UPDATES

ഫാബ് ഇന്ത്യയ്ക്ക് വേണം ജനപഥയുടെ തുണികള്‍; മെലുകൊട്ടയ്ക്ക് സുരേന്ദ്ര കൊലാഗിയേയും

ബാംഗ്ലൂരില്‍ നിന്നും 130 കിലോമീറ്ററോളം യാത്ര ചെയ്താല്‍ മെലുകൊട്ടെയിലെത്താം. ഇവിടെ പ്രവര്‍ത്തിക്കുന്ന ജനപഥ സേവ ട്രസ്റ്റ് ആസ്ഥാനം സന്ദര്‍ശിക്കാനും സ്ഥാപകനായ സുരേന്ദ്ര കൊലാഗിയുമൊന്നിച്ച് അവിടെ ഒരു ദിവസം ചെലവഴിക്കാനുമായി ഈയിടെ ഞാന്‍ അവിടെ പോവുകയുണ്ടായി. 1960-ല്‍ തന്റെ 25-ാം വയസ്സില്‍ കൊലാഗി ഈ ട്രസ്റ്റിന് തുടക്കം കുറിക്കുമ്പോള്‍ ‘സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയല്ലാതെ വ്യക്തമായ ഒരു പദ്ധതിയൊന്നും ഉണ്ടായിരുന്നില്ല.’ ഈ ഉദ്യമത്തിന് ഇറങ്ങിത്തിരിക്കുമ്പോള്‍ കൈമുതലായി ഉണ്ടായിരുന്നത് ജെ പി നാരായണ്‍, വിനോബ ഭവെ എന്നീ മഹാന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയം മാത്രമെ ഉണ്ടായിരുന്നുള്ളൂ.

24-ാം വലയസ്സിലാണ് തന്റെ ജന്മഗ്രാമം പോലുമല്ലാത്ത മെലുകൊട്ടെയില്‍ പുതിയൊരു ജീവിത ലക്ഷ്യവുമായി കൊലാഗി എത്തിയത്. അക്കാലത്ത് ഒരു സുഹൃത്ത് തരപ്പെടുത്തിക്കൊടുത്ത താമസ സൗകര്യം ഒരു പഴകിപ്പൊളിഞ്ഞ വീടായിരുന്നു. ചര്‍ക്ക പ്രവര്‍ത്തിപ്പിച്ചാണ് തുടക്ക കാലത്ത് കൊലാഗി ജീവിത മാര്‍ഗം കണ്ടെത്തിയത്. ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം സമീപത്തെ ഉപേക്ഷിക്കപ്പെട്ട ഒരു അമ്പല പരിസരത്ത് ഒരു കൊച്ചു വിദ്യാലയം തുറക്കുകയും ജനപഥ എന്ന പേരില്‍ ഒരു ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതോടെ സാമൂഹ്യ സേവന രംഗത്ത് കൊലാഗി സജീവമായി. മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങളും സര്‍വോദയയും ആണ് ട്രസ്റ്റിന്റെ പ്രേരക ശക്തികള്‍. ഏറെ താമസിയാതെ തന്നെ അംഗപരിമിതരായ യുവതീ യുവാക്കള്‍ക്കായി ഒരു കേന്ദ്രവും സ്ഥാപിച്ചു. ഇവരെ സ്‌കൂളിലെത്തിക്കാന്‍ ലോ-ഫ്‌ളോര്‍ കാളവണ്ടി പോലും അദ്ദേഹം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അദ്ദേഹം ഒരു കോളെജ്, തുന്നല്‍ കേന്ദ്രം, ജൈവ കൃഷിയിടം, അനാഥാലയം തുടങ്ങിയവയും സ്ഥാപിച്ചു.

ഇന്ന് ഫാബ് ഇന്ത്യ ജനപഥ സേവാ ട്രസ്റ്റിനു കീഴിലെ തുന്നല്‍ യൂണിറ്റുകളില്‍ നിന്നായി പ്രതിമാസം 2000 മീറ്റര്‍ കൈത്തറി തുണി വാങ്ങാന്‍ തയാറായി വരുമ്പോള്‍ ഇതിന്റെ പകുതി മാത്രമെ നല്‍കാനാകുന്നുള്ളൂ. തുന്നല്‍കാരുടെ ക്ഷാമമാണ് കാരണം. പുതിയ തലമുറ ഈ ജോലി തെരഞ്ഞെടുക്കാന്‍ വിമുഖത കാണിക്കുന്നു. ദിവസം എട്ടു മണിക്കൂര്‍ വീതം ജോലി ചെയ്താന്‍ മാസം 6000 രൂപയോളമാണ് തുന്നല്‍കാര്‍ക്ക് ലഭിക്കുക.

സുരേന്ദ്ര കൊലാഗി കുടുംബസമേതം താമസിക്കുന്നത് ട്രസ്റ്റിന്റെ പരിസരത്തു തന്നെയാണ്. ഇത്രത്തോളം സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജനപഥ സേവാ ട്രസ്റ്റിനു വേണ്ടി കാര്യമായ പണപ്പിരിവുകള്‍ക്കൊന്നും കൊലാഗി ശ്രമം നടത്തിയിട്ടില്ല. സുഹൃത്തുക്കളും സ്വദേശികളും നല്‍കുന്ന സംഭാവനകളാണ് ആശ്രയം. 50 രൂപ സംഭാവന നല്‍കുന്നവര്‍ വരെ കൂട്ടത്തിലുണ്ട്. എന്നാല്‍ തുടക്കം മുതല്‍ നല്‍കിപ്പോന്ന ഇവരുടെ സംഭാവനയ്ക്ക് ഇതുവരെ മുടക്കം ഉണ്ടായിട്ടില്ല.

ട്രസ്റ്റിന് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടു പോലും പണം കണ്ടെത്താനുള്ള തന്ത്രങ്ങളോ ഉപാധികളോ പയറ്റിയിട്ടില്ല. അര നൂറ്റാണ്ടു കാലത്തോളം പ്രവര്‍ത്തിച്ചപ്പോള്‍ 2000 പേര്‍ക്കിടയില്‍ മാത്രമാണ് ഇവര്‍ക്ക് നേരിട്ട് സ്വാധീനമുണ്ടാക്കാന്‍ സാധിച്ചത്. സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്ന ഈ പരിമിതിയെ കുറിച്ചുള്ള ചോദ്യത്തിന് ട്രസ്റ്റിന്റെ മറുപടി ഇങ്ങനെ ആയിരുന്നു: ‘നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നത് ജനങ്ങള്‍ കാണുന്നുണ്ടെങ്കില്‍ എന്തു കൊണ്ട് അവര്‍ക്ക് സഹായിച്ചു കൂടാ…?’

ഗാന്ധിയന്‍ ജീവിത രീതികള്‍ പഠിപ്പിക്കുന്ന ഹ്രസ്വകാല കോഴ്‌സുകളും ബിരുദധാരികള്‍ക്കായി ട്രസ്റ്റ് നടത്തുന്നുണ്ട്. പണം നല്‍കാന്‍ കഴിവുള്ളവര്‍ പണം നല്‍കണം. അല്ലാത്തവരുടെ ചെലവ് ട്രസ്റ്റ് വഹിക്കും. നേരത്തെ എഡിന്‍ബറോ യൂണിവേഴ്സ്റ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയും സമാനമായ കോഴ്‌സുകള്‍  ട്രസ്റ്റ് നടത്തിയിട്ടുണ്ട്.

ഗ്രാമീണ പുനര്‍നിമ്മാണ രംഗത്ത് മികച്ച സേവനം കാഴ്ചവയ്ക്കുന്നവര്‍ക്ക് നല്‍കപ്പെടുന്ന പ്രശസ്ത പുരസ്‌കാരമായ ജമന്‍ലാല്‍ ബജാജ് അവാര്‍ഡ് കഴിഞ്ഞ വര്‍ഷം ലഭിച്ചത് കൊലാഗിക്കായിരുന്നു. അദ്ദേഹത്തിന്റെ മകനും പിതാവിന്റെ പ്രവര്‍ത്തനപാത തന്നെ പിന്തുടരുന്നുവെന്നതില്‍ കൊലാഗി ഭാഗ്യവാനാണ്. സന്ദര്‍ശകരുടേയും അന്തേവാസികളുടേയും ക്ഷേമത്തില്‍ ശ്രദ്ധാലുവായ മകന്റെ ഭാര്യയും പിന്തുണയായി ഉണ്ട്.

ദാരിദ്ര്യത്തിനു പരിഹാരം ഗാന്ധിയന്‍ മാര്‍ഗങ്ങളാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് കൊലാഗി. ദരിദ്രര്‍ക്ക് ഉല്‍പാദനത്തിനുള്ള മാര്‍ഗങ്ങള്‍ കാണിച്ചു കൊടുത്താല്‍ ബാക്കി എല്ലാം താനെ ക്രമീകരിക്കപ്പെടുമെന്ന് അദ്ദേഹം പറയുന്നു. ദാരിദ്ര നിര്‍മ്മാര്‍ജനത്തിന്റെ പേരില്‍ ജനങ്ങളെ അലസരാക്കി മാറ്റരുതെന്നാണ് കൊലാഗിയുടെ ഉപദേശം.

മധ്യവയസ്‌കനും ഇലക്ട്രിക്കല്‍ എഞ്ചിനീയറുമായ അദ്ദേഹത്തിന്റെ മകന്‍ ചോദ്യം ഇതാണ്: ‘ഈ ലോകത്ത് നിരവധി ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട് എന്നിരിക്കെ ജനങ്ങള്‍ ആഗ്രഹിക്കുന്ന ഈ ‘ഒഴിവു സമയം’ എന്താണ്?’

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍