UPDATES

കായികം

ബിസിസിഐ ഭരണസമിതി പിരിച്ചുവിട്ട് പകരം സംവിധാനം; ലോധ കമ്മിറ്റിയെ പിന്തുണച്ച് സുപ്രീം കോടതി

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ ക്രിക്കറ്റ് ഭരണത്തെ ശുദ്ധീകരിക്കുമെന്ന വാശിയില്‍ മുന്നേറുന്ന ആര്‍എം ലോധ കമ്മിറ്റിക്കു മുന്നില്‍ ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഫോര്‍ ഇന്ത്യ(ബിസിസിഐ)യുടെ നില കൂടുതല്‍ പരുങ്ങലില്‍ ആകുന്നു. സുപ്രീം കോടതിയും ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നാണ് അറിയുന്നത്. നിലവിലെ ഭരണസമിതി പിരിച്ചുവിട്ടു മറ്റൊരു അഡ്മിനിസ്‌ട്രേഷനെ നിയമിക്കണമെന്നുള്ള ലോധ കമ്മിറ്റി ശുപാര്‍ശ പരിഗണിക്കാമെന്നാണ് ഇന്നു സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ജൂലായില്‍ ലോധ കമ്മിറ്റി ശിപാര്‍ശകള്‍ ബോര്‍ഡ് നടപ്പിലാക്കണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടതാണ്. എന്നാല്‍ ലോധ കമ്മിറ്റിയെ ധിക്കരിച്ചു പോകുന്ന നിലപാടാണ് ബിസിസി ഐ സ്വീകരിച്ചത്. അനുരാഗ് ഠാക്കൂര്‍ പ്രസിഡന്റായുള്ള ഭരണസിമിതിയുടെ കീഴില്‍ ക്രിക്കറ്റിനു നല്ലതാകുന്ന ഒരു കാര്യവും ചെയ്യാന്‍ കഴിയില്ലെന്നാണു ലോധ കമ്മിറ്റി കോടതിയെ അറിയിക്കുന്നത്.

കഴിഞ്ഞ ദിവസം ബിസിസി ഐയുടെ അകൗണ്ടുകള്‍ മരവിപ്പിക്കാന്‍ കമ്മിറ്റി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരേ ബോര്‍ഡ് ഉയര്‍ത്തിയ ഭീഷണി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പര റദ്ദാക്കുമെന്നായിരുന്നു.

കഴിഞ്ഞ ആഴ്ച കൂടിയ ബിസിസി ഐ യോഗത്തില്‍ ലോധ കമ്മിറ്റി മുന്നോട്ടുവച്ച ആവശ്യങ്ങള്‍ നടപ്പാക്കേണ്ടതില്ലെന്നു തീരുമാനം എടുത്തിരുന്നു. ഒരു സംസ്ഥാനത്തിന് ഒരു വോട്ട്, 70 വയസു കഴിഞ്ഞവര്‍ ഭരണസമിതികളില്‍ പാടില്ല, മൂന്നു പേരുടെ സെലക്ഷന്‍ പാനല്‍, ഭരണാധികാരികള്‍ക്ക് മൂന്നു വര്‍ഷ ‘കൂളിങ് ഓഫ്’ കാലം തുടങ്ങിയ ലോധ സമിതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരേണ്ടതില്ലെന്നായരുന്നു ബിസിസിഐയുടെ തീരുമാനം.ബിസിസിഐയുടെ പുതിയതായി രൂപീകരിക്കുന്ന ഉന്നതാധികാരസമിതിയിലും,ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിലും കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം അതെപടി പാലിക്കേണ്ടന്നും ചില ഭേദഗതികളോടെ അത് നടപ്പിലാക്കാനും യോഗം തീരുമാനിച്ചു. 

തങ്ങള്‍ നിയോഗിച്ച കമ്മിറ്റിയെ ധിക്കരിക്കുന്ന ബിസിസി ഐക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളേണ്ടി വരുമെന്നാണ് സുപ്രിം കോടതി ഇതിനെതിരെ പ്രതികരിച്ചത്. ഐപിഎല്‍ വാതുവയ്പ് വിവാദത്തെ തുടര്‍ന്ന് ബിസിസിഐയെ ഉടച്ച് വാര്‍ക്കുന്നതിനായി 2013 ലാണ് സുപ്രീം കോടതി ജസ്റ്റിസ് ആര്‍എം ലോധ അധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍