UPDATES

ചിന്തിക്കാന്‍ പോലുമാകാത്ത ക്രൂരതയെന്ന് സുപ്രിംകോടതി; നിര്‍ഭയക്കേസില്‍ നാല് പ്രതികള്‍ക്കും വധശിക്ഷ തന്നെ

വധശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി

ഡല്‍ഹി കൂട്ട ബലാത്സംഗക്കേസായ നിര്‍ഭയക്കേസില്‍ വധശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി. അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവരുടെ വധശിക്ഷയാണ് സുപ്രിംകോടതി ശരിവച്ചത്.

2012 ഡിസംബര്‍ 16നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സിനിമ കഴിഞ്ഞ് മടങ്ങുകയായിരുന്ന പാരമെഡിക്കല്‍ വിദ്യാര്‍ത്ഥിയായ 23കാരിയായ പെണ്‍കുട്ടിയെ ബസിനുള്ളിലുണ്ടായിരുന്ന ആറ് പ്രതികള്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. കേസിലെ മുഖ്യപ്രതിയും ബസിന്റെ ഡ്രൈവറുമായ രാം സിംഗ് പിടിയിലായി ഒരു മാസത്തിന് ശേഷം ജയിലിനുള്ളില്‍ വച്ച് ആത്മഹത്യ ചെയ്തു. കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015 ഡിസംബറില്‍ ജയില്‍ മോചിതനായി.

Read More: അവള്‍ അന്ന് ആ ബസില്‍ കയറിയില്ലായിരുന്നെങ്കില്‍: ഡല്‍ഹി പെണ്‍കുട്ടിയുടെ അമ്മ

പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച ശേഷമായിരുന്നു ആക്രമണം. പിന്നീട് ഇവര്‍ ഇരുവരെയും ബസില്‍ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി രണ്ടാഴ്ചയോളം മരണത്തോട് മല്ലിട്ട ശേഷം സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് മരിച്ചു.

ചിന്തിക്കാന്‍ പോലുമാകാത്ത ക്രൂരതയെന്നാണ് പ്രതികളുടെ ഹര്‍ജിയിന്മേല്‍ വിധി പ്രഖ്യാപിച്ച ജസ്റ്റിസ് ദീപക് മിശ്ര പ്രഖ്യാപിച്ചത്. 2013 സെപ്തംബര്‍ 11നാണ് ആറു പ്രതികളില്‍ നാല് വധശിക്ഷ വിധിച്ചുകൊണ്ട് അതിവേഗ കോടതി ഉത്തരവിട്ടത്. 2014ല്‍ ഡല്‍ഹി ഹൈക്കോടതി ഈ ശിക്ഷ ശരിവച്ചു. ഇതേത്തുടര്‍ന്നാണ് പ്രതികള്‍ സുപ്രിംകോടതിയെ സമീപിച്ചത്. സുപ്രിംകോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ക്രിമിനല്‍ നടപടി ക്രമത്തിലെ വ്യവസ്ഥകളും പാലിക്കാതെയാണ് കീഴ്‌ക്കോടതി ശിക്ഷ വിധിച്ചതെന്ന അമിക്യസ് ക്യൂറി രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ട് കോടതിയില്‍ വിവാദമായിരുന്നു. ഇക്കാരണത്താല്‍ വധ ശിക്ഷ റദ്ദാക്കാവുന്നതാണെന്നായിരുന്നു അമിക്യസ് ക്യൂറിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഈ നിര്‍ദ്ദേശവും കോടതി തള്ളി.

അടുത്തകാലത്ത് സുപ്രിംകോടതിയ്ക്ക് മുന്നിലെത്തിയ സൗമ്യക്കേസിലടക്കം ഭൂരിഭാഗം കേസിലെയും പ്രതികളുടെ വധശിക്ഷ റദ്ദാക്കിയിരുന്നു. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് നിര്‍ഭയക്കേസെന്നും പ്രതികള്‍ക്ക് ശിക്ഷ കുറയ്ക്കുകയോ വെറുതെ വിടുകയോ ചെയ്താല്‍ സമൂഹമനസാക്ഷിക്കുണ്ടാകുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് സുപ്രിംകോടതി പ്രതികളുടെ ഹര്‍ജി തള്ളിയത്.

ഡല്‍ഹി പോലീസ് വിധിയില്‍ സംതൃപ്തി അറിയിച്ചു. സുപ്രധാനമായ വിധിയാണിതെന്നായിരുന്നു പോലീസ് വക്താവ് ദീപേന്ദ്ര പതക് അറിയിച്ചത്. ഇത് തന്റെ കുടുംബത്തിന്റെ വിജയമാണെന്ന് നിര്‍ഭയ പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍