UPDATES

സെന്‍കുമാറിന്റെ പുനര്‍നിയമനം: സുപ്രിംകോടതിയില്‍ വീണ്ടും നാണംകെട്ട് കേരളം

കോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് തങ്ങള്‍ക്കറിയാമെന്നും സുപ്രിംകോടതി

സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കാന്‍ വൈകുന്ന കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കാമെന്ന് അറിയിച്ച സുപ്രിംകോടതി കേരള സര്‍ക്കാരിന് ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചു. വ്യക്തത തേടിയുള്ള സര്‍ക്കാരിന്റെ ഹര്‍ജി സുപ്രിംകോടതി തള്ളുകയും ചെയ്തു. സര്‍ക്കാര്‍ 25,000 രൂപ കോടതി ചെലവ് അടയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് തങ്ങള്‍ക്കറിയാമെന്നും സുപ്രിംകോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വ്യക്തത തേടി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി. സംസ്ഥാന പോലീസിന്റെ മേധാവിയായി സെന്‍കുമാറിനെ നിയമിച്ചിട്ടില്ലെന്നും മേധാവിയുടെ ചുമതലയുള്ള ഡിജിപിയായാണ് നിയമിച്ചതെന്നുമാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത്. കൂടാതെ 2016 ജൂണ്‍ ഒന്നിലെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നുവെന്ന കോടതി ഉത്തരവില്‍ വ്യക്തത വേണമെന്നും ആവശ്യപ്പെട്ടു. ഇതിനെ ന്യായീകരിക്കാനാകില്ലെന്നാണ് കോടതി അറിയിച്ചത്.

ചീഫ് സെക്രട്ടറിക്കെതിരെയാണ് സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. അതേസമയം ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തേണ്ടതില്ലെന്നും വിധി നടപ്പാക്കുന്നില്ലെങ്കില്‍ മേല്‍നടപടികള്‍ സ്വീകരിക്കാമെന്നുമാണ് കോടതി തീരുമാനിച്ചത്.

അതേസമയം സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമെന്നും സുപ്രിംകോടതി അറിയിച്ചു. ഇതിനായി നോട്ടീസ് സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം വിധിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി പരിഗണിക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ഇതോടെ രണ്ട് ദിവസത്തിനകം തന്നെ കോടതി ഉത്തരവ് നടപ്പാക്കി സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് സര്‍ക്കാര്‍. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം സുപ്രിംകോടതിയില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് എത്രയും വേഗമുണ്ടാകുമെന്നാണ് അറിയുന്നത്. ഇന്ന് ഉച്ചയോടെ തന്നെ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കുമെന്നാണ് സൂചന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍