UPDATES

സിനിമ

ഈ ശുദ്ധാത്മാവിനെ ഇങ്ങനെ കല്ലെറിയരുത്

Avatar

അഴിമുഖം പ്രതിനിധി

കളിയാട്ടം സിനിമ ഇറങ്ങിയശേഷം സുരേഷ് ഗോപി ഭംഗിയുള്ളൊരു കോട്ട് തയ്പ്പിച്ചു. ഇപ്പോഴെന്തിനാണ് ഇങ്ങനെയൊരു കോട്ട് എന്ന് ഇതിനെപ്പറ്റി ചോദിച്ചവരോട് അദ്ദേഹം തികഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞു. ‘ഞാന്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വീകരിക്കുന്നത് ഈ കോട്ട് ധരിച്ചുകൊണ്ടായിരിക്കും’. ഒരു പ്രമുഖ നടനാണ് ഒരിക്കല്‍ ഇത് പറഞ്ഞത്. അങ്ങനെ തന്നെ സംഭവിച്ചു. കളിയാട്ടത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സുരേഷ് ഗോപി സ്വന്തമാക്കുകയും ചെയ്തു. 

ഒന്നൊന്നര കൊല്ലം മുമ്പ് തൊട്ട് നരേന്ദ്ര മോദി സൂക്തങ്ങള്‍ നാടാകെ പാടി നടക്കാന്‍ തുടങ്ങിയപ്പോള്‍ ചില അസൂയാലുക്കള്‍ പറഞ്ഞു, സുരേഷ് ഗോപി അടുത്ത കോട്ട് തയ്പ്പിച്ചെന്ന്. സഥാനമാനങ്ങള്‍ മോഹിച്ചു നാണംകെട്ടു നടക്കുന്നിതു ചിലര്‍ എന്ന മട്ടിലായിരുന്നു പിന്നെ സുരേഷ് ജിയെ ഇവര്‍ കാണാന്‍ തുടങ്ങിയത്. എന്നാല്‍ സര്‍വസംഘപരിത്യാഗിയായ താന്‍ ഫലേച്ഛയില്ലാതെയാണ് കര്‍മ്മം അനുഷ്ഠിക്കുന്നതെന്നും യജമാനഭക്തിയില്ലാതെ അധികാരത്തിനുവേണ്ടി മണ്ടി നടക്കുന്നവനല്ലെന്നും ഗത്ഗദകണ്ഠനായി ആണയിട്ടിട്ടും, ആ മനുഷ്യന്റെ ശുദ്ധത തിരിച്ചറിയപ്പെട്ടില്ല.

സുരേഷ് ഗോപിയുടെ(നടന്റെയല്ല) മെറിറ്റും ഡിമെറിറ്റും സ്വഭാവത്തിലെ ഈ ശുദ്ധത തന്നെയാണ്. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്നാണ് പറയുന്നതെങ്കിലും, പ്രത്യക്ഷത്തില്‍ ഒരു ദുഷ്ടത്തരവും ചെയ്യാതിരുന്നിട്ടും മറ്റൊരു മലയാള നടനും ഇതേവരെ കിട്ടാതിരുന്ന കല്ലേറുകള്‍ സുരേഷ് ഗോപിക്ക് കിട്ടുന്നതും ഇതേ ശുദ്ധത കൊണ്ടാണ്. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കാന്‍ ഹിന്ദുക്കള്‍ മുന്നിട്ടറങ്ങണമെന്ന് നല്ലഗതിയാലേ പറഞ്ഞതിന് എന്തെല്ലാം കേള്‍ക്കേണ്ടി വന്നു. കലാകാരന്‍ സമൂഹത്തിന്റെ പൊതുസ്വത്താണെന്നും ഏതെങ്കിലും മതത്തിന്റെയോ പാര്‍ട്ടിയുടെയോ പിണിയാളാകരുതെന്നുമായിരുന്നു കുരിശേറ്റത്തിനൊപ്പം കൊടുത്ത ഉപദേശം. അങ്ങനെ നിന്നാല്‍ മാത്രമേ സുരേഷ് ഗോപി ഒരു താരമാകുന്നുള്ളുവെന്നും അല്ലാത്തപക്ഷം ഒരു ബിജെപിക്കാന്‍, അല്‍പ്പം കൂടി കടന്നു പറഞ്ഞാല്‍ കേരള തൊഗാഡിയ മാത്രമാണെന്നും ആന്റി-സുരേഷ് ഗോപി ടീം മുന്നറിയിപ്പു കൊടുത്തു. എന്നാല്‍ സുരേഷ് ഗോപിയെ അടുത്തറിയുന്നവര്‍ക്ക് ഒരിക്കലും അദ്ദേഹം അത്രവലിയ കുഴപ്പക്കാരനാണെന്നു പറയാന്‍ സാധിക്കില്ല. സുരേഷ് മുയല്‍കുട്ടിയുടെ മനസ്സുള്ള ഒരു ടൈഗര്‍ മാത്രമാണെന്ന് അടുത്ത സ്‌നേഹിതനും സര്‍വോപരി ബുദ്ധിജീവിയുമായ ഒരു സംവിധായകന്‍ പറഞ്ഞത് ശ്രദ്ധിച്ചാല്‍ മതി. കൂടെ കിടന്നവനെ രാപ്പനി അറിയൂ എന്നു പറഞ്ഞപോലെ സുരേഷിനെ അടുത്തറിഞ്ഞവര്‍ക്കെ ആ മനസ്സറിയൂ. ഒരിക്കല്‍ സെറ്റിലിരുന്ന വിതുമ്പിയ താരത്തോട് കാരണം തിരക്കിയപ്പോള്‍ കണ്ണീര്‍ തുടച്ചുകൊണ്ട് പറഞ്ഞ മറുപടി ആരുടെയും ചങ്ക് തകര്‍ക്കുന്നതായിരുന്നു-മക്കള്‍ക്ക് ഐസ്‌ക്രീം വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞിട്ട് തനിക്ക് വാക്ക് പാലിക്കാനായില്ലത്രേ! ഇതുമൊരു വെറും കഥയായിരിക്കാം, എന്നാല്‍ അവിടെയും തെളിയുന്നത് താരത്തിന്റെ ശുദ്ധമനസ്സാണ്.

ശുദ്ധാത്മാവായ ഈ മനുഷ്യന്‍ സമൂഹത്തില്‍ നിന്നുമാത്രമല്ല, സ്വന്തം തട്ടകമായ സിനിമയിലെ തന്നെ ചിലരുടെ അവജ്ഞയ്ക്കും അവഗണനയ്ക്കും പാത്രമായിട്ടുണ്ട്. ഫയര്‍ ബ്രാന്‍ഡ് നായകന്മാരെ അവതരിപ്പിക്കുമെങ്കിലും സുരേഷ് ഗോപിക്ക് ജീവിതത്തില്‍ ദേഷ്യപ്പെടാനറിയില്ല, കൂടിവന്നാല്‍ പിണങ്ങും, മിണ്ടാതിരിക്കും. എന്നാലും അത്രയൊന്നും ആയുസ്സിലാത്ത അകല്‍ച്ചയെ ആ മനസ്സില്‍ ഉണ്ടാകൂ. ഇടച്ചേന കുങ്കനാകാന്‍ തമിഴില്‍ നിന്ന് ആളെ ഇറക്കേണ്ടിവന്നത് സുരേഷ് ഗോപിയുടെ ഈഗോ കാരണമാണെന്ന് ചില ‘ഫാന’ന്മാര്‍ പാടിനടന്നകാലം. എക്കാലവും ചന്തുവിന് ചതിക്കാന്‍ പാകത്തില്‍ ആരോമലുണ്ണിയായി നിന്നുകൊടുക്കാത്ത തെറ്റിന് മലയാള സിനിമയിലെ കിംഗുമായി അല്‍പ്പം അകന്ന സുരേഷ് ഗോപിയെയും കൂട്ടി അഭ്രപാളിയില്‍ അഗ്നിസ്ഫുലിംഗങ്ങള്‍ തീര്‍ത്ത ഒരു സംവിധായകനും തിരക്കഥാകൃത്തും കോംപ്രമൈസിനായി പോയി. വല്യേട്ടന്‍ തന്റെ വീട്ടിലെത്തിയ മൂവര്‍ സംഘത്തെ സ്വീകരിച്ചതും പെരുമാറിയതും പക്ഷെ ബോംബെക്കാരന്‍ ശങ്കര്‍ദാസിന്റെ ശൈലിയില്‍. തന്റെ വീട്ടിലെ പുതിയ ഹോം തിയെറ്ററിനെ കുറിച്ച് വാചാലനാകാനാണത്രേ കക്ഷി തയ്യാറായത്. ചുരുക്കിപ്പറഞ്ഞാല്‍ വിളിച്ചുവരുത്തി അപമാനിച്ചു. അങ്ങേര്‍ക്കെന്താണ് ഈ പാവത്തിനോടിത്ര ദേഷ്യമെന്നറിയില്ല. ഏതോ ഒരവാര്‍ഡ്ദാന ചടങ്ങില്‍ സുരേഷ് വേദിയില്‍ നിന്ന് പാടുമ്പോള്‍, അങ്ങേരുടെ ഇഞ്ചികടിച്ച അണ്ണാന്റെ എക്‌സ്പ്രഷന്‍ നമ്മളൊക്കെ കണ്ടതാണല്ലോ. എന്നിട്ടും ഇതേ നടനൊപ്പം അഭിനയിച്ച് പ്രേക്ഷകരെ വെടിവെച്ചും ബോംബെറിഞ്ഞും കൊല്ലാക്കൊല ചെയ്യാന്‍വരെ സുരേഷ് ഗോപി എന്ന നടന്‍ തയ്യാറായില്ലേ. അതുകൊണ്ടാണ് പറഞ്ഞത് സുരേഷ് ഗോപിക്ക് ആരോടും സിമന്റിട്ടുറപ്പിച്ച ദേഷ്യോം വൈരാഗ്യോന്നും ഇല്ലെന്ന്. 

സിനിമയിലെ ഈ തിയറി തന്നെയാണ് രാഷ്ട്രീയത്തിലും അദ്ദേഹത്തിന് ഉള്ളത്. കരുണാകരനുവേണ്ടി ചോറു വിളമ്പാനും കമ്യൂണിസ്റ്റുകാര്‍ക്കൊപ്പം കട്ടന്‍ ചായ കുടിക്കാനും ഒടുവില്‍ മോദിജി കണ്ട ഇന്ത്യ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ കറുത്ത കണ്ണടയുംവച്ച് വെയിലത്തേക്കിറങ്ങിയതുമൊക്കെ മത, മാത്സര്യങ്ങള്‍ മനസ്സിലില്ലാത്തതുകൊണ്ടാണ്. ജഗദീശ്വരന്‍ നേരിട്ട് തന്റെ ബ്രാന്‍ഡ് അംബാസിഡറാക്കിയ ഗാനഗന്ധര്‍വന്‍ പോലും തന്റെ തതത്വചിന്താ വിളംബരത്തിന് ഇക്കാലമത്രയും ശ്രമിച്ചിട്ടും കിട്ടാത്ത ആള്‍ക്കൂട്ടത്തെയാണ് ചെറിയൊരു കാലംകൊണ്ട് സുരേഷ് ജി ഒപ്പംകൂട്ടിയത്. വെറുതെ പ്രസംഗിക്കാനല്ല, ഉള്ളറിഞ്ഞുകൊണ്ട് തനിക്കുള്ളതില്‍ നിന്ന് ഒരു പങ്ക് മറ്റുള്ളവനുകൊടുക്കാനും തനിക്ക് മടിയില്ലെന്നു തെളിയിച്ചതുകൊണ്ടാണ് അദ്ദേഹത്തിനൊപ്പം ആളുകൂടുന്നത്. പണ്ട്, സ്വന്തം വീട്ടിലെ കറണ്ട് ചാര്‍ജ് അടയ്ക്കാന്‍പോലും വഴിയില്ലാതെ വിലപിച്ചൊരു മനുഷ്യനാണ് ചാനല്‍ പരിപാടിയിലൂടെയും അല്ലാതെയും ഇന്നിപ്പോള്‍ സഹജീവികളുടെ കണ്ണീരൊപ്പുന്നതെന്നും ഓര്‍ക്കണം. പക്ഷെ അതൊന്നും കാണാന്‍ ആര്‍ക്കും നേരമില്ല. എല്ലാവരും സെറ്റ് ചെയ്തുവച്ചിരിക്കുന്ന ഒരു ഫ്രെയിമില്‍ കൂടിമാത്രമാണ് അദ്ദേഹത്തെ വീക്ഷിക്കുന്നത്.

വിമര്‍ശിക്കുന്നവര്‍ക്ക് വിമര്‍ശിക്കാന്‍ ഇപ്പോഴിതാ പുതിയൊരു വാര്‍ത്തകൂടിയുണ്ടല്ലോ. ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായി സുരേഷ് ഗോപി നിയമിതനാകുന്നു. കേട്ടമാത്രയില്‍ ആനന്ദപുളകിതരാകേണ്ടവരാണ് മലയാളികള്‍. ആദ്യമായാണ് ഒരു മലയാളി ആ സ്ഥാനത്തേക്ക് വരുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റിലും അമേരിക്കന്‍ സെനറ്റിലുമൊക്കെ ഇതുവരെ കേരളം കാണാത്ത മലയാളിവേരുകാര്‍ സ്ഥാനം നേടുമ്പോള്‍ ആര്‍പ്പുവിളിക്കുന്നവര്‍ പക്ഷെ, സിനിമ വ്യവസായത്തിലെ ഉന്നത സ്ഥാപനത്തിന്റെ തലപ്പത്തേക്ക് ഒരു മലയാളി കയറിവരുമ്പോള്‍ ഷിറ്റ് പറഞ്ഞ് മുഖം തിരിക്കുന്നതിലെ അസഹിഷ്ണുത അപലപനീയമാണ്. എന്‍എഫ്ഡിസിയുടെ കണ്ണില്‍ പുറമ്പോക്കുകാരായ മലയാള സിനിമയ്ക്ക് ഒരു മലയാളിയുടെ സഹായത്താല്‍ ആ സ്ഥാപനം കൊണ്ട് എന്തെങ്കിലുമൊക്കെ നേട്ടം ഉണ്ടാകില്ലേ, അങ്ങനെ പ്രതീക്ഷിച്ചു കൂടെ? അതിനും തയ്യാറാകാതെ മോദിപ്രീണനംകൊണ്ടു കിട്ടിയ സ്ഥാനം, കൊല്ലത്തു നിന്നൊരു കോന്തന്‍ ഡല്‍ഹിക്കുപോയപോലെ എന്നൊക്കെ പരിഹസിക്കാനാണ് പലര്‍ക്കും താല്‍പര്യം. ഇവിടെ ഏത് അക്കാഡമിയിലും കോര്‍പ്പറേഷനിലുമാണ് രാഷ്ട്രീയം നോക്കാതെ മെറിറ്റുനോക്കി മാത്രം ചെയര്‍മാനെയും പ്രസിഡന്റിനെയുമൊക്കെ നിയമിച്ചിട്ടുള്ളതെന്ന് പ്ഫാ..പുല്ലേ സ്റ്റൈലില്‍ സുരേഷ് ഗോപി തിരിച്ചു ചോദിച്ചാല്‍ പണ്ട് അച്ചാമ വര്‍ഗീസ് വളിച്ചതിനെക്കാള്‍ വളിക്കും ഈ വിമര്‍ശകന്മാരുടെ മോന്ത.

ഒരു നടനാണെന്ന് തെളിയിക്കാന്‍ മലയാളി അദ്ദേഹത്തിന് എത്രയോ വര്‍ഷം സമയം കൊടുത്തു. അത്രയൊന്നുമില്ലെങ്കിലും രാജ്യത്തെ സിനിമാസംരഭത്തെ ദേശഭാഷാവ്യത്യാസമില്ലാതെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കുറച്ച് സമയം കൊടുത്തൂടേ. എല്ലാവര്‍ക്കും അടൂരും അരവിന്ദനുമൊന്നുമാകാന്‍ പറ്റാത്ത മലയാള സിനിമയില്‍, നല്ല സിനിമയെന്ന സ്വപ്‌നം പണമില്ലാത്തതിന്റെ പേരില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാതെപോകുന്നവര്‍ക്ക് ഒരു താങ്ങാകാന്‍ സുരേഷ് ഗോപിക്ക് സാധിച്ചാലോ! പുരസ്‌കാരങ്ങള്‍ക്കര്‍ഹമായ കളിയച്ഛന്‍ എന്ന സിനിമ തിയേറ്ററുകളില്‍ എത്താന്‍ സഹായിച്ചാലോ! അങ്ങനെ എത്രയെത്ര പ്രതിക്ഷകള്‍ അദ്ദേഹത്തിന് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമായിരിക്കും. അതിനൊന്നും കാത്തുനില്‍ക്കാതെ, മോദിയുടെ അടിമയാകാന്‍ പോയി എന്നു സോഷ്യല്‍ മീഡിയയില്‍ കിടന്നു വിളിച്ചുകൂവുകയല്ല വേണ്ടത്. ജസ്റ്റ് വെയ്റ്റ് ആന്‍ഡ് സി…!

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍