UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുദ്ധപ്പെരുമ്പറ മറ്റൊരു നാടകമോ? രാഷ്ട്രീയക്കളികളില്‍ പെടുന്ന പഞ്ചാബിലെ അതിര്‍ത്തിഗ്രാമങ്ങള്‍

Avatar

ടീം അഴിമുഖം

ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെ കുറിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ പുറത്തുവിട്ടത് ശരിയായോ എന്നത് അന്തമില്ലാത്ത ചര്‍ച്ചയായി തുടരുമായിരിക്കും. പക്ഷേ അതുമുതല്‍ പഞ്ചാബ് അതിര്‍ത്തിയില്‍ സംഭവിക്കുന്നത് പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്ന ഒന്നാണ്.

പാകിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്നുള്ള 800 ഗ്രാമങ്ങളില്‍ നിന്നുള്ളവരോട് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പഞ്ചാബ് സര്‍ക്കാര്‍. ഗുര്‍ദാസ്പൂര്‍ പോലുള്ള ജില്ലകളില്‍ നിന്നും ആയിരക്കണക്കിനാളുകളാണ് വിദ്യാലയങ്ങളിലും മറ്റുമുള്ള താത്ക്കാലിക താവളങ്ങളിലേക്ക് മാറിയിരിക്കുന്നത്.

യുദ്ധമേഘങ്ങള്‍ ഉരുണ്ടുകൂടവേ, വര്‍ദ്ധിച്ചുവരുന്ന ഇന്ത്യ-പാക് സംഘര്‍ഷത്തെക്കുറിച്ചുള്ള ആശങ്കകളേയും ഈ ഒഴിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ചിത്രം ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു.

ശാന്തത നിലനില്‍ക്കുന്ന അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഒരിടത്തും പാകിസ്ഥാന്‍ വെടിവെപ്പിനുള്ള സാധ്യത സംബന്ധിച്ച് തങ്ങള്‍ ഒരു മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ അടക്കമുള്ള എല്ലാ സുരക്ഷാ ഏജന്‍സികളും ഇപ്പോള്‍ അനൌദ്യോഗികമായി സമ്മതിക്കുന്നുണ്ട്. അപ്പോള്‍ ആരാണ് ഒഴിപ്പിക്കലിന് നിര്‍ദേശം നല്‍കിയത്? അതിലും പ്രധാന ചോദ്യം എന്തുകൊണ്ട് എന്നാണ്.

അന്താരാഷ്ട്ര അതിര്‍ത്തിക്ക് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള 800 ഗ്രാമങ്ങള്‍ ഒഴിപ്പിച്ചത് അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് വലിയ വിവാദമായിരിക്കുന്നു. അതിര്‍ത്തിയില്‍ താമസിക്കുന്നവരുടെ ജീവിതങ്ങളുപയോഗിച്ച് അകാലിദള്‍-ബി ജെ പി ഭരണസഖ്യം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

തീര്‍ച്ചയായും ഈ ആരോപണങ്ങളെ ചരിത്രം ശരിവെക്കുന്നുണ്ട്.

ഗുജറാത്ത് മുതല്‍ ജമ്മുവരെ ഇന്ത്യ-പാക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബഹുതല വേലി നിര്‍മ്മാണം ഇന്ത്യ പൂര്‍ത്തിയാക്കിയതോടെ അതിര്‍ത്തിയില്‍ വളരെ അപൂര്‍വമായേ വെടിവെപ്പുണ്ടായിട്ടുള്ളൂ. ജമ്മു കാശ്മീരിലെ 740 കിലോമീറ്റര്‍ വരുന്ന നിയന്ത്രണ രേഖയിലാണ് വെടിവെപ്പ് മുഴുവന്‍ നടക്കുന്നത്. ജമ്മുവില്‍ അവസാനിക്കുന്ന അന്താരാഷ്ട്ര അതിര്‍ത്തിയുടെ അവസാന ഭാഗങ്ങളിലും-അതിന്റെ സാധുത പാകിസ്ഥാന്‍ ചോദ്യം ചെയ്യുന്നു- വെടിവെപ്പ് നടക്കാറുണ്ട്.

ഏപ്രില്‍ 2015-നു മൂന്ന് ബി എസ് എഫ് സൈനികര്‍ക്ക് പരിക്കേറ്റപ്പോള്‍ ആദ്യം കരുതിയത് പാകിസ്ഥാന്‍ റെയ്ഞ്ചേഴ്സ് വെടിവെച്ചതാണെന്നാണ്. എന്നാല്‍ മയക്കുമരുന്നു കള്ളക്കടത്തുകാരാണ് വെടിവെച്ചതെന്ന് പിന്നീട് തെളിഞ്ഞു.

ശാന്തമായ അതിര്‍ത്തി, ആയിരക്കണക്കിന് കര്‍ഷകരേയും മറ്റ് ഗ്രാമീണരെയും സാധാരണ ജീവിതം നയിക്കാന്‍ അനുവദിച്ചിരുന്നു. 2001-ലെ പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം ഇന്ത്യന്‍ സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യസിച്ച പരാക്രമം ദൌത്യസമയത്താണ് ഇതിന് തടസം വന്നത്. സൈന്യം കൃഷിയിടങ്ങളില്‍ കുഴിബോംബുകള്‍ വെച്ചു. നിരവധി പേര്‍ക്കു സ്ഥലം വിടേണ്ടി വന്നു.

ഏതാനും ലക്ഷങ്ങള്‍ വരുന്ന ഗ്രാമീണരെ ഒഴിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉപദേശം നല്‍കിയതായാണ് പഞ്ചാബ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, അടിയന്തര ആക്രമണ ഭീഷണി ഇല്ലെങ്കില്‍പ്പിന്നെ എന്തിനാണ് ലക്ഷക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചത്? നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെര്‍ഞ്ഞെടുപ്പില്‍ ബി ജെ പിക്കും സഖ്യകക്ഷിക്കും നേരിട്ടു ഗുണം കിട്ടുന്ന വിധത്തില്‍ യുദ്ധപ്പെരുമ്പറ മുഴക്കുന്ന ഒരു രാഷ്ട്രീയ നാടകമായിരുന്നോ ഇത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍