UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാര്‍ക്കെതിരായ വിമര്‍ശനമല്ലെന്ന് കോടതി വിലയിരുത്തി. സംവിധാനം മെച്ചപ്പെടുത്തണമെന്നാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസില്‍ ഹൈക്കോടതിക്ക് സുപ്രീംകോടതി നോട്ടിസ് അയയ്ക്കുകയും ചെയ്തു.

ഡിജിപി ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശമുള്‍പ്പെടുത്തി കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിനാണ് ജേക്കബ് തോമസിനെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടിയാരംഭിച്ചിരുന്നത്. എന്നാല്‍ ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാര്‍ക്കെതിരായ വിമര്‍ശനമല്ലെന്ന് കോടതി വിലയിരുത്തി. സംവിധാനം മെച്ചപ്പെടുത്തണമെന്നാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസില്‍ ഹൈക്കോടതിക്ക് സുപ്രീംകോടതി നോട്ടിസ് അയയ്ക്കുകയും ചെയ്തു. കേസ് ഈമാസം പതിനൊന്നിന് വീണ്ടും പരിഗണിക്കും.

കേസില്‍ ഇന്ന് നേരിട്ട് ഹാജരാകാന്‍ ജേക്കബ് തോമസിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ജേക്കബ് തോമസ് അറിയിച്ചു. അതിനാല്‍ ഈ മാസം ഒന്‍പതിന് ഹാജരായാല്‍ മതിയെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ രണ്ട് ജഡ്ജിമാര്‍ നിരന്തരം വിമര്‍ശനം നടത്തിയതിനും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഴിമതിക്കേസുകള്‍ വിജിലന്‍സ് എഴുതിത്തള്ളിയതിനും പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. അഴിമതിക്കെതിരെ ശക്തമായി നിലകൊണ്ട തന്നെ പീഡിപ്പിക്കാനും നിശബ്ദനാക്കാനും ശ്രമം നടന്നുവെന്ന് ജേക്കബ് തോമസ് പരാതിയില്‍ പറഞ്ഞിരുന്നു.

താന്‍ അന്വേഷിച്ചതോ അന്വേഷണത്തിന്റെ ഭാഗമായതോ ആയ അഴിമതി കേസുകള്‍ അവസാനിപ്പിക്കുകയോ എഴുതിത്തള്ളുകയോ ചെയ്തതതായി ജേക്കബ് തോമസ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2017 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ഹൈക്കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉണ്ടായത്. ഏപ്രില്‍ ഒന്നിന് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റി. ആ കേസുകള്‍ക്ക് എന്ത് സംഭവിച്ചെന്ന് പരിശോധിക്കണമെന്നും ജേക്കബ് തോമസ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍