UPDATES

സുരേഷ് ഗോപിയെ എന്‍എസ്എസ് ആസ്ഥാനത്തു നിന്ന് ഇറക്കി വിട്ടു

അഴിമുഖം പ്രതിനിധി

ചങ്ങനാശേരി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കാണാന്‍ ശ്രമിച്ച നടന്‍ സുരേഷ് ഗോപിയെ നിങ്ങളുടെ ഷോ ഇവിടെ വേണ്ടെന്ന് പറഞ്ഞ് സുകുമാരന്‍ നായര്‍ എന്‍എസ്എസ് ആസ്ഥാനത്തു നിന്ന് ഇറക്കിവിട്ടു. സുകുമാരന്‍ നായരുടെ പ്രതികരണത്തില്‍ തന്റെ ഹൃദയം പൊട്ടിയെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. ഇന്ന് എന്‍എസ്എസ് ആസ്ഥാനത്ത് ബജറ്റ് സമ്മേളനം നടക്കുകയാണ്. അതിനിടയിലാണ് സുരേഷ് ഗോപി സുകുമാരന്‍ നായരെ കാണാന്‍ ശ്രമിച്ചത്. ഇതില്‍ ആര്‍ക്കെങ്കിലും പ്രതിഷേധമുണ്ടെങ്കില്‍ കൈപൊക്കാന്‍ സുകുമാരന്‍ നായര്‍ അവിടെ ഉണ്ടായിരുന്നവരോട് ആവശ്യപ്പെട്ടപ്പോള്‍ ആരും പ്രതികരിച്ചില്ല.

മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി ഇറങ്ങിയപ്പോള്‍ എന്‍എസ്എസ് പ്രതിനിധി സഭയിലെ ഒരംഗം ഇവിടെ വന്നിട്ട് ജനറല്‍ സെക്രട്ടറിയെ കാണാതെ പോകുന്നുവോയെന്ന് ചോദിച്ചുവെന്നും അതുകൊണ്ടാണ് താന്‍ സുകുമാരന്‍ നായരെ കാണാന്‍ പോയതെന്നും സുരേഷ് ഗോപി പറഞ്ഞു. ബജറ്റ് ദിവസം കാണാന്‍ ചെന്നത് അദ്ദേഹത്തിന് ഇഷ്ടമായില്ല. അവിടെ വച്ചൊരു നല്ല തല്ല് തനിക്ക് കിട്ടി. മുമ്പ് ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ താന്‍ എന്‍എസ്എസ് ആസ്ഥാനത്തു പോയെന്നും മന്നം ആസ്ഥാനത്ത് പണിക്കരേട്ടനോട് ഒരുമിച്ച് നിന്ന് തൊഴുതുവെന്നും സുരേഷ് ഗോപി ഓര്‍ത്തെടുത്തു.

കാണാന്‍ വരുന്നവരെ ഇറക്കിവിടുന്നത് ശരിയല്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. അതേസമയം സുകുമാരന്‍ നായര്‍ ഭ്രാന്തനെപ്പോലെയാണ് പെരുമാറുന്നത് എന്ന് സിനിമാ സംവിധായകന്‍ മേജര്‍ രവി പറഞ്ഞു. ബിജെപിയോട് അടുപ്പം പുലര്‍ത്തുന്ന സുരേഷ് ഗോപി അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ രാജഗോപാലിനുവേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് മണ്ഡലത്തില്‍ പ്രചാരണം നടത്തിയിരുന്നു.

സുരേഷ് ഗോപി വന്നത് എന്‍എസ്എസിനെ നാറ്റിക്കാനാണെന്നും എന്‍എസ്എസ് രാജഗോപാലിന് ഒപ്പമാണെന്ന് വരുത്തി തീര്‍ക്കാനാണ് സുരേഷ് ഗോപി ശ്രമിച്ചതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിവസം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ടിപി ചന്ദ്രശേഖരന്റെ ഭാര്യ രമയെ കാണാന്‍ പോയതിന് തുല്യമാണിത്. ഇനി ചാനലുകളെ കാണില്ലെന്നും വാര്‍ത്താ സമ്മേളനം നടത്തില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍