UPDATES

സിനിമ

വിഴിഞ്ഞം തുറമുഖ പദ്ധതി ഹിന്ദുക്കള്‍ മനസ്സുവെച്ചാല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് സുരേഷ് ഗോപി

Avatar


അഴിമുഖം പ്രതിനിധി

വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ഹിന്ദുക്കള്‍ മുന്നോട്ട് വരണമെന്ന് നടന്‍ സുരേഷ് ഗോപി. ഹിന്ദു നേതാക്കളുമായി പദ്ധതി സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദു സമൂഹം മനസ്സുവെച്ചാല്‍ പദ്ധതിയുടെ സാമ്പത്തിക ആവശ്യങ്ങള്‍ പോലും നിഷപ്രയാസം സാധ്യമാകും. തുറമുഖ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം ഗ്രാമവാസികള്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യവേയായിരുന്നു സുരേഷ് ഗോപിയുടെ പരമാര്‍ശം. 

സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂര്‍ രാജി വച്ചാല്‍ സുരേഷ് ഗോപിയാവും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി എന്ന് ചില അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ജയിച്ചാല്‍ അദ്ദേഹം കേന്ദ്രമന്ത്രിയാകുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്. കഴിഞ്ഞ മേയില്‍ നടന്ന പൊതു തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഒരു സര്‍ക്കാര്‍ പദ്ധതിയെന്ന നിലയില്‍, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് കേന്ദ്ര ധനമന്ത്രാലയത്തില്‍ നിന്നും ലഭിക്കേണ്ട അനുമതികളെല്ലാം ലഭിച്ചതായി ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു. കോടതിയില്‍ നിലനില്‍ക്കുന്ന ചില കേസുകള്‍ മാത്രമാണ് പദ്ധതിക്ക് തടസമെന്നും പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ ഈ മാസം 28ന് പൂര്‍ത്തിയാകുമെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അദാനി പോര്‍ട്ട്‌സ് ഉള്‍പ്പെടെയുള്ള മൂന്ന് കമ്പനികള്‍ ഇതിനകം തന്നെ ടെന്‍ഡര്‍ രേഖകള്‍ വാങ്ങിയിട്ടുണ്ട്.

കേന്ദ്ര സഹായം സംബന്ധിച്ച അനിശ്ചിതത്വമായിരുന്നു ഇതുവരെ പദ്ധതിക്കുള്ള പ്രധാന തടസം. ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ ഈ തടസം നീങ്ങുകയും അവരുടെ നിബന്ധനകള്‍ പുതിയ ടെന്‍ഡറില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

എന്നാല്‍ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കിയത് സംബന്ധിച്ച് സുപ്രീം കോടതിയിലും ദേശീയ ഹരിത ട്രൈബ്യൂണലിലും കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് സംബന്ധിച്ച വിധികള്‍ അനുകൂലമായാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍