UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ ചെയ്യേണ്ടത് ഇന്ത്യയ്ക്കൊപ്പം ചേരുകയാണ്

Avatar

ടീം അഴിമുഖം

നിയന്ത്രണ രേഖയോട് ചേര്‍ന്ന് ഭീകരവാദി താവളങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയെന്ന് ഇന്ത്യന്‍ സേന പ്രഖ്യാപിച്ചതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതീക്ഷിച്ചത് സ്ഥിരീകരിച്ചിരിക്കുന്നു; ഉറി ഭീകരാക്രമണത്തിന് മോദി സംഘം ഉചിതമായ രീതിയില്‍ ‘പ്രതികരിക്കും’ എന്നായിരുന്നു അത്.

വ്യക്തമായ സൂചനകള്‍ കരുതിവെച്ച, പരിമിതമായ ഒരു ഭീകര വിരുദ്ധ ദൌത്യമായിരുന്നു അത്. അതില്‍ പലതും സൈനിക ദൌത്യങ്ങളുടെ ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിങ് വ്യാഴാഴ്ച്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കാമായിരുന്നു.

സൈന്യം ഉപയോഗിച്ച ആ വാക്കുതന്നെ ശസ്ത്രക്രിയ ആക്രമണം (surgical strike) അതിന്റെ കൃത്യതയും പരിമിതമായ ലക്ഷ്യവും വ്യക്തമാക്കുന്നു; ഇന്ത്യയിലെ ലക്ഷ്യങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഉപയോഗിക്കുന്ന ഭീകരതാവളങ്ങള്‍ തകര്‍ക്കുക. കഴിഞ്ഞയാഴ്ച്ച തന്നെ വിശ്വസനീയമായ രഹസ്യവിവരങ്ങള്‍ ലഭിക്കുകയും പ്രാദേശിക സേനാ കമാന്‍ഡര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കുകയും ചെയ്തിരുന്നു. ഇത് മുകള്‍ത്തട്ടിലേക്ക് അറിയിക്കുകയും ചെയ്തു. കാരണം, രാഷ്ട്രീയനേതൃത്വത്തിന് ഒരു ഉറച്ച തീരുമാനം എടുക്കേണ്ടിയിരുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയ ഒരു കാര്യം, ഇത് നിയന്ത്രണ രേഖയിലെ ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഒരാക്രമണമായിരുന്നു, അത് ലക്ഷ്യം നിറവേറ്റുകയും ചെയ്തു.

ഭീകരവാദികളുടെ ശേഷിയെ നിര്‍വ്വീര്യമാക്കലായിരുന്നു ലക്ഷ്യം – പാകിസ്ഥാന്റെ ഭൂപ്രദേശ അതിര്‍ത്തികളെ ഭീഷണിയിലാക്കുന്ന ഒന്നും ഉണ്ടായിട്ടില്ല – അതിന്റെ പരമാധികാരത്തെ അത് ചോദ്യം ചെയ്യുന്നുമില്ല. പാകിസ്ഥാന്‍ DGMO-യെ വിവരങ്ങള്‍ അറിയിച്ചിരുന്നു എന്നും ഇന്ത്യന്‍ DGMO പറഞ്ഞു. അതായത്  നിയന്ത്രണ രേഖയിലെ ആശയ വിനിമയ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നു എന്നാണ്.

ഇനി സംഘര്‍ഷാവസ്ഥ രൂക്ഷമാക്കണോ അതോ നിയന്ത്രണം പാലിക്കണോ എന്നത് തീരുമാനിക്കേണ്ടത് റാവല്‍പിണ്ടിയിലാണ്; പാകിസ്ഥാന്‍ സൈന്യത്തിന്റെ കേന്ദ്ര ആസ്ഥാനം. ഭീകരവാദത്തിനെതിരായ മേഖലാ ആഗോള നീക്കങ്ങളുടെ ഭാഗമാകാന്‍ റാവല്‍പിണ്ടി ആഗ്രഹിക്കുന്നു എങ്കില്‍ ഭീകരവാദത്തിന്റെ ഇരകളായ ഇന്ത്യയോടും മറ്റ് അയല്‍ രാഷ്ട്രങ്ങള്‍ക്കുമൊപ്പം ആ പ്രക്രിയയില്‍ ചേരാനുള്ള ഒരവസരമാണിത്.

അതല്ല, സാമ്പ്രദായിക സൈനികബലമോ അല്ലെങ്കില്‍ ഭീകരവാദികള്‍ വഴിയോ ഉള്ള തിരിച്ചടിക്കാണ് പാകിസ്ഥാന്‍ കോപ്പുകൂട്ടുന്നതെങ്കില്‍ വിഷമം നിറഞ്ഞ നാളുകളിലേക്ക് ഇന്ത്യ തയ്യാറെടുക്കേണ്ടി വരും. എന്നാല്‍, അത്തരമൊരു നീക്കം ഭീകരതയുടെ പ്രായോജകരെന്ന പാകിസ്ഥാന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനെ സഹായിക്കൂ. ഇന്ത്യക്ക് മാത്രമല്ല അഫ്ഗാനിസ്ഥാനും ബംഗ്ലാദേശിനും ഈ ആശങ്കയുണ്ട്. ആണവ ശക്തികളുടെ സംഘര്‍ഷം ചില ആഗോള ആശങ്കകള്‍ ഉയര്‍ത്തിയേക്കും; എന്നാല്‍ പാകിസ്ഥാന്റെ അടിസ്ഥാന ദേശീയതാത്പര്യങ്ങള്‍ കുഴപ്പത്തിലാകാത്തിടത്തോളം അത് ഒരു മുന്നറിയിപ്പ് മാത്രമായി തുടരും. റാവല്‍പിണ്ടിക്കും അതിന്റെ ജനാധിപത്യ വിരുദ്ധ സംവിധാനത്തിനുമുള്ള കളിക്കളം ചുരുങ്ങിവരികയാണ്.

ആഭ്യന്തര രാഷ്ട്രീയ സന്ദേശം വളരെ വ്യക്തമാണ്. ഈ മിന്നലാക്രമണത്തിന് ശേഷം ഈ സമയത്തേക്കെങ്കിലും ഇന്ത്യയുടെ സുരക്ഷാ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിവുള്ള ഒരു നേതാവായി നരേന്ദ്ര മോദി ഉയര്‍ന്നുവന്നിരിക്കുന്നു. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണകാലത്തെ വാഗ്ദാനം അതായിരുന്നു; അതിപ്പോള്‍ അദ്ദേഹത്തിന്റെ കേന്ദ്രസംഘം നിറവേറ്റി.

വെല്ലുവിളികളുടെ കെണിയില്‍ വീഴാതെ, പ്രധാനമന്ത്രിയുടെ കോഴിക്കോട് പ്രസംഗത്തിലും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ യു.എന്‍ പൊതുസഭയിലെ പ്രസംഗത്തിലും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനം വ്യക്തമാക്കുന്നുണ്ട്. അതിന്റെയര്‍ത്ഥം, ദേശീയ സുരക്ഷ വളരെ പ്രധാനമാണ്, അക്കാര്യത്തില്‍ മോദി സര്‍ക്കാര്‍ എന്നാല്‍ ഒരു പശു കൂടിയുള്ള കോണ്‍ഗ്രസ് എന്നല്ലാന്നു കൂടിയാണ്. 

എന്നാല്‍ കാത്തിരുന്നറിയേണ്ട കാര്യം, പാകിസ്ഥാന്‍ ഇതിനോട് എങ്ങനെ പ്രതികരിക്കും എന്നാണ്. അതുകൊണ്ട് വരും ദിവസങ്ങള്‍ നിര്‍ണായകമാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍