളുടെ അവകാശങ്ങളെയും അഭിമാനത്തെയും ഇല്ലാതാക്കുന്നതാണ് നിയമമെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. അസോസിയേഷന്‍ ഫോര്‍ പ്രോടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്, സജ്ജല്‍ അവസ്ഥി എന്നീ സംഘടനകളാണ് നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഭീകരതയെ നേരിടുന്നതിന്റെ പേരില്‍ യുഎപിഎ ഭേദഗതി ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നതിനുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് ജനാധിപത്യ സമൂഹത്തിന്റെ വളര്‍ച്ചയെ തളര്‍ത്തുമെന്നും ഹര്‍ജി ആരോപിച്ചു. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗഗോയും അശോക് ഭൂഷണുമടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

നേരത്തെ യുഎപിഎ നിയമമനുസരിച്ച് സംഘടനകളെ ഭീകര പ്രസ്ഥാനങ്ങളായി വിലയിരുത്താന്‍ സര്‍ക്കാരിന് സാധിക്കുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂലൈ മാസം കൊണ്ടുവന്ന ഭേദഗതി പ്രകാരം വ്യക്തികളെയും ഇത്തരത്തില്‍ ഭീകരരായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് കഴിയും. ഇതിന്റെ അടിസ്ഥാനത്തില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ ഹാഫീസ് സയ്യീദ്, അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീം, ലക്ഷര്‍ ഇ തോയ്ബ തലവന്‍ മൗലാനാ മസൂദ് അസര്‍ , കമാന്റര്‍ സക്കി ഉര്‍ റഹ്മാന്‍ ലാക്വി എന്നിവരെ കഴിഞ്ഞ ദിവസം ഭീകരര്‍ ആയി പ്രഖ്യാപിച്ചിരുന്നു.

ഭീകരരായി പ്രഖ്യാപിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുക്കെട്ടാനുള്ള അധികാരം എന്‍ഐഎയ്ക്ക് ഭേദഗതിയിലൂടെ നല്‍കിയിരുന്നു. സംഘടകളെ ഭീകരമെന്ന് വിളിക്കാമെങ്കില്‍ വ്യക്തികളെയും അത്തരത്തില്‍ അടയാളപ്പെടുത്തുന്നത് ദേശ സുരക്ഷയ്ക്ക് കരുത്തുപകരുമെന്നായിരുന്നു ബില്ല് അവതരിപ്പിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. കോണ്‍ഗ്രസും ബിഎസ്പിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഭേദഗതി ബില്ലിനെ അനുകൂലിച്ചിരുന്നു. 42 അംഗങ്ങളുടെ എതിര്‍പ്പോടെയാണ് ബില്ല് രാജ്യസഭ അംഗീകരിച്ചത്.

Read: ഓഗസ്റ്റില്‍ പെയ്തത് ‘മാനേജ് ചെയ്യാന്‍ സാധിക്കാത്ത പെരുമഴ’, പ്രളയത്തിന് കാരണമായത് എവറസ്റ്റിനേക്കാള്‍ ഉയരത്തില്‍ വളരുന്ന കൂമ്പാരമേഘങ്ങളിലുണ്ടായ വിസ്ഫോടനം; നിര്‍ണ്ണായക പഠനവുമായി ശാസ്ത്രജ്ഞര്‍

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍