UPDATES

ഇറാന്‍ വാര്‍ത്താ ചാനലില്‍ സുഷമാ സ്വരാജിന്റെ പേരില്‍ വ്യാജവാര്‍ത്ത; ലക്ഷ്യം ഇന്ത്യ-സൗദി ബന്ധം വഷളാക്കാന്‍

അഴിമുഖം പ്രതിനിധി

ഇന്ത്യ – സൗദി ബന്ധം വഷളാക്കാന്‍ ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ചാനലിന്റ്റെ വെബ്സൈറ്റില്‍ വിദേശകാര്യവകുപ്പ് മന്ത്രി സുഷമാ സ്വരാജിന്റെ പേരില്‍ വ്യാജവാര്‍ത്ത. ഇറാന്റെ ഔദ്യോഗിക ടെലിവിഷനായ അല്‍ ആലം വെബ്സൈറ്റിലാണ് വ്യാജവാര്‍ത്ത വന്നത്. ഹിന്ദുസ്ഥാന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സൗദി ഉപ കിരീടാവകാശി അമേരിക്കയുടെ പിന്‍ബലത്തോടെ നടത്തുന്ന ദൗത്യത്തിനെതിരെ മുന്‍കരുതലെടുക്കാന്‍ ചൈനയോട് സുഷമ സ്വരാജ് ആവശ്യപ്പെട്ടു എന്നാണ് വെബ് സൈറ്റിന്റെ വ്യാജവാര്‍ത്ത.

വാര്‍ത്ത സാധൂകരിക്കുന്നതിന് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മാസ്റ്റര്‍ ഹെഡില്‍ ഫോട്ടോ ഷോപ്പില്‍ തയ്യാറാക്കിയ ഇമേജും വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുളള ഉഭയകക്ഷി ബന്ധം വഷളാക്കാനാണ് ഇറാന്‍ വാര്‍ത്താ ചാനലിന്റെ ഗൂഢശ്രമമെന്നാണ് കരുതുന്നത്. സംഭവത്തില്‍ ഇന്ത്യ പ്രതികരിക്കുകയും വിഷയം വിവാദമാവുകയും ചെയ്തതോടെ കൃത്രിമമായി തയ്യാറാക്കിയ ഇമേജ് അല്‍ ആലം വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തു.

സുഷമ സ്വരാജ് ഹിന്ദുസ്ഥാന്‍ ടൈംസിന് അഭിമുഖം നല്‍കിയിട്ടില്ലെന്നും വാര്‍ത്ത വ്യാജമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് ട്വിറ്ററില്‍ പ്രതികരിച്ചു. മന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിക്കുകയോ അഭിപ്രായം തേടുകയോ ചെയ്തിട്ടില്ലെന്നും കൃത്രിമമായി തയ്യാറാക്കിയ ഇമേജ് ആണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതെന്നും ഹിന്ദുസ്ഥാന്‍ ടൈംസും വ്യക്തമാക്കിയിട്ടുണ്ട്.

ആഗസ്റ്റ് 31-ന് സൗദി ഉപകിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ചൈനയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു. 15 കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തു. ഇതിനിടെയാണ് ഇറാന്‍ ടെലിവിഷന്റെ വ്യാജവാര്‍ത്ത പുറത്തുവന്നത്. മികച്ച സൗഹൃദ രാഷ്ട്രങ്ങളായ ഇന്ത്യക്കും സൗദി അറേബ്യക്കുമിടയില്‍ ബോധപൂര്‍വ്വം കുഴപ്പം സൃഷ്ടിക്കാനുളള ഇറാന്റെ ശ്രമമാണ് ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ പുറത്തുവന്നതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍