UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാഗേശ്വര റാവുവിനെ ഇടക്കാല ഡയറക്ടറായി നിയമിച്ചതില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

പുതിയ ഡയറക്ടറെ നിയമിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ഈ ഹര്‍ജിക്ക് പ്രസക്തിയില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

എം നാഗേശ്വര റാവുവിനെ സിബിഐ ഇടക്കാല ഡയറക്ടറായി നിയമിച്ചതിനെതിരെ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. പുതിയ ഡയറക്ടറെ നിയമിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ഈ ഹര്‍ജിക്ക് പ്രസക്തിയില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നാഗേശ്വര റാവുവിന്റെ നിയമനം നിയമവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി കോമണ്‍ കോസ് എന്ന എന്‍ജിഒ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

രണ്ട് തവണ നാഗേശ്വര റാവുവിനെ ഇടക്കാല ഡയറക്ടറായി നിയമിച്ചിരുന്നു. അലോക് വര്‍മയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയപ്പോള്‍ ഒക്ടോബറിലും സുപ്രീം കോടതി വര്‍മയെ നീക്കിയ നടപടി റദ്ദാക്കുകയും പിന്നാലെ ജനുവരി 10ന് പ്രധാനമന്ത്രി അധ്യക്ഷനായ കമ്മിറ്റി വീണ്ടും വര്‍മയെ നീക്കുകയും ചെയ്തതിന് ശേഷം നാഗേശ്വര റാവു ഇടക്കാല ഡയറക്ടറായിരുന്നു. നാഗേശ്വര റാവുവിനെതിരായ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അടക്കം മൂന്ന് ജഡ്ജിമാര്‍ പിന്മാറിയിരുന്നു.

ബിഹാര്‍ ഷെല്‍ട്ടര്‍ ഹോം പീഡനവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ചിരുന്ന ജോയിന്റ് ഡയറക്ടര്‍ എകെ ശര്‍മയെ സ്ഥലം മാറ്റിയ നടപടി സുപ്രീം കോടതി റദ്ദാക്കുകയും നാഗേശ്വര റാവവുവിന് പിഴ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. നാഗേശ്വര റാവുവിനെയും ലീഗല്‍ അഡൈ്വസറേയും കോടതി പിരിയുന്നത് വരെ കോടതിമുറിയില്‍ തടവിലാക്കി ശിക്ഷിക്കുകയും ചെയ്തിരുന്നു. നിലവില്‍ സിബിഐ അഡീഷണല്‍ ഡയറക്ടറാണ് നാഗേശ്വര റാവു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍