UPDATES

ഐടി ആക്ടിലെ വിവാദ വകുപ്പ് 66എ സുപ്രീംകോടതി റദ്ദാക്കി

അഴിമുഖം പ്രതിനിധി

ഐ.ടി ആക്ടിലെ വിവാദ വകുപ്പ് 66 എ സുപ്രീം കോടതി റദ്ദാക്കി. സാമൂഹ്യ മാധ്യമങ്ങള്‍ അടക്കമുള്ളവയില്‍ അപകീര്‍ത്തികരമായ അഭിപ്രായ പ്രകടനം നടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന വകുപ്പാണ് റദ്ദാക്കിയത്. 66 എ വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അതെസമയം സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ശക്തമായ വകുപ്പുകള്‍ വേണമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം സുപ്രീം കോടതി തള്ളി.

രാജ്യത്തിന്റെ പരമാധികാരവും മതസൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് രാജ്യത്ത് നിരവധി നിയമങ്ങള്‍ നിലവിലുണ്ട്. അതിനു പുറമെ 66 എ എന്ന വകുപ്പ് കൂടി വേണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. രാജ്യത്ത് എല്ലാ പൗരന്‍മാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന വാഗ്ദാനം ചെയ്യുന്നുണ്‌ടെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു.

ഇതിന് പുറമെ കേരള പോലീസ് ആക്ടിലെ 118 ഡി വകുപ്പും കോടതി റദ്ദാക്കി. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ അപകീര്‍ത്തികരമായ അഭിപ്രായ പ്രകടനം നടത്തിയാല്‍ ഡിവൈഎസ്പിക്ക് മുകളില്‍ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റ് വാറണ്ട് ഇല്ലാതെ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കുന്ന നിയമമാണ് 118 ഡി വകുപ്പ്. ഈ രണ്ട് നിയമങ്ങളും ഒന്ന് തന്നെയാണെന്നും കോടതി വിലയിരുത്തി.

നിയമ വിദ്യാര്‍ഥിനി ശ്രേയ സിംഗാള്‍ അടക്കമുള്ളവരാണ് 66 എ വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. വകുപ്പിലെ വ്യവസ്ഥകള്‍ അവ്യക്തമാണെന്നും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ ദുരുപയോഗസാധ്യതമാത്രം കണക്കിലെടുത്ത് വകുപ്പ് റദ്ദാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യമുന്നയിച്ചെങ്കിലും കോടതി തള്ളി.

ബാല്‍ താക്കറെയുടെ മരണത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താലുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയ രണ്ട് യുവതികളെ 2012 ല്‍ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതെതുടർന്നാണ് ശ്രേയ സിംഗാള്‍ അടക്കമുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍