UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തന്തയ്ക്കു പിറന്നിട്ടു കാര്യമില്ല, ഇനി തള്ളയ്ക്കു പിറക്കണം

Avatar

ജി എല്‍ വര്‍ഗീസ്

അപ്പന്റെ മോന്‍ എന്ന ഔദ്യോഗിക അഹങ്കാരം ഇനി അധികകാലം ഉണ്ടാകുമോ എന്നു പറയാനാവില്ല. തന്തയ്ക്കു പിറന്നവന്‍ എന്ന് ഊറ്റം കൊള്ളുന്നവര്‍ അത് അമ്മ കൂടി പറഞ്ഞിട്ടേ അംഗീകരിക്കാവൂ എന്നതിനൊപ്പം അടുത്തിടെ സുപ്രീംകോടതി പറഞ്ഞതു കൂടി കേള്‍ക്കണം. അപ്പന്‍ എന്ന ഔദ്യോഗിക പരിവേഷം അത്യാവശ്യമുണ്ടെങ്കില്‍ മാത്രം മതിയെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവിലുള്ളത്. ഇല്ലെന്നു അമ്മ വിചാരിച്ചാല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പോലും പേര് കാണില്ല!

കുടുംബത്തിന്റെ അല്ലെങ്കില്‍ കുട്ടികളുടെ കാര്യത്തില്‍ അപ്പനുണ്ടെങ്കിലേ കാര്യങ്ങള്‍ നടക്കൂയെന്ന സര്‍ക്കാര്‍ ചുറ്റിക്കെട്ട് ആകെ പൊളിച്ചുകളഞ്ഞു കൊണ്ടുള്ള സുപ്രധാന വിധിയിലാണ് തന്തയ്ക്കു മാത്രം പിറന്നവരുടെ അച്ചുതണ്ടിനു തല്ല് കിട്ടിയിരിക്കുന്നത്. അവിവാഹിതരായ അമ്മമാര്‍ക്ക് പിതാവിന്റെ സമ്മതമോ അറിവോ കൂടാതെ കുട്ടിയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കാന്‍ അവകാശമുണ്ടെന്നാണ് കോടതി വിധി. അതോടൊപ്പം പിതാവിന്റെ കാര്യം പറയുന്നില്ലെന്ന പേരില്‍ കുട്ടിയുടെ അവകാശങ്ങള്‍ മുടക്കരുതെന്നും അവന് / അവള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് തുടങ്ങിയവ നല്‍കുന്നതിനു തടസമുണ്ടാകരുതെന്നും ഭരണ സംവിധാനങ്ങളോടു നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

മാതാവിന്റെ ഐഡന്റിറ്റിയെ ഒരിക്കലും ചോദ്യം ചെയ്യാനാവില്ല. അങ്ങനെയെങ്കില്‍ അമ്മയുടെ ഐഡന്റിറ്റിയില്‍ അവരുടെ കുട്ടികളെ അംഗീകരിക്കുന്നതില്‍ എന്താണ് കുഴപ്പമെന്നും കോടതി ചോദിക്കുന്നു. കുട്ടിയുടെ പിതാവ് ആരെന്നു വെളിപ്പെടുത്താന്‍ സ്ത്രീ ആഗ്രഹിക്കുന്നില്ലെങ്കില്‍ അതു കോടതി നിര്‍ബന്ധിക്കുന്നത് എന്തിനാണെന്നും കുട്ടിയുടെ രക്ഷകര്‍തൃത്വത്തിനുള്ള അവകാശം ഉന്നയിച്ച കോടതിയോടു പരമോന്നത കോടതി ചോദിച്ചു. പിതാവിന്റെ പേര് അത്യാവശ്യമല്ലെന്നതു കൊണ്ട് അവരുടെ അവകാശങ്ങള്‍ നേടുന്നതിനു തടസമുണ്ടാകാന്‍ പാടില്ല. ഇത്തരം കേസുകളില്‍ ഇവര്‍ക്ക് അവിവാഹിതയായ അമ്മ അല്ലെങ്കില്‍ ഏക രക്ഷകര്‍ത്താവ് എന്ന പദവി സ്വീകരിക്കാനുള്ള അവസരമുണ്ടാക്കണം. ഇതിനുള്ള നടപടികള്‍ സര്‍ക്കാരുകളും ബന്ധപ്പെട്ട വകുപ്പുകളും ചെയ്തു കൊടുക്കണമെന്നും കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് തുടങ്ങിയ കാര്യങ്ങള്‍ നേടുന്നതിനു തടസമുണ്ടാക്കരുതെന്നും നിര്‍ദേശിച്ചു. ഹര്‍ജിക്കാരിക്കു മാത്രമല്ല, ഇതേ രീതിയില്‍ സ്വകാര്യത സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതേരീതിയില്‍ അവകാശങ്ങള്‍ നേടുന്നതിനു തടസമുണ്ടാകാന്‍ പാടില്ലെന്നും ജസ്റ്റിസുമാരായ വിക്രമാജിത് സെന്‍ അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവിലുണ്ട്.

തന്റെ കൂടെ താമസിച്ച ആളില്‍ നിന്നു ജനിച്ച കുട്ടിയുടെ രക്ഷകര്‍തൃത്വം നേടുന്നതിനായാണ് ഉദ്യോഗസ്ഥയും ക്രിസ്ത്യന്‍ സമുദായക്കാരിയുമായ സ്ത്രീ കോടതിയെ സമീപിച്ചത്. എന്നാല്‍, ഹിന്ദു ന്യൂനപക്ഷ വൈവാഹിക നിയമങ്ങളും രക്ഷകര്‍ത്തൃ അവകാശ നിയമങ്ങളും അനുസരിച്ച് രക്ഷകര്‍ത്താവായി അംഗീകരിക്കണമെങ്കില്‍ പിതാവിന്റെ സമ്മതം വാങ്ങണമെന്ന തീരുമാനം വിചാരണ കോടതിയും പിന്നീട് ഹൈക്കോടതിയും അറിയിക്കുകയായിരുന്നു. ഇതിനെതിരേ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. 

കുട്ടി ജനിക്കുമ്പോള്‍ തുടങ്ങി അവര്‍ വിദ്യാഭ്യാസം ചെയ്ത് സ്വയം പര്യാപ്തരാകുന്നതു വരെ അമ്മ മാത്രമാണെങ്കിലും മതിയെന്നു കീഴ്‌വഴക്കങ്ങളും പാരമ്പര്യങ്ങളും മാറ്റികൊണ്ട് സുപ്രീം കോടതിയും പറയുന്നു. കുട്ടി ജനിക്കണമെങ്കില്‍ അപ്പനുണ്ടെങ്കിലേ കഴിയൂ എന്ന പാരമ്പര്യ വാദത്തിനും ചുവപ്പുനാടയിലെ പുരുഷ മേല്‍ക്കോയ്മയ്ക്കുമുള്ള ഒരു തിരിച്ചടിയാണ് ഈ ഉത്തരവ്. അപ്പനുണ്ടെങ്കിലേ ഔദ്യോഗികമാകൂയെന്ന സര്‍ക്കാര്‍ ചുവപ്പുനാടയും അഴിക്കണമെന്നാണ് വിധി ചൂണ്ടിക്കാട്ടുന്നത്.

(മാധ്യമപ്രവര്‍ത്തകന്‍ ആണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍