UPDATES

സിനിമ

ലാലിനൊപ്പം താരമായി സുരേഷ് നായര്‍

Avatar

അഴിമുഖം പ്രതിനിധി

തിയേറ്ററുകളില്‍ എത്തിയ ലൈല ഒ ലൈല എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം തന്നെ ശ്രദ്ധയാകര്‍ഷിക്കുകയാണ് സുരേഷ് നായര്‍ എന്ന തിരക്കഥാകൃത്തും.ബോളിവുഡിന്റെ സിനിമാലോകത്ത് താര തിളക്കത്തോടെ നില്‍ക്കുന്ന സുരേഷിന്റെ ആദ്യ മലയാള ചിത്രമാണ് ലൈല ഒ ലൈല. 

ബോളിവുഡിലെ കാശുവാരിപ്പടങ്ങള്‍ക്കും കലാമൂല്യമുള്ള സിനിമകള്‍ക്കും ഒരേപോലെ തൂലിക ചലിപ്പിച്ച തിരക്കഥാകൃത്താണ് സുരേഷ് നായര്‍. നൂറുകോടി ക്ലബ്ബിലെത്തിയ ബാംഗ് ബാഗും കോടികള്‍ വാരിയ സിംഗ് ഈസ് കിംഗും നമസ്‌തെ ലണ്ടനുമൊക്കെ എഴുതിയ സുരേഷിനെ മലയാളികള്‍ ഏറെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് കഹാനി എന്ന ക്ലാസ് ചിത്രത്തിലൂടെയാണ്. കഹാനിയുടെ സഹരചയിതാവ് എന്ന നിലയില്‍ സുരേഷ് നായര്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതോടെയാണ് ഇദ്ദേഹമൊരു മലയാളിയാണെന്നു തന്നെ പലരും അറിയുന്നത്. മാധ്യമപ്രവര്‍ത്തനവും സിനിമയുമായി മുംബൈയിലെ ജീവിതം തിരക്കേറിയപ്പോഴും സുരേഷിനുള്ളിലെ മലയാളി, കേരളത്തെയും ഇവിടുത്തെ സിനിമകളെയും ഒപ്പം കൊണ്ടുനടന്നിരുന്നു.

ബോംബെ ടൈംസിന്റെ ഡെപ്യൂട്ടി ഫീച്ചര്‍ എഡിറ്ററായിരുന്ന സുരേഷ് നായര്‍ ജനിച്ചതും വളര്‍ന്നതും പഠിച്ചതും മുംബൈയിലാണ്. പാലക്കാട് ഒറ്റപ്പാലത്തിനടുത്തുള്ള ചളവറയിലാണ് കുടുംബ വീട്. ബോംബെ ടെലിഫോണ്‍സില്‍ ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍ കുഞ്ഞിരാമന്‍ നായര്‍, അമ്മ പദ്മാവതി. മുംബൈയിലെ താമസത്തിനിടയിലും സ്‌കൂള്‍ -കോളേജ് വിദ്യാഭ്യാസകാലത്ത് വെക്കേഷന്‍ സമയമായാല്‍ കേരളത്തിലേക്ക് സുരേഷ് എത്തുമായിരുന്നു. മാധ്യമപ്രവര്‍ത്തകനായ ശേഷമാണ് കേരളത്തിലേക്കുള്ള വരവിന്റെ എണ്ണം കുറഞ്ഞത്. കേരളം എന്നു പറയുമ്പോള്‍ ഇന്നും സുരേഷിന്റെ മനസ്സില്‍ തെളിയുന്നത് അമ്മമ്മയുടെയും അമ്മച്ഛന്റെയും വീടായ ശങ്കര്‍ ഭവനിലേക്കുള്ള യാത്രയും അവരുടെ കൂടെയുള്ള താമസവുമാണ്.

നഗരജീവിതത്തില്‍ നിന്നും എത്തുന്ന എനിക്ക് വല്ലാത്തൊരു ചെയിഞ്ച് ആയിരുന്നു ആ യാത്രകള്‍. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പ്രദേശത്തായിരുന്നു തറവാട് സ്ഥിതി ചെയ്തിരുന്നത്. തെങ്ങിന്‍തോപ്പിനാലും നെല്‍പ്പാടങ്ങളാലും ചുറ്റപ്പെട്ട വീട് ഡിസംബറില്‍ പച്ചപിടിച്ചു കിടക്കുന്ന ഒരു ഹില്‍ സ്റ്റേഷന്‍ പോലെയായിരുന്നു. എന്റെ കുട്ടിക്കാലത്ത് അവിടെയൊന്നും ഇലക്ട്രിസിറ്റി ഉണ്ടായിരുന്നില്ല. റോഡ് പോലുമില്ലായിരുന്നു. പ്രകൃതിയേയും പക്ഷികളേയും ചിത്രശലഭങ്ങളേയും ഒക്കെക്കണ്ട് വിശാലമായ തൊടിയില്‍ക്കൂടിയുള്ള നടന്ന നാളുകളും ചിറമ്പരക്കാവ് അമ്പലത്തില്‍ പൂരം കാണാന്‍ പോയതും മനസ്സില്‍ ഇപ്പോഴുമുണ്ട്. തനി പച്ചയായ ഒരു ഗ്രാമം. പച്ചപ്പിനുള്ളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു ദീപം പോലെയായിരുന്നു എനിക്കാ വീട്. കേരളത്തില്‍ എനിക്ക് ഏറ്റവും അധികം മിസ് ചെയ്യുന്നതും ആ വീടാണ്; സുരേഷ് ഓര്‍ക്കുന്നു. 

ഗുരുവായൂര്‍ അമ്പലത്തില്‍ ഇടയ്ക്ക് പോകാറുണ്ടായിരുന്നു. രാത്രികാലത്തുള്ള ശീവേലി കണ്ടു നില്‍ക്കാന്‍ ഇഷ്ടമായിരുന്നു. ഉത്സവങ്ങളും ആഘോഷങ്ങളും ഒക്കെ എനിക്കിഷ്ടമാണ്. കേരളീയരുടെ വിശേഷ ദിവസങ്ങളായ ഒണവും വിഷുവും ഒക്കെ ബോംബെയിലെ വീട്ടില്‍ ആര്‍ഭാടപൂര്‍വം ആഘോഷിക്കാറുണ്ട്. ഓണത്തിന് കേരളത്തിലേതുപോലെ അത്തപ്പൂക്കളവും സദ്യയും ഒക്കെ ഒരുക്കാറുണ്ട്. ഫ്‌ളൈറ്റില്‍ വന്നിറങ്ങുന്നത് കൊച്ചിയിലാണെങ്കിലും നാട്ടിലേക്ക് പലപ്പോവും പോയിരുന്നത് ട്രെയിനിലായിരുന്നു. ഷൊര്‍ണ്ണൂര്‍ സ്റ്റേഷനില്‍ വന്നിറങ്ങുമ്പോള്‍, അവിടെ നിന്നും കഴിച്ചിരുന്ന ഇഡ്ഢലിയുടേയും ദോശയുടേയും ചെര്‍പ്പുളശ്ശേരിയിലും ഒറ്റപ്പാലത്തുമുള്ള ഹോട്ടലുകളിലെ പൊറോട്ടയുടെയും മുട്ടക്കറിയുടെയും ഒക്കെ സ്വാദ് ഇപ്പോഴും നാവില്‍ ഉണ്ട്; നാടിന്റെ മണവും രുചിയും കാഴ്ച്ചകളും മറയാത്ത മനസ്സോടെ സുരേഷ് ഓര്‍മകള്‍ പങ്കുവയ്ക്കുന്നു. ഒറ്റപ്പാലത്തും ചളവറയിലും കൊച്ചിയിലും ഒക്കെ ബന്ധുക്കള്‍ ഉണ്ട്. മുമ്പ് വ്യക്തിപരമായാണ് കേരളത്തില്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോഴുള്ള യാത്രകള്‍ തൊഴിലുമായി ബന്ധപ്പെട്ടാണെന്നു മാത്രം.

മലയാളം പഠിക്കണമെന്ന കാര്യത്തില്‍ അമ്മയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. മലയാളം പഠിച്ചു; എഴുതാനും വായിക്കാനും സംസാരിക്കാനും അറിയാമായിരുന്നു. ഇപ്പോള്‍ സംസാരിക്കുന്നത്ര അനായാസമായി എഴുതാന്‍ സാധിക്കുന്നില്ല. ഇംഗ്ലീഷിലാണ് സ്‌ക്രിപ്റ്റുകള്‍ എല്ലാം തയ്യാറാക്കുന്നത്. വിദ്യാര്‍ത്ഥി ആയിരിക്കുന്ന കാലം മുതലേ ധാരാളം മലയാള സിനിമകള്‍ കാണുമായിരുന്നു. ബാലചന്ദ്ര മേനോന്റെയും സത്യന്‍ അന്തിക്കാടിന്റെയും സിനിമകള്‍ അന്ന് എന്നെ സ്വാധീനിച്ചിരുന്നു. പിന്നീട് മോഹന്‍ലാല്‍ സിനിമകളും. മോഹന്‍ ലാലിന്റെ കടുത്ത ആരാധകനായിരുന്നു. അങ്ങനെയാണ് മോഹന്‍ ലാലിനെ നായകനാക്കി ഒരു സിനിമ എന്ന ആഗ്രഹം മനസ്സിലുദിക്കുന്നതും. ജോഷിസാറിന്റെ സംവിധാനത്തിലുള്ള ഈ മോഹന്‍ലാല്‍ ചിത്രമാണ് ആദ്യ മലയാള പ്രൊജക്ട്. 

മാധ്യമപ്രവര്‍ത്തകനായി ജോലി നോക്കുന്ന സമയത്താണ് സ്‌ക്രിപ്റ്റ് റൈറ്റിംഗ് ഒരു സീരിയസ് ജോലി ആയി കണ്ടിരുന്നില്ല. 2007 ഓടെയാണ് ഈ കരിയര്‍ സീരിയസ് ആയി കാണാന്‍ തുടങ്ങിയത്. അടുത്ത സുഹൃത്തായ സുജോയ് ഘോഷാണ് ഈ രംഗത്തേക്ക് വരാന്‍ പ്രേരണയായത്. 2013 ലാണ് ആദ്യ ചിത്രമായ ജങ്കാര്‍ ബിറ്റ്‌സ് പുറത്തിറങ്ങിയത്. തുടര്‍ന്ന് സിന്റ, ഐ സീ യു, ദസ് കഹാനിയാം, സലാം ഇ ഇഷ്‌ക്, സമസ്‌തേ ലണ്ടന്‍, ഷൂട്ട് ആറ്റ് ലോകന്‍വാല, സിംഗ് ഈസ് കിംഗ്, കഹാനി, ഡി ഡേ തുടങ്ങിയ ചിത്രങ്ങള്‍. സുജോയ് ഘോഷുമായി ചേര്‍ന്ന് ബൗണ്ട് സ്‌ക്രിപ്റ്റ് എന്നൊരു ഫിലിം പ്രൊഡക്ഷന്‍ കമ്പനിയ്ക്കും രൂപം കൊടുത്തു. അങ്ങനെയാണ് സുജോയ്‌ക്കൊപ്പം കഹാനി എന്ന ചിത്രത്തിന്റെ കോ-പ്രൊഡ്യൂസര്‍ ആകുന്നതും.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍