UPDATES

ട്രെന്‍ഡിങ്ങ്

ആണ്‍കുട്ടികള്‍ കഞ്ചാവ്, പെണ്‍കുട്ടികള്‍ അനാശാസ്യക്കാര്‍; എസ് എഫ് ഐ പ്രചാരണം തുടങ്ങിക്കാണും

ഒരു എസ് എഫ് ഐക്കാരിയായ എനിക്കിതെന്തുകൊണ്ട് സംഭവിച്ചു; യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണത്തിനിരായ സൂര്യ ഗായത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണത്തിനിരായ വിദ്യാര്‍ത്ഥികളില്‍ ഒരാളായ സൂര്യഗായത്രി പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇനിയൊരു എഴുത്തിന്റെ ആവശ്യമില്ല എന്നറിയാം. പക്ഷേ പലരും മറുപടി ചോദിക്കുമ്പോള്‍…വിട്ടുപോയ ചിലകാര്യങ്ങളും..എസ് എഫ് ഐക്കാരിയായ എനിക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നതിനും പൊതുവായി പറഞ്ഞുകൊള്ളട്ടെ…!!!

തൊണ്ടകീറി മുദ്രാവാക്യം വിളിച്ചതിനും പ്രസ്ഥാനത്തെ ജീവനോളം ഇഷ്ടപ്പെട്ടിരുന്നതിനും തലസ്ഥാനത്തെ ‘ചെങ്കോട്ട’ എന്നറിയപ്പെടുന്ന യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും പ്രതീക്ഷിക്കാതെ കിട്ടിയ അടി ഒരുപാട് തിരിച്ചറിവുകള്‍ വീണ്ടും നല്‍കുന്നുണ്ട്. മാവേലിക്കര ബിഷപ്പ്മൂര്‍ കോളേജില്‍ നിന്നും ചില ആരോഗ്യപ്രശ്‌നങ്ങളാലും അസ്വസ്ഥതകളാലും ബിഎ മലയാളം ഒരു വര്‍ഷം കൊണ്ടു അവസാനിപ്പിച്ച് തിരിച്ച് നാട്ടിലേക്ക് വന്നപ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജ് തെരഞ്ഞെടുത്തത് ബോധപൂര്‍വ്വമായിരുന്നു. അത്രയധികം രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നടക്കുന്ന കോളേജില്‍ ചേരേണ്ടായെന്നും ഭയമാണെന്നും അച്ഛനും അമ്മയും വിലക്കിയിരുന്നു.

ഒരു എസ് എഫ് ഐക്കാരിയായ എനിക്ക് അവിടെ പോകണമെന്ന വാശിയിലും ആ ക്യാംപസിന്റെ ചരിത്രത്തിലും അഭിമാനം കൊണ്ട് അവിടേക്ക് പോവുകയായിരുന്നു.

അന്ന് അവിടെ വച്ച് ആദ്യം പഠിച്ച പാഠം  എസ് എഫ് ഐ യെ രണ്ടായി തരം തിരിക്കാം എന്നായിരുന്നു.

1.യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ

2. ഇവരല്ലാത്ത എസ് എഫ് ഐ

എസ് എഫ് ഐക്കകത്തു നിന്നും എസ് എഫ് ഐയുടെ അനീതികള്‍ തിരുത്താന്‍ ചെല്ലരുത് എന്ന് പല സുഹൃത്തുക്കളും മുന്‍പേ പറഞ്ഞതായിരുന്നു.

ആണും പെണ്ണും ഒരുമിച്ചിരിക്കരുത് എന്നു കോണ്‍ഗ്രസ് മന്ത്രി പറഞ്ഞതിനെ തുടര്‍ന്ന് സദാചാരത്തിന് എതിരെ ഇന്‍ക്വിലാബ് വിളിച്ച എന്റെ #ആങ്ങളമാര്‍ സമരം കഴിഞ്ഞുവന്നയുടനെ ചെയ്തത് ഒരു ബെഞ്ചില്‍ ഒരുമിച്ചിരുന്ന ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും തല്ലുകയായിരുന്നു. അന്ന് അത് ചോദിച്ചപ്പോള്‍ പറഞ്ഞത്…

‘പുറത്ത് നടന്നത് കോണ്‍ഗ്രസുകാരങ്ങനെ പറഞ്ഞതുകൊണ്ടു മാത്രമെന്നും അകത്ത് ഇങ്ങനെയൊക്കെ നടക്കൂ എന്നുമായിരുന്നു’

ഭയം..ഭയം കൊണ്ടുമാത്രം പലരും പലതും കണ്ണടച്ചു ഇരുട്ടാക്കുന്നത് കാണുകയുണ്ടായി.

ഒരു ദിവസത്തെ എസ് എഫ് ഐയുടെ ഡിപ്പാര്‍ട്ട്‌മെന്റ് കമ്മറ്റിയുടെ വിളിച്ചുകൂട്ടിയതു പോലും ഞാന്‍ അകത്തിട്ടിരിക്കുന്ന ഷിമ്മീസ് പുറത്തു കാണാം എന്നതിനാലായിരുന്നു. എന്റെ ക്ലാസിലെ എല്ലാ കുട്ടികളെയും പുറത്താക്കി എന്നെ മാത്രം ഇരുത്തികൊണ്ടുള്ള ഹറാസ്‌മെന്റ് . അശ്ലീലങ്ങള്‍ സഹിക്കാന്‍ കഴിയാതെ വകുപ്പ് മേധാവിക്ക് പരാതികൊടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് എന്നെ ഒറ്റപ്പെടുത്തുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുകയായിരുന്നു ഉദ്ദേശ്യം. എന്റെ കൂടെ നടന്നു എന്ന പേരില്‍ എന്റെ അടുത്ത സുഹൃത്തുക്കളെ പോലും തല്ലുകയുണ്ടായി.

തുടര്‍ന്ന്, ഇനി എന്തുകണ്ടാലും മിണ്ടരുത് എന്ന നിലപാടെടുക്കേണ്ടി വന്നു.

കൂലിപ്പണിക്കാരനായ അച്ഛന്റെയും വീടിന്റെ അവസ്ഥയും എങ്ങനെയെങ്കിലും ഒരു ഡിഗ്രി എടുത്തിട്ട് അവിടെ നിന്നും പുറത്തിറങ്ങിയാല്‍ മതി എന്ന അവസ്ഥയില്‍ എത്തിക്കുകയായിരുന്നു. പല തെമ്മാടിത്തരങ്ങള്‍ക്കും കണ്ണടയ്‌ക്കേണ്ടിയും വന്നു.

തുടര്‍ന്നാണ് ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടായത്. നാടകം കാണാനിരുന്ന ഞങ്ങളെ ഇത്ര ക്രൂരമായി ഉപദ്രവിച്ചത്. വീണ്ടും അതാവര്‍ത്തിക്കാന്‍ വയ്യ.

 

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനികളെയും സുഹൃത്തിനെയും എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചതായി പരാതി

 പുറത്തിറങ്ങിയ ശേഷവും എസ് എഫ് ഐ യൂണിറ്റുകാര്‍ എന്നോട് സംസാരിക്കുകയുണ്ടായി.

ഭീഷണിപ്പെടുത്തുകയും സെക്ഷ്വല്‍ ഹറാസ്‌മെന്റ് എന്നോണം അസഭ്യം പറയുകയും ചെയ്തു.
തുടര്‍ന്നാണ് വേദന സഹിക്കാന്‍ കഴിയാത്തതിനാല്‍ പോലീസിനെ ആശ്രയിച്ചതും.

ആ കോളേജിലാണ് പഠിക്കുന്നതെന്നതുകൊണ്ടും നേരിട്ട് പലതിനും ദൃക്‌സാക്ഷിയായിട്ടുള്ളതുകൊണ്ടും അറിയാം എസ് എഫ് ഐ ക്കാരുടെ കരുനീക്കങ്ങള്‍ എങ്ങനെയാവുമെന്ന്.  ആണ്‍കുട്ടികളെ കഞ്ചാവും  പെണ്‍കുട്ടികളെ അനാശാസ്യക്കാരിയുമാക്കുന്ന സ്ഥിരം പരിപാടികള്‍ തുടങ്ങിക്കാണുമായിരിക്കും.

സത്യം, നീതി ഇതെല്ലാം കൂടെയുള്ളതു കൊണ്ടു ഭയമില്ല. പക്ഷേ ഒരുപാട് വേദനയുണ്ട്.

ഒരു സാധാരണ കൂട്ടുകുംടുംബം ആയതിനാലും പുറംലോകത്തെ കുറിച്ച് ഏതൊന്നുമറിയാത്ത നാട്ടിന്‍പുറത്തുകാരായ രക്ഷിതാക്കളും വീട്ടുകാരായതിനാലും ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്ന അവസ്ഥ എന്നെയറിയുന്ന, ഞങ്ങളെയറിയുന്ന, സൗഹൃദങ്ങള്‍ക്കറിയാമായിരിക്കുമല്ലോ…..

മാനസികമായി ഒരുപാട് പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതിനാല്‍ എനിക്കും എന്റെ പ്രിയപെട്ടവര്‍ക്കും ഉണ്ടായ ഈ കൂട്ട ആക്രമണത്തിന്റെ ഷോക്ക് ഇതുവരെ മാറിയിട്ടില്ല.

ഞങ്ങള്‍ക്കവിടെ തുടര്‍ന്നു പഠിക്കുകതന്നെ വേണം…

 

യൂണിവേഴ്‌സിറ്റി കോളേജിലെ സ്വയം പ്രഖ്യാപിത ‘ഹിറ്റ്‌ലര്‍’മാരെക്കുറിച്ച് വെറും രണ്ടു മാസത്തെ അനുഭവക്കുറിപ്പ്

 സദാചാരത്തിന്റെ വിഴുപ്പുഭാണ്ഡം ചുമക്കുന്ന യൂണിവേഴ്സ്സിറ്റി കോളേജിലെ എസ് എഫ് ഐ യൂണിയന്‍ ഈ ക്രൂരതയ്ക്ക് മറുപടി തന്നേ തീരൂ.

കൂടെ നില്‍ക്കുന്നവര്‍ക്കും ഞങ്ങളെ അറിയാത്ത ഞങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുന്നവര്‍ക്കും യൂണിവേഴ്സ്സിറ്റി കോളേജിനകത്തെ ചില നല്ല സുഹൃത്തുകള്‍ക്കും ഒരുപാട് സ്‌നേഹത്തോടെ..
സത്യം എന്നും ജയിക്കട്ടെ എന്ന പ്രതീക്ഷയോടെ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍