UPDATES

വെല്‍ഡണ്‍ സുരേഷ് ഗോപി, സ്വന്തം പാര്‍ട്ടിക്കാരോടും തിരുത്താന്‍ ആവശ്യപ്പെട്ടതിന്

ഇവിടെയാണ് നടനും ബിജെപിയുടെ രാജ്യസഭ എംപിയുമായ സുരേഷ് ഗോപിയെ പോലുള്ളവരുടെ പ്രസക്തി.

കെ എ ആന്റണി

എഴുതിയും പറഞ്ഞും മടുത്തുപോയ ഒരു വിഷയമാണ് കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം. ചെയ്യുന്ന തൊഴിലിന്റെ ഭാഗമായിട്ടാണെങ്കിലും, ഒരിക്കലും അവസാനിക്കാത്ത അല്ലെങ്കില്‍ ഒരിക്കലും അവസാനിക്കാന്‍ പാടില്ലെന്ന് ചിലര്‍ നിര്‍ബന്ധം കാട്ടുന്ന രാഷ്ട്രീയ വൈരത്തെയും അതിന്റെ ഇരകളെയും കുറിച്ച് വീണ്ടും വീണ്ടും എഴുതുകയോ പറയുകയോ ചെയ്യേണ്ടിവരുന്നു.

ഇക്കഴിഞ്ഞ ആഴ്ച ജില്ല കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗത്തിനു ശേഷം പതിവുപോലെ കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന് ചെറിയൊരു ശമനം ഉണ്ടായിട്ടുണ്ട്. ചെറുത് എന്നു പറയുന്നത്, ഇന്നലെ മുതല്‍ തലശ്ശേരിയിലും കൂത്തുപറമ്പിലെ ചില ഇടങ്ങളിലുമായി ചെറിയ തോതിലുള്ള ചൊറിയലും മാന്തലുമൊക്കെ ആരംഭിച്ചു കഴിഞ്ഞു എന്നതിനാലാണ്.

അല്ലെങ്കിലും കണ്ണൂരിലെ അക്രമ സംഭവങ്ങള്‍ ആരംഭിക്കുന്നത് ഇത്തരം ചെറിയ തോതിലുള്ള പ്രശ്‌നങ്ങളില്‍ നിന്നു തന്നെയാണ്. ഇവ പെട്ടന്നുതന്നെ ഊതിപെരുപ്പിക്കപ്പെടുകയും വലിയ തോതിലുള്ള അക്രമത്തിലേക്കും കൊലപാതകങ്ങളിലേക്കും വഴി തുറക്കുകയും ചെയ്യുന്നതാണു പതിവ് രീതി. അതുകൊണ്ടു തന്നെ ഇന്നലത്തെ സംഭവങ്ങളെ നിസ്സാരമായി കാണുന്നതു തികഞ്ഞ അബദ്ധമാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സര്‍വകക്ഷി യോഗത്തില്‍ രൂപീകരിക്കപ്പെട്ട പ്രാദേശിക സമിതികള്‍ ഉടന്‍ തന്നെ സമാധാന ശ്രമങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്.

കണ്ണൂരിലെ അക്രമ സംഭവങ്ങള്‍ ഏകപക്ഷീയമല്ല എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ചൊറിയലും മാന്തലും ആരംഭിക്കുന്നത് ഏതെങ്കിലും ഒരു പക്ഷത്തു നിന്നായിരിക്കും. തിരിച്ചടി ഉണ്ടകുമ്പോള്‍ കാര്യങ്ങള്‍ കൈ വിട്ടു പോകുന്നു എന്നു മാത്രം. യാഥാര്‍ഥ്യം ഇതാണെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇക്കാര്യം സമ്മതിക്കാറില്ല. അവര്‍ മറുപക്ഷത്തെ നിരന്തരം കുറ്റപ്പെടുത്തികൊണ്ടിരിക്കും. കണ്ണൂരില്‍ സിപിഎം ഒരു പക്ഷത്തും ബാക്കിയുള്ളവര്‍ മറുപക്ഷത്തുമാകയാല്‍ എല്ലാ സംഭവങ്ങളിലും പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്നത് സിപിഎം ആണ് എന്നത് ഒരു വസ്തുതയായാണ്. പ്രശ്‌നങ്ങള്‍ തുടങ്ങി വെക്കുന്നത് അവരല്ലെങ്കില്‍പോലും എപ്പോഴും ഇതു തന്നെ സംഭവിക്കുന്നു.

ഇവിടെയാണ് നടനും ബിജെപിയുടെ രാജ്യസഭ എംപിയുമായ സുരേഷ് ഗോപിയെ പോലുള്ളവരുടെ പ്രസക്തി. ബിജെപി അനുകൂല സംഘടനയായ സിറ്റിസണ്‍സ് കൗണ്‍സില്‍ മംഗളൂരുവില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കവെ സുരേഷ് ഗോപി കണ്ണൂരിലെ അക്രമസംഭവങ്ങളുടെ പേരില്‍ സിപിഎമ്മിനെ മാത്രം കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും ബിജെപി-ആര്‍എസ്എസ് ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ പങ്കുണ്ടെന്നും തുറന്നടിച്ചതായാണ് പത്രവാര്‍ത്ത.

കണ്‍വെന്‍ഷന്‍ കേരളത്തില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന സിപിഎം അക്രമങ്ങളെ കുറിച്ചായിരുന്നു. ‘എതിരാളികളോട് സിപിഎം പുലര്‍ത്തുന്ന സമാധാനരഹിത പ്രകൃതി വിരുദ്ധ (പ്രകൃതി വിരുദ്ധം എന്നത് കൊണ്ട് നേതാവ് എന്താണ് ഉദ്ദേശിച്ചതെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല ) നിലപാടുകളാണ് കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ക്കു കാരണം എന്ന് കണ്‍വെന്‍ഷനില്‍ ആര്‍എസ്എസ് നേതാവ് സി സദാനന്ദന്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ‘1969-ല്‍ തലശ്ശേരി വാടിക്കലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിക്കൊണ്ടാണ് സിപിഎം കേരളത്തില്‍ അക്രമത്തിനു തുടക്കം കുറിച്ചത്. കൊല്ലപ്പെട്ട സംഘം പ്രവര്‍ത്തകരുടെ എണ്ണം 87ല്‍ എത്തി നില്‍ക്കുന്നു. സംഘം പ്രവര്‍ത്തകരും എതിര്‍ കക്ഷികളായ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും മാത്രമല്ല സ്വന്തം മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയുടെ പ്രവര്‍ത്തകനെയും അവര്‍ കൊലപ്പെടുത്തി.’ ഇങ്ങനെ പോകുന്നു സദാനാന്ദന്റെ പ്രസംഗം.

സദാനന്ദന്‍ എന്ന സദാനന്ദന്‍ മാസ്റ്റര്‍ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ്. ആര്‍എസ്എസ്സിന് മാത്രമല്ല സിപിഎമ്മിനും ഉണ്ട് ഇത്തരത്തില്‍ ഒരുപാട് രക്തസാക്ഷികള്‍. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ അടക്കം. ആര്‍എസ്എസുകാരുടെ ബോംബേറില്‍ കാല്‍ നഷ്ടമായ അസ്‌ന എന്ന ഒരു പെണ്‍കുട്ടി ഇന്നിപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എംബിബിഎസ്സിന് പഠിക്കുന്നുണ്ട്. അസ്‌നയുടേത് ഒരു കോണ്‍ഗ്രസ് കുടുംബമായിരുന്നു. ഇന്നും അങ്ങനെ തന്നെയാണ് എന്നാണ് അറിവ്.

എന്നാല്‍ സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെ: ‘ കണ്ണൂരില്‍ അക്രമം തോരുമെന്നു പ്രതീക്ഷിച്ചിടത്ത് തിമിര്‍ത്തു പെയ്യുകയാണ്. ഇത് ഭീതിയല്ല, വേദനയാണ് ഉണ്ടാകുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം കണ്ണൂരില്‍ രാഷ്ട്രീയ അക്രമങ്ങള്‍ വര്‍ധിച്ചിരിക്കുന്നു. ഭരണകര്‍ത്താക്കളാണ് ഇതില്‍ കുറ്റക്കാരെന്നു കരുതുന്നില്ല. താഴെത്തട്ടിലുള്ള ക്രൂരരായ അണികളാണ് കുഴപ്പം ഉണ്ടാക്കുന്നത്. അവരെ നിലയ്ക്കുനിര്‍ത്താന്‍ ഭരണം തടസ്സമാകരുത്. മുഖ്യമന്ത്രിയുടെ, കാര്യങ്ങളോടുള്ള സമീപനം വളരെ മാന്യമാണ്. കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് അറുതിവരുത്താന്‍ അദ്ദേഹം ക്രിയാത്മക നടപടികള്‍ കൈക്കൊള്ളും എന്ന് തന്നെയാണ് പ്രതീക്ഷ’.

മറുപക്ഷത്തേക്ക് ശരങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ബിജെപിക്കും പറയാനാവില്ല. എല്ലാവരും ഇത് നിര്‍ത്തണം. പാര്‍ട്ടികളുടെ താങ്ങുപറ്റി പ്രവര്‍ത്തിക്കുന്ന മറ്റുചില താല്പര്യങ്ങളും തീവ്രസ്വഭാവവും ഉള്ള ചിലരുണ്ട്. ഇവരെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും ആര്‍എസ്എസ്സും ബിജെപിയും സിപിഎമ്മും ഒക്കെ തയ്യാറാവണം.’

ഒരു സുരേഷ് ഗോപി സ്‌റ്റൈല്‍ പ്രസംഗം എന്ന് പറഞ്ഞ് ഇതിനെ പുച്ഛിച്ചു തള്ളാനാവില്ല. കണ്ണൂരില്‍ സമാധാനം കൊണ്ടുവരുന്നതിന് വേണ്ടി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ പതിനഞ്ചു വര്‍ഷം മുന്‍പ് സിനിമാക്കാര്‍ പാനൂരില്‍ ഉപവാസം അനുഷ്ഠിച്ചിരുന്നു. അന്ന് അദ്ദേഹം വെറും സിനിമാക്കാരന്‍ മാത്രമായിരുന്നു. എന്നാല്‍ ഇന്ന് സുരേഷ് ബിജെപിയുടെ എംപി യാണ്. അതുകൊണ്ടു തന്നെ സ്വന്തം പാര്‍ട്ടിക്കാരെ തിരുത്താന്‍ കാട്ടിയ ഈ ആര്‍ജ്ജവത്തെ അംഗകരിച്ചേ മതിയാവൂ.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍