UPDATES

മോദി ക്ഷണിച്ചാല്‍ അനുസരണയോട് കൂടി ബിജെപിയില്‍ പ്രവര്‍ത്തിക്കുമെന്ന് സുരേഷ് ഗോപി

അഴിമുഖം പ്രതിനിധി

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന് മാധ്യമങ്ങള്‍ ഒരുഭാഗം മാത്രം അടര്‍ത്തിയെടുത്ത് ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നു നടന്‍ സുരേഷ് ഗോപി. വിഴിഞ്ഞം പദ്ധതി ഹിന്ദുക്കള്‍ മുന്നിട്ടിറങ്ങിയാല്‍ യാഥാര്‍ത്ഥ്യമാകുമെന്ന സുരേഷ് ഗോപിയുടെ അഭിപ്രായം വിവാദമായതിനെ തുടര്‍ന്ന് ഈ വിഷയത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

താന്‍ പാര്‍ട്ടിയിലേക്ക് വരണമൊ വേണ്ടയൊ എന്ന് തീരുമാനിക്കേണ്ടത് ബി ജെ പിയും  അണികളുമാണ്. ബിജെപി തന്നെ ക്ഷണിച്ചാല്‍ ഒരിക്കലും ഇല്ലായെന്ന് പറയില്ലെന്നും മോദി ആവശ്യപ്പെട്ടാല്‍ അനുസരണയുള്ളൊരു പാര്‍ട്ടി പ്രവര്‍ത്തകനായി തന്റെ കടമകള്‍ ചെയ്യുമെന്നും ബിജെപിയില്‍ ചേരുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായി സുരേഷ് ഗോപി പറഞ്ഞു.

വിഴിഞ്ഞം പ്രസ്താവനയെത്തുടര്‍ന്ന് സുരേഷി ഗോപിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് പലഭാഗത്തുനിന്നും ഉയര്‍ന്നത്. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം ഇന്നത്തെ മുഖപ്രസംഗത്തില്‍ സുരേഷ് ഗോപിയെ കേരള തൊഗാഡിയ എന്നാണ് വിശേഷിപ്പിച്ചത്. തിരുവനന്തപുരം എം പി സ്ഥാനം ശശി തരൂര്‍ രാജിവച്ചാല്‍ ഉണ്ടാകുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയെ നിര്‍ത്തുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. അതല്ലെങ്കില്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ തിരുവനന്തപുരത്തെ ഏതെങ്കിലും അസംബ്ലി മണ്ഡലത്തില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയാക്കാനും ബിജെപിക്ക് താല്‍പര്യമുണ്ടെന്നാണ് അറിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍