UPDATES

സിനിമ

ശാരദ, മോനിഷ, ശോഭന, മീര; ഇവര്‍ക്കൊപ്പമാണ് ഇനി സുരഭിയും; യോഗ്യന്മാര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും

രണ്ടുവരിയില്ലെങ്കിലും മഞ്ജു വാര്യരെ പോലുള്ളവര്‍ ആ കടമ നിര്‍വഹിച്ചു എന്നത് ആശ്വാസം.

ആറുപത്തിനാലു വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ചരിത്രത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം മലയാളത്തിന് സമ്മാനിച്ച അഞ്ചാമത്തെ നടിയാണ് സുരഭി ലക്ഷ്മി. ഇത്രയും കാലത്തിനിടയില്‍ വെറും ആറു തവണ മാത്രമാണ് ഇങ്ങനെയൊരു പുരസ്‌കാരം മലയാളത്തിനു കിട്ടുന്നത്. 2003 ല്‍ പാഠം ഒന്ന് ഒരു വിലാപത്തില്‍ മീര ജാസ്മിന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശഷം 13 വര്‍ഷം മലയാളത്തിന് ഇങ്ങനെയൊരു പുരസ്‌കാരം കിട്ടുന്നത് ഈ വര്‍ഷം സുരഭി ലക്ഷ്മിയിലൂടെയാണ്. എന്നിട്ടും ശാരദയ്‌ക്കോ മോനിഷയ്‌ക്കോ ശോഭയനയ്‌ക്കോ മീരയ്‌ക്കോ കിട്ടിയ സ്വീകര്യത, ആരാധന, സുരഭിക്കു കിട്ടാതെ പോകുന്നു?

ഈ വര്‍ഷം മലയാളം നേടിയ എല്ലാ അവാര്‍ഡുകളെക്കാളും വളരെ മുകളിലാണ് സുരഭിയുടെ നേട്ടം. എന്നിരിക്കില്‍ പോലും സുരഭിയുടെ നേട്ടത്തെ മലയാള സിനിമ ലോകം ഒരുതരം തണുപ്പന്‍ മട്ടില്‍ നോക്കി കാണുകയാണോ? മഞ്ജു വാര്യരെ പോലെ ഒന്നോ രണ്ടോ പേരൊഴിച്ചാല്‍ പ്രമുഖരായ മറ്റു സിനിമാക്കര്‍ക്കെല്ലാം ഈ നടിയെ അഭിനന്ദിക്കാന്‍ ഒരുതരം മടിപോലെ. എന്തിനും ഏതിനും എഫ് ബിയില്‍ പ്രതകരിച്ചും പോസ്റ്റിട്ടുമൊക്കെ നില്‍ക്കുന്ന സിനിമാക്കാര്‍ക്ക് സുരഭിയെ കുറിച്ച് ഒരുവരിയെഴുതാന്‍ തോന്നാതെ പോയത് മന:പൂര്‍വം അല്ലെന്നു കരുതണോ?

ശാരദ, മോനിഷ, ശോഭന, മീര ജസ്മിന്‍- ഈ നാലുപേരില്‍ നിന്നും സുരഭിയ്ക്ക് വ്യത്യാസമുണ്ട്. മറ്റു നാലുപേരും അവാര്‍ഡുകള്‍ നേടുമ്പോള്‍ മുഖ്യധാര സിനിമയിലെ മുന്‍നിര നായികമാരായിരുന്നു. ഏറെ ആരാധകര്‍ സ്വന്തമായുള്ളവരായിരുന്നു. സിനിമയിലെ വിലപിടിപ്പുള്ള താരങ്ങളായിരുന്നു, കച്ചവട സിനിമയിലെ സെയില്‍ വാല്യു ഉള്ള പ്രൊഡക്ടുകളായിരുന്നു. സുരഭിക്ക് ഈ പറയുന്ന യോഗ്യതകളൊന്നും ഇല്ല. നാടകനടി, സീരിയല്‍ നടി, സിനിമയില്‍ ചെറുവേഷങ്ങളില്‍ എത്തുന്ന നടി- ഇതൊക്കെയാണ് സുരഭിയുടെ അടയാളങ്ങള്‍. അവര്‍ സ്വന്തമാക്കിയ നേട്ടം മറ്റുള്ളവരാല്‍ ചെറുതാക്കപ്പെട്ടു പോകാന്‍ കാരണവും ഒരുപക്ഷേ ഈ ‘അയോഗ്യതകള്‍’ ആയിരിക്കാം.

മനഃപൂര്‍വമല്ലാത്ത അവഗണനയായിരിക്കാം. പക്ഷേ അങ്ങനെയൊന്നു സംഭവിച്ചിരിക്കുന്നു എന്നിടത്താണ് മലയാള സിനിമയുടെ ചെമ്പ് പുറത്താകുന്നത്. മേല്‍ത്തട്ടുകാരുടെ വിജയങ്ങള്‍ മാത്രം ആഘോഷിക്കപ്പെടുകയും കീഴേത്തട്ടിലെ നേട്ടങ്ങള്‍ അവഗണിക്കപ്പെടുകയും ചെയ്യുന്നത് ഇവിടെ ഇതാദ്യമല്ല. ദേശീയ അവാര്‍ഡ് കിട്ടിയതില്‍ പിന്നെ അവനു ഭ്രാന്തായി എന്ന് ഒരു ‘കോമഡി’ നടനെ കുറിച്ച് പറഞ്ഞു ചിരിച്ച മുന്‍നിര നടനെ അറിയാം. അവന്റെ ബോധം കെടലിനായിരുന്നു അവാര്‍ഡ് കൊടുക്കേണ്ടിയിരുന്നെന്ന തമാശ ഉണ്ടായതും ഒരു പ്രമുഖ നടനില്‍ നിന്നായിരുന്നു. തന്റെ മുന്നില്‍ മൂരിനിവര്‍ത്തിയ അടിയോനോട് ഉടയോനുണ്ടാകുന്ന ഒരു കെറുവുണ്ടല്ലോ, അങ്ങനെയൊരു കെറുവ് ഇവിടെ പലര്‍ക്കും പലരോടുമുണ്ട്. അതവര്‍ കാണിച്ചിട്ടുമുണ്ട്. അങ്ങനെയൊന്നും സുരഭിയോട് ഉണ്ടാകാതിരിക്കട്ടെ എന്നാഗ്രഹിക്കാം.

മലയാളത്തിന്റെ സൂപ്പര്‍ താരം തന്റെ ഒരു ‘നേട്ട’ത്തിന്റെ പേരില്‍ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ആഘോഷം സംഘടിപ്പിച്ച കഥയൊക്കെ എല്ലാവര്‍ക്കും അറിയുന്നതാണല്ലോ, അതുപോലെ എത്രയെത്ര ആഘോഷങ്ങളും അനുമോദന ചടങ്ങുകളും വാഴ്ത്തലുകളും ഒക്കെ മലയാള സിനിമ കണ്ടിരിക്കുന്നു. അതിനിടയിലാണല്ലോ സുരഭിയെ പോലുള്ളവരെ മറന്നു പോകുന്നതെന്നതാണ് വിഷമകരം.

നാളും പക്കോം നോക്കി ഞങ്ങള്‍ അഭിനന്ദിച്ചോളാം എന്നായിരിക്കും ഇനി ന്യായീകരണം വരിക. അതായിക്കോളൂ, വളരെ അഭിമാനകരമായ ഒരു നേട്ടം സ്വന്തമാക്കിയ ഒരു നടി/ ഒരു സ്ത്രീ- അവരെ ആ നിമിഷം തന്നെ, ആ ദിവസം തന്നെ ഒരു വാക്കുകൊണ്ടെങ്കിലും അഭിനന്ദിച്ചിരുന്നെങ്കില്‍ അതായിരുന്നു സുരഭിയെ പോലെ ഒരു അഭിനേത്രിക്ക് കിട്ടുന്ന പ്രോത്സാഹനം.

രണ്ടുവരിയില്ലെങ്കിലും മഞ്ജു വാര്യരെ പോലുള്ളവര്‍ ആ കടമ നിര്‍വഹിച്ചു എന്നത് ആശ്വാസം. പക്ഷേ ഒരു ജൂറി, അവാര്‍ഡ് നേട്ടത്തിനു നല്‍കിയ ആഘോഷം പോലും മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയൊരാള്‍ക്ക് മറ്റുള്ള പ്രമുഖരില്‍ നിന്നും കിട്ടാതെ പോയി എന്നത് എങ്ങനെയാണ് കണ്ടില്ലാന്നു നടിക്കാന്‍ കഴിയുക?

സുരഭി ഒരു സൂപ്പര്‍താര നായികയായിരുന്നില്ല, ഇനി ആകുമോന്നുമറിയില്ല. പക്ഷേ അവരെ ഒരു അവാര്‍ഡിന്റെ പേരില്‍  ഇനി കൂടുതല്‍ ഒതുക്കരുത്. അഭിന്ദിച്ചില്ലെങ്കിലും വേണ്ട അവഗണിക്കാതിരുന്നാല്‍ മതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍