UPDATES

സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നിട്ടില്ല എന്നു പറയുന്നവരെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ഉദ്ധവ്താക്കറെ

അഴിമുഖം പ്രതിനിധി

സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നിട്ടില്ല എന്നു പറയുന്നവര്‍ ഇന്ത്യ വിട്ടുപോകുകയോ അവരെ പുറത്താക്കുകയോ വേണമെന്ന് ഉദ്ധവ്താക്കറെ. പാകിസ്ഥാന്‍ ഹിന്ദുസ്ഥാന്‍ ആകുംവരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലുള്ള ആക്രമണങ്ങള്‍ തുടരണമെന്നും ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ പറഞ്ഞു. 2017ലെ ഗോവ തെരഞ്ഞെടുപ്പിനു മുന്നോടിയായി ശിവസേനാ നേതാക്കളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് താക്കറെ ഇങ്ങനെ പറഞ്ഞത്.

ബംഗ്ലാദേശില്‍ ഇന്ദിരാഗാന്ധി നടത്തിയ സൈനിക ഓപ്പറേഷന്‍ പോലെ പാകിസ്ഥാനെതിരെയും ഇന്ത്യ അത്തരം ആക്രമണങ്ങള്‍ നടത്തണം. അങ്ങനെ അത് ഹിന്ദുസ്ഥാനാവും. പാക് അധീന കശ്മീര്‍ പിടിച്ചെടുത്തുവേണം അതിന് തുടക്കം കുറിക്കാന്‍, ഉദ്ധവ് അഭിപ്രായപ്പെട്ടു.

പാകിസ്ഥാനെതിരെ അടുത്തിടെ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഒരു തുടക്കം മാത്രമാണ് അവസാനത്തെ ആക്രമണമല്ല. രാജ്യം മുഴുവന്‍ സൈന്യത്തിനൊപ്പമുണ്ട്.  പാകിസ്ഥാനെതിരെ പൊരുതാനും അതിനെ തകര്‍ക്കാനുമുള്ള ശക്തി ഇന്ത്യയ്ക്കുണ്ട് താക്കറെ പറഞ്ഞു.

കേന്ദ്രം സൈനിക ഓപ്പറേഷനെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട ഉദ്ധവ് താക്കറെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനു സഹായകരമായത് ആര്‍.എസ്.എസ് ശിക്ഷണമാണെന്ന പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ വാദത്തെ തള്ളിക്കളഞ്ഞു. ആര്‍ എസ് എസ് ഹിന്ദുത്വയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന കാര്യത്തില്‍ സംശയമില്ല. അവരുടെ സംഭാവനകളെ ഞാന്‍ ആദരിക്കുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പട്ടാളക്കാരുടെ സംഭാവന മറ്റൊരാള്‍ക്ക് കൊടുക്കാന്‍ പാടില്ല. എന്നും ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍