UPDATES

സിനിമാ വാര്‍ത്തകള്‍

ഒപിഎസ് ന്നാ ഒ പനീര്‍സെല്‍വം ന്നു നിനയ്ച്ചിയാ ഡാ- ഓപ്പറേഷന്‍ സസികലാ ഡാ; ആഹ്ലാദത്തില്‍ കോളീവുഡ്

തമിഴ് ജനത ഭയത്തില്‍ നിന്നും മോചിതരായതായി കമല്‍, ആഹ്ലാദിക്കാനുള്ള സമയമെന്നു ഖുശ്ബു

എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി വി കെ ശശികല അനധികൃത സ്വത്തു സമ്പാദന കേസില്‍ കുറ്റക്കാരിയാണെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തു തമിഴ് സിനിമ താരങ്ങള്‍. നീതി നടപ്പാക്കപ്പെട്ടുവെന്നും, ഇത് ആഹ്ലാദിക്കാനുള്ള സമയം ആണെന്നുമായിരുന്നു ഖുശ്ബു ട്വീറ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കു സുപ്രീം കോടതി നല്‍കിയ ഏറ്റവും മനോഹരമായ വാലന്റൈന്‍ സമ്മാനമാണ് ഈ വിധിയെന്നും തമിഴര്‍ക്ക് ഇനി ഭയമില്ലാത്തെ സമാധാന ജീവിതം നയിക്കാമെന്നും ഖുശ്ബു മറ്റൊരു ട്വീറ്റിലൂടെ പറയുന്നു.
തമിഴ്‌നാട്ടുകാരന്‍ എന്ന നിലയില്‍ തനിക്കു സന്തോഷവും ആശ്വാസവും തോന്നുന്നതായി കമല്‍ഹസന്‍ ട്വിറ്ററില്‍ കുറിച്ചു. തമിഴ്‌നാട് സുരക്ഷിതമായെന്നും ഭയത്തിന്റെ ഒരു ഇരുണ്ട യുഗത്തിന് അവസാനമായന്നും കമല്‍ പറഞ്ഞു.

ശശികലയ്‌ക്കെതിരേ പരസ്യമായി രംഗത്തുവന്നവരില്‍ ഒരാളായിരുന്നു കമല്‍. സമൂഹമാധ്യമങ്ങളില്‍ കൂടി കമല്‍ തന്റെ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും പ്രകടിപ്പിക്കുകയും സഹപ്രവര്‍ത്തകരെ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.

ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചു പ്രധാനമന്ത്രിക്കു കത്തെഴുതിയ നടി ഗൗതമി സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുകയും ജയലളിതയുടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.

ശശികലയുടെ കടുത്ത വിമര്‍ശകനായിരുന്ന അരവിന്ദ് സ്വാമിയും സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തു. എംഎല്‍എമാരോട് ഇനിയെങ്കിലും സംസ്‌കാരത്തിലേത്തു തിരികെ വരാന്‍ ആവശ്യപ്പെടാനും അവര്‍ തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കട്ടെയെന്നുമാണു അരവിന്ദ് സ്വാമി ട്വിറ്ററില്‍ കുറിച്ചത്.

സത്യം ജയിച്ചു എന്നാണു തമിഴ്‌നടന്‍ ശാന്തനുവിന്റെ ട്വീറ്റ്. സത്യസന്ധമായ കോടതിവിധിയാണ് ഉണ്ടായതെന്നും ശാന്തനു പറയുന്നു.

എന്റെ വീടിനു പുറത്തായി പൊട്ടുന്ന പടക്കങ്ങളുടെ ശബ്ദം ജനാധിപത്യത്തെ കുറിച്ച് അറിയേണ്ടതെല്ലാം പറയുന്നുണ്ടെന്നായിരുന്നു സംവിധായകന്‍ അശ്വിന്‍ സരവണന്‍ ട്വീറ്റ് ചെയ്തത്.

എഴുത്തുകാരനും നിര്‍മാതാവുമായ ധനഞ്ജയന്‍ ഗോവിന്ദന്‍ പറയുന്നത് നീതി ഒടുവില്‍ വിജയിച്ചു എന്നാണ്. അധാര്‍മിക ശിക്ഷിക്കപ്പെടുമെന്നും സത്യസന്ധതയാണ് എറ്റവും നല്ല പോളിസി എന്നും തെളിഞ്ഞതായും അദ്ദേഹം ട്വീറ്റ് ചെയ്യുന്നു.

എക്കാലത്തെയുംവച്ച് ഏറ്റവും മികച്ച വിധി എന്നാണു തമിഴ് സിനിമയിലെ പ്രമുഖ കോസ്റ്റിയും ഡിസൈനറായ ജോയ് ക്രിസില്‍ഡ ട്വിറ്ററില്‍ കുറിച്ചത്.

തമിഴ്‌നാട് മിനിമം ഗാരന്റി ജസ്റ്റീസ് എന്നായിരുന്നു നടന്‍ സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.
തമിഴ്‌നാട് ഇത്രയും സന്തോഷിച്ച മറ്റൊരു ദിവസം ഇല്ലെന്നായിരുന്നു കോസ്റ്റിയും ഡിസൈനര്‍ വാസുകി ഭാസ്‌കറിന്റെ പ്രതികരണം.

മെഗാ സീരിയലുകള്‍ക്കു ശക്തമായ മത്സരം ഉണ്ടായിരിക്കുമെന്ന ഒളിയമ്പായിരുന്നു രാധിക ശരത്കുമാറിന്റെ ട്വീറ്റ്.

എല്ലാത്തിനും അവസാനം സത്യവും നീതിയും ജയിക്കുമോ എന്ന് എന്റെ കുട്ടി ചോദിച്ചാല്‍ ഞാന്‍ അവനോട് പറയും അങ്ങനെയൊന്ന് എന്റെ ജീവിതകാലത്ത് സംഭവിച്ചിട്ടുണ്ട് എന്നു പറയും എന്നാണു സുപ്രീം കോടതി വിധിയെ പരാമര്‍ശിച്ചു നടന്‍ പ്രസന്ന ട്വീറ്റ് ചെയ്തത്.

കുറ്റത്തിനു ദീര്‍ഘകാലം മുന്നോട്ടുപോകാന്‍ കഴിയില്ലെന്നായിരുന്നു സന്തോഷ് ശിവന്റെ ട്വീറ്റ്.

സംവിധായകന്‍ ആദിക് രവിചന്ദ്രന്റെ ട്വീറ്റ് ഇപ്രകാരമായിരുന്നു; ഒപിഎസ് ന്നാ ഒ പനീര്‍സെല്‍വം ന്നു നിനയ്ച്ചിയാ ഡാ- ഓപ്പറേഷന്‍ സസികല ഡാ…

ആരും നിയമത്തിന് അതീതരല്ലെന്നാണു സുപ്രീം കോടതി വിധി തെളിയിക്കുന്നതെന്നു നടന്‍ വിശിലിന്റെ സഹോദരനും നിര്‍മാതാവുമായ വിക്രം കൃഷ്ണ ട്വിറ്ററില്‍ കുറിച്ചു. പനീര്‍സെല്‍വം ആണു തങ്ങളുടെ അടുത്ത മുഖ്യമന്ത്രിയെന്നു പറയുന്ന വിക്രം കൃഷ്ണ ഇപ്പോഴുണ്ടായിരിക്കുന്ന വിധി തമിഴരെ സംബന്ധിച്ചു ചരിത്രത്തിലെ ഏറ്റവും മികച്ച സന്ദര്‍ഭമാണു സമ്മാനിച്ചിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍